വികസനപ്രവർത്തനങ്ങൾ ദരിദ്രരെ സൃഷ്ടിക്കുന്നതാകരുത്
അബൂഫായിദ
2025 മെയ് 17, 1446 ദുൽഖഅദ് 19

ദാരിദ്ര്യനിർമാർജനം പ്രത്യേക അജണ്ടയായിത്തന്നെ സ്വീകരിച്ച വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങളും ധനികരും വികസനത്തിന്റെ പേരിൽ ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന നിലപാടാണ് കാലങ്ങളായി സ്വീകരിച്ചുവരുന്നത്. പുനരധിവാസ സൗകര്യമോ നീതിയുക്തമായ നഷ്ടപരിഹാരമോ നൽകാതെ ഒരുപ്രദേശത്തെ ജനങ്ങളെ മുഴുവൻ കുടിയൊഴിപ്പിച്ച് വൻകിട വ്യവസായശാലകകൾ തുടങ്ങുക, അനിയന്ത്രിതമായി ജലം ഊറ്റിയടുത്ത് ജനങ്ങൾക്ക് ജലദൗർലഭ്യതയുണ്ടാക്കുന്ന ഫാക്ടറികൾ സ്ഥാപിക്കുക, ആദിവാസികളെ ആട്ടിപ്പായിച്ച് ടൂറിസ്റ്റ് റിസോർട്ടുകൾ പണിയുക തുടങ്ങിയവ ഉദാഹരണം.
സമ്പന്ന രാജ്യങ്ങളും സമ്പന്നരും വിവേകത്തോടെയും കാര്യബോധത്തോടെയും സമ്പത്ത് ചെലവഴിക്കുകയാണെങ്കിൽ ദാരി്രദ്യത്തിന് ഒരുപരിധിവരെ ശമനമുണ്ടാകുമായിരുന്നു; പട്ടിണിമരണങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാമായിരുന്നു. സമ്പത്ത് ധനികർക്കിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെട്ടുകൂടാ എന്ന ഇസ്‌ലാമിന്റെ മാനവികനിലപാട് ഇവിടെയാണ് പ്രസക്തമാകുന്നത്.
“അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരിൽനിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങൾക്കും അനാഥകൾക്കും അഗതികൾക്കും വഴിപോക്കർക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളിൽ നിന്നുള്ള ധനികൻമാർക്കിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാൻ വേണ്ടിയാണത്...’’ (ക്വുർആൻ 59:7).
ദരിദ്രരുടെ അവകാശത്തെക്കുറിച്ച് ഇബ്‌നുഹസം പറഞ്ഞു: “ഓരോ നാട്ടിലെയും സമ്പന്നർ അവിടത്തെ ദരിദ്രരെ സംരക്ഷിക്കേണ്ടതാണ്. മുസ്‌ലിംകളുടെ ദാവനവും മറ്റു വിഭവങ്ങളും തികയാതെ വന്നാൽ അതിൽ കൂടുതൽ നൽകാൻ ഭരണകൂടം അവരെ നിർബന്ധിക്കേണ്ടതാണ്. ഭക്ഷണവും ഉഷ്ണ ശൈത്യകാല വസ്ത്രങ്ങളും മഴ, തണുപ്പ്, യാത്രക്കാരുടെ ഉപദ്രവം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന വീടുമാണ് ദരിദ്രരുടെ അവകാശം’’ (അൽമുഹല്ല 2/1566).

