സഹോദരിമാരോട്

സമീർ മുണ്ടേരി

2022 സെപ്തംബർ 24, 1444 സ്വഫർ 27

ഒരു സ്ത്രീക്ക് പ്രസവവേദന വന്നാൽ അവളെയും കൂട്ടി ഭർത്താവ് മുമ്പ് താൻ കുഴിച്ചുവച്ച ഒരു കുഴിയുടെ മുന്നിലേക്ക് ചെല്ലും. ആ കുഴിയുടെ സമീപത്തുവച്ച് അവൾ പ്രസവിക്കും. ജനിച്ചുവീണത് പെൺകുട്ടിയാണെങ്കിൽ ആ കുഞ്ഞിനെ ജീവനോടെ കുഴിയിലേക്ക് തട്ടിയിട്ട് കുഴി മണ്ണിട്ടുമൂടും. ആൺകുട്ടിയാണെങ്കിൽ കുഞ്ഞിനെയും എടുത്ത് സന്തോഷത്തോടെ അവർ വീട്ടിലേക്ക് മടങ്ങും. ജാഹിലിയ്യ കാലത്ത് അറേബ്യയിൽ ഇങ്ങനെ ചെയ്യുന്ന ചിലരുണ്ടായിരുന്നു. അവർ പെൺകുട്ടികൾ ജനിക്കുന്നതിനെ അപമാനമായി കണ്ടിരുന്നു.

“അവരിൽ ഒരാൾക്ക് ഒരു പെൺകുഞ്ഞുണ്ടായ സന്തോഷവാർത്ത നൽകപ്പെട്ടാൽ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാർത്ത നൽകപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താൽ ആളുകളിൽനിന്ന് അവൻ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണിൽ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവർ എടുക്കുന്ന തീരുമാനം എത്ര മോശം!’’ (ക്വുർആൻ 16: 58,59).

സ്ത്രീകളെ ഒട്ടും പരിഗണിക്കാത്ത കാലത്താണ് മുഹമ്മദ് നബി ﷺ  പ്രവാചകനായി ആ സമൂഹത്തിലേക്ക് കടന്നുവരുന്നത്. സ്ത്രീകൾക്കുളള അവകാശങ്ങളും അവരോടുളള കടമകളും എന്തൊക്കെയെന്ന് 23 വർഷത്തെ പ്രവാചകജീവിതത്തിനിടയിൽ മാനവസമൂഹത്തെ പ്രവാചകൻ  ﷺ  പഠിപ്പിച്ചു. സ്ത്രീ പുരുഷന്റെ കൂടെപ്പിറപ്പാണെന്നും അവരോട് ഏറ്റവും നന്നായി പെരുമാറണമെന്നും നബി ﷺ  സമൂഹത്തെ പഠിപ്പിച്ചു. ഇസ്‌ലാമിക ചരിത്രം വായിക്കുമ്പോൾ വിജ്ഞാന മേഖലയിലും പ്രബോധന പ്രവർത്തന മേഖലയിലും വലിയ പങ്ക് വഹിച്ചിട്ടുളള സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കും.

ഇസ്‌ലാമിലേക്ക് ആദ്യം കടന്നുവന്നത് ഒരു സ്ത്രീയാണ്; ഖദീജ(റ) എന്ന പ്രവാചക പത്‌നി. ഇസ്‌ലാമിലെ ആദ്യ രക്തസാക്ഷി ഒരു സ്ത്രീയാണ്; സുമയ്യ(റ) എന്ന മഹതി. വൈജ്ഞാനിക മേഖലയിൽ ആഇശ(റ)യുടെ സംഭാവനകൾ വാക്കുകൾക്ക് അതീതമാണ്.

വർത്തമാനകാലവും സ്ത്രീസമൂഹവും

നല്ല ഇണയായും മാതാവായും മകളായും പ്രബോധകയായും ഇസ്‌ലാമിക മര്യാദകൾ പാലിച്ചുകൊണ്ട് ജീവിക്കുന്ന അനേകം സഹോദരിമാരുണ്ട് എന്നത് വിസ്മരിക്കാതെ ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്.

‘ബുദ്ധിയിലും കഴിവിലും ഞങ്ങൾക്ക് പോരായ്മകളുണ്ട്. ഇസ്‌ലാമിക പ്രബോധനവും വിജ്ഞാന സമ്പാദനവും പുരുഷന്മാർ ചെയ്യട്ടെ, ഞങ്ങൾക്ക് അതിനൊന്നും നേരമില്ല’ എന്ന് പറയാതെ പറയുന്ന സ്ത്രീകൾ സമൂഹത്തിലുണ്ട്. നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തേണ്ട സമയവും ആരോഗ്യവും ഏഷണിയും പരദൂഷണവും പറഞ്ഞ് തിന്മ വിലയ്ക്ക് വാങ്ങുന്നവരുമുണ്ട്. മൊബൈലിൽ അനാവശ്യമായി ഏറെ സമയം ചെലവഴിക്കുന്നവരുണ്ട്. അനാവശ്യമായ ബന്ധങ്ങളിൽ ചെന്നു ചാടി ദാമ്പത്യജീവിതം നശിപ്പിക്കുന്നവരുണ്ട്. അത്തരക്കാർ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിതം നന്മയിൽ ചിട്ടപ്പെടുത്താൻ തയ്യാറാകേണ്ടതുണ്ട്.

മകൾ ഫാതിമ(റ)യോട് നബി ﷺ  പറഞ്ഞത് ‘മോളേ, നിന്റെ ശരീരത്തെ നരകത്തിൽനിന്നും നീ തന്നെ കാത്തുരക്ഷിക്കണം’ എന്നാണ്. പരലോകത്ത് ആരും നമുക്ക് തുണയുണ്ടാവില്ല. കൂടെ ജീവിച്ച ഭർത്താവ്, പോറ്റിവളർത്തിയ മാതാപിതാക്കൾ, താങ്ങും തണലുമായി ചേർത്തുപിടിച്ച സഹോദരങ്ങൾ... അവരാരും പരലോകത്ത് നമുക്ക് തുണയായി വരില്ലെന്ന് ക്വുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. പരലോകത്തെ വിജയത്തിന് നമുക്ക് എന്തു ചെയ്യാൻ സാധിക്കും എന്ന് ആലോചിക്കുക.

അറിവുനേടുക

നബി ﷺ  നടത്തിയ ഒരു പ്രാർഥന ഇങ്ങനെ പരിഭാഷപ്പെടുത്താം: “അല്ലാഹുവേ, ഉപകാരപ്രദമായ വിജ്ഞാനവും വിശുദ്ധിയുള്ള ഉപജീവനവും (നീ) സ്വീകരിക്കുന്ന അനുഷ്ഠാനങ്ങളും നിന്നോട് ഞാൻ ചോദിക്കുന്നു’’ (ബുഖാരി).

അറിവിന് വലിയ പ്രാധാന്യമാണ് ഇസ്‌ലാം നൽകുന്നത്. അറിവ് അന്വേഷിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണെന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയവരാണ് സ്വഹാബ വനിതകൾ.

അബൂസഈദ് അൽഖുദ്‌രി(റ)യിൽനിന്ന് നിവേദനം: “സ്ത്രീകൾ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാൾ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കൾതന്നെ ഞങ്ങൾക്ക് ഒരു ദിവസം നിശ്ചയിച്ചുതരണം.’ അപ്പോൾ നബി ﷺ  അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചുകൊടുക്കുകയും അവർക്ക് ഉപദേശങ്ങളും കൽപനകളും നൽകുകയും ചെയ്തു’’ (ബുഖാരി).

ഇബ്‌നുഹജർ(റഹി) ഇതിന്റെ വിശദീകരണത്തിൽ പറയുന്നു: “മതകാര്യങ്ങൾ പഠിക്കുവാൻ സ്വഹാബാവനിതകൾ കാണിച്ച അങ്ങേയറ്റത്തെ താൽപര്യത്തെ ഈ ഹദീസ് അറിയിക്കുന്നുണ്ട്.’’

അൻസ്വാരി സ്ത്രീകളെക്കുറിച്ച് ആഇശ(റ) ഇപ്രകാരം പറഞ്ഞു: “അൻസ്വാരി സ്ത്രീകൾ എത്ര നല്ലവരാണ്! മതം പഠിക്കുന്ന കാര്യത്തിൽ ലജ്ജ അവരെ തടയുകയില്ല’’ (ബുഖാരി).

മതപരമായ അറിവുകൾ നേടാൻ അവർ മടികാണിച്ചില്ല. അറിയേണ്ടതെല്ലാം നബി ﷺ യോട് ചോദിച്ചും മനസ്സിലാക്കിയുമാണ് അവർ ജീവിച്ചത്.

ഉമ്മുസലമ(റ)യിൽനിന്ന് നിവേദനം: “ഉമ്മുസുലൈം(റ) അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുക്കൽ വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹു സത്യത്തിന്റെ കാര്യത്തിൽ ലജ്ജിക്കാത്തവനാണല്ലോ, സ്ത്രീക്ക് സ്വപ്‌നസ്ഖലനം സംഭവിച്ചാൽ അവൾ കുളിക്കേണ്ടതുണ്ടോ?’ നബി ﷺ  പറഞ്ഞു: ‘അതെ, അവൾ ഇന്ദ്രിയം കണ്ടാൽ (കുളിക്കണം)’’ (ബുഖാരി).

അറിവുനേടാൻ അവർ കാണിച്ച താൽപര്യമാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. നമ്മളും അറിവുനേടുക. റബ്ബിനെ സൂക്ഷിച്ചു ജീവിക്കുവാനും പരലോക വിജയത്തിനും അറിവ് അനിവാര്യമാണ്. നേടിയ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക എന്നതും നമ്മുടെ ബാധ്യതയാണ്.

ഇസ്‌ലാമിക പ്രബോധനം

‘ഇക്വ്‌റഅ്’ (നീ വായിക്കുക) എന്ന് തുടങ്ങുന്ന വിശുദ്ധ ക്വുർആനിലെ ആദ്യവചനങ്ങൾ അവതീർണമായ സമയം, ഭയന്നുവിറച്ച് നബി ﷺ  ഓടിയെത്തിയത് ഭാര്യയായ ഖദീജ(റ)യുടെ സമീപത്തേക്കായിരുന്നു. നബി ﷺ യെ ആശ്വസിപ്പിച്ച് പ്രബോധന മേഖലയിൽ കരുത്തായി ഖദീജ(റ) മാറി. സമ്പത്തു കൊണ്ടും ശരീരംകൊണ്ടും നബി ﷺ ക്ക് അവർ മരണംവരെ പിന്തുണ നൽകി.

പത്തൊമ്പത് വയസ്സാകുമ്പോഴേക്കും ആഇശ(റ) മതവിജ്ഞാന മേഖലയിൽ ഒരു അത്ഭുതമായി മാറിയിരുന്നു. നബി ﷺ യുടെ മരണശേഷം ആദർശ പ്രബോധന രംഗത്ത് ശക്തമായി നിലകൊള്ളുകയും ഇസ്‌ലാമിക വിജ്ഞാനം അടുത്ത തലമുറക്ക് എത്തിച്ചുകൊടുക്കുവാൻ പരിശ്രമിക്കുകയും ചെയ്ത ആമഹതി പ്രബോധനരംഗത്ത് സ്ത്രീകൾക്ക് മികച്ച മാതൃകയാണ്.

ഇമാം സുഹ്‌രി(റഹി) ആഇശ(റ)യെക്കുറിച്ച് പറഞ്ഞത് ഇവിടെ പ്രസക്തമാണ്: “ലോകത്തുളള സകല സ്ത്രീകളുടെയും വിജ്ഞാനവും ആഇശ(റ)യുടെ വിജ്ഞാനവും തുലനം ചെയ്താൽ ആഇശ(റ)യുടെ വിജ്ഞാനത്തിനായിരിക്കും മാറ്റ് കൂടുതൽ.’’

ഇന്നലെകളിൽ കഴിഞ്ഞുപോയ വനിതകൾ നല്ല ഭാര്യയും നല്ല മകളും നല്ല ഉമ്മയും സഹോദരിയുമായെല്ലാം ജീവിച്ചവരായിരുന്നു. നമ്മൾ അവരിൽനിന്നും മാതൃക ഉൾക്കൊളളുക.

ഇസ്‌ലാമിക പ്രബോധനം എന്നു പറഞ്ഞാൽ കേവലം പ്രഭാഷണങ്ങളും ദഅവാ സ്‌കോഡുകളും യോഗങ്ങളും മാത്രമാണെന്ന് നാം തെറ്റിദ്ധരിക്കരുത്. അതെല്ലാം പ്രബോധന മേഖലയിൽ ഒഴിവാക്കാൻ കഴിയാത്ത കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ച് ഇത്തരം മേഖലകളിൽ ധാരാളം പരിമിതികൾ അവർക്കുണ്ട്. സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കുന്ന ധാരാളം പ്രബോധന പ്രവർത്തനങ്ങളുണ്ട്. ഇമാം ശാഫീഈ എന്ന മഹാപണ്ഡിതനെ ഈ ലോകത്തിന് സമ്മാനിച്ചത് അദ്ദേഹത്തിന്റെ മാതാവിന്റെ കഠിനമായ പരിശ്രമമാണ്. അറബി ഭാഷയിൽ അദ്ദേഹത്തിന് കഴിവ് ലഭിക്കാൻ ആ ഭാഷ സംസാരിക്കുന്ന ആളുകളുടെ ഇടയിലേക്ക് അവർ അവരുടെ ജീവിതംതന്നെ പറിച്ചുനട്ടു.

മക്കളെ, ഭർത്താവിനെ, സഹോദരങ്ങളെ ഇസ്‌ലാമിക വിജ്ഞാനമുളളവരാക്കുക വഴി ഒരു സ്ത്രീ പ്രബോധന മേഖലയിൽ വലിയ സേവനമാണ് ചെയ്യുന്നത്. സ്വയം പഠിച്ചും പഠിപ്പിച്ചും പ്രബോധന മേഖലയിൽ തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക.

വീടും അയൽപക്കവും

സ്ത്രീകളിൽ അധികപേരും പൊതുവെ കൂടുതൽ സമയം കഴിച്ചുകൂട്ടുന്നത് അവരുടെ വീടുകളിലാണ്. അതുകൊണ്ട് തന്നെ വീടുമായും അയൽവാസികളുമായും എങ്ങനെയായിരിക്കണം തങ്ങളുടെ പെരുമാറ്റം എന്നത് എല്ലാ സഹോദരികളും പഠിച്ചിരിക്കേണ്ടതുണ്ട്.

അയൽപക്കത്തുളളവരെക്കുറിച്ച് കൂടുതലായി ഒന്നും അറിയാത്ത കാലമാണിത്. അയൽപക്കത്തെ വീട്ടിൽനിന്നും ദുർഗന്ധം വമിച്ചപ്പോഴാണ് അവിടെയുളള വ്യക്തിയുടെ മരണം പോലും തൊട്ടടുത്ത് താമസിക്കുന്നവർ അറിഞ്ഞത് എന്ന് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞവരാണ് നാം.

നമുക്ക് നമ്മുടെ അയൽവാസികളെയെല്ലാം പരിചയമുണ്ടോ? അവരോടുളള കടമകൾ നാം നിർവഹിക്കാറുണ്ടോ? നമ്മൾ കാരണം അവർക്ക് വല്ല പ്രയാസവും ഉണ്ടാകുന്നുണ്ടോ?

നബി ﷺ യുടെ അയൽവാസിയായിരുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ അനുഭവം പറയുന്നത് ചരിത്രത്തിൽ നമുക്കിങ്ങനെ വായിക്കാം: “ഞാനൊരിക്കലും അവരുടെ (നബിയുടെയും ഖദീജയുടെയും) വീട്ടിൽനിന്നും ശബ്ദമുയരുന്നത് കേട്ടിട്ടില്ല; ഒരു തവണയല്ലാതെ. അന്ന് നബി ﷺ  ഖദീജയോട് ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ‘ഖദീജാ, അല്ലാഹുവാണെ! ഞാനൊരിക്കലും ലാത്തയെ വിളിക്കില്ല, ഉസ്സയെ വിളിക്കില്ല.’ ആദർശത്തിൽ വെളളം ചേർക്കാൻ മക്കയിലെ മുശ്‌രിക്കുകൾ ആവശ്യപ്പെട്ട കാലമാണത്.

ഈ ചരിത്രത്തിൽ സ്ത്രീകൾക്കൊരു പാഠമുണ്ട്. നബി ﷺ യും കൂടെ ജീവിച്ച ഖദീജ(റ)യും കാരണം അയൽവാസികൾക്ക് ശബ്ദംകൊണ്ടുപോലും ശല്യമുണ്ടായിരുന്നില്ല എന്ന പാഠം.

എങ്ങനെയാണ് സഹോദരീ, നമ്മുടെ അയൽവാസികളുമായി നമുക്കുളള ബന്ധം? ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ആഹരിക്കുന്നവർ എന്നിൽ പെട്ടവനല്ല’ എന്ന് പഠിപ്പിച്ച നബി ﷺ യുടെ അനുയായികളാണ് നാം. അവരോടുളള കടമകൾ നിർവഹിക്കുക, അവരുമായുളള നല്ല ബന്ധംവഴി സ്വർഗത്തിലേക്ക് വിഭമൊരുക്കാൻ തയ്യാറാവുക.

അയൽവാസികളായ സ്ത്രീകളുമായി ചേർന്ന് മറ്റുളളവരെ പരഹിസിച്ചും ഏഷണി പറഞ്ഞുംസമയം നഷ്ടപ്പെടുത്തരുത്. ആ ശീലം പലരിലും കണ്ടുവരുന്നുണ്ട്. അതുമുഖേന നഷ്ടപ്പെടുന്നത് നമ്മുടെ കർമങ്ങളും പരലോകവിജയവുമാണെന്ന് മറക്കാതിരിക്കുക.

സഹോദരീ, കടമകൾ മറക്കാതിരിക്കുക. ജനിച്ചുവീണതുമുതൽ മരണംവരെയുളള ഒരു യാത്രയിലാണ് നാം. യാത്ര അവസാനിപ്പിച്ച് മരണമില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്ര പോകേണ്ടവർ...

ജീവിത യാത്രയിൽ പലതും ചെയ്യാനുണ്ട്. ചെറുപ്പകാലത്ത് ഒരു നല്ല മകളായി ജീവിക്കണം. വിവാഹം കഴിഞ്ഞാൽ നല്ല ഇണയാകണം, നല്ല മരുമകളാവണം. മക്കളുണ്ടാകുമ്പോൾ നല്ല മാതാവാകണം. മകന്റെ വിവാഹം കഴിയുമ്പോൾ വീട്ടിലേക്ക് വരുന്ന പെൺകുട്ടിക്ക് നല്ല ഒരു അമ്മായിയുമ്മയായി മാറണം. ജീവിത തിരക്കുകൾക്കിടിയിലും ആരാധനകൾക്ക് കുറവുണ്ടാകരുത്. മതപരമായി അറിവുതേടാൻ മടിയുണ്ടാകരുത്. അറിവുള്ള കാര്യം താനുമായി ബന്ധപ്പെട്ടവർക്ക് പറഞ്ഞുകൊടുക്കുന്ന പ്രബോധകയാവാൻ മറക്കരുത്.