മുലയൂട്ടുന്ന മാതാക്കളോട്

ഡോ. യാസ്മിൻ എം അബ്ബാസ്

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കായി സ്രഷ്ടാവ് കനിഞ്ഞേകുന്ന മഹത്തായ ഒരു അനുഗ്രഹമാണ് അമ്മിഞ്ഞപ്പാൽ എന്നത്.

ഉമ്മയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് തന്റെ മാതാവിന്റെ ഹൃദയതാളം താരാട്ടാണ്. ആ ചൂടും ചൂരും കുഞ്ഞിന് ആശ്വാസമാണ്. എന്നിരിക്കെ ആ സുരക്ഷിത താവളത്തിൽനിന്നും ഈ ഭൂമിയിലെ കോലാഹലങ്ങളിലേക്ക് അവൻ/അവൾ ജനിച്ചു വീഴുമ്പോൾ ആ ഉമ്മയെന്ന സ്‌നേഹ സാമീപ്യം അവൻ/അവൾ എറ്റവും നന്നായി ആസ്വദിക്കുന്നത് തന്റെ അമ്മയുടെ മാറോടു ചേർന്ന് ആ അമൃത് നുകരുമ്പോളാണ്.

കേവലം കുഞ്ഞിന്റെ വിശപ്പകറ്റൂക എന്നതിലുപരി മുലയൂട്ടൽ എന്നതിന് ഒരുപാട് അർഥതലങ്ങളുണ്ട്. മുലയൂട്ടുന്നത് അമ്മയുടെയും കുഞ്ഞിന്റെയും മാനസികമായ അടുപ്പത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷിക്കും അത്യാവശ്യമാണെന്ന് നമുക്കറിയാം. എങ്കിലും ജോലിത്തിരക്ക്, ഫോർമുല മിൽക്കുകളുടെ ലഭ്യത തുടങ്ങിയ പല കാരണങ്ങൾകൊണ്ടും മുലയൂട്ടുന്നതിൽ വേണ്ടത്ര കണിശത പുലർത്താത്തവർ ഇന്ന് ധാരാളമാണ്. പക്ഷേ, ഫോർമുല മിൽക്ക് ഒരിക്കലും മുലപ്പാലിന് പകരമാവില്ലെന്നും മുലപ്പാൽ കുഞ്ഞിന്റെ ആരോഗ്യത്തിലും ബുദ്ധിശക്തിയിലും കാര്യമായ പങ്കുവഹിക്കുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.

മാതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലയൂട്ടുമ്പോൾ മാതാവ് കുഞ്ഞിന്റെ കണ്ണുകളിൽ നോക്കി അവനോട്/അവളോട് സ്‌നേഹ വാത്സല്യത്തോടെ സംസാരിക്കുകയും ലാളിക്കുകയും ചെയ്യുക. ഇത് കുഞ്ഞിന്റെ പ്രതികരണശേഷിയെ സ്വാധീനിക്കുന്നതായി പഠനങ്ങൾ പറയുന്നു. മാത്രവുമല്ല കൂടുതൽ പാൽ ഉൽപാദനം നടക്കാനും ഇത് സഹായിക്കുന്നു.

സൗകര്യപ്രദമായ പൊസിഷൻ സ്വീകരിക്കുക

ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ എറ്റവും സൗകര്യപ്രദമായ ഒരു പൊസിഷനിൽ പാൽ കൊടുക്കാവുന്നതാണ്. ഏത് രീതിയിലാണെങ്കിലും കുഞ്ഞിന്റെ തല മാത്രം അമ്മയുടെ നേർക്ക് തിരിച്ചുപിടിക്കാതെ ശരീരം മുഴുവനായും ചെരിച്ച് പിടിക്കുക. (കുഞ്ഞിന്റെ വയർഭാഗം അമ്മയുടെ ശരീരത്തോട് ചേർന്ന് വരുന്ന രീതിയിൽ).

നിപ്പിളിനു ചുറ്റും കാണുന്ന ഇരുണ്ട ഭാഗം കുഞ്ഞിന്റെ വായിൽ വരത്തക്കവിധം വായ മുഴുവനായും തുറന്നുപിടിച്ചു വേണം പാല് കൊടുക്കാൻ ആരംഭിക്കേണ്ടത്. ഇത് പാൽ വലിച്ചുകുടിക്കാൻ കുഞ്ഞിന് കൂടുതൽ സൗകര്യം നൽകുന്നതാണ്. ഓരോ സമയം പാൽ കുടിപ്പിക്കുമ്പോഴും ഒരു സൈഡിൽ നിന്നും പരമാവധി പാൽ കുടിപ്പിക്കാൻ ശ്രമിക്കുക (15 മുതൽ 20 മിനിറ്റ് വരെ). കാരണം ആദ്യം വരുന്ന പാൽ (foremilk) കുഞ്ഞിന്റെ ദാഹം ശമിപ്പിക്കുന്നതും പുറകെ വരുന്ന അൽപം കട്ടിയുള്ള പാൽ (hind milk) കുഞ്ഞിന് വളർച്ചക്ക് വേണ്ട അത്യാവശ്യം പോഷക ഘടങ്ങൾ അടങ്ങിയതും ആണ്.

ഓരോ തവണ പാൽ കൊടുത്തു കഴിയുമ്പോഴും കുഞ്ഞിനെ വയറ് ഭാഗം മാതാവിന്റെ തോളിൽ പതിഞ്ഞുവരുന്ന രൂപത്തിൽ കിടത്തിയത്തിന് ശേഷം അമ്മയുടെ കൈപ്പത്തി കപ്പ് രൂപത്തിൽ പിടിച്ചു കുഞ്ഞിന്റെ മുതുകിൽ അൽപം ശക്തിയായി തട്ടിക്കൊടുക്കുക (burping). ഇത് കുഞ്ഞ് പാലിന് ഇടയിലൂടെ വിഴുങ്ങിപ്പോയ ഗ്യാസ് കളയാൻ വേണ്ടിയാണ്. തൻമൂലം തികട്ടി ഛർദിക്കുന്നത് ഒരു പരിധിവരെ തടയാം.

മുലയൂട്ടുന്നതിനിടയിലോ ശേഷമോ കുഞ്ഞ് ഛർദിക്കുകയോ ശ്വാസതടസ്സം ഉണ്ടാവുകയോ ചെയ്താൽ ഉടനെ കുഞ്ഞിനെ ചരിച്ച് കിടത്തുകയും, (മൂക്കിലൂടെ ഛർദ്ദിക്കുന്നുണ്ടെങ്കിൽ കമിഴ്ത്തി പിടിക്കുകയും) മുതുകിൽ തട്ടിക്കൊടുക്കുകയും ചെയ്യുക. സാധാരണയായി ഇത്തരം സാഹചര്യത്തിൽ കുഞ്ഞിനെ എടുത്തു തോളിൽ കിടത്തി മുതുകിൽ തട്ടിക്കൊടുക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇത് വളരെ തെറ്റായ ഒരു കാര്യമാണെന്ന് ഓർമപ്പെടുത്തുന്നു. ഇത് മൂലം തികട്ടിവന്ന പാൽ ശ്വാസകോശത്തിലേക്ക് കയറാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്.

6 മാസംവരെ മുലപ്പാൽ മാത്രമാണ് കുട്ടികൾക്ക് നൽകേണ്ടത്. 2 വയസ്സുവരെ മറ്റു ആഹാരങ്ങളോടൊപ്പം മുലപ്പാൽ തുടരേണ്ടതുമുണ്ട്.

മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണക്രമം

ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം പ്രസവശേഷം പാൽ ഉത്പാദനത്തിനായി ഭക്ഷണം ഒരുപാട് കഴിക്കുക എന്നതിലല്ല കാര്യം, കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിനുള്ള പോഷകങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്. ആവശ്യത്തിന് വിശ്രമവും സന്തോഷകരമായ ചുറ്റുപാടും പാൽ ഉത്പാദനത്തിൽ വലിയ പങ്കുവഹിക്കുന്നു.

Fluid diet അഥവാ ധാരാളം ജലാംശം അടങ്ങിയ ആഹാരം കഴിക്കുക. വെള്ളം, ജ്യൂസ്, സൂപ്പ്, മോര് പോലുള്ളവ കുടിക്കുക. ഇങ്ങനെ ധാരാളം വെള്ളം കുടിക്കുന്നത് പാൽ ഉത്പാദനത്തിന് അത്യാവശ്യമാണ്

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ആഹാരം കഴിക്കുക. ഉദാ: പയറുവർഗങ്ങൾ, മുട്ടയുടെ വെള്ള, മഷ്‌റൂം, മാംസം, ചെറുമീനുകൾ, പാൽ, പാൽ ഉൽപന്നങ്ങൾ, നട്‌സ് തുടങ്ങിയവ.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അഥവാ റാഗി, ഓട്‌സ്, തവിട് ഉള്ള അരി, ഗോതമ്പ് തുടങ്ങിയവ ഉൾപ്പെടുത്താം. വിറ്റാമിനുകളും മിനറലുകളും ലഭിക്കാനായി പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിക്കുക.

ഇത്തരത്തിൽ ഒരു ബാലൻസ്ഡ് ഡയറ്റ് പിന്തുടരുന്നതും കുഞ്ഞിനെ നന്നായി പാലൂട്ടുന്നതും പ്രസവശേഷം അമ്മ അമിതമായി വണ്ണം വെക്കുന്നത് ഒഴിവാക്കാനും കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും സഹായിക്കുന്നു.