നോമ്പോർമകളിലെ കണ്ണീർ മഴ

തെസ്‌ന വീരാൻ

2024 മാർച്ച് 30, 1445 റമദാൻ 20

എന്റെ ആറാം ക്ലാസ്സിലെ നോമ്പുകാലത്തെ അവസാന നാളുകൾ. നോമ്പിന്റെ ക്ഷീണത്തിനു പുറമെ കിലോമീറ്ററുകളോളം പുറത്തെ ഭാരവും പേറിയാണ് സ്‌കൂൾ വിട്ടുവരുന്നത്. വഴിയിൽ വെച്ച് പെട്ടെന്നൊരു വയറുവേദന. കണ്ണുകളിൽ ഇരുട്ടുമൂടി. നിവരാൻ കഴിയാതെയായി. വന്ന ദൂരം ഇനിയും മുന്നിൽ. കുറച്ചപ്പുറത്തെ പള്ളിയിൽ കയറി അസ്ർ നമസ്‌കരിച്ചിട്ടാണ് വീട്ടിലെത്താറുള്ളത്. അതുവരെ എളാപ്പയുടെ മോളെ സഹായത്തിൽ എങ്ങനെയൊക്കെയോ നടന്നെത്തി.

കഴിയുംവിധം നമസ്‌കാരം പൂർത്തിയാക്കി. പള്ളിയിലെ ഹൗദിൽനിന്നും വെള്ളം കുടിച്ച് നോമ്പ് മുറിക്കേണ്ടിവന്നു. ഇനിയും നടക്കണം വീട്ടിലെത്താൻ. വീടിന്റെ ഉമ്മറംവരെ എത്തിയതേ ശരിക്ക് ഓർമയുള്ളൂ. നിലയ്ക്കാത്ത ഛർദി, നിവരാൻ കഴിയാത്ത വേദന, കണ്ണു തുറക്കാതെ ചുരുണ്ടു കൂടിക്കിടത്തം.

ഉപ്പ എന്നെയും തോളത്തു കിടത്തി റബർ തോട്ടത്തിലൂടെ ഓടുന്നതാണ് ഇടയിലെ ബോധത്തിൽ ഞാൻ അറിഞ്ഞത്. അപ്പോൾ മഗ്‌രിബ് ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. പാവം വെയിലത്ത് പണി കഴിഞ്ഞെത്തിയ ക്ഷീണം പോലും മറന്നിരിക്കുന്നു.

തൊട്ടടുത്ത ക്ലിനിക്ക്... വേദന കുറയാനുള്ള ഇഞ്ചക്ഷൻ... ഒടുക്കം അന്നുവരെ പോയിട്ടില്ലാത്ത വലിയൊരു ഹോസ്പിറ്റൽ...ടെസ്റ്റുകൾക്കൊടുവിൽ അപ്പെന്റിസൈറ്റിസ് ആണെന്ന് ഉറപ്പിച്ചു. ചെറുപ്രായമായതുകൊണ്ട് സർജറി ചെയ്യാതെതന്നെ രോഗം മാറ്റിയെടുക്കാം എന്ന് ഡോക്ടർ നിർദേശിച്ചു.

വൈകുന്നേരം ഏതാണ്ട് നാലര മണിക്ക് തുടങ്ങിയതാണ് പൊല്ലാപ്പ്. ഇപ്പോൾ രാത്രി എട്ടു മണിയോടടുത്തിരിക്കുന്നു. ഉമ്മയും ഉപ്പയും സ്‌കൂളിലെ ഒരു മാഷും കൂടെയുണ്ട്. വീട്ടിൽനിന്നും സ്വന്തം കാറുമായി ഞങ്ങളുടെ കൂടെ ഇറങ്ങിയതാണ് മാഷ്. നോമ്പുകാരായ ഉമ്മയും ഉപ്പയും ആ സമയംവരെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. കുറെ ട്യൂബുകളിലും വേറെന്തൊക്കെയോ സംഭവങ്ങളിലും ഞാൻ തളയ്ക്കപ്പെട്ടിരിക്കുന്നു.

യാതൊരു ദാക്ഷിണ്യവുമില്ലാത്ത വേദന എന്നെ പാടെ തളർത്തി. നാലു ദിവസം പച്ചവെള്ളം പോലും നിഷിദ്ധം എന്ന് മറ്റൊരു വിധി. അപ്പോഴേക്കും ഉമ്മയുടെയും ഉപ്പയുടെയും നോമ്പും ഉറക്കനഷ്ടവും രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇതൊന്നും അറിയാതെ ഞാനും. ഇടയ്ക്ക് കണ്ണു തുറക്കുമ്പോൾ മൂക്കിലെ ട്യൂബിലൂടെ എന്തൊക്കെയോ കാൽച്ചുവട്ടിലെ ബാഗിൽ വന്നു വീഴുന്നുണ്ടായിരുന്നു.

പിറ്റേന്ന് മൂത്തമ്മയുടെ മക്കൾ കൊണ്ടുവന്ന അത്താഴം ബാങ്കു കൊടുക്കുന്നതിനു മുമ്പ് അകത്താക്കുന്നതിനെക്കാൾ അവർക്ക് തിടുക്കം ഞാൻ ഉണരും മുമ്പ് കഴിച്ചുതീർക്കണം എന്നതിലായിരുന്നു. വെറും ഗ്ലൂക്കോസ് വെള്ളത്തിൽ നിലനിൽക്കുന്ന എന്റെ മുന്നിൽ വയറു നിറയ്ക്കാനുള്ള മനസ്സില്ലാത്തതുതന്നെ കാരണം.

പൈസ സംഘടിപ്പിക്കാൻ നാട്ടിൽ പോയതായിരുന്നു ഉപ്പ. പാവം എന്റെ ഉമ്മ! അറിയാതെ എന്റെ കാൽച്ചുവട്ടിലിരുന്ന് ഉറങ്ങിപ്പോയി. മയക്കത്തിൽ അറിയാതെ എന്റെ കയ്യിലെ ഗ്ലുക്കോസ് ഡ്രിപ്പ് വേറിട്ടു പോയി. എന്റെ ശരീരത്തിലും ബെഡിലും നിറയെ രക്തം. ശരീരത്തിലെ ആകെയുള്ള ഇത്തിരി ചോരയിൽനിന്നും പകുതിയും വാർന്നുപോയിരിക്കുന്നു. ക്ഷീണത്തിലുള്ള ഉറക്കത്തിൽ ഒന്നും അറിയാതെ ഉമ്മയും...

പടച്ചോന്റെ കൃപകൊണ്ട് പെട്ടെന്ന് ഉണർന്ന ഉമ്മ രംഗം കണ്ട് അറലിവിളിച്ചു: ‘പടച്ചോനേ, ന്റെ കുട്ടി...’ ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ഓടി വന്ന നേഴ്‌സുമാർക്കു മുന്നിൽ കൈ കൂപ്പിക്കരയുന്ന ഉമ്മയെ പാതിതുറന്ന കണ്ണുകളാൽ ഞാൻ കണ്ടു. നിങ്ങളോട് ഉറങ്ങരുതെന്ന് പറഞ്ഞതല്ലേ എന്നു നേഴ്‌സ് ശകാരിക്കുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു. കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിൽ രക്തം വാർന്ന് മരിച്ചേനെ എന്നും പറഞ്ഞ് അവർ തിരിഞ്ഞു നടന്നു.

നോമ്പെടുത്തുകൊണ്ട്, ഒരുപോള കണ്ണടയ്ക്കാതെ എന്റെ ഉമ്മയും ഉപ്പയും എനിക്ക് കൂട്ടിരുന്നു. ഡിസ്ചാർജ് ചെയ്ത് നാലാം നിലയിൽനിന്നും ഇറങ്ങി വരുമ്പോൾ ആശുപത്രിയുടെ ഗ്ലാസിലൂടെ ഞാൻ എന്നെക്കണ്ടു. കുഴിഞ്ഞ കണ്ണുകളും ചീർത്ത ചുണ്ടും വരണ്ട തൊലിയും...

പെരുന്നാൾ ദിനത്തിൽ ആരോഗ്യമാകെ തകർന്ന അവസ്ഥയിൽ ആശുപത്രിയിൽനിന്നും തിരിച്ചുപോന്നത് നേരെ തറവാട്ടിലേക്കായിരുന്നു. എന്നെ ഞാൻ കണ്ട് ഞെട്ടിയതിലേറെ ഞെട്ടലോടെ എന്നെ കെട്ടിപ്പിടിച്ച് എന്റെ ഉമ്മമ്മ ഒരുപാട് കരഞ്ഞപ്പോഴാണ് സംഭവിച്ചതൊക്കെയും സ്വപ്നമല്ലെന്ന് ഉറപ്പിച്ചത്.