ചെലവഴിച്ചു നേടുക

സ്വന്തം ലേഖകൻ

2025 മെയ് 03, 1446 ദുൽഖഅദ് 05

ഒരാൾ എന്തിന്റെയൊക്കെ ഉടമസ്ഥനും അധിപനുമാണെങ്കിലും അയാൾക്കതെല്ലാം ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാം. സർവവിധ ആസ്വാദനങ്ങളെയും തകർത്തുകളയുന്ന മരണം ഒരു മനുഷ്യനെ അവൻ ഉടുത്തുകൊണ്ടിരിക്കുന്ന വസ്ത്രത്തിന്റെ പോലും ഉടമയല്ലാതാക്കി മാറ്റുന്നു! അയാളുടെ സ്വത്തിന്റെയും ഉടുതുണിയുടെ പോലും അവകാശി അവനല്ല; അവന്റെ അനന്തരാവകാശി യാണെന്നർഥം.

പിന്നെ മനുഷ്യന് തന്റെതായി എന്താണുള്ളത്? അവൻ ചെലവഴിച്ചു കഴിഞ്ഞതു മാത്രം! ഒരാൾ ദൈവമാർഗത്തിൽ എന്തൊന്ന് ചെലവഴിച്ചാലും അത് അയാളുടേതായി മാറുകയാണ്; പാരത്രിക ലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കുകവഴി. അതുകൊണ്ടുതന്നെ ഇസ്‌ലാം ദാനധർമങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു.

“സത്യവിശ്വാസികളേ, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയതിൽനിന്നും നിങ്ങൾക്കു നാം ഭൂമിയിൽനിന്ന് ഉൽപാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുക...’’(ക്വുർആൻ 2:267).

“അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം നിലനിർത്തുകയും നാം നൽകിയതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ ഒരിക്കലും നഷ്ടം പറ്റാത്ത ഒരു വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്’’ (35:29).

നബിﷺ പറഞ്ഞു: “ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ദിർഹം ദാനം ചെയ്യുന്നത് മരിക്കാൻ നേരത്ത് നൂറ് ദിർഹം ദാനം ചെയ്യുന്നതിനെക്കാൾ ഉത്തമമാണ്’’(അബൂദാവൂദ്).