അഹന്ത കാണിക്കലല്ല മോട്ടിവേഷൻ

അൻവർ കണ്ണീരി, അമ്മിനിക്കാട്

2024 ജൂലായ് 13, 1446 മുഹർറം 07

ഞാൻ വിശ്വസിക്കുന്നു, എനിക്ക് സാധ്യമാവുന്നതിന്റെ 10 ശതമാനത്തിനും താഴെയാണ് ഇപ്പോഴും ഞാൻ നിർവഹിച്ചിട്ടുള്ളത്. ഇനിയും എനിക്ക് സർക്കാർ രേഖകളിൽ അടയാളപ്പെടുത്തിയ എബിലിറ്റി കപ്പാസിറ്റിയിലേക്ക് എത്താൻ 20 ശതമാനത്തോളം സഞ്ചരിക്കാനുണ്ട്. അതിന് തടസ്സമാകുന്നത് എന്നിലെ അലസത, കാര്യക്ഷമതയില്ലായ്മ, ക്രിയാത്മകത എന്നിവയുടെ കുറവുതന്നെയാണ്.

എന്റെ വെറും 10 ശതമാനംക്കൊണ്ട് ഞാൻ വിശ്വസിക്കുന്നത് ഒരു മനുഷ്യനെ ‘ജീവിതത്തിൽ വിജയിച്ചവൻ അല്ലെങ്കിൽ രക്ഷപ്പെട്ടവൻ’ എന്ന, പൊതുജനത്തിന്റെ പൊതുവായ അവലോകത്തിന് ആവശ്യമായ പഠനം, ജോലി, കുടുംബം, സാമൂഹിക അംഗീകാരം, സ്വന്തമായൊരു വീട്, സ്വന്തമായൊരു വാഹനം എല്ലാം നേടാൻ കഴിഞ്ഞു എന്നാണ്.

എങ്കിൽ ഞാൻ എന്റെ പൂർണത കൈവരിച്ചോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ചോദിക്കട്ടെ; നിങ്ങൾ ഏകദേശം അറുപത്-എഴുപത് വയസ്സാകുമ്പോഴേക്കും മുകളിൽ സൂചിപ്പിച്ചവ നേടിയെടുക്കുന്നു വെങ്കിൽ നിങ്ങൾ ജീവിത വിജയിയാണോ?

അല്ല എന്ന് ഞാൻ പറയും. കാരണം, വെറും പത്തു ശതമാനംകൊണ്ട് ഞാൻ ചെയ്ത കാര്യങ്ങൾ നിങ്ങൾ നിർവഹിക്കുന്നത് ശാരീരിക കഴിവിന്റെ 90 അല്ലെങ്കിൽ 100 ശതമാനത്തിലാണ്. അപ്പോൾ ബാക്കി നിങ്ങളിലെ 90 ശതമാനം കൃത്യമായി ഉപയോഗിച്ചില്ലേ?

വെറും 10% കൊണ്ട് മാത്രം കഴിയുന്ന കാര്യമേയുള്ളു എന്ന്, എന്റെ പരിമിതമായ ജീവിത സാഹചര്യം കൊണ്ട് തെളിഞ്ഞു എന്ന് പ്രകടിപ്പിക്കാനാണ് ഇത് പറഞ്ഞത്. കൂടാതെ നമുക്ക് ജീവിതത്തിൽ ഇതിലും മീതെ ഇനിയും എത്രയോ ചെയ്യാനുണ്ടെന്നും ഇതാണ് വലുത് എന്ന്, അല്ലെങ്കിൽ ലക്ഷ്യം എത്തി എന്ന ധാരണയിൽ അവസാനിപ്പിക്കാനായിട്ടില്ല എന്നതുകൂടി ബോധ്യപ്പെടുത്താനാണ്.

‘നിങ്ങൾ ഇങ്ങനെയുള്ള ചോദ്യം ചോദിച്ച് എന്നെപ്പോലുള്ളവരെ വെറുതെ ടെൻഷനാക്കരുത്. ജീവിതത്തിൽ ഒന്നും നേടിയില്ലേ എന്നൊരു തോന്നലാണ് അപ്പോൾ...’ എന്നു പറയാൻ വായനക്കാരിൽ പലർക്കും തോന്നുന്നുണ്ടാകും.

ഡോ അനിൽ ബാലചന്ദ്രൻ എന്ന, ബിസിനസ്സുകാർക്ക് ഉപദേശവും പ്രചോദനവും നൽകുന്ന ഒരു വ്യക്തിയുടെ ക്ലാസിനിടയിലെ മോശമായ ഭാഷാപ്രയോഗവും അതിനുണ്ടായ പ്രതികരണവും കണ്ടപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ തോന്നിയത്.

പരിമിതമായ വേദികളിൽ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്ന വ്യക്തി എന്ന നിലയിലാണ് ഈ കുറിപ്പ് എഴുതുന്നത്. എന്റെ മുന്നിലിരിക്കുന്നവരെ ക്രിയാത്മകമായ ചിന്തയിലൂടെ കടത്തിക്കൊണ്ടു പോവാൻ ശ്രമിക്കുന്ന രീതികളിലൊന്നാണ് തുടക്കത്തിൽ ഉപയോഗിച്ച താരതമ്യ സമീപനം.

മുന്നിലിരിക്കുന്നവരുടെ മനസ്സുകളിൽ നമ്മൾ ആശ്വാസവാഹകരും പരിഹാര നിർദേശകരുമാണ്. നമ്മുടെ വാക്കുകൾ സ്വീകാര്യമാണെങ്കിൽ അവർ പരിഹാര നിർവഹകരാവുമെന്നതാണ് പ്രധാനം. നാം അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാര നിർദേശകരാവണമെങ്കിൽ തീർച്ചയായും നാം അതിന് മാതൃകയാവണം. എന്നിട്ട് അത് പറയുമ്പോൾ മാത്രമാണ് കൂടുതൽ സ്വീകാര്യതയും വിശ്വാസ്യതയും ഉണ്ടാവുക.

സംസാരത്തിൽ ആകർഷണീയത വരുത്തി എന്നതുകൊണ്ട് ഒരാളുടെ മോട്ടിവേഷൻ ക്ലാസ് ഫലവത്താകണമെന്നില്ല. അത് ചീട്ടുകൊട്ടാരം പോലെ ഒരുദിവസം പൊളിഞ്ഞുവീഴും. പുറമെയുള്ള മോടിക്കപ്പുറം ഉള്ള് നിറഞ്ഞ സംതൃപ്തി നൽകുന്നിടത്താണ് അതിന്റെ വിജയം.

ഇന്ന് മോട്ടിവേഷൻ ക്ലാസുകളും ചാനലുകളുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. കോവിഡാനന്തരം അത് ശക്തിപ്പെട്ടിരിക്കുന്നു എന്നുതന്നെ പറയാം. യഥാർഥത്തിൽ മോട്ടിവേഷൻ എന്ന വിഷയത്തെ ബിസിനസ് ആക്കുന്നിടത്താണ് പരാജയം ആരംഭിക്കുന്നത്. മോട്ടിവേഷനെ ബിസിനസ് ആക്കിയവർ പ്രൈം ലൈറ്റിൽ തിളങ്ങിനിൽക്കാൻ കാണിക്കുന്ന ‘പ്രയത്‌നങ്ങൾ’ മുഴുവനും ഒരു മോട്ടിവേഷനും ആർക്കും നൽകാത്ത കാര്യമാണ്. ഇവർ സദാ തിളങ്ങിനിൽക്കാൻ കാണിക്കുന്ന ‘പ്രയത്‌നങ്ങൾ’ക്കൊടുവിൽ കുറഞ്ഞകാലം ധാരാളം വേദികൾ ലഭിക്കുമെങ്കിലും അവിടെ പറയുന്ന കാര്യങ്ങളിൽ ജീവനുണ്ടാവില്ല എന്നാണ് തോന്നിയിട്ടുള്ളത്. ജീവനുള്ള വാക്കുകൾ സൃഷ്ടിക്കപ്പെടുന്നത് തീർത്തും അനുഭവസ്ഥരുടെ പങ്കുവെക്കലുകളിൽനിന്ന് മാത്രമാണ്. സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്ത് അതിന്റെ ഒഴിവ് സമയങ്ങളിലും ബാക്കി സമയങ്ങളിലും ഇത്തരം കാര്യങ്ങൾ ചെയ്യണം. അതായത് മോട്ടിവേഷൻ ക്ലാസുകൾ ജീവിത മാർഗമല്ലാതിരിക്കുമ്പോഴാണ് അത് സാമൂഹിക പ്രതിബദ്ധതയും സഹായമനസ്‌കതയുമുള്ള പുണ്യപ്രവർത്തനമായി മാറുക. മതപ്രഭാഷകരുടെ കാര്യത്തിലും ഇതേ സമീപനമാണ് വേണ്ടത് എന്ന എന്റെ അഭിപ്രായം സാന്ദർഭികമായി ഓർമപ്പെടുത്തട്ടെ.

മോട്ടിവേഷൻ ക്ലാസ് ബിസിനസായി മാറിയാൽ ലാഭം മാത്രമായിരിക്കും പ്രതീക്ഷ. പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയിട്ടില്ലെന്നറിഞ്ഞാൽ കാറിൽനിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുക അത്തരക്കാരാണ്.

ഇത്തരം ക്ലാസുകൾ എടുക്കുന്നവർ അവരുടെ സ്വഭാവവും സമീപനവും ആകർഷണീയമാക്കണം. കാശുണ്ടാക്കൽ മാത്രമാണ് ലക്ഷ്യമെങ്കിൽ അത് അഹങ്കാരത്തിന് ഇടയാക്കും. ആളുകൾ മോട്ടിവേഷനിലൂടെ പ്രതീക്ഷ കൈവരിക്കുമ്പോൾ ക്ലാസെടുക്കുന്നയാൾ ആത്മസംതൃപ്തി അനുഭവിക്കണം. കൈയിൽ കിട്ടുന്ന പണത്തിലൂടെ മാത്രം സംതൃപ്തി കണ്ടെത്തുന്നവനാകരുത് മോട്ടിവേറ്റർ.

സദസ്സിനോട് എന്തും വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്നതിലോ ക്ലാസ് സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നതിലോ അല്ല വിജയം കാണേണ്ടത്; നാം പറഞ്ഞതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരാളുടെ ജീവിത വിജയത്തിന് അവസരമൊരുങ്ങുമ്പോഴാണ്. മറ്റുള്ളതെല്ലാം താൽക്കാലികം മാത്രമാണ്.

ഞാൻ വലിയ ഒരു സംഭവമാണ്, മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നവനാണ് എന്ന അഹന്തയിൽ; ക്ലാസ് കേൾക്കാൻ വന്ന, തന്നെക്കാൾ പ്രായമുള്ളവരുടെ മുഖത്തുനോക്കി എടാ പോടാ വിളിക്കുന്ന മോട്ടിവേറ്റർ തികഞ്ഞ പരാജയമാണ്. വിനയാന്വിതർ ജീവിതംകൊണ്ടുതന്നെ പ്രചോദനമേകുന്നവരാണ്.