‘ഓനെല്ലാം കൊടുക്കണം, വീടില്ലല്ലോ!
ഹുസ്‌ന മലോറം
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

വയനാടിനൊന്ന് വേദനിച്ചപ്പോൾ നാടൊന്നായി. അന്യസംസ്ഥാനക്കാരും കണ്ടില്ലെന്നു നടിച്ചില്ല. ശരീരംകൊണ്ടും സമ്പത്തുകൊണ്ടും സഹായിക്കാൻ അനേകരെത്തി.
ഉരുൾപൊട്ടലിൽ എന്റെ വീട്ടിലുള്ളവർക്ക് പരിക്കു പറ്റി. വീടും മനസ്സും തകർന്ന, പരിക്കേറ്റ എന്റെ വീട്ടുകാർ ഹോസ്പിറ്റലിൽ ഏതാനും ദിവസം കഴിഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഗുരുതരമായ പരിക്ക് ആർക്കും പറ്റിയില്ല. ഹോസ്പിറ്റലിൽ നിന്നും നേരെ പോയത് നാത്തൂന്റെ വീട്ടിലേക്കാണ്. സഹോദരനും ഭാര്യക്കും അപ്പോഴും ഹോസ്പിറ്റൽ വിടാനായിരുന്നില്ല.
ദുരന്തത്തിൽ അകപ്പെട്ടവരും വീടു നഷ്ടപ്പെട്ടവരുമെന്ന നിലയിൽ എല്ലാവരെയും-ആങ്ങളയുടെ മക്കളെ പ്രത്യേകിച്ചും- വീട്ടുകാർ പരിഗണിക്കുന്നുണ്ട്. ആ വീട്ടിലെ കുട്ടികളും കുട്ടികളെ നന്നായി പരിഗണിക്കുന്നു.
‘എടാ, ഓനെല്ലാം കൊടുക്കണം... വീടില്ലല്ലോ...’ തുടങ്ങിയ നിഷ്‌കളങ്ക സംസാരങ്ങൾ മക്കളിൽ നിന്നും കേൾക്കാനായി. നമ്മുടെ കുരുന്നുകളിൽ കരുണയുടെ കിരണങ്ങൾ തെളിയുന്നത് കൺകുളിർമയുള്ള കാര്യം തന്നെയാണ്.
എല്ലാരും ഇവരെ വല്ലാതെ പരിഗണിക്കുന്നത് വീട്ടിലുള്ള നാത്തൂന്റെ അനിയത്തിയുടെ കുസൃതിക്കാരനായ മോന് പിടിച്ചില്ല. ‘എടാ വീട് പോയതിന്റെ അഹങ്കാരമല്ലേ അനക്ക്’ എന്ന അവന്റെ അടക്കിപ്പിടിച്ചുള്ള ചോദ്യം വേദനയോടെ കഴിയുമ്പോഴും ചുണ്ടിൽ ചിരി പടർത്തി. അഹങ്കാരത്തിന്റെ അർഥമൊന്നും അവന് അറിയില്ല. നിഷ്‌കളങ്കമായ ബാല്യചാപല്യം അവൻ പ്രകടിപ്പിച്ചു എന്നുമാത്രം. അതെ, നമ്മുടെ മക്കൾ നമ്മുടെ പല സങ്കടങ്ങളും മായ്ക്കുന്നവരാണ്.
മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടലിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളും മരണപ്പെട്ടു എന്നത് വല്ലാത്ത നൊമ്പരമുണ്ടാക്കുന്നതാണ്. ആ മക്കളുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് റബ്ബ് ക്ഷമിക്കാനുള്ള കഴിവും സന്തതികളെയും പ്രദാനം ചെയ്യട്ടെ.
ദുരന്തത്തിന് സാക്ഷികളായ കുഞ്ഞുമനസ്സുകളിൽ മായാത്ത ഒരു ഭീകര ചിത്രമായി അത് നിലനിൽക്കും. ഓർക്കാനിഷ്ടപ്പെടാത്ത ഒരു വല്ലാത്ത ദിനം. രാത്രിയിൽ ഒരു ചെറിയ ശബ്ദം കേൾക്കുമ്പോൾ പോലും അവർ ഞെട്ടിയെഴുന്നേൽക്കുന്നു. അതിന്റെ ഓർമകൾ പോലും അവരെ പേടിപ്പെടുത്തുന്നു.
എന്റെ ഒരു സുഹൃത്തിന്റെ വീട്ടുകാരും ഉരുൾപൊട്ടലിന്റെ ഇരുളിൽ പെട്ടവരാണ്. അതിൽനിന്ന് രക്ഷപ്പെട്ട അവരുടെ കുഞ്ഞിനോട് ഉരുൾപൊട്ടലിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ‘അത് സ്വപ്നമാണെന്നു കരുതി, എന്നാൽ ചളിയും വെള്ളവും ചുറ്റിലും വന്നെന്നെ കൊണ്ടുപോയപ്പോ എനിക്ക് പേടിയായി’ എന്നാണ്.
സ്വപ്നം കണ്ടുറങ്ങിയ രാത്രിയിൽനിന്ന് നൂറുകണക്കിനാളുകൾ ഒഴുകിപ്പോയത് ഇനിയൊരിക്കലും സ്വപ്നം കാണാൻ പറ്റാത്ത മരണത്തിലേക്കാണ്.
റബ്ബ് ഇഷ്ടപ്പെടുന്നവരെ അവൻ കൂടുതൽ പരീക്ഷിക്കുമെന്ന നബിവചനം ആശ്വാസമാണ്. നമ്മുടെ പ്രാർഥനയിൽ അവരുമുണ്ടാകട്ടെ. സർവവും നഷ്ടപ്പെട്ട് ജീവൻ ബാക്കിയായവരെ താൽക്കാലികമായി ചേർത്തുപിടിക്കാൻ അനവധിയാളുകളുണ്ട്. അത് ഏതാനും ആഴ്ചകളേ നീണ്ടുനിൽക്കുകയുള്ളൂ. താൽക്കാലികാശ്വാസമല്ല, വെറും വാഗ്ദാനങ്ങളല്ല അവർക്കു വേണ്ടത്. എത്രയും പെട്ടെന്നുള്ള പുനരധിവാസമാണ്.

