ഉമ്മമാരറിയാന്‍

സഹ്‌റ സുല്ലമിയ്യ

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

പ്രിയപ്പെട്ട ഉമ്മമാരേ, സ്വന്തം കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്ത ഒരു ജീവിയുമില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഭക്ഷണം തേടിപ്പിടിച്ച് കൊക്കിലൊതുക്കി കൊണ്ടുവന്ന് അവയുടെ വായില്‍വച്ചുകൊടുക്കുന്നു തള്ളപ്പക്ഷികള്‍. മിക്ക ജീവികളും ഇങ്ങനെത്തന്നെയാണ്. അപ്പോള്‍ പിന്നെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യരുടെ കാര്യം പറയാനില്ലല്ലോ. കുഞ്ഞുമക്കള്‍ക്കു വേണ്ടി ഉറക്കമൊഴിക്കുന്ന, സ്വന്തം അസുഖവും ക്ഷീണവും മറക്കുന്ന, അവരുടെ വിശപ്പകറ്റുന്നതില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന ഉമ്മമാരറിയാന്‍ ഏതാനും കാര്യങ്ങള്‍ പറയട്ടെ.

1. വര്‍ണ വൈവിധ്യമുള്ള ഭക്ഷണം: അല്ലാഹു പല നിറങ്ങളിലും രുചികളിലുമുള്ള പഴങ്ങളും പച്ചക്കറികളും സൃഷ്ടിച്ചിട്ടുണ്ട്. നിറങ്ങള്‍ക്കനുസരിച്ച് അവയില്‍ വ്യത്യസ്ത പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗുണങ്ങള്‍ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ. ഇതിനര്‍ഥം എല്ലാ നേരവും പല നിറത്തിലുള്ള ഭക്ഷണം കഴിക്കണം എന്നല്ല. എന്നാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ വ്യത്യസ്ത തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താന്‍ നിങ്ങള്‍ ശ്രമിക്കണം.

2. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്: കുട്ടികള്‍ക്ക് ഭക്ഷണം കൃത്യസമയത്തു നല്‍കുക. എങ്കില്‍ വലുതായാലും ഈ നല്ല ശീലം അവര്‍ തുടരും. ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊര്‍ജം നല്‍കുന്നു. അതോടൊപ്പം തലച്ചോറിന്റ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റുകയും ചെയ്യുന്നു. രാവിലെ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത തടയുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്.

3. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം: എല്ലാ കുട്ടികള്‍ക്കും കായിക വിനോദങ്ങള്‍ ഇഷ്ടമാകണമെന്നില്ല. എന്നാല്‍ അവര്‍ ആസ്വദിച്ചു ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവരെ ആരോഗ്യവാന്മാരാക്കുന്നു. കുട്ടിക്കാലത്തെ ഇഷ്ടങ്ങള്‍ ചിലപ്പോള്‍ മുതിര്‍ന്നാലും നിലനിര്‍ത്തി എന്നും വരാം. ഉമ്മമാര്‍ അതിന് പ്രോത്സാഹനം നല്‍കണം.

4. വെള്ളം കുടിക്കാം: വെള്ളം കുടിക്കുന്നതില്‍ കുട്ടികള്‍ പൊതുവെ മടിയുള്ളവരാണ്. എന്നാല്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കാന്‍ അവര്‍ക്ക് വലിയ താല്‍പര്യവുമാണ്. അവയാകട്ടെ ആരോഗ്യത്തിന് ഹാനികരമാണ്. അവയില്‍ അടങ്ങിയ മധുരത്തില്‍ ശരീരത്തിന് ആവശ്യമായ ഒരു പോഷകവും അടങ്ങിയിട്ടില്ല. കുട്ടികള്‍ക്ക് സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് പകരം പഴച്ചാറുകള്‍ നല്‍കുക. ധാരാളം വെള്ളം കുടിക്കാനും ശീലിപ്പിക്കണം.

5. ടിവി, മൊബൈല്‍ കാഴ്ചകള്‍: ടി.വിയുടെയും മൊബൈല്‍ ഗെയ്‌മിേൻറയും ലോകത്തുനിന്ന് അവരെ പുറത്തേക്ക് നയിക്കുക. അവ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്‌കൂളിലെ മോശം പ്രകടനം, പെരുമാറ്റ പ്രശ്‌ നങ്ങള്‍, വൈകാരികവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍, ശ്രദ്ധക്കുറവ്, പൊണ്ണത്തടി, ഉറക്കമില്ലായ്മ തുടങ്ങിവയെല്ലാം ഇവയുടെ ഉപയോഗം അമിതമായാലുള്ള ദൂഷ്യഫലങ്ങളില്‍ ചിലത് മാത്രം.

6. വായന ശീലമാക്കട്ടെ: കുട്ടികളില്‍ വായനാശീലം വളര്‍ത്തുക. അത് അവരെ സ്‌കൂളിലെ വിജയത്തിന് സഹായിക്കുന്നതോടൊപ്പം ഭാവി ജീവിതത്തിനും സഹായകമാകും. വായന ഒരു കുട്ടിയില്‍ ആത്മാഭിമാനം ഉണ്ടാകാനും മാതാപിതാക്കളോടും മറ്റുള്ളവരോടുമുള്ള ബന്ധം നല്ലതാകാനും ജീവിത വിജയത്തിനും സഹായിക്കും. രസകരമായതും ഗുണപാഠം ലഭിക്കുന്നതുമായ കഥകളും കവിതകളും അവര്‍ വായിക്കട്ടെ. അത് അവരുടെ ഭാഷയെയും പരിപോഷിപ്പിക്കും. അതോടൊപ്പം ദിനചര്യയായി ക്വുര്‍ആന്‍ പാരായണത്തെയും മാറ്റണം.

(തുടരും)