ഔചിത്യബോധം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

2024 ഫെബ്രുവരി 03, 1445 റജബ് 22

സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറെ അത്യാവശ്യമായി വേണ്ട ഒരു സ്വഭാവമാണ് ഔചിത്യബോധം. അറിവുകൊണ്ടോ ആത്മാർഥതയുള്ളതുകൊണ്ടോ ലഭ്യമാകുന്ന ഒന്നല്ല അത്. ചെയ്യുന്ന ജോലിയെപ്പറ്റിയും നിൽക്കുന്ന സ്ഥാനത്തെപ്പറ്റിയും ജീവിക്കുന്ന പരിസരത്തെപ്പറ്റിയുമുള്ള തിരിച്ചറിവാണ് അതിന്നാവശ്യമായത്. ദഅ്‌വാരംഗത്ത് പ്രത്യേകമായും ഇത് ഏറെ അനിവാര്യമാണ്. കാരണം, പലവിധ ധാരണകളും വിശ്വാസങ്ങളും വിചാരങ്ങളും വികാരങ്ങളുമുള്ള മനുഷ്യരെ നേരിന്റെ വഴിയിലേക്ക് വരുത്താനുള്ളതാണ് ദഅ്‌വത്ത്. സന്ദർഭങ്ങളും സാഹചര്യങ്ങളും പരിഗണിക്കേണ്ടത് ഈ രംഗത്ത് അത്യാവശ്യമാണ്.

ഇസ്‌ലാമിക സംസ്‌കാരത്തിൽ ഔചിത്യബോധത്തിന് വലിയ പരിഗണന കൊടുത്തതായി കാണാം. സ്വഹാബികൾക്കിടയിലെ മുതിർന്ന കാരണവരും മഹാപണ്ഡിതനുമായിരുന്ന മുആദുബ്‌നു ജബലി(റ) നെ ബനൂസലമക്കാരുടെ മസ്ജിദിലേക്ക് നമസ്‌കാരത്തിന് ഇമാമായി നബിﷺ നിയോഗിച്ചു. നബിﷺ യോടൊപ്പം നമസ്‌കരിച്ചു ശീലിച്ച മുആദ്(റ) നബിﷺ ചെയ്യാറുള്ളതുപോലെ, അൽബക്വറ പോലുള്ള ദീർഘമായ അധ്യായങ്ങൾ ഓതിക്കൊണ്ട് നമസ്‌കരിച്ചപ്പോൾ അങ്ങനെ ശീലമില്ലാത്ത, കർഷകരും മറ്റുമായ ജനങ്ങൾക്ക് അത് പ്രയാസമായി. അവരുടെ കൂട്ടത്തിലൊരാൾ നമസ്‌കാരത്തിൽ ഇമാമിൽനിന്ന് വേറിട്ട് നമസ്‌കരിച്ചു പൂർത്തിയാക്കി. ഈ വിഷയം മുആദ്(റ) അറിഞ്ഞപ്പോൾ, അദ്ദേഹം അയാളെ തെറ്റിദ്ധരിച്ച് കപടവിശ്വാസിയാണെന്നുവരെ പറഞ്ഞുപോയി. ഒരു ജമാഅത്ത് നടക്കുമ്പോൾ വിശ്വാസികൾ അതിൽ ചേരാതിരിക്കുകയില്ലല്ലോ എന്നാണ് മുആദ് (റ) കരുതിയത്. ഇതറിഞ്ഞപ്പോൾ ആ വേറിട്ടു നമസ്‌കരിച്ച വ്യക്തി നബിﷺയുടെ അടുത്തുചെന്ന് പരാതി പറഞ്ഞു. കൃഷിയിലേക്ക് വെള്ളം കോരി നനച്ചു കഠിനാധ്വാനം ചെയ്യുന്ന ഞങ്ങൾക്ക് ഇത്ര ദൈർഘ്യമുള്ള നമസ്‌കാരം പ്രയാസമാണെന്ന് അയാൾ നബിﷺയെ അറിയിച്ചു. നബിﷺ ഉടൻ മുആദി(റ)നെ വിളിച്ച് ഗൗരവ സ്വരത്തിൽ ആക്ഷേപിച്ചു. ‘ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്’ എന്ന് ഉപദേശിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ചെറിയ സൂറത്തുകളേ ഓതാവൂ എന്നുകൂടി പഠിപ്പിച്ചുകൊടുത്ത്. എന്നിട്ട് അവിടുന്നു പറഞ്ഞു: “താങ്കളുടെ പിന്നിൽ വൃദ്ധന്മാരും ദുർബലരും അത്യാവശ്യക്കാരും യാത്രക്കാരുമെല്ലാം ഉണ്ടാകുമല്ലോ’’ (അബൂദാവൂദ്).

നമസ്‌കാരത്തിൽ ദീർഘമായ സൂറത്തുകൾ ഓതവേ സ്ത്രീകളോടൊപ്പം ജമാഅത്തിന്റെ സമയത്ത് പള്ളിയിലെത്തിയ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ ഞാൻ പാരായണം ചുരുക്കുമായിരുന്നുവെന്ന് നബിﷺ തന്നെ പറഞ്ഞ സംഭവം ബുഖാരി റിപ്പോർട്ടു ചെയ്തത് കാണാം. ആരാധനാ കർമങ്ങളിലും ഔചിത്യബോധം പ്രധാനമാണെന്നു സാരം. പറയുന്ന വിഷയങ്ങളുടെ പ്രസക്തി, രീതി, ശ്രോതാക്കളുടെ മാനസികാവസ്ഥ, സന്ദർഭോചിതം, ജനങ്ങളിലെത്തിക്കേണ്ട വിഷയങ്ങളുടെ മുൻഗണനാക്രമം, ദൈർഘ്യം... എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ നാം ശ്രദ്ധിക്കണം. തിരക്കുപിടിച്ച പട്ടണങ്ങളിലെ പള്ളികളിൽ ഖുത്വുബ നിർവഹിക്കുമ്പോൾ അവതരിപ്പിക്കുന്ന വിഷയത്തോളം പ്രധാനമാണ് സമയം. യാത്രക്കാരും അത്യാവശ്യക്കാരും അക്കൂട്ടത്തിലുണ്ടാകുമെന്ന് മേൽഹദീസിൽ സൂചിപ്പിച്ചത് അതാണ്.

സോഷ്യൽ മീഡിയയുടെ സ്വാധീനം വർധിച്ച ഇക്കാലത്ത് നമ്മുടെ ശ്രോതാക്കൾ മുന്നിൽ കാണുന്നവർ മാത്രമല്ലല്ലോ. നമ്മുടെ വാക്കുകളും പ്രവൃത്തികളും ഓരോ ചലനവും കാലങ്ങളോളം അവശേഷിക്കുമെന്നോർക്കണം. പണ്ട് നാം ഒരബദ്ധം പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ദിവസങ്ങൾകൊണ്ട് അവയെല്ലാം വിസ്മരിക്കപ്പെടുമായിരുന്നു. ഇന്ന് അതല്ല സ്ഥിതി, നാം ചെയ്യുന്ന നന്മകൾപോലെ അബദ്ധങ്ങളും തലമുറകൾ കൈമാറിക്കൊണ്ടിരിക്കുമെന്ന് ഓർക്കുക.

ഒരു ഭാഗത്ത് വർഗീയ ഫാഷിസം, ധാർമിക മതമൂല്യങ്ങളെ തമസ്‌കരിക്കാനുള്ള ബോധപൂർ വമായ ശ്രമങ്ങൾ, ഒരേ സമുദായത്തിൽതന്നെയുള്ള അഭിപ്രായാന്തരങ്ങൾ... ഇവയൊക്കെ പരസ്പരം കൊമ്പുകോർക്കുന്നതാണ് നാം കാണുന്നത്. അപരന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ തക്കം നോക്കിയിരിക്കുന്ന കണ്ണുക ളും ക്യാമറകളും വർധിച്ചുകൊണ്ടിരിക്കുന്നു. എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന റബ്ബ് മുകളിലുമുണ്ട്. ഇതെല്ലാം ഓർത്തുകൊണ്ട് വേണം സാമൂഹ്യരംഗത്ത് ഇടപെടാൻ. അല്ലാഹു സഹായിക്കട്ടെ,.