പിൻബെഞ്ചുകാരന് കിട്ടിയ ‘ഓസ്‌കാർ’

സെയ്തലവി വിളയൂർ

2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

ഒമ്പതാം ക്ലാസ്സിൽ അറബിയെടുത്തിരുന്നത് ഷഹർബാൻ ടീച്ചറായിരുന്നു. ടീച്ചറുടെ നാടോ മറ്റു കാര്യങ്ങളോ ഒന്നും വ്യക്തമായി ഓർമച്ചിത്രത്തിൽ പതിഞ്ഞിട്ടില്ല. ടീച്ചർക്ക് ഇപ്പോൾ എന്നെ ഒട്ടും തിരിച്ചറിയാനാവില്ലെന്നതും യാഥാർഥ്യം.

ക്ലാസ്സിൽ അന്തർമുഖനായി അവസാന ബെഞ്ചിൽ മുഖംകാണിക്കാതെ ഇരുന്നിരുന്ന ഒരു വിദ്യാർഥിയെ ഒരു അധ്യാപകനും അത്ര പെട്ടെന്ന് ഓർത്തെടുക്കാനാവില്ലല്ലോ; അതും പഠനമെന്ന പ്രകിയയിൽ നേരിട്ട് ഒരു തവണ പോലും ഇടപെടാത്ത ഒരു വിദ്യാർഥി. നിശ്ശബ്ദതയുടെ ആഴക്കയങ്ങളിൽ മാത്രം വർഷം മുഴുവൻ കഴിഞ്ഞുകൂടിയ ഒരാൾ. ഫുട്ബാൾ ഗ്രൗണ്ടിൽ പന്തുമായി കുതിക്കുമ്പോൾ മാത്രം മറ്റുള്ളവർ തിരിച്ചറിയുന്ന എന്റെ സക്രിയത ടീച്ചർ ഒരിക്കലും അറിഞ്ഞിരുന്നില്ല.

ഏതായാലും എന്നിൽ ആ അന്തർമുഖത്വത്തിനപ്പുറത്ത് ബുദ്ധിയും വിവേകവും ക്രിയാത്മകതയുമുള്ള, അതിലപ്പുറം തലച്ചോറുള്ള ഒരാൾ ഉണ്ടെന്ന് ടീച്ചർ ഒരിക്കൽ തിരിച്ചറിഞ്ഞ ദിവസം എനിക്ക് മറക്കാനാവാത്തതാണെങ്കിലും ടീച്ചറുടെ ഓർമകളുടെ ഉള്ളറകളിൽനിന്ന് അതിന്റെ ഫോസിലുകൾ പോലും നഷ്ടമായിരിക്കും. ടീച്ചറുടെ അറബിക് സബ്ജക്ടിൽ അരക്കൊല്ല പരീക്ഷയിൽ അമ്പതിൽ അമ്പത് മാർക്ക് നേടിയതു കണ്ട് ടീച്ചർ ഞെട്ടിപ്പോയി. പിൻബെഞ്ചിലിരുന്ന എന്നെ വിളിച്ചു മേശയുടെ അരികിൽ കൊണ്ടു നിറുത്തി എന്റെ മാർക്ക് മറ്റു വിദ്യാർഥികളെ വായിച്ചു കേൾപിച്ചപ്പോൾ ഞെട്ടലിനപ്പുറം അവരിൽ നിന്ന് സംശയത്തിന്റെ കൂർത്തുമൂർത്ത നോട്ടങ്ങളാണ് എന്നിലേക്ക് പാഞ്ഞുവന്നത്. ടീച്ചറുടെ കണ്ണിലും ഞാനത് ദർശിക്കാതിരുന്നില്ല. ഞാൻ വല്ലാതെയായി. ഉടുമുണ്ടഴിഞ്ഞ പ്രതീതി. ഒരാളിലേക്കു പോലും നേരെചൊവ്വേ കണ്ണുകളയക്കാൻ സാധിക്കാതിരുന്ന എന്നിലേക്കാണ് എൺപതിലധികം കണ്ണുകൾ ഒരുമിച്ചു നീണ്ടുവരുന്നത്. ‘ടീച്ചറേ, ആ ചോദ്യങ്ങളൊക്കെ ഒന്ന് ചോദിക്കണം. എന്നാലറിയാം യാഥാർഥ്യം.’ അപ്രതീക്ഷിതമായി ക്ലാസ്സിലെ പഠിപ്പിസ്റ്റായ പെൺകുട്ടി എഴുന്നേറ്റു നിന്ന് അവളുടെ കുനുഷ്ടിന്റെ കെട്ടഴിച്ചു. ടീച്ചർ അപ്പോൾ എന്നിലേക്ക് അയച്ച ആ നിസ്സഹായതയുടെ നോട്ടം എന്റെ കണ്ണിൽ ഇപ്പോഴും ഞാൻ ഫ്രൈം ചെയ്തുവെച്ചിട്ടുണ്ട്. എന്നോടുള്ള കൃപകൊണ്ടാണ് ടീച്ചർ അന്നേരം അവളുടെ പക്ഷം പിടിക്കാതെ എന്നെ ദയയോടെ നോക്കുക മാത്രം ചെയ്തത്. അതിന് പ്രത്യുപകാരമെന്നോണം ടീച്ചറെയും എന്നെത്തന്നെയും സഹായിക്കാൻ ഞാൻ ഉള്ളിൽ നിന്നൊരു ഊർജം സംഭരിച്ചു പറഞ്ഞു: ‘ടീച്ചർ ചോദിച്ചോളൂ.’ പഠിപ്പിസ്റ്റ് സുന്ദരിക്ക് അത് മുഖത്തേറ്റ കനത്ത പ്രഹരമായി. എങ്കിലും ടീച്ചർക്കും ഭൂരിഭാഗം കുട്ടികൾക്കും അത് നൽകിയ സന്തോഷം വലുതായിരുന്നു. ടീച്ചറുടെ മുഖത്ത് അന്നേരം വിരിഞ്ഞ ആശ്വാസത്തിന്റെ മുല്ലപ്പൂക്കൾക്ക് ചന്തമേറെയായിരുന്നു.

ഞാൻ ഉത്തരം പറയാതിരിക്കുമോ എന്ന ഭീതിയോടെയാണ് ഓരോ ചോദ്യവും ടീച്ചർ എന്നോട് ചോദിച്ചത്. പക്ഷേ, വർദ്ധിതമായ ആവേശത്തോടെ ഞാൻ ഓരോന്നിനും മണിമണിയായി ഉത്തരം പറഞ്ഞപ്പോൾ ക്ലാസ്സിൽ കൈയടിയുടെ മാലപ്പടക്കമായിരുന്നു. ടീച്ചർ അന്നേരം എന്നെ ചേർത്തുപിടിച്ചു. മാതൃസ്‌നേഹം നിറഞ്ഞ ആ ചേർത്തുപിടിക്കലിൽ അഭിമാനം കൊണ്ടും കുളിരുകൊണ്ടും ഞാൻ പുളഞ്ഞു പോയി. ടീച്ചർ അന്തിമ പ്രഖ്യാപനം നടത്തി: ‘സെയ്തലവി മിടുക്കരിൽ മിടുക്കനാണ്. ആരെയും നമ്മൾ ചെറുതായി കാണരുത്. എന്റെ അധ്യാപന ജീവിതത്തിലെതന്നെ ആദ്യത്തെതും ഏറ്റവും അത്ഭുതകരവുമാണ് ഈ സംഭവം. പിന്നാക്കക്കാരിൽ പിന്നാക്കമെന്ന് കരുതിയ ഒരാളാണ് നമ്മെ അതിശയിപ്പിച്ചു കളഞ്ഞത്. നമ്മുടെ ക്ലാസ്സിന്റെ അഭിമാനമാണ് സെയ്തലവി.’’ ടീച്ചർ പറഞ്ഞു നിർത്തിയപ്പോൾ ഒരു ഓസ്‌കാർ അവാർഡ് കരസ്ഥമാക്കിയ പ്രതീതിയായിരുന്നു എനിക്ക്...

ഇപ്പോഴും ആ സംഭവത്തെ കുറിച്ചുള്ള ഓർമ ടീച്ചറുടെ ഈ ശിഷ്യന്റെ മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ടെങ്കിൽ; ടീച്ചർ അന്ന് ചെയ്ത ആ നന്മ, പ്രോത്സാഹനം ഏറെ വലുത് തന്നെയായിരുന്നു.