ഉമ്മാക്ക് പരാതിയില്ല
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

രണ്ടു ദിവസമായി ആദുവിനെ കാണാത്ത ആധിയിലാണ് അയ്ശുമ്മ. പതിയെ താൻ ആർക്കും വേണ്ടാത്തവളായി മാറുകയാണോ? മനസ്സൊന്നു നടുങ്ങി. വൃദ്ധസദനത്തിൽ വന്നതിൽ പിന്നെ ഒരു ദിവസം പോലും അവൻ വരാതിരുന്നിട്ടില്ല.
ഇഷ്ട്ടപ്പെട്ട ഏന്തെങ്കിലും ഒന്ന് കൈയിൽ കരുതി, എന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അവൻ വരും. കുറേസമയം കൂടെയിരുന്നിട്ടേ വീട്ടിലേക്ക് പോകാറുള്ളൂ.
അയ്ശുമ്മയുടെ മനസ്സ് ഭൂതകാലത്തിലേക്ക് പതുക്കെ ഊളിയിട്ടു. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ നല്ല കുട്ടിയായിരുന്നു അമീന. അവളുടെ ഉപ്പയുടെയും ഉമ്മയുടെയും സ്വഭാവഗുണങ്ങളും അവളുടെ നന്മയും കണ്ടാണ് അവളെ മരുമകളായി സ്വീകരിക്കാൻ താൻ തയ്യാറായത്.
ആദൂന് വലിയ താൽപര്യമില്ലാഞ്ഞിട്ടും തെൻറ നിർബന്ധപ്രകാരമാണ് അവൻ അമീനയെ വിവാഹം കഴിച്ചത്. സ്വന്തം മകളെ പോലെയാണ് താൻ അവളെ നോക്കിയത്. വളരെ പെട്ടെന്നാണ് അവളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായത്. നേരാംവണ്ണം വിശപ്പകറ്റാൻ പോലും നിവൃത്തിയില്ലാത്ത വീട്ടിൽ വളർന്ന അവളിൽ, അത്യാവശ്യം സാമ്പത്തികശേഷിയുള്ള വീട്ടിലെത്തിയപ്പോൾ അഹങ്കാരം തലപൊക്കി. താൻ എത്ര സ്‌നേഹിച്ചിട്ടും അവൾ തന്നോട് വെറുപ്പു കാണിച്ചു. താൻ അവൾക്കൊരു അധികപ്പറ്റായി. വീട്ടിൽ താൻ ഉള്ളത് അവൾക്ക് ശ്വാസംമുട്ടലായി. അവൾ എന്നും രാത്രി ആദുവിനോട് തന്നെ ചൊല്ലി വഴക്കിടും.
‘എെൻറ ഉമ്മ നിനക്കൊരു ശല്യമാണെങ്കിൽ നിനക്ക് നിെൻറ വഴി നോക്കാം. എെൻറ ഉമ്മയുടെ കൂടെ ജീവിക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ’ ഒരു ദിവസം വഴക്കിനിടയിൽ ആദു അമീനയോടു പറഞ്ഞത് താൻ കേട്ടു.
അന്ന് താൻ തന്നെയാണ് വൃദ്ധസദനത്തിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്. എെൻറ മോെൻറ, അവെൻറ രണ്ടു പിഞ്ചു മക്കളുടെ ജീവിതം കണ്ണീരിൽ കുതിർന്നതാകാതിരിക്കാനായിരുന്നു ആ തീരുമാനം. അതു കേട്ട് ആദു പൊട്ടിത്തെറിച്ചു. ഏറെ നേരം കരഞ്ഞു.
താൻ അവനെ ആശ്വസിപ്പിച്ചു: ‘എല്ലാം ശരിയാകും. അവളുടെ മനസ്സു മാറും. അന്നു ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ തിരിച്ചുവരാം. അവളെ നീ മൊഴിചൊല്ലാനൊന്നും നോക്കേണ്ട.’ ഒടുവിൽ തെൻറ തീരുമാനത്തിന് അവനു വഴങ്ങേണ്ടിവന്നു.
വിദൂരതയിലേക്കു നോക്കി ഓർമകളുടെ കൂടെ സഞ്ചരിക്കവെ അയ്ശുമ്മയുടെ കണ്ണുകൾ അവരറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഓർമകൾ വീണുടയവെ മകൻ അടുത്തുവന്ന് നിൽക്കുന്നത് അയ്ശുമ്മ അറിഞ്ഞു. അവെൻറ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
‘ഉമ്മാെൻറ കുട്ടി വിഷമിക്കണ്ട...ഇങ്ങോട്ടുള്ള വരവും അവൾ തടഞ്ഞു അല്ലേ? ഉമ്മാക്ക് പരാതിയില്ല...നിെൻറ മനസ്സിൽ ഉമ്മാക്കുള്ള ഇടം... അതെന്നും ഉണ്ടായാൽ മതി...നിെൻറ അവസ്ഥ ഉമ്മാക്ക് നന്നായി അറിയാം, അവളുടെ മനസ്സ് മാറും മോനേ, ഒരു ദിവസം അവളെന്നെ വിളിക്കാൻ വരും. അന്നു ഞാൻ വീട്ടിലേക്ക് മടങ്ങും. അവിടെ വെച്ച്, നീ അടുത്തുണ്ടായിരിക്കെ ഉമ്മാക്ക് മരിക്കണം. എെൻറ കുട്ടിക്ക് റബ്ബ് നല്ലതേ വരുത്തൂ...’ അയ്ശുമ്മയുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ പ്രവഹിച്ചു.
നിറകണ്ണുകൾ തുടച്ച് യാത്ര പറഞ്ഞു നടന്നകലുന്ന മകനെ കാണാമറയത്തെത്തുംവരെ അയ്ശുമ്മ നോക്കിനിന്നു.

