ഗുൽമോഹർ പൂക്കൾ ഓർമിപ്പിക്കുന്നത് - 2

ഫാത്വിമ സുഹൈറ ബി.കെ.

2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

എത്ര ഗുൽമോഹർ പൂക്കളാണ് ഈ സ്‌കൂൾമുറ്റത്ത് വീണുകിടക്കുന്നത്. എന്തു മനോഹരമാണ് ആ കാഴ്ച! പക്ഷേ, ആർക്കും അത് വേണ്ട! കണ്ണിന് കൗതുകം നൽകുന്ന ഈ ഗുൽമോഹർ പൂക്കൾ പോലെത്തന്നെയല്ലേ നാമോരോരുത്തരുടെയും ജീവിതവും? ഒരു സമയം കഴിഞ്ഞാൽ എല്ലാം പാഴായവയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ തുടച്ചുമാറ്റപ്പെടേണ്ടവർ. പക്ഷേ, അതിനുമുമ്പ് ഈ ലോകത്ത് തന്റെതായ ഒരു അടയാളം, ചെറുതെങ്കിലും ഒരു മാർക്ക് രേഖപ്പെടുത്തി വെക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? പാവം എന്റെ പാത്തു! ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കവെ ബെല്ലടിച്ചു. താമസിയാതെ പരീക്ഷാർഥികൾ പുറത്തിറങ്ങി. അവരുടെ മുഖങ്ങൾ സമ്മിശ്ര വികാരങ്ങൾ നിറഞ്ഞതായി രുന്നു. അതാ പാത്തു വരുന്നുണ്ട്; അവൾ വളരെ നിർവികാരതയോടെയാണല്ലോ! താനായിട്ട് ഒന്നും ചോദിക്കുന്നില്ല

“ഇക്കാ, ജനറൽ പാർട്ട് ടഫ്ഫായിരുന്നു. സബ്ജക്ട് പാർട്ട് ഫുൾ ശരിയായി എഴുതി.’’

“സാരമില്ല, അവസരം ഇനിയും വരും’’ അയാൾ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

**************************.

“എന്റെ പാത്തൂ, നിന്നോട് ഇങ്ങനെ കുത്തിപ്പറയുന്നവർക്ക് എന്ത് യോഗ്യതയാണുള്ളത്? അവരെക്കാളൊക്കെ ഉയരത്തിലാണ് നീ എന്ന ബോധ്യം അവർക്കുണ്ട്. അതിൽ സഹിക്കാഞ്ഞിട്ടാണ് നിന്നെ തളർത്താൻ വേണ്ടി അവർ പലതും പറയുന്നത്. അതൊന്നും നീ കാര്യമാക്കേണ്ട. നീ ഒന്ന് ചിന്തിച്ചു നോക്കൂ; ഇംഗ്ലീഷ് ലിറ്ററേച്ചർ എടുത്തു പഠിക്കുന്ന ഏതൊരു കുട്ടിയോട് ചോദിച്ചാലും ബ്രൈറ്റ് അക്കാദമിയെക്കുറിച്ച് അവർക്ക് അറിയാം.’’

അത് കേട്ടപ്പോൾ ഫാത്വിമ തല മെല്ലെ ഒന്ന് പൊക്കി ആസിഫിനേ നോക്കി.

“നീ ആരാ? ബ്രൈറ്റ് അക്കാദമിയുടെ ഫൗണ്ടിംഗ് മാസ്റ്റർ എജുക്കേറ്റർ. എഫ്എം എന്ന് പറഞ്ഞാൽ ആളുകൾ ബഹുമാനത്തോടെ എണീക്കും’’ അവന്റെ തള്ളു കേട്ട് അവൾ ഒന്നു ചിരിച്ചു.

“ഒന്ന് പോ എന്റെ ഇക്കാ! എനിക്ക് ആകെ 150 സബ്‌സ്‌ക്രൈബേഴ്‌സിനെയേ കിട്ടിയിട്ടുള്ളൂ; വല്ലാതെ തള്ളി മറിക്കേണ്ട.’’

“പക്ഷേ, ആ 150 സബ്‌സ്‌ക്രൈബേഴ്‌സ് നിന്റെ ക്ലാസിനോട് 100% സാറ്റിസ്‌ഫൈഡ് അല്ലേ?’’

“അതുകൊണ്ട് എനിക്ക് ഒരു അഞ്ചുപൈസയുടെ ഉപകാരമില്ലല്ലോ.’’

“ങ്ആ, ഇനിയാണ് നമ്മൾ ശരിക്കും നമ്മുടെ പ്ലാൻ മുന്നോട്ടു കൊണ്ടുപോകുന്നത്. പക്ഷേ, അതിനുമുമ്പ് ഇങ്ങനെ ഓരോന്ന് പറഞ്ഞു കരയാൻ നിന്നാൽ ഉണ്ടല്ലോ... അടുത്താഴ്ച ഒന്ന് കഴിയട്ടെ, നീ കണ്ടോ!’’

ഫാത്വിമ വെറുതെ എന്തോ ആലോചിച്ചു ചിരിച്ചു.

“അടുത്തയാഴ്ച നമ്മൾ ഹസീനയുടെ കല്യാണത്തിന് പോകും. നിന്നോട് ആരും ഒന്നും ചോദിക്കില്ല. നീ എന്റെ കൂടെ തന്നെ നിന്നാൽ മതി. ഓക്കേ?’’ ഫാത്വിമ അതെ എന്ന് തല കുലുക്കി.

**************************

ആസിഫ് തന്റെ ലാപ്‌ടോപ്പ് എടുത്ത് ഫാത്വിമയുടെ ക്ലാസുകളുടെ വീഡിയോ ഓരോന്നായി ചെക്ക് ചെയ്തു. ടീച്ചബിൾ, Thinkfic Udemy തുടങ്ങിയ കോഴ്‌സുകളിലേക്ക് അവൻ അവളുടെ ക്ലാസിന്റെ വീഡിയോകൾ ഓരോന്നായി മെയിൽ ചെയ്തു കൊടുത്തു.

**************************

“ഇക്കാ നോക്കൂ, ഇന്ന് എനിക്ക് മൂന്ന് ഇ-മെയിൽസ് വന്നു.’’

“ആരുടെ?’’ ആസിഫ് ഒന്നുമറിയാത്തപോലെ ചോദിച്ചു.

“ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ ചില വെബ്‌സൈറ്റുകൾ ഉണ്ടെന്ന്. അവയിൽനിന്നുമാണ്. ദാ, നോക്കിക്കേ, ടീച്ചബിൾ, Thinkfic Udemy...ഇവരൊക്കെ എന്നോട് ക്ലാസ് എടുക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയാണ്. ഞാനിപ്പോൾ ചിന്തിക്കുന്നത് ഇവർ എന്നെപ്പറ്റി എങ്ങനെ അറിഞ്ഞു എന്നാണ്. ചിലപ്പോൾ സരിത മിസ്സിന്റെ പണിയായിരിക്കും.’’ അത് കേട്ടപ്പോൾ ആസിഫിന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. അവനൊന്നും മിണ്ടാതെ നിന്നു.

“ഞാനെന്താ ചെയ്യേണ്ടത് ഇക്കാ?’’

“ഞാനെന്തു പറയാൻ? നീ തീരുമാനിച്ചോ.’’

“ഞാൻ ഓക്കേ പറയട്ടേ?’’

“നിനക്ക് താൽപര്യമുണ്ടെങ്കിൽ പറഞ്ഞോളൂ. അറിവ് പകർന്നുകൊടുക്കൽ നല്ല കാര്യമല്ലേ! വരുമാനവും കിട്ടും.’’

അവൾ സന്തോഷത്തോടെ തന്റെ ലാപ്‌ടോപ്പ് എടുക്കാനായി ഓടി. മൂന്നു വെബ്‌സൈറ്റിലേക്കും ഉടനടി തന്റെ സമ്മതമറിയിച്ച് മെയിൽ ചെയ്തു.

“പാവം സരിതാ മിസ്സ്! ഞാൻ മിസ്സിനെ ഇപ്പോൾ തന്നെ വിളിക്കട്ടെ!’’ ആസിഫ് ഒന്നും പറഞ്ഞില്ല.

“ഹലോ.... മിസ്...താങ്ക്യൂ മിസ്...താങ്ക്യൂ സോ മച്ച്...അവർ മെയിൽ ചെയ്തിരുന്നു...Udemy, Thinkfic.. ങ്‌ഹേ....മിസ്സല്ലേ? പിന്നെ എന്നെപ്പറ്റി അവർക്ക് എങ്ങനെ...എന്നെ പറ്റിക്കാൻ നോക്കേണ്ട...ഓഹോ. അറിയില്ല. വേറെ ആരായിരിക്കും...? ഓഹ്, ശരി മിസ്...’’

അവൾ ഫോൺ കട്ട് ചെയ്ത് ആസിഫിന്റെ അടുത്ത് വന്നിരുന്നു.

“ഇക്കാ മിസ്സിന് ഇതിനെപ്പറ്റി ഒന്നും അറിയില്ലത്രേ. പിന്നെ ആരായിരിക്കും?’’

ആസിഫ് ഒന്നും മിണ്ടാതെ നിന്നു. പെട്ടെന്ന് എന്തോ ഒരു ഉൾവിളി ഉണ്ടായ പോലെ അവൾ അവനെ നോക്കി മിണ്ടാതെ നിന്നു. പിന്നെ മെല്ലെ ചോദിച്ചു: “ഇക്കാ, ഞാൻ എന്തുകൊണ്ട് ഇക്കയാണെന്ന് അറിഞ്ഞില്ല! ഇത് ഇക്കയുടെ പണിയല്ലേ?’’

“നിനക്ക് നിന്റെ സരിതാ മിസ് ആണല്ലോ എല്ലാം’’ ആസിഫ് കൃത്രിമമായി പരിഭവിച്ചു.

“സോറി ഇക്കാ, സോറി’’ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

“ഞാനെങ്ങനെ ഇതിന് നന്ദി പറയും എന്ന് എനിക്കറിയില്ല; ഒരാഴ്ചകൊണ്ട് എല്ലാം റെഡിയാകും എന്നു പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.’’

“അവരെത്രയാ പറയുന്നത്?’’

“ഞാനൊന്നും ചോദിച്ചില്ല.’’

ആസിഫ് ഗൂഗിളിൽ ചെക്ക് ചെയ്തു നോക്കി.

“മോളേ, ഇത് ക്ലിക്കാവുകയാണെങ്കിൽ നീ ആരാ! ഇനി നീ പറയൂ; നിന്റെ കാര്യം തീരുമാനിക്കുന്നത് നീയാണോ, ഞാനാണോ, അതല്ല നിന്നെയും എന്നെയും ഈ സകല ചരാചരങ്ങളെയും സൃഷ്ടിച്ചുപരിപാലിക്കുന്ന റബ്ബാണോ? നീയെത്ര ഇൻറർവ്യൂകൾക്കു പോയി! എത്രയെത്ര എക്‌സാമുകൾ എഴുതി! ഒടുവിൽ പടച്ചവൻ തീരുമാനിച്ചപ്പോൾ ഒരു വഴി തുറന്നുകിട്ടി.’’

“ഇക്കാ, എല്ലാം അല്ലാഹുവിന്റെ കൃപ തന്നെയാണ്. നാം ചെയ്യേണ്ടത് നാം തന്നെ ചെയ്യണം, ബാക്കി പടച്ചവനിൽ തവക്കുലാക്കണം എന്ന, ഇസ്‌ലാമിന്റെ അധ്യാപനത്തിന്റെ പ്രസക്തി തിരിച്ചറിയാൻ ഇക്ക കാരണക്കാരനായി.’’ അവൾ ഭർത്താവിന്റെ നെഞ്ചിലേക്ക് ഏങ്ങലടിച്ചുകൊണ്ട് ചാഞ്ഞു.

“പാത്തൂ, പലതും നമ്മൾ കണ്ടു മോഹിക്കും, അത് എനിക്കായിരുന്നെങ്കിൽ; ഞാനായിരുന്നെങ്കിൽ എന്നൊക്കെ. എന്നാൽ നമ്മൾ എവിടെയെത്തും എന്ന് നന്നായി നമ്മുടെ റബ്ബിനറിയാം. അവന്റെ വിധിക്കപ്പുറം ഒന്നും നടക്കുകയില്ലല്ലോ. ഏറ്റവും നല്ലത് അവൻ നമുക്കായി കാത്തു വെച്ചിട്ടുണ്ടാവും; ഇല്ലായിരിക്കാം. നമ്മുടെ ദൗത്യം നന്നായി പ്രവർത്തിക്കുക എന്നതും പിന്നെ അവന്റെ തീരുമാനത്തിനായി ക്ഷമയോടെ, പ്രാർഥനയോടെ കാത്തിരിക്കുക എന്നതുമാണ്. ഒരു കണ്ണിമ അടയുന്ന നേരം പോലും തന്റെ കാര്യം തനിക്ക് വിട്ടുതരാതിരിക്കാൻ വേണ്ടി നബിﷺ പഠിപ്പിച്ച പ്രാർഥന പതിവാക്കുക. അവൻ നമ്മളെ നമ്മൾ വിചാരിച്ചതിനും അപ്പുറമുള്ള ഒരു സ്ഥാനത്തേക്ക് ഉയർത്തുക തന്നെ ചെയ്യും, ഈ ലോകത്തല്ലെങ്കിൽ പരലോകത്ത്; ചിലപ്പോൾ ഇരുലോകത്തും.’’

(അവസാനിച്ചു)