ഉമ്മമാരറിയാന്‍ - ഭാഗം:2

സഹ്‌റ സുല്ലമിയ്യ

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

(ഭാഗം:2)

7. ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കാം

ഇന്ന് എല്ലാവര്‍ക്കും തിരക്കാണ്. കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല. എത്ര തിരക്കാണെങ്കിലും ദിവസം ഒരു നേരമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എത്ര ഭക്ഷണം കഴിച്ചാലും വയറുനിറയുന്നതായി തോന്നുന്നില്ല എന്നു പറഞ്ഞ ഒരു അനുചരനോട് നബി ﷺ നിര്‍ദേശിച്ചത് കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുവാനാണ്. ഫ്‌ളോറിഡ സര്‍വകലാശാല നടത്തിയ ഗവേഷണഫലം കാണിക്കുന്നത് ഭക്ഷണം പങ്കുവച്ചു കഴിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുന്നു എന്നതാണ് എന്ന കാര്യം ഇതിനോട് ചേര്‍ത്തുവായിക്കുക. കുട്ടികള്‍ ഏത് സാഹചര്യവുമായും നന്നായി പൊരുത്തപ്പെടാന്‍ ശീലിക്കും. കുട്ടികള്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെടാനുള്ള സാധ്യതയും കുടുംബത്തിലെല്ലാവരും ഒരുമിച്ചിരിക്കുന്നതിലൂടെ കുറയും.

8. സൗഹൃദത്തിന്റെ പ്രാധാന്യം

കുട്ടികളുടെ ആരോഗ്യകരമായ മാനസിക വികാസത്തിന് സൗഹൃദങ്ങള്‍ വളരെ പ്രധാനമാണ്. കൂട്ടുകാരോടൊപ്പം കളിക്കുന്നത് കുട്ടികളില്‍ ആശയം വിനിമയം, സഹകരണം, പ്രശ്‌നപരിഹാരം തുടങ്ങിയവയ്‌ക്കെല്ലാം സഹായകമാകും. സ്‌കൂളിലെ പ്രകടനത്തെയും നല്ല സൗഹൃദം ഗുണകരമായി ബാധിക്കും. സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. എന്നാല്‍ ചീത്ത കൂട്ടുകെട്ടില്‍നിന്ന് അവരെ വിലക്കുകയും വേണം.

9. കുട്ടികളെ ശുഭാപ്തി വിശ്വാസമുള്ളവരാക്കുക

ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തത് കുട്ടികളെ നിരാശപ്പെടുത്തിയേക്കാം. തിരിച്ചടികള്‍ നേരിടുമ്പോള്‍ കരുത്തോടെ പിടിച്ചുനില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുക. ശുഭചിന്തയും നല്ല ബന്ധങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനം ചെയ്യും. കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്താനും ഇത് സഹായിക്കും.

10. ദന്ത ശുചീകരണം

ഇത് വളരെ പ്രധാനപ്പെട്ട കാര്യ മാണ്. പല്ലുകള്‍ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കണം. രാവിലെയും രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പും കുട്ടികള്‍ ബ്രഷ് ചെയ്യുന്നുണ്ട് എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. ദന്ത ശുചീകരണത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. ചെറുപ്പം മുതല്‍ ആരോഗ്യത്തിന്റെയും നല്ല ജീവിത്തിന്റെയും പാഠങ്ങള്‍ പഠിപ്പിച്ചാല്‍ മാത്രമെ കുട്ടികളില്‍ വലുതാകുമ്പോഴും വൃത്തിയുള്ള ഒരു ജീവിതശൈലി നിലനില്‍ക്കുകയുള്ളൂ.

11. ആവശ്യത്തിനുള്ള ഉറക്കം

ആവശ്യത്തിനുള്ള ഉറക്കം കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നും ഉറങ്ങുന്നതും ഉണരുന്നതും ഒരേസമയത്താകുന്നത് അത്യുത്തമമാണ്. അത് അവരെ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകാന്‍ സഹായിക്കും. അവര്‍ നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യണം. പ്രഭാത നമ സ്‌കാരം അതിന്റെ സമയം തീരുന്നതിനു മുമ്പുതന്നെ അനുഷ്ഠിക്കാന്‍ അവര്‍ ശീലിക്കണം.

സ്‌നേഹമുള്ളവരും കഴിവുള്ളവരും ഏത് വെല്ലുവിളിയെയും നേരിടുവാന്‍ കെല്‍പുള്ളവരുമായി കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളില്‍ പോസിറ്റീവായിട്ടുള്ള മാനസികനില രൂപപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത് ജീനുകള്‍ മാത്രമല്ല നിങ്ങളുടെ സ്വഭാവങ്ങള്‍ കൂടിയാണ് എന്നത് മറക്കാതിരിക്കുക.