നാവ് നമ്മെ നരകത്തിലേക്കു നയിക്കരുത്
മൻഷൂഖ് അൽഅസ്ഹരി എടത്തനാട്ടുകര
2025 ജനുവരി 11, 1446 റജബ് 11

അല്ലാഹു നമുക്ക് നൽകിയ വലിയ ഒരു അനുഗ്രഹമാണല്ലോ നമ്മുടെ നാവ്. വിശുദ്ധ ക്വുർആൻ പാരായണം ചെയ്തുകൊണ്ടും ദിക്‌റുകൾ ചൊല്ലുന്നതിലൂടെയും അല്ലാഹുവിന് ഇഷ്ടപ്പെടുന്ന നല്ല സംസാരങ്ങളിലൂടെയുമെല്ലാം നാവ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരുപാട് പ്രതിഫലം നേടിയെടുക്കാൻ സാധിക്കും.
നാവുകൊണ്ട് ഒരുപാട് വിനകളും സംഭവിക്കാനിടയുണ്ട്. അതുകൊണ്ടാണ് നബിﷺ ഇപ്രകാരം പറഞ്ഞത്: “രണ്ട് കാലുകൾക്കിടയിലുള്ളതിനെയും രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനെയും സൂക്ഷിച്ചുകൊള്ളാമെന്ന് ആർ എനിക്ക് ഉറപ്പു നൽകുന്നുവോ അവർക്ക് സ്വർഗം ഞാൻ ഉറപ്പു നൽകുന്നു.’’
നാവിനെ സൂക്ഷിച്ചുപയോഗിക്കുന്നത് എന്തുമാത്രം പ്രാധാന്യമുള്ളതാണെന്ന് ഇത് വ്യക്തമാക്കുന്നു. നാവിനാലുണ്ടാകുന്ന വലിയ രണ്ട് തിന്മകളാണ് ഗീബത്ത് (പരദൂഷണം), നമീമത്ത് (ഏഷണി) എന്നിവ. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പോരായ്മകളും പറയുകയും അവരെ കുത്തിനോവിക്കുകയും സമൂഹത്തിൽ തരംതാഴ്ത്തുകയും ചെയ്യുന്ന ഒരുപാട് ആളുകളെ സമൂഹത്തിൽ കാണാൻ സാധിക്കും. ഒരു വിശ്വാസിയിൽ ഒരിക്കലും ഈ സ്വഭാവം ഉണ്ടായിക്കൂടാ.
അല്ലാഹു പറയുന്നു: “(അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുന്നവരുമായ എല്ലാവർക്കും നാശം’’ (ക്വുർആൻ 104:1). ഈ ദുഃസ്വഭാവത്തെ നാം വളരെ ഗൗരവത്തിൽ കാണേണ്ടതുണ്ട് എന്ന് ഈ ആയത്തിലൂടെ മനസ്സിലാക്കാം.
പരദൂഷണം എത്ര വലിയ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ആയത്ത് കാണുക: “...നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 49:12).
പരദൂഷണം പറയുന്നത് കേൾക്കാൻ നാം ഇരുന്നുകൊടുക്കരുത്. കേട്ടുപോയാൽ നമ്മൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്:
- അവൻ/അവൾ പറയുന്നത് അപ്പടി വിശ്വസിക്കാൻ പാടില്ല.
- അയാളെ അതിൽനിന്ന് നാം തടയണം. ഈ ദുഃസ്വഭാവം ഒഴിവാക്കാൻ ഉപദേശിക്കുകയും ചെയ്യണം.
- അയാളിലെ ഈ സ്വഭാവത്തെ നാം വെറുക്കണം; മറ്റു പല ഗുണങ്ങളും അവനിൽ ഉണ്ടാവാം, എന്നിരുന്നാലും.
- അയാൾ ആരെക്കുറിച്ചാണോ കുറ്റം പറയുന്നത് അയാളെക്കുറിച്ച് നാം മോശമായി വിചാരിക്കരുത്, അയാളെ തെറ്റിദ്ധരിക്കരുത്.
- അയാൾ പറഞ്ഞ കാര്യത്തെക്കുറിച്ച് ചൂഴ്ന്ന് അന്വേഷിക്കാനോ ചാരപ്പണി നടത്താനോ പോകരുത്.
- ആ കുറ്റം അയാളിൽ ഉള്ളതാണെങ്കിലും അവൻ പറഞ്ഞത് ഏറ്റെടുത്ത് നാം പ്രചരിപ്പിക്കാൻ പാടില്ല.
അല്ലാഹു നൽകിയ വളരെ വലിയ അനുഗ്രഹമായ നാവുകൊണ്ട് വെറുതെ നാമെന്തിനു നരകം വാങ്ങണം?

