വല്ല്യുമ്മ നൽകിയ തണൽ

ഹന്ന മുഹമ്മദ് പറളി

2024 ജൂലായ് 30, 1446 മുഹർറം 14

വല്ല്യുമ്മയാണെങ്കിലും ഉമ്മയെന്ന് വിളിച്ചാണ് ശീലം. ഓർമവെച്ച നാൾ മുതലേ ക്വുർആൻ പാരായണവും വായനയുമായി ദിവസം മുഴുവൻ സജീവമാകുന്നൊരാൾ. സലഫീ ആദർശത്തിലേക്ക് കടന്നുവരും മുമ്പ് വിശേഷദിവസങ്ങളിലും അല്ലാതെയും മൗലിദിന്റെയും മാലപ്പാട്ടുകളുടെയും വരികൾ പുണ്യം പ്രതീക്ഷിച്ചു വളരെ ഭക്തിയോടെ ഉമ്മ ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഒന്ന് വീഴാൻ പോകുമ്പോഴേക്കും ‘ബദ്‌രീങ്ങളേ’ എന്ന് വിളിച്ചിരുന്നു. ഏകനായ സ്രഷ്ടാവിനെ മാത്രമെ ആരാധിക്കാവൂ, അവനോടു മാത്രമെ വിളിച്ചു പ്രാർഥിക്കാവൂ എന്ന സത്യവെളിച്ചം ലഭിച്ചതിൽ പിന്നെ മൗലിദ് കിതാബുകളെല്ലാം ഒഴിവാക്കി. ഇസ്‌ലാമിക പ്രമാണങ്ങൾ ക്വുർആനും സുന്നത്തുമാണെന്നത് മനസ്സിലാക്കി; അവ പഠിക്കുവാൻ തുടങ്ങി.

എപ്പോഴും ഉമ്മാക്ക് എന്തെങ്കിലും വായിക്കാൻ ഉണ്ടാവും. ക്വുർആൻ പഠന ക്ലാസുകൾ ഒഴിവാക്കില്ല. ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വായിക്കുന്നത് ശീലമാക്കി. അതിൽനിന്നും ഉൾക്കൊണ്ട അറിവ് ഞങ്ങൾക്ക് പകർന്നുതരാൻ വലിയ ആവേശമായിരുന്നു.

ഒരു ആക്‌സിഡന്റിൽ പെട്ട് ഉമ്മയുടെ ഓർമശക്തിക്ക് മങ്ങലേറ്റു. അതുവരെയും ഏതെങ്കിലും കാര്യങ്ങൾ അറിയണമെങ്കിൽ ഉമ്മയോട് ചോദിക്കുമായിരുന്നു; ഉമ്മ ആ കാര്യം കേട്ടിട്ടുണ്ടോ? അതെവിടെയാണ് വായിച്ചത്...? മിക്ക ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി കിട്ടുമായിരുന്നു.

ഓർമയുടെ താളം തെറ്റിയശേഷവും ഞാൻ ഇടയ്ക്ക് വല്ലതും ചോദിക്കും. ‘ഉമ്മാക്ക് ഓർമ്മല്ല മാളെ’ എന്ന നിരാശ കലർന്ന മറുപടിയാണ് ലഭിക്കുക.

ഓർമകൾ ഇല്ലാതായിപ്പോയപ്പോൾ സ്വയം അതിൽനിന്നും പുറത്തുകടക്കാൻ പരിശ്രമിച്ചിരുന്നു; വായിച്ചും പഠിച്ചും ക്വുർആൻ, അദ്കാർ പാരായണങ്ങളിൽ മുഴുകിയും സമയം ചെലവഴിക്കും.

ഉമ്മ സ്ഥിരം ചൊല്ലിയിരുന്ന ഒരു അദ്കാർ പുസ്തകമുണ്ട്. അതൊരിക്കൽ കാണാതായപ്പോൾ ഭയങ്കര വിഷമമായിരുന്നു. അതിന്റെ പുറംചട്ട ഉപയോഗിച്ചു ദ്രവിച്ചുപോയിരുന്നു. വേറെ അദ്കാർ ബുക്ക് തരാമെന്ന് പറഞ്ഞിട്ടും അതുതന്നെ വേണമെന്ന് നിർബന്ധം! അവസാനം അത് കിട്ടിയപ്പോഴുള്ള ഒരു സന്തോഷമുണ്ട്...!

ഒരുപാട് സൂറത്തുകൾ, ദിക്‌റുകൾ മനഃപാഠമുണ്ടായിരുന്നു. പിന്നീടതെല്ലാം ഓർമയുടെ അറയിൽനിന്ന് മാഞ്ഞുപോയി. അന്നേരം നിരാശപ്പെടാതെ ഉമ്മ നോക്കി പാരായണം ചെയ്തു. ഒന്ന് വയ്യാണ്ടായാൽ ഉമ്മാടടുത്തു പോയിരുന്നാൽ ദിക്‌റുകൾ ചൊല്ലി കൈകൊണ്ട് ഒന്ന് തടവിത്തരും. അപ്പോൾ വല്ലാത്തൊരു ആശ്വാസം കിട്ടുമായിരുന്നു.

എന്റെ രണ്ട് ഗർഭകാലങ്ങളിലും ഉമ്മയുണ്ടായിരുന്നു വീട്ടിൽ. രാത്രിയുടെ നിശ്ശബ്ദതയിൽ പലപ്പോഴും വല്ലാത്ത പ്രയാസത്തിന്റെ അവസ്ഥയിൽ എന്റെ ഞെരക്കം കേട്ട് ഉമ്മ അടുത്തുവന്ന് തടവിത്തന്നിട്ടുണ്ട്. അന്നേരം എനിക്ക് ലഭിച്ചിരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ സാധ്യമല്ല.

തലോടാൻ, ആശ്വസിപ്പിക്കാൻ, സംശയങ്ങൾ തീർത്തുതരാൻ ഇന്ന് ഉമ്മ ഞങ്ങളോടൊപ്പമില്ല. ഉമ്മയുടെ ക്വുർആൻ പാരായണത്തിന്റെയും ദിക്ർ ചൊല്ലലിന്റെയും പതിഞ്ഞ ശബ്ദം വീടിന്റെ അകത്തളങ്ങളിൽ പ്രസരിക്കുന്നില്ല. കർമഫലത്തിന്റെ ലോകത്ത് അവർ എത്തിച്ചേർന്നു. നിറയുന്ന കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ ഉമ്മാക്കു വേണ്ടി പ്രാർഥിക്കുന്നു. അതാണല്ലോ ഇനി ചെയ്യാൻ കഴിയുന്ന കാര്യം.