ആത്മീയ ചൂഷണം കടന്നുവന്ന വഴികൾ

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

കേരളക്കരയിലേക്ക് ഇസ്‌ലാം മതം കടന്നുവരുന്നത് സ്വാഭാവികമായ ഒരു സാഹചര്യത്തിന്റെ ഫലമാണ്. അറബ് മുസ്‌ലിം വ്യാപാരികൾ ഈ നാട്ടിലെ ജനങ്ങളുമായി ഇടപഴകിയപ്പോൾ അവരിൽനിന്ന് സമത്വബോധവും സൽവിചാരവും നേരിൽ കണ്ട ഇന്നാട്ടുകാർ നൂറ്റാണ്ടുകളായി തങ്ങളനുഭവിക്കുന്ന ഉച്ഛനീചത്വങ്ങളിൽ നിന്നുള്ള മോചനം ഈ വ്യാപാരികളുടെ മതത്തിലുണ്ട് എന്ന് നേരിൽ അനുഭവച്ചറിഞ്ഞതു കൊണ്ടാണ് ഇസ്‌ലാം സ്വീകരിച്ചത്. മേൽജാതി, കീഴ്ജാതി, ഐത്തം തുടങ്ങി ഒട്ടനവധി അനാചാരങ്ങളം അന്ധവിശ്വാസങ്ങളും കൊണ്ട് പൊറുതിമുട്ടിയ സമൂഹം ഇസ്‌ലാമിന്റെ വിശ്വാസം, സ്വഭാവം, ആചാര മഹിമ മുതലായവ നേരിട്ടറിഞ്ഞപ്പോൾ അതിൽ ആകൃഷ്ടരായി എന്നു മാത്രം. ഈ ഇസ്‌ലാമികത്തനിമ നിലനിർത്തിയ ഒരു സമൂഹമായിരുന്നു തുടക്കം മുതൽ ഇന്നാട്ടിലെ മുസ്‌ലിംകൾ. കേരളത്തിൽ ഏതു രംഗങ്ങളിലും പ്രബലതയും സാന്നിധ്യവും അംഗീകാരവുമുള്ള ജനതായായിരുന്നു അവർ. ആ പ്രതാപം തുടർന്നുപോന്നു.

എന്നാൽ പിൽക്കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്വൂഫി ചിന്താഗതി മുസ്‌ലിംകളെ സ്വാധീനച്ചതാണ് അവരുടെ പിന്നാക്കാവസ്ഥക്കും അവരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുകൂടുന്നതിനും കാരണമായത്. ലോകാടിസ്ഥാനത്തിൽ തന്നെ ഇസ്‌ലാമിക സമൂഹത്തെ അഹ്‌ലുസ്സുന്നയുടെ സ്വച്ഛമായ മാർഗത്തിൽ നിന്ന് വ്യതിചലിപ്പിച്ച ശീഈ സ്വാധീനം സ്വൂഫികളിൽ കൂടി കേരളത്തിൽ പ്രചരിച്ചു.

ബോംബെയിലെ പഠാണി വംശജരായ അഹ്‌മദ്ഷാ വലിയുല്ല എന്ന ശീഈ സ്വൂഫി കേരളത്തിൽ വന്ന് ദർഗകളും മതത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ആചാരങ്ങളും ത്വരീഖക്വത്തുകളും പ്രചരിപ്പിച്ചു തുടങ്ങിയപ്പോൾ പുതിയതായി ഇസ്‌ലാമിലേക്ക് വന്നവർ ഇതാണ് മതം എന്ന് തെറ്റിദ്ധരിച്ചു. അവർക്ക് ക്വുർആൻ പഠിക്കുകയോ ശരീഅത്തിന്റെ യഥാർഥ മുഖം ഗ്രഹിക്കുകയോ ചെയ്യാൻ അവസരം ലഭിച്ചില്ല. മറിച്ച് ഒരുതരം വഴിവിട്ട ആത്മീയ ജ്വരത്തിൽ അവർ ലയിച്ചു. ഖാൻഖാഹുകളും ആടിത്തിമർക്കുന്ന ദിക്‌റ് ഹൽക്വകളും ശവകുടീരങ്ങളും സിദ്ധന്മാരും വ്യാജ ചികിത്സകളും മാല മൗലീദുകളും നേർച്ച ഉത്സവങ്ങളും തുടങ്ങി മുസ്‌ലിം സാമാന്യ ജനങ്ങളിൽ മതവിരുദ്ധ ആത്മീയത പ്രചരിപ്പിച്ചു. അവർ അജ്ഞതയുടെ ആഴത്തിലേക്ക് കൂപ്പുകുത്തി.

‘കുണ്ടോട്ടി കൈക്കാർ’ എന്ന പേരിൽ അറിയപ്പെട്ട അഹ്‌മദ്ഷായുടെ കക്ഷികൾ ഉത്തരേന്ത്യയിലെ ബറേൽവിസത്തിന്റെ പ്രചാരകരായിരുന്നു. ഈ ത്വരീക്വത്തിന്റെ ശൈഖുമാർ ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധികളാണെന്നും അവർ മുഖേനയല്ലാതെ സ്വർഗപ്രവേശം സാധ്യമല്ലെന്നും അവർ വിശ്വസിച്ചു. ജീലാനി, നഖ്ശബന്തി, നൂരിയ്യ തുടങ്ങി ഒട്ടേറെ ത്വരീക്വത്തുകൾ ഇവർ മുഖേന നിലവിൽ വന്നു. ഈ അന്ധവിശ്വാസങ്ങളുടെ തുടർച്ചയും വളർച്ചയും പിന്നീട് ക്രമപ്രവൃദ്ധമായി പുതിയ വേഷത്തിലും പേരിലും ഭാവാതികളിലും ഇന്നും നിലനിൽക്കുന്നുണ്ട്.

ഈ ത്വരീക്വത്തുകളും സിദ്ധശൈഖുമാരും പിന്നീട് സ്ഥാപനങ്ങളും സംഘടനകളുമായി വേർപിരിഞ്ഞ് ശക്തിനേടി. ശവകുടീരവ്യവസായങ്ങൾക്ക് പുതിയ പകിട്ടുകൾ നൽകി. വ്യാജസിദ്ധന്മാർ ദിക്‌റ് ചൊല്ലി, മാലപ്പാട്ടും പാടി വീടുവീടാന്തരം കയറിയിറങ്ങി ആത്മീയതയുടെ പേരിൽ ഏലസ്സും ഊത്തും നൂലും വിറ്റ് പണം പിരിച്ച് നടന്നു. ആ വ്യവസായത്തിന് പുതിയ മുഖം നൽകിക്കൊണ്ട് ചൂഷണം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഈ അന്ധവിശ്വാസ പ്രചാരണങ്ങളുടെ പുതിയ മുഖങ്ങളെയാണ് നവോത്ഥാനം എന്ന് അവർ അവകാശപ്പെടുന്നത്.