തിരിച്ചറിവ്
ജൗഹറ ഇസ്മാഈൽ, തിരുവനന്തപുരം
2024 മെയ് 04, 1445 ശവ്വാൽ 25

ഇല്യാസ് വീട്ടിൽനിന്നും തിരക്കിട്ട് ഇറങ്ങി. ഉമ്മയോട് യാത്രപോലും പറഞ്ഞില്ല. കോളേജിൽ എത്തേണ്ട സമയം വളരെ വൈകി. ഇന്നാണെങ്കിൽ കോളേജിൽ ഒരു ഫംഗ്ഷനും ഉള്ളതാണ്. അവൻ വീടിന്റെ കോമ്പൗണ്ട് കടന്ന് കുറച്ചു നടന്നപ്പോൾ ഉമ്മ ഫോണിൽ വിളിച്ചു. അവൻ ഉമ്മയോട് ദേഷ്യപ്പെട്ടു സംസാരിച്ച് കോൾ കട്ട് ചെയ്തു, വിളിച്ചതെന്തിന് എന്നു പറയാൻ പോലും അവൻ ഉമ്മാക്ക് സമയം കൊടുത്തില്ല.
റോഡിൽ കാർ പാർക്ക് ചെയ്ത ഇടത്തെത്തിയപ്പോഴാണ് കാറിന്റെ താക്കോൽ എടുത്തിട്ടില്ല എന്ന് മനസ്സിലായത്. ഉമ്മ അതു തരാനായിരിക്കും തന്നെ വിളിച്ചത് എന്ന് ഇല്യാസ് ഊഹിച്ചു. അന്നേരം അതുവഴി വന്ന അയൽവാസിയായ നാസർ കാറിന്റെ കീ അവന്റെ കയ്യിൽ കൊടുത്തു. അയാളോട് ഒന്നു ചിരിക്കാൻ പോലും മനസ്സു കാണിക്കാതെ അവൻ കാറിൽ കയറി.
അവൻ കാർ സ്പീഡിൽ ഡ്രൈവ് ചെയ്തു. പെട്ടെന്ന് സിഗ്‌നലിൽ റെഡ് ലൈറ്റ് വീണു. അവൻ വണ്ടി നിർത്തി. ഗ്രീൻ ലൈറ്റ് തെളിഞ്ഞു, പോകാനൊരുങ്ങി. അന്നേരം തികച്ചും അപ്രതീക്ഷിതമായി അവിടെ ഒരു കാറും ബൈക്കും കൂട്ടിയിടിച്ചു. അതോടെ ബ്ലോക്കിൽ അകപ്പെട്ടു. അതിൽ ദേഷ്യം വന്ന ഇല്യാസ് നിർത്താതെ ഹോൺ അടിച്ചുകൊണ്ടിരുന്നു. സമയം 11.45 കഴിഞ്ഞു. ഇനി കോളേജിലേക്ക് പോകുന്നില്ല എന്ന് അവൻ തീരുമാനിച്ചു.
ബ്ലോക്കിൽനിന്ന് ഒരുവിധം രക്ഷപ്പെട്ട് എങ്ങോട്ടു പോകുമെ ന്നാലോചിച്ച് വണ്ടിയോടിക്കവെ ജംഗ്ഷനിൽവച്ച് സുഹൃത്തായ സുനീറിനെ കണ്ടു. ഇല്യാസിനെ കണ്ടപാടെ സുനീർ പറഞ്ഞു: ‘അളിയാ... എന്തേ ഇന്ന് കോളേജിൽ ലീവാണോ? ഞങ്ങൾ ഇന്ന് ഒരു ഫംഗ്ഷൻ പ്ലാൻ ചെയ്തിട്ടുണ്ട്. നിനക്ക് വരാൻ പറ്റില്ല എന്ന് കരുതിയതുകൊണ്ടാണ് അറിയിക്കാതിരുന്നത്. എന്തായാലും നീയും എത്തണം.’’
“ഇന്ന് നേരം വൈകിപ്പോയി, അതുകൊണ്ടാ കോളേജിൽ പോകാതിരുന്നത്. അതിരിക്കട്ടെ, എന്ത് പാർട്ടിയാ പ്ലാൻ ചെയ്തിരിക്കുന്നത്? എവിടെ വെച്ചാണ്?’’ ഇല്യാസ് ചോദിച്ചു.
“നീ ഇന്ന് വൈകുന്നേരം നാലുമണിക്ക് നമ്മുടെ റിയാസിന്റെ വീട്ടിലേക്ക് വാ, എല്ലാം അവിടെവെച്ച് പറയാം.’’
“എന്നാൽ ശരി, നാലുമണിക്ക് കാണാം.’’
കോളേജിലേക്ക് പോകാതെ വീട്ടിലേക്ക് മടങ്ങി വന്ന മകനോട് ഉമ്മ ചോദിച്ചു: “എന്തുപറ്റി മോനേ, ഇന്നെന്താ ക്ലാസില്ലേ?’’
അവൻ മറുപടിയൊന്നും പറയാതെ മുകളിലേക്ക് കയറിപ്പോയി.
“വാ മോനേ... നേരം ഉച്ചയായില്ലേ, വന്ന് ചോറു കഴിക്ക്. രാവിലെ ഒന്നും തിന്നാതെ പോയതല്ലേ.’’
ഇല്യാസ് അതിനൊന്നും മറുപടി നൽകിയില്ല. അവൻ മുറിയിലെത്തി വാച്ചും ഫോണും ബാഗും ടേബിളിൽ വച്ചു. വാതിലടച്ച് ഫാനിട്ട് കട്ടിലിൽ കിടന്നു. അപ്പോഴും ‘മോനേ, വന്നു ഭക്ഷണം കഴിക്കൂ’ എന്ന് ഉമ്മ പറയുന്നുണ്ടായിരുന്നു.
തിരിഞ്ഞും മറിഞ്ഞും കിടക്കവെ, ഉമ്മയുടെ ശബ്ദം ഇല്യാസിന്റെ കാതുകളിൽ പ്രതിദ്ധ്വനിച്ചു; മോനേ...വന്ന് ചോറു കഴിക്ക്. രാവിലെ ഒന്നും തിന്നാതെ പോയതല്ലേ...
താൻ എന്തിനാണ് ഉമ്മയെ ഇങ്ങനെ അവഗണിക്കുന്നത്? എന്നിട്ടും ഉമ്മയെന്താണ് എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത്? താൻ വലിയ തെറ്റല്ലേ അവരോട് ചെയ്തുകൊണ്ടിരിക്കുന്നത്? ഉമ്മയോട് ഒന്നും പറയാതെ വീട്ടിൽനിന്നും ഇറങ്ങിപ്പോയത്...ഫോൺകോൾ കട്ടാക്കിയത്... ഒരു ഉപകാരം ചെയ്തയാളോട് ഒരു നന്ദി വാക്കുപോലും പറയാതിരുന്നത്, ഒരു അപകടം നടന്നപ്പോൾ സ്വാർഥനായത്...എല്ലാം തെറ്റല്ലേ? എന്തേ താനിങ്ങനെയായത്? അവന്റെ മനസ്സ് അവനെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെ കിടന്ന് സമയം പോയത് അറിഞ്ഞതേയില്ല.
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഇല്യാസ് ചിന്തയിൽനിന്നുണർന്നു. അവൻ കതകു തുറന്നു. ഉമ്മയാണ്.
“മോനേ, ചോറ് കഴിക്കാൻ വാ, നിനക്ക് ഇഷ്ടമുള്ള കക്ക അച്ചാറും ചെമ്മീൻ വറുത്തതും ഒക്കെയുണ്ട്, നിനക്കെന്താണു പറ്റിയത്? കുറെ ദിവസമായി ഈ മാറ്റം. ഭക്ഷണം വേണ്ട, നിസ്‌കാരവുമില്ല.’’ ഉമ്മ കണ്ണു തുടച്ചു.
ഉമ്മയോട് താൻ പരുക്കൻ മട്ടിൽ പെരുമാറിയിട്ടും അവരിൽ ഒരു ഭാവമാറ്റവുമില്ല! അതോർക്കുമ്പോൾ അവന് ഉമ്മയുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നില്ല. ഒടുവിൽ വേദന തിങ്ങുന്ന മനസ്സോടെ അവൻ പറഞ്ഞു:
“ഉമ്മച്ചി എന്നോട് പൊറുക്കണം. ഞാൻ അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു. ഞാൻ ഉമ്മയുടെ സ്‌നേഹം ശരിക്കും മനസ്സിലാക്കിയില്ല.’’ എഴുന്നേറ്റുനിന്ന് ഉമ്മയുടെ കൈകൾ പിടിച്ചു കണ്ണുനീരോടെ അവൻ പറഞ്ഞു.
“അതൊന്നും സാരമില്ല. ചീത്ത കൂട്ടുകെട്ടിൽ പെട്ടുപോയതിന്റെ ഫലമായിരിക്കാം. എന്റെ മോനെ എനിക്ക് നന്നായി അറിയാം.’’ സങ്കടവും സന്തോഷവും സമ്മേളിച്ചപ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഇല്യാസ് ഭക്ഷണം കഴിച്ച് നമസ്‌കാരം നിർവഹിച്ചശേഷം ഫോണെടുത്തു. റിയാസിന്റെയും സുനീറിന്റെയും മിസ്സ്ഡ് കോളുകൾ കുറെ വന്നുകിടപ്പുണ്ടായിരുന്നു. അപ്പോഴാണ് സുനീർ പറഞ്ഞത് ഓർമ വന്നത്. അവൻ ഉടനെ റിയാസിനെ വിളിച്ചു.
“നീ നാലു മണിയാകുമ്പോൾ റെഡിയായി നിൽക്ക്. ഞങ്ങൾ വണ്ടിയുമായി വരാം. നമുക്കിന്നു ക്ലബ്ബിൽ പോകണം. ഇന്നൊരു നൈറ്റ് പാർട്ടി സെറ്റാക്കിയിട്ടുണ്ട്. പാർട്ടിയിൽ ഞാൻ നിങ്ങൾക്കെല്ലാവർക്കും ഒരു സർപ്രൈസ് തരുന്നുണ്ട്.’’
“ഞാൻ ക്ലബ്ബിലേക്കൊന്നുമില്ലെടാ.’’
“എന്താ നിനക്കൊരു മടി? ആറാം നൂറ്റാണ്ടിലെ പിന്തിരിപ്പൻ വിശ്വാസങ്ങളും ആചാരങ്ങളും ഒഴിവാക്കാമെന്ന് നീ വാക്കു തന്നതല്ലേ? അടിപോളി പാർട്ടിയാണ്. തകർപ്പൻ സംഗീതവും ഡാൻസുമുണ്ടാകും. ഇത്തവണയെങ്കിലും നീ വാ. ഞങ്ങളെല്ലാവരും ഉണ്ടല്ലോ.’’
“റിയാസ്...എന്നാലും...ഞാൻ...’’
“ഒരു എന്നാലുമില്ല. എന്നാ ശരിയെടാ...’’ റിയാസ് കോൾ കട്ടാക്കി.
ഇല്യാസ് ആശയക്കുഴപ്പ ത്തിലായി. സംഗീതത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം, മദ്യം നിറച്ച ഗ്ലാസ്സുകൾ, നിർത്തകിമാർ...ഇതൊക്കെയാകും അവിടെയുണ്ടാവുക. ഇതെല്ലാം ഹറാമാണ്. എന്നാലും... ഒരു തവണയല്ലേ, ഞാനിതുവരെ പോയിട്ടില്ലല്ലോ. കൂട്ടുകാരെ പിണക്കാതിരിക്കാൻ പോയേ തീരൂ, ഇപ്രാവശ്യം മാത്രം, പിന്നെ ഒരിക്കലും പോകില്ല.
ഇല്യാസിന്റെ അടുത്ത സുഹൃത്താണ് ശാഫി. ഇല്യാസിന്റെ മാറ്റം അവന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ശാഫി കുറച്ചു മുമ്പ് സമ്മാനിച്ച ഡ്രസ്സ് ധരിച്ച് ഇല്യാസ് പോകാനായി തയ്യാറായി നിന്നു. പക്ഷേ, പറഞ്ഞ സമയം കഴിഞ്ഞിട്ടും കൂട്ടുകാർ എത്തിയില്ല. കാത്തിരിക്കുക തന്നെ. അവൻ ഫോണെടുത്തു സോഫയിലിരുന്ന് ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്തു. ആദ്യംതന്നെ കണ്ടത് ശാഫിയുടെ സ്‌റ്റോറിയാണ്:
“മരണം വന്നെത്തുക അപ്രതീക്ഷിതമായാണ്. അതിനാൽ ഓരോ സെക്കന്റും വിലപ്പെട്ടതാണ്. കഴിഞ്ഞുപോയത് തിരിച്ചുകിട്ടില്ല. വരാനുള്ളതിൽ നാം ഉണ്ടാകുമോ എന്നറിയില്ല. എന്നാൽ ഈ നിമിഷം നമുക്കുള്ളതാണ്. ഓരോന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. വിവേകത്തോടെ മുന്നേറാൻ സർവശക്തൻ തുണക്കട്ടെ.’’
ഇല്യാസിന്റെ കണ്ണുകൾ ഈ സന്ദേശത്തിൽ ഉടക്കിനിന്നു. മനസ്സിൽ അത് പ്രതിദ്ധ്വനിക്കുന്നു. ആ സമയത്താണ് മൊബൈൽ ശബ്ദിച്ചത്. റിയാസാണ്.
“റോട്ടിലേക്കു വാ.’’
ഇല്യാസ് ഉമ്മയോട് സലാം പറഞ്ഞു പുറത്തിറങ്ങി.
“നീ എങ്ങോട്ടാ പോകുന്നേ?’’
അവനൊന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞു: “കൂട്ടുകാരന്റെ വീട്ടിലേക്കാ. അവിടെ ഇന്ന് ഒരു പാർട്ടിയുണ്ട്.’’
“പോയിട്ട് വാ, റബ്ബിനെ സൂക്ഷിക്കണം. അല്ലാഹു ഹറാമാക്കിയ ഒന്നിലും നീ പങ്കുകാരനാകരുത്.’’ മകന്റെ പോക്കിൽ പന്തികേടു തോന്നിയ ഉമ്മ താക്കീതും സ്‌നേഹവും കലർന്ന സ്വരത്തിൽ പറഞ്ഞു. ഇല്യാസ് തലകുലുക്കി.
ഇല്യാസ് കൂട്ടുകാരന്റെ കാറിൽ കയറി. അപ്പോൾ റിയാസ് പറഞ്ഞു: “ഞാൻ വിളിച്ചപ്പോൾ വരുന്നില്ല എന്ന് പറഞ്ഞ ആളാ ഇത്. ഇപ്പോൾ വന്ന ലുക്ക് കണ്ടില്ലേ!’’
ഇല്യാസ് ചിരിക്കുക മാത്രം ചെയ്തു. അവന്റെ മനസ്സ് അസ്വസ്ഥമാണ്. സുനീറാണ് കാർ ഡ്രൈവ് ചെയ്യുന്നത്. അവൻ എസി ഓൺ ചെയ്തു.
“ഇവന്റെ മൈന്റ് ശരിയാക്കാൻ പറ്റിയ പാട്ട് ഞാൻ ഇടാം.’’ നിസാർ പറഞ്ഞു.
“വേണ്ട, എനിക്ക് നല്ല തലവേദനയുണ്ട്. കുറച്ചു കഴിയുമ്പോൾ ശരിയാകും.’’ ഇല്യാസ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“എന്നാൽ ശരി. നീ ഓക്കെയാകുമ്പോൾ പറയണേ.’’ അതും പറഞ്ഞു സുനിൽ ഹെഡ്‌ഫോൺ വെച്ച് പാട്ട് പ്ലേ ചെയ്തു. റിയാസ് അവന്റെ ഗേൾ ഫ്രണ്ടിനോട് ഇൻസ്റ്റയിൽ ചാറ്റിങ്ങിലാണ്. നിസാർ ഹെഡ്‌ഫോൺ വെച്ച് ഫിലിം കാണാൻ തുടങ്ങി.
ഇല്യാസിന്റെ മനസ്സിൽ നിറയെ ശാഫിയുടെ വരികളും ഉമ്മയുടെ താക്കീതുമാണ്. തന്റെ കൂട്ടുകാർ ചെയ്യുന്ന ഹറാമുകളിൽ താനും കൂട്ടുചേരുകയല്ലേ? ക്ലബ്ബിൽ മതിമറന്ന് രസിച്ചിരിക്കുമ്പോൾ എന്നെ മരണം പിടികൂടിയാൽ എന്റെ അവസ്ഥയെന്തായിരിക്കും? ‘റബ്ബിനെ സൂക്ഷിക്കണം. അല്ലാഹു ഹറാമാക്കിയ ഒന്നിലും നീ പങ്കുകാരനാകരുത്’ എന്ന് ഉമ്മ പറഞ്ഞത് എന്നോടുള്ള സ്‌നേഹംകൊണ്ടല്ലേ?
അവന്റെ മനസ്സ് അവനെ കുറ്റപ്പെടുത്തിക്കൊണ്ടും ഉപദേശിച്ചുകൊണ്ടുമിരിക്കെ ബാങ്ക് വിളിക്കുന്നത് കേട്ടു. ഇല്യാസ് പറഞ്ഞു:
“നമുക്ക് നമസ്‌കരിച്ചിട്ട് പോകാം. അടുത്തു കാണുന്ന പള്ളിക്കു മുമ്പിൽ നിർത്തണം.’’
“ഓഹോ! അപ്പോൾ അതാണു കാര്യം. നീ മതമൗലികവാദികളുടെ പിടിയിലാണല്ലേ? നിനക്കൊന്നും വേറെ പണിയില്ലേ? വെറുതെ സമയം വേസ്റ്റാക്കുന്ന ഓരോ അനാചാരങ്ങൾ...’’ നിസാർ പറഞ്ഞു.
അവർ ക്ലബിനു മുന്നിലെത്തി. കാറിൽനിന്നും പുറത്തിറങ്ങി. റിയാസിനെ കണ്ടപാടെ പുറത്തുണ്ടായിരുന്ന ചില കൂട്ടുകാർ അടുത്തെത്തി. അകത്തേക്കു കടക്കവെ അൽപവസ്ത്രധാരിണികളായ സുന്ദരികളായ സ്ത്രീകൾ അവരെ സ്വീകരിച്ചു.
ഇരിപ്പിടങ്ങളിലെ വട്ടമേശകളിൽ മദ്യചഷകങ്ങൾ നിരത്തിയിരുന്നു. ഇല്യാസ് ഒഴികെയുള്ളവർ കുടിക്കാൻ തുടങ്ങി. അവനോടും കുടിക്കാൻ അവർ ആവശ്യപ്പെട്ടു. അവൻ വേണ്ടെന്നു പറഞ്ഞു.
“ഒരു പ്രാവശ്യത്തേക്കല്ലേടോ. ഞങ്ങളെല്ലാവരും കുടിക്കുമ്പോൾ നീ മാത്രം നോക്കിയിരിക്കുന്നത് ശരിയാണോ? ഇതൊക്കെയില്ലെങ്കിൽ പിന്നെയെന്തു ജീവിതം. ന്യൂജൻ തലമുറയെ പറയിപ്പിക്കല്ലേ.’’ സുനീർ പറഞ്ഞു.
“വേണ്ട, എനിക്ക് ഒന്നും വേണ്ട. ഇതൊന്നും ശരിയല്ല.’’ഇല്യാസ് പറഞ്ഞു.
അപ്പോഴേക്കും അകത്തുനിന്ന് സുന്ദരികളായ പെൺകൊടികൾ ഇറങ്ങിവന്ന് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാൻ തുടങ്ങി.
“ഞാനൊന്നു പുറത്തു പോകുന്നു’’ എന്നു പറഞ്ഞ് ഇല്യാസ് എഴുന്നേറ്റു. കൂട്ടുകാർ തടുക്കും മുമ്പേ അവൻ അതിവേഗം പുറത്തുകടന്നു. അവർ എന്തൊക്കയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവനതൊന്നും കേട്ടില്ല.
അവൻ നേരെ പോയത് കുറച്ചകലെയുള്ള പള്ളിയിലേക്കാണ്. ചെയ്തുപോയ തെറ്റിന് റബ്ബിനോട് ആത്മാർഥമായി അവൻ പശ്ചാത്തപിച്ചു. നന്മയുടെ നിറകുടമായ ഉമ്മാക്കുവേണ്ടി അവൻ പ്രാർഥിച്ചു. ഒരുമണിക്കൂറോളം അവിടെയിരുന്നു. അവന്റെ മനസ്സ് വല്ലാത്തൊരു ശാന്തത യിലായിരുന്നു അപ്പോൾ.
അവൻ പുറത്തിറങ്ങി. അപ്പോൾ ഫയർഫോഴ്‌സിന്റെ ഒരു വണ്ടി ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടു. ആളുകൾ പലരും അതിനു പിന്നാലെ പായുന്നു. ആകെ ബഹളമയമായ, വെപ്രാളം നിറഞ്ഞ അന്തരീക്ഷം. ഇല്യാസ് ഒരാളോട് എന്താണ് കാര്യമെന്നന്വേഷിച്ചു.
“ഇവിടെ അടുത്ത് ഒരു ക്ലബ്ബിൽ തീപിടിച്ചതായാണ് വിവരം. കൂടുതൽ ഫയർഫോഴ്‌സ് വാഹനങ്ങൾ എത്തിയിട്ടും തീയണക്കാൻ സാധിച്ചിട്ടില്ല. അതിനകത്ത് അനധികൃമായി ധാരാളം ആൽക്കഹോൾ സൂക്ഷിച്ചിരുന്നുവത്രെ. അതുകൊണ്ട് മൊത്തം കത്തി നശിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറോളമായി കത്താൻ തുടങ്ങിയിട്ട്. ഒരുപാടാളുകൾ മരണപ്പെട്ടിട്ടുണ്ട്.’’
ഇതു കേട്ട് ഇല്യാസ് സ്തംഭിച്ചുനിന്നു. അവൻ നേരെ പള്ളിയിലേക്ക് പോയി രണ്ടു റക്അത്ത് നമസ്‌കരിച്ചു. ശാഫിയുടെ ഇൻസ്റ്റയിലെ വരികൾ, ഉമ്മയുടെ താക്കീത്...ഇതൊന്നും വകവയ്ക്കാതെ ഇറങ്ങിപ്പുപ്പെട്ടിട്ടും ക്ലബ്ബിൽനിന്നും ഇറങ്ങിപ്പോ രാൻ അനുഗ്രഹിച്ച സർവ ശക്തനായ അല്ലാഹുവേ, നിനക്ക് എത്ര നന്ദി ചെയ്താലും അതിനു പകരമാകില്ല.
ഉമ്മയെ വിളിക്കാനായി അവൻ ഫോൺ ഓണാക്കി. അപ്പോൾ ഇൻസ്റ്റയിൽ ശാഫിയുടെ അടുത്ത സ്‌റ്റോറി വന്നു കിടപ്പുണ്ടായിരുന്നു.
“ഉമ്മയുടെ പ്രാർഥനയക്കും സ്‌നേഹത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ലോകത്ത് ഒന്നുംതന്നെയില്ല. ചില അപകടങ്ങളിൽനിന്നും രക്ഷപ്പെടുന്നതിന് കാരണം ഒരുപക്ഷേ, ഉമ്മയുടെ ആത്മാർഥമായ പ്രാർഥനയായിരിക്കാം. എന്നാൽ, ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ള കരുണയെക്കാളും സ്‌നേഹ ത്തേക്കാളും എത്രയോ ഇരട്ടി കരുണയും സ്‌നേഹവും അല്ലാഹുവിന് അവന്റെ അനുസരണയുള്ള അടിമകളോടുണ്ട്്.’’

