ചിന്തനീയമായ മൊഴിമുത്തുകൾ

പി.എൻ അബ്ദുല്ലത്വീഫ് മദനി

2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

ഇഹലോക ജീവിതം സുഖ-ദുഃഖ സമ്മിശ്രമാണ്. അല്ലാഹുവിന്റെ ഹിതമനുസരിച്ചുള്ള കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനുള്ളതുമെല്ലാം. ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തിലും തളരാതിരിക്കാനും എത്ര വലിയ സന്തോഷവേളയിലും അമിതമായി ആഹ്‌ളാദിക്കാതിരിക്കാനും നമുക്ക് കഴിയണം. സന്താപ വേളയിൽ ക്ഷമിക്കാനും സന്തോഷവേളയിൽ സ്രഷ്ടാവിനോട് നന്ദി കാണിക്കാനും വിശ്വാസികൾക്ക് സാധിക്കണം.

ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന, ഏറെ ചിന്താർഹമായ ചില മൊഴിമുത്തുകളാണ് താഴെ കൊടുക്കുന്നത്. ഇമാം ഇബ്‌നുൽ ക്വയ്യിമിന്റെ ഈ മനോഹരമായ വാക്കുകൾ നമ്മുടെ മനസ്സിൽനിന്നും പെട്ടെന്നൊന്നും മാഞ്ഞുപോകാൻ സാധ്യതയില്ല:

“നിന്റെ വേദനകൾ പങ്കിട്ടെടുക്കുന്ന ഒരു സ്‌നേഹിതനുമില്ല. നിന്റെ പ്രയാസങ്ങൾക്ക് ചുമൽ വെച്ചുതരുന്ന ഒരാത്മസുഹൃത്തുമില്ല. നിനക്ക് പകരം ഉറക്കമിളക്കുന്ന ഒരടുപ്പക്കാരനുമില്ല. നിന്നെ നീ തന്നെ ശ്രദ്ധിക്കുക. നിനക്ക് നീ തന്നെ കാവലിരിക്കുകയും നിന്നെ നീ തന്നെ നിയന്ത്രിക്കുകയും ചെയ്യുക. ജീവിത ദുഃഖങ്ങൾക്കു പരിധിയിൽ കവിഞ്ഞ പരിഗണന കൊടുക്കരുത്. നീ തളരുമ്പോൾ ഊർജം പകർന്നു കൊടുത്തു കരുത്തു വീണ്ടെടുക്കേണ്ടത് നീ തന്നെയാണ്. നീ പരാജയപ്പെടുമ്പോൾ നിന്റെ നിശ്ചയദാർഢ്യം മാത്രമാണ് നിന്റെ തുണക്കെത്തുക. വീണുപോയേടത്തുനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള പ്രാപ്തി നിന്റെ കൈവശം തന്നെയാണുള്ളത്.

നിന്റെ വില മറ്റുള്ളവരുടെ ദൃഷ്ടികളിൽ തിരഞ്ഞുനടക്കരുത്. നിന്റെ വില നിന്റെ ഹൃദയത്തിൽ തന്നെ അന്വേഷിക്കുക. നിന്റെ മനസ്സിന് ആശ്വാസം കിട്ടുന്നുവെങ്കിൽ നിന്റെ പ്രഭാവം ഉയർന്നു തന്നെയാണ് നിൽക്കുന്നത് എന്നർഥം.

നിന്നെക്കുറിച്ചു നന്നായി നിനക്കു തന്നെ അറിയാമെങ്കിൽ മറ്റുള്ളവർ നിന്നെക്കുറിച്ചു പറയുന്നത് കാര്യമാേക്കണ്ട. ഇഹലോകത്തിലെ വിഭവസമാഹരണ ചിന്ത ചുമന്നു നടക്കരുത്. ഇഹലോകം അല്ലാഹുവിന്റെതാണ്. ആഹാരത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട; അത് നൽകുന്നവൻ അല്ലാഹുവാണ്. ഭാവിയെക്കുറിച്ചു വ്യാകുലപ്പെടേണ്ട; അത് ദൈവത്തിന്റെ കരങ്ങളിലാണ്. ‘എങ്ങനെ അല്ലാഹുവിനെ തൃപ്തിപ്പെടുത്താം’ എന്നതായിരിക്കട്ടെ നിന്റെ മനോവിചാരം. കാരണം നീ അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയാൽ നിന്നെ അവനിഷ്ടപ്പെടും. മറ്റുള്ളവർ നിന്നെ ഇഷ്ടപ്പെടാൻ അവൻ അവസരമൊരുക്കും. ഐശര്യവും സ്വയം പര്യാപ്തതയും അവനുണ്ടാക്കിത്തരും.

നിന്റെ മനസ്സിനെ കരയിച്ച ജീവിത ദുഃഖങ്ങളിൽ നിരാശപ്പെടരുത്. നീ പറയേണ്ടത് ‘അല്ലാഹുവേ, ഐഹിക ലോകത്തും പരലോകത്തും ഉത്തമമായതിനെ എനിക്ക് പകരം നൽകേണമേ’ എന്നാണ്. സങ്കടങ്ങൾ ഒരു സാഷ്ടാംഗ പ്രണാമം കൊണ്ട് അപ്രത്യക്ഷമാകും. സന്തോഷം ഒരു പ്രാർഥനകൊണ്ട് ഓടിയെത്തും. നീ ചെയ്ത ഒരു നന്മയും അല്ലാഹു മറക്കില്ല. മറ്റുള്ളവരുടെ പ്രയാസങ്ങൾ നീ പരിഹരിച്ചു കൊടുത്തത് അവൻ ഓർക്കും. കണ്ണുനീർ പൊഴിക്കുന്ന നേത്രങ്ങൾ തുടച്ചു കൊടുത്ത് അവക്ക് ആനന്ദം പകരാനുള്ള നിന്റെ യത്‌നം അവൻ വിസ്മരിക്കില്ല. ഈ പറഞ്ഞ അടിസ്ഥാനങ്ങളെ ആധാരമാക്കി ജീവിതത്തെ മുന്നോട്ടു നയിക്കുക. നിനക്ക് നന്മ ചെയ്യുന്നവരെ നിനക്കു കണ്ടെത്താനായില്ലെങ്കിലും മറ്റുള്ളവർക്ക് നീ നന്മ ചെയ്യുക; അവരുടെ സ്തുതിഗീതങ്ങൾക്ക് കാതോർക്കുവാനല്ല, നന്മ ചെയ്യുന്നവനെ അല്ലാഹു സ്‌നേഹിക്കുന്നു എന്നതാണ് കാര്യം. ഉദാരമായി ദാനധർമങ്ങൾ നിർവഹിക്കുക; നിന്റെ ചുമലിൽ കെട്ടിവെക്കപ്പെട്ട ജീവിത ഭാരങ്ങളെ അറുത്തുമാറ്റാൻ അത് നിന്നെ സഹായിക്കും. നിന്റെ ദാനങ്ങൾ കിട്ടുവന്നവരെക്കാൾ നൽകുന്ന നീ തന്നെയാണ് അതാവശ്യമുള്ളവൻ എന്നറിയുക.’’