പഠനമുറികൾ
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
2024 ജനുവരി 13, 1445 റജബ് 01

ഏതോ ഒരു അറിവുള്ളയാൾ അദ്ദേഹത്തിന്റെ ചിന്തയിൽ രൂപപ്പെട്ട അറിവിന്റെ ശകലങ്ങൾ തുന്നിച്ചേർത്ത് എഴുതിത്തയ്യാറാക്കിയ പാഠപുസ്തകങ്ങൾ, വിഭിന്നങ്ങളായ സാഹചര്യങ്ങളിൽ പല ചിന്തകളും വിചാരവികാരങ്ങളും പ്രതീക്ഷകളും താലോലിച്ച്, നിശ്ശബ്ദരായി ക്ലാസ്സിലിരിക്കുന്ന വിദ്യാർഥികൾ, കുടുംബഭാരവും ഉത്തരവാദിത്തങ്ങളും അതിനിടയിൽ പഠിപ്പിച്ചുതീർക്കാനുള്ള ബദ്ധപ്പാടുമെല്ലാമായി ക്ലാസ്സുകളിൽനിന്നും ക്ലാസ്സുകളിലേക്ക് കയറിയിറങ്ങുന്ന അധ്യാപകരും!
ഇന്നത്തെ വിദ്യാലയങ്ങളിലും എല്ലാ മേഖലകളിലും ഘട്ടങ്ങളിലും കണ്ടുവരുന്ന പൊതു അവസ്ഥ ഏറെക്കുറെ ഇതാണ്. ഇവിടെ വിദ്യാർഥിയും ഗുരുവും ജീവിക്കുന്ന സാഹചര്യങ്ങൾ ചർച്ചയാവുന്നില്ല. ഗുരുവിന്റെ ജീവിതാനുഭവങ്ങൾ സംവേദനവിധേയമാകുന്നില്ല. കുട്ടിയുടെ വികാരവിചാരങ്ങളിൽ സ്പർശനമെത്തുന്നില്ല. ഫലപ്രദമായ മാതൃകകൾ ലഭിക്കുന്നില്ല. ചുരുക്കത്തിൽ, കുട്ടികൾക്ക് മാർക്കുനേടി തുടർന്ന് പഠിക്കാനും അധ്യാപകർക്ക് ജീവിക്കാനുള്ള ഒരേർപ്പാടും മാത്രമായി മാറുകയാണ് വിദ്യാലയങ്ങൾ പൊതുവെ. വളരുന്ന തലമുറയുടെ ഏറ്റവും വലിയ ദുരന്തവും സമൂഹം അനുഭവിക്കുന്ന കെടുതികളുടെ കാരണവും ഇതുതന്നെയാണ്.
ഈയൊരു മൂല്യശോഷണാവസ്ഥ തന്നെയാണ് മതവിദ്യാഭ്യാസ രംഗത്തും ഏറെക്കുറെ കാണുന്നത്. വിദ്യാലയ നിയമങ്ങൾ, ക്ലാസ്സ്മുറിയുടെ ഔപചാരികതകൾ, പാഠപുസ്തകങ്ങളുടെ അതിരുകൾ എന്നിവയിൽ തളച്ചിടപ്പെടുന്ന കുട്ടികൾ. യുവാക്കൾ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ അറിയാതെ പോകുന്നുണ്ടോ എന്നത് നാം പരിശോധനക്ക് വിധേയമാക്കണം. വിജ്ഞാനം പരീക്ഷയെഴുതി ജയിക്കാനുള്ള തുരുത്തും, സംസ്‌കാരം സാഹചര്യങ്ങളിൽനിന്ന് കിട്ടുന്ന അനുഭവങ്ങളുമായി പരിണമിച്ചിരിക്കുന്നു ഇന്ന്. അതിനാൽ അറിവിന്റെ ബലത്തിൽ കിട്ടുന്ന സാക്ഷ്യപത്രങ്ങളും സ്ഥാനമാനങ്ങളും മൂല്യസംരക്ഷണബന്ധിയായ ജീവിതത്തിന് ഉപകരപ്പെടാതെ പോകുന്നു. മറിച്ച് സാമൂഹ്യാന്തരീക്ഷത്തിൽനിന്ന് നേടുന്ന അനുഭവങ്ങളും സംസ്‌കാരങ്ങളും വ്യക്തിഗുണങ്ങളായി അവശേഷിക്കുകയും ചെയ്യുന്നു. അഥവാ അറിവും സംസ്‌കാരവും രണ്ടുവഴിയെ സഞ്ചരിക്കുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിൽ അറിവിന്റെ ബലത്തിലുള്ള ബിരുദധാരികളെയും സാങ്കേതികജ്ഞരെയുമാണ് വേണ്ടത്. വ്യക്തിവിശുദ്ധിയും ധർമബോധവും അവിടെ പുറന്തള്ളപ്പെടുകയാണ്. സാമൂ ഹ്യകലാപങ്ങൾ, പല രംഗത്തുമുള്ള കുറ്റകൃത്യങ്ങൾ, രാജ്യദ്രോഹപരമായ വിപത്തുകൾ തുടങ്ങി എല്ലാത്തിന്റെയും ഉറവിടം വിജ്ഞരിൽനിന്നാണെന്നത് അനുഭവയഥാർഥ്യമാണല്ലോ. എന്നാൽ മതവിജ്ഞാനത്തിന്റെ മാനം മറ്റൊന്നാണ്. ലക്ഷണമൊത്ത മനുഷ്യരെയാണ് അതിൽ ലക്ഷ്യമിടുന്നത്. ബിരൂദത്തെക്കാൾ ധർമത്തിനാണവിടെ പരിഗണന. എന്നാൽ മതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസത്തെപോലെ കേവലം സർട്ടിഫിക്കറ്റുകളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ കാരണം നാം കണ്ടെത്തണം. അനേകം മദ്‌റസകൾ, കോളേജുകൾ, ഉപരിപഠന കേന്ദ്രങ്ങൾ എല്ലാം നമുക്ക് മതവിദ്യാഭ്യാസത്തിന് മാത്രമായിട്ടുണ്ട് എന്നത് എത്ര അനുഗ്രഹമാണ്! അവസരം ഉപയോഗപ്പെടുത്തുക എന്നതാണ് പരിഹാരം.
പഴയ ഗുരുകുല വിദ്യാഭ്യാസം ‘യഥാ ഗുരു, തഥാ ശിഷ്യ’ എന്ന പ്രമാണത്തിലധിഷ്ഠിതമായിരുന്നു. ഗുരു ശിഷ്യന്റെ മാതൃകയായിരുന്നു അന്ന്. ഒരു തലമുറക്ക് പൈതൃകമായി ലഭിച്ച അനുഭവങ്ങൾ പകുത്ത് കൊടുക്കുക എന്നതായിരുന്നു അന്നത്തെ രീതി. അതായിരിക്കണം വിദ്യാലയപ്രവർത്തനത്തിന്റെ കാതലായ സേവനം. അതിനു പറ്റുന്ന ശിക്ഷണവും ശേഷിയും നേടിയവരാകണം ഗുരുനാഥർ.
പാഠ്യപദ്ധതിയുടെ വരികൾക്കിടയിൽ വായിക്കപ്പെടുന്ന നല്ല ജീവിതാനുഭവങ്ങളെ കുട്ടികളുടെ കൺമുമ്പിൽ കാണുന്ന യാഥാർഥ്യങ്ങളുമായി താരതമ്യം ചെയ്യാനുള്ള അവസരം ഓരോ പഠനാവസരത്തിലും ഗുരു നാഥൻ പ്രയാജനപ്പെടുത്തണം. അക്ഷരങ്ങളിൽനിന്ന് കിട്ടാത്ത അറിവും ബോധവും സഹവർത്തനങ്ങളിൽ കൂടി കുട്ടിക്ക് കിട്ടണം. എങ്കിൽ മാത്രമെ മതവിദ്യാഭ്യാസ രംഗത്ത് നാം മുടക്കുന്ന മൂലധനത്തിന് അനുസരിച്ചുള്ള പ്രയോജനം സമൂഹത്തിന് ലഭിക്കുകയുള്ളൂ.

