ചിറകരിഞ്ഞവരുടെ നൊമ്പരങ്ങൾ
ഫാത്തിമ ഷഹല പി.
ദാറുൽ ക്വുർആൻ, ചെറുമുക്ക്
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

വിശപ്പിന്റെ കാഠിന്യത്താൽ വയറ്റിൽ കല്ല് വെച്ചുകെട്ടി അല്ലാഹുവിൽ തവക്കുലാക്കി ആ പിതാവ് തന്റെതെന്ന് പറയാവുന്ന ആ കൊച്ചു ടെന്റിൽ നിന്ന് തന്റെ പൊന്നോമനയെ തിരക്കിയിറങ്ങി. തകർന്ന കെട്ടിടശകലങ്ങൾക്കിടയിലും പാതയോരത്തുമെല്ലാം തിരഞ്ഞു. ഇടയ്ക്കിടെ ഭൂമി കുലുങ്ങും വിധമുള്ള സ്‌ഫോടനശബ്ദം കേൾക്കാം. ജ്വലിക്കുന്ന സൂര്യനു താഴെ ആ മനുഷ്യൻ ആത്മവിശ്വാസത്തോടെ അന്വേഷിച്ചുകൊണ്ടിരുന്നു.
ഇടക്ക് അയാൾക്ക് ഒരു റൊട്ടിക്കഷ്ണം ദാനമായി കിട്ടി. അതിന്റെ പകുതിഭാഗം കീറിയെടുത്ത് അയാൾ ആർത്തിയോടെ ചവച്ചിറക്കി. ബാക്കി മകൾക്കായി കരുതിവച്ചു. അതുകൊണ്ട് വിശപ്പടങ്ങിയില്ലെങ്കിലും അയാൾക്ക് പൂർണ സംതൃപ്തി വന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇങ്ങനെയൊക്കയാണല്ലോ നാളുകൾ കഴിച്ചുകൂട്ടുന്നത്.
തെരുവിലെങ്ങും തന്റെ പൊന്നോമനയെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അയാൾ ആശുപത്രി ലക്ഷ്യമാക്കി നടന്നു. സയണിസ്റ്റ് പട്ടാളത്തിന്റെ ബോംബിങ്ങിൽ ഒരു ഭാഗം തകർന്ന ആശുപത്രിയിലെ മോർച്ചറിയിൽ തന്റെ പൊന്നുമകൾ ശാന്തമായി ഉറങ്ങുന്നുണ്ടായിരിക്കാം. കണ്ടുകിട്ടിയാൽ അന്ത്യചുംബനം നൽകി അവളെ ധൈര്യത്തോടെ യാത്രയയക്കാം. അയാൾക്കറിയാം, ചിലപ്പോൾ ഈ യാത്രയിൽ തന്നെ തനിക്കു നേരെ മരണത്തിന്റെ വെടിയുണ്ടകൾ പാഞ്ഞുവന്നേക്കാമെന്ന്. ഭയമില്ല. അല്ലെങ്കിലും ഭയമെന്തെന്ന് ഫലസ്തീനികൾക്ക് അറിയില്ലല്ലോ. ആശുപത്രിയിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നിട്ടും അയാൾ തളർന്നില്ല. പിന്നെയും പല സ്ഥലങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. കാണുന്നവരോടെല്ലാം മകളുടെ ഫോട്ടോ കാണിച്ചു കൊടുത്തു കണ്ടിരുന്നോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു.
പതിവുപോലെ അന്നും രാവിലെ തിന്നാൻ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയതാണ്. വൈറുംകയ്യോടെ മടങ്ങേണ്ടിവന്നു. തിരികെ വന്നപ്പോൾ അവളെ കാണാനില്ല. അടുത്തുള്ള പല ടെൻഡുകളും കത്തിയമർന്നിരുന്നു. അയാളുടെ മനസ്സിൽ പലവിധ ആശങ്കകൾ ഉയർന്നു. അവളെ ആ തോക്കുധാരികളായ ചെന്നായ്ക്കൾ പിടിച്ചു കൊണ്ടുപോയോ? അതല്ല അവൾ കത്തിയമർന്ന് രക്തസാക്ഷിയായോ?
അങ്ങനെ ഓരോന്ന് ചിന്തിച്ച് നടക്കുന്നതിനിടയിവാണ് പകുതി തകർന്ന ഇരുനില സ്‌കൂൾ കെട്ടിടത്തിന്റെ ഒരു മൂലയിൽ പേടിച്ചരണ്ട് മണ്ണുപുരണ്ട ഒരു കുഞ്ഞു മനുഷ്യരൂപത്തെ അയാൾ ദൂരെനിന്നു കണ്ടത്. ശരവേഗം അയാൾ പാഞ്ഞുചെന്നു. അതെ, തന്റെ പൊന്നോമന തന്നെ! അയാൾ അവളെ വാരിപ്പുണർന്നു.
‘നീ എവിടെയായിരുന്നു? എത്ര നേരമായി ഞാൻ നിന്നെ തിരക്കുന്നു!’
ആ കുഞ്ഞിന്റെയും അയാളുടെയും നേത്രത്തിൽനിന്നും ആനന്ദ ബാഷ്പങ്ങൾ അടർന്നുവീണുകൊണ്ടിരുന്നു. അവർക്കിടയിലൂടെ ഒരു മൗനസംഭാഷണം നടക്കുന്നുണ്ടായിരുന്നു.
ശേഷം അയാൾ ആ റൊട്ടിക്കഷ്ണം അവൾക്ക് നൽകി. അവളെയും കൊണ്ട് ടെന്റിലേക്ക് തിരികെ നടന്നു പോകുന്ന വഴിയിൽ ഭീകര സൈന്യം നഗരം ഒഴിഞ്ഞു പോകാൻ അറിയിപ്പ് നൽകിയതായി അയാൾ അറിഞ്ഞു.
കിട്ടിയതെല്ലാം പെറുക്കിയെടുത്ത് തന്റെ ആകെയുള്ള വാഹനമായ സൈക്കിളിൽ ഭാണ്ഡമായി കെട്ടി അവളെ ഇരിപ്പിടത്തിൽ ഇരുത്തി അയാൾ പാലായനം തുടങ്ങി. ഇനിയൊരു മടക്കത്തിന് സാധ്യതയില്ലാത്ത യാത്ര.
പുറംലോകത്തെ പറ്റി അറിയാതെ, ഭീകര രാഷ്ട്രം ഒറ്റപ്പെടുന്നതറിയാതെ, മനഃസാക്ഷി ചോർന്നു പോകാത്തവരുടെ സഹായങ്ങൾ ലഭിക്കാൻ വഴിയില്ലാതെ, അപലപനങ്ങളും പ്രഖ്യാപനങ്ങളും അറിയാതെ, ഇസ്‌റയേൽ നരനായാട്ടിന്റെ വിഷയത്തിൽ പലരുടെയും മുഖംമൂടി അഴിഞ്ഞുവീണത് അറിയാതെ അവർ സഞ്ചരിച്ചുകൊണ്ടിരുന്നു. സയണിസ്റ്റ് നിർമിതമായ നരകത്തിൽനിന്ന് രക്ഷപ്പെടാനായി.
കഷ്ടതകൾ ഫലസ്തീനികൾക്ക് പുതുമയുള്ളതല്ലല്ലോ. ശഹാദത്ത് പദവി ലഭിക്കാൻ ആഗ്രഹിക്കുന്ന വരാണ് അവിടത്തെ കുഞ്ഞുങ്ങൾ പോലും! യാത്രക്കിടയിൽ അവൾ ചോദിച്ചു:
“അബീ, ഉമ്മി എന്നു വരും? എന്റെ ഉമ്മിയെ അവർ കൊന്നുവോ?’’
അഞ്ചു വയസ്സുകാരിയുടെ ആ നിഷ്‌കളങ്കമായ ചോദ്യത്തിന് മുന്നിൽ അയാൾക്ക് ഉത്തരം മുട്ടി. തെല്ലു നേരത്തെ നിശ്ശബ്ദക്കു ശേഷം അയാൾ മെല്ലെ പറഞ്ഞു: “ഉമ്മി ഇനി വരില്ല മോളേ... ഉമ്മിയുടെ അടുത്തേക്ക് ഒരുപക്ഷേ, ഏതു നിമിഷവും നെതന്യാഹുവിന്റെ ചെന്നായപ്പട നമ്മെയും പറഞ്ഞയച്ചേക്കാം...’’
അയാൾ പറഞ്ഞുതീരും മുമ്പാണ് വഴിയരികിലെ ഒരു തകർന്ന കെട്ടിടത്തിന്റെ മറവിൽനിന്ന് വെടിയുണ്ടകൾ ചീറിപ്പാഞ്ഞുവന്ന് ആ ഉപ്പയുടെയും മകളുടെയും നെഞ്ചിലും തലയിലും തുളച്ചുകയറിയത്. തന്റെ അബിക്കും തനിക്കും ചിറകുകൾ വരുന്നതും ഉമ്മയുടെ അടുത്തേക്ക് പറന്നു പോകുന്നതും അവൾ കണ്ടു. പിന്നിൽ നടന്നുവരുന്നവരും തോക്കിനിരയാകുന്നത് അവരിരുവരും കണ്ടില്ല.

