ഗുൽമോഹർ പൂക്കൾ ഓർമിപ്പിക്കുന്നത്
ഫാത്വിമ സുഹൈറ ബി.കെ.
2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

ഇക്കാ, ഞാൻ ഹസിമോളുടെ കല്യാണത്തിന് പോരുന്നില്ല’’ ഫാത്വിമയുടെ ആശങ്കയും വിഷമവും നിറഞ്ഞ സ്വരം കേട്ട് ആസിഫ് ഞെട്ടിത്തരിച്ചു.
“എന്ത്? നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണല്ലോ ഹസീന. എന്റെ മൂത്തമ്മാടെ മോളാണെങ്കിലും നിന്നോടുള്ള ബന്ധം എന്റെ പെങ്ങൻമാരോട് പോലും അവൾ കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല! നിനക്കും അവൾ എത്ര പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എന്നിട്ടും എന്താ ഇങ്ങനെയൊക്കെ തോന്നാൻ?’’
ഫാത്വിമയുടെ മുഖം വിവർണമായി. അവൾ എന്തിനോ വീർപ്പുമുട്ടി. മുഖം ചുവന്നു. കണ്ണിൽ നിറഞ്ഞ കണ്ണീർകണങ്ങൾ താഴെ വീഴാതിരിക്കാൻ അവൾ ചുണ്ട് കടിച്ചു. തന്റെ പ്രിയപ്പെട്ടവൾക്ക് തന്നോട് എന്തോ ഒന്ന് പറയാനുണ്ടെന്ന് ആസിഫിന് മനസ്സിലായി.
തന്റെ പ്രിയതമ പിജിക്ക് പഠിക്കുമ്പോഴാണ് അവളെ താൻ ജീവിതസഖിയാക്കിയത്. അവളുടെ വീട്ടുകാർക്ക് ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ; മോളുടെ പഠനം മുടക്കരുത്. താൻ അവളുടെ എല്ലാ കാര്യങ്ങളും തനിക്ക് കഴിയുംപോലേ ഭംഗിയായി ചെയ്തു; പ്രത്യേകിച്ചും പഠനകാര്യങ്ങൾ.
അവൾ വളരെ പെട്ടെന്നുതന്നെ തന്റെ വീടും വീട്ടുകാരുമായി പൊരുത്തപ്പെട്ടു. രാവിലെ 3.30ന് എണീറ്റ് തഹജ്ജുദ് നമസ്‌കാരം നിർവഹിച്ചശേഷം അവൾ വായനാലോകത്തേക്ക് കയറും. സുബ്ഹി വരെ അവൾ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ നീന്തിത്തുടിക്കും. അതിനുശേഷം വീട്ടുജോലികളെല്ലാം വേഗത്തിൽ ചെയ്തു തീർത്തിട്ട് അവൾ കോളേജിലേക്ക് പോകുമായിരുന്നു. എല്ലാവർക്കും അവളെപ്പറ്റി നല്ലത് മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ. അവൾ എല്ലാവരുമായി വേഗം കൂട്ടുകൂടി; പ്രത്യേകിച്ചും മൂത്തമ്മയുടെ മകൾ ഹസീനയോട്. അവൾക്കും ഇംഗ്ലീഷിൽ തന്നെയായിരുന്നു ബിരുദം. ഒരുപക്ഷേ, കുടുംബ ബന്ധത്തെക്കാൾ അതായിരിക്കും അവരെ ഒന്നിപ്പിച്ചത്. കുടുംബത്തിലെ ഏതൊരു പരിപാടിക്കും ഹസീനയും ഫാത്വിമയുമായിരുന്നു മിന്നും താരങ്ങൾ. ആ ഹസീനയുടെ കല്യാണമാണ് അടുത്തയാഴ്ച. നാളെ എല്ലാവരും മൂത്തമ്മയുടെ വീട്ടിലേക്ക് പോകാനിരിക്കുകയാണ്. അതിനിടയിലാണ് ഫാത്വിമയുടെ ഈ പ്രസ്താവന.
“എന്താ നിനക്ക് പറ്റിയത്? നീ കരയാതെ കാര്യം പറയൂ എന്റെ പാത്തൂ.’’
ആസിഫ് അവളുടെ താടി പിടിച്ചുയർത്തി. അവൾ ഒന്നും പറയാതെ കണ്ണടച്ചു. കണ്ണീർ ധാരധാരയായി അവളുടെ കവിളിലൂടെ ഒഴുകി. ആസിഫിനും വിഷമമായി.
“നീ ആളെ ബേജാറാക്കാതെ കാര്യം പറയൂ.’’
“അത്...ഇക്കാ, ഞാൻ വരണില്ല...അത്രതന്നെ!’’
“അതെന്താ ഇപ്പൊ അങ്ങനെ ഒരു തോന്നൽ? ഇതുവരെ അങ്ങനെയായിരുന്നില്ലല്ലോ. ആ, ഞാൻ പറയാൻ വിട്ടതാ. ലിബാസ് ബ്യൂട്ടിക്കിൽനിന്നും വിളിച്ചിരുന്നു. നിന്റെ പർപ്പിൾ ചുരിദാർ റെഡിയായിട്ടുണ്ട് എന്നു പറഞ്ഞു. നിങ്ങളുടെ ഡ്രസ്സ് കോഡാണല്ലോ പർപ്പിൾകളർ. പിന്നെ നിനക്ക്...’’
“അതൊന്നുമല്ല ഇക്കാ; ഞാൻ വരുന്നില്ല’’ അവൾ ആസിഫിനെ മുഴുപ്പിക്കാൻ സമ്മതിച്ചില്ല
“പിന്നെ നീ കല്യാണത്തിന് വരാതെ എവിടെ പോകുന്നു?’’ ആസിഫിന്റെ ശബ്ദം ഉയർന്നു
ആ സ്വരമാറ്റത്തിൽ അവൾ ഒന്നു പകച്ചു. പണിപ്പെട്ട് നിയന്ത്രിച്ച അവളുടെ ഗദ്ഗദം ഒരു പൊട്ടിക്കരച്ചി ലായി അവിടമാകെ വീണുടഞ്ഞു. അതോടെ ആസിഫ് സങ്കടത്തിലായി. അയാൾ സമാധാനിപ്പിക്കാനായി അവളെ ചേർത്തുനിർത്തി. സോഫയിൽ പിടിച്ചിരുത്തി.
“ഞാനൊന്നും പറയുന്നില്ല, ചോദിക്കുന്നില്ല. പക്ഷേ, എനിക്കറിയണം എന്താ നിന്റെയീ പിന്മാറ്റത്തിനും വിഷമത്തിനുമുള്ള കാരണം എന്ന്. നിനക്ക് പറ്റുമെങ്കിൽ പറയൂ; എന്നെ തീ തീറ്റിക്കാതെ.’’
“അത്...ഇക്കാ, ഞാൻ ലിസ്റ്റിൽ വന്നിട്ടില്ല’’ അതും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.
“ലിസ്റ്റോ? ഏത് ലിസ്റ്റ്? പിഎസ്‌സി ലിസ്റ്റാണോ? അതിനെന്താ, പിഎസ്‌സി ലിസ്റ്റിൽ കയറുന്നതാന്നോ അത്ര വലിയ കാര്യം? ഞാൻ നിന്നോട് എപ്പോഴും പറയാറുണ്ട്; കഴിഞ്ഞുപോയതിനെ കുറിച്ച് ആലോചിച്ച് മനസ്സ് പുണ്ണാക്കരുത് എന്ന്. നീയെന്തിനാ മറ്റുള്ളവരുടെ വാക്കുകൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത്? അവരാണോ നിന്നെ പഠിപ്പിക്കുന്നത്? ഒന്ന് പോകാൻ പറ അവരോട്...’’
“അല്ല ഇക്കാ, ആ സുമി അമ്മായിയും റംല എളാമ്മയും എപ്പോഴും എന്നെ കാണുമ്പോൾ ആദ്യം ചോദിക്കുന്നത് പരീക്ഷയുടെയും റിസൾട്ടിന്റെയും കാര്യമാണ്. പിന്നെ ഹസിമോളുടെ അമ്മായി എന്നെ കാണുമ്പോൾ പറയും, ആസിഫിക്കയുടെ പണം പോകാനുള്ള നല്ലൊരു വഴിയാണ് എന്റെ പഠനം എന്ന്. പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ വീട്ടുകാര്യങ്ങൾ വൃത്തിയിലും ഭംഗിയിലും കൊണ്ടുനടക്കണം. അല്ലാതെ പഠനം, പരീക്ഷ എന്നൊക്കെ പറഞ്ഞു പായലല്ല എന്നൊക്കെ ആ കദീസുമ്മു താത്ത എന്നെ കാണുമ്പോൾ പറയും. അപ്പോ തുടങ്ങും മൂപ്പത്തിടെ മരുമോൾ ‘ഫാത്തിമക്ക് നെറ്റ് അല്ല ജെ.ആർ.എഫ് തന്നെയാണ് കിട്ടിയത്’ എന്ന്. അതുവരെ മിണ്ടാതിരുന്ന മൂത്തമ്മ ഉമ്മാനെ നോക്കി ഒരു ചിരിയോടെ പറയും; ‘നമ്മളൊക്കെ പഠിച്ചിട്ടാ? ആസിഫിന്റെ അടുത്ത് പൂത്ത കാശുണ്ട് ഇവൾക്ക് വേണ്ടി ചെലവാക്കാൻ! എന്നാലോ ഇവൾ ഇന്നേവരെ ഒരു ചില്ലിക്കാശ് പോലും സമ്പാദിച്ചിട്ടുണ്ടോ’ എന്നൊക്കെ. അപ്പോ അതിനെയൊക്കെ ശരിവെക്കും വിധത്തിൽ ‘ഞാനെന്തു പറയാനാ ന്റെ ആയിശാന്ന്’ നിങ്ങളുടെ ഉമ്മയും പറയും. ഇങ്ങനെ എല്ലാവർക്കും മുന്നിലും കോമാളിയാവാൻ ഇനി ഞാൻ നിൽക്കില്ല; ഞാൻ കല്യാണത്തിന് പോരുന്നില്ല.’’
ഇതും പറഞ്ഞ് ഫാത്വിമ കിടക്കയിലേക്ക് ഓടി തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു. പാവം! എന്തു പറഞ്ഞ് ഇവളെ ഞാൻ ആശ്വസിപ്പിക്കും? ആസിഫ് ധർമസങ്കടത്തിലായി.
***************************************
“അവൾ നല്ല ബ്രൈറ്റാണ് ട്ടോ, നന്നായി എഴുതും. പ്രത്യേകിച്ച് അവളുടെ കവിതകൾ നല്ല നിലവാരം പുലർത്തുന്നതാണ്.’’
കഴിഞ്ഞ പ്രാവശ്യം അവളുടെ സരിത മിസ്സിനെ കണ്ടപ്പോൾ അവർ പറഞ്ഞതാണ് ഇക്കാര്യം.
“അതെല്ലാം കൂടി പബ്ലിഷ് ചെയ്യാൻ പറഞ്ഞിട്ട് അവൾ കേൾക്കുന്നില്ല. അവൾക്ക് ലജ്ജയാണത്രേ! നാട്ടുകാർ എന്തു പറയും, കൂട്ടുകാർ എന്തു പറയും, കുടുംബക്കാർ എന്തു പറയും എന്നൊക്കെ നോക്കി നിൽക്കുവാ അവൾ.’’
സരിതാ മിസ്സ് ഗവൺമെന്റ് പ്രൊവിഡൻസി കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ്.
“അവൾ ജോലിക്കൊന്നും നോക്കുന്നില്ലേ?’’
“ഇല്ല. ക്യാഷ് കൊടുത്ത് ജോലി വാങ്ങാൻ താൽപര്യമില്ലെന്നാണ് അവൾ പറയുന്നത്; പിഎസ്സിക്ക് നോക്കുന്നുണ്ട്.’’
“ങ്ആ ശരിയാ, അതാണു നല്ലത്. 15 വർഷത്തിനുശേഷമാണ് എച്ച്എസ്എസ്ടി വിളിക്കുന്നത്. അവൾക്ക് എന്തായാലും കിട്ടും. അവളോട് ഒന്ന് ആഞ്ഞുപിടിക്കാൻ പറയൂ.’’
ഇന്നലെയായിരുന്നു എച്ച്എസ്എസ്ടി എക്‌സാം. വളരെ ഉത്സാഹത്തോടെയാണ് അവൾ എക്‌സാം സെന്ററിൽ എത്തിയത്. താൻ അവിടെയുള്ള സിമന്റ് വെഞ്ചിൽ അവളുടെ പരീക്ഷ കഴിയുംവരെ കാത്തിരുന്നു.
(തുടരും)

