ആത്മഹത്യ വർധിക്കുന്നതിനു പിന്നിൽ മതമോ മതനിഷേധമോ?
ആദിൽ നരിക്കുനി
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നമ്മുടെ രാജ്യം ആത്മഹത്യയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. അതിൽ യുവാക്കളാണ് ഏറെയും. 15-29 വരെ പ്രായമുള്ളവരുടെ മരണകാരണങ്ങളിൽ രണ്ടാമത്തെത് ആത്മഹത്യയാണ്. ഈ കണക്കുകൾ സാംസ്‌കാരിക ജീർണതയെയാണ് വെളിപ്പെടുത്തുന്നത്. കാലാകാലങ്ങളായി സർക്കാറുകളും ലോകാരോഗ്യ സംഘടനയും ഈ വിപത്തിനെ മറികടക്കാൻ കഠിനമായി ശ്രമിക്കുന്നുവെങ്കിലും ഫലം കാണാൻ കഴിഞ്ഞിട്ടില്ല.
ഇസ്‌ലാം മനുഷ്യനെ ആത്മഹത്യയിൽ നിന്നും തടയുന്നു. വ്യക്തിതലത്തിലും സാമൂഹിക തലത്തിലും ഒരു സംരക്ഷണ ഘടകമായി വർത്തിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയുടെ ആത്മഹത്യ നിരക്ക് 12.7ഉം അമേരിക്കയുടെത് 14.5ഉം ആണ്. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ആത്മഹത്യാനിരക്ക് വളരെ കുറവാണ്. ഖത്തർ 4.0, യു.എ.ഇ 5.2, സൗദി അറേബ്യ 3.7, ഒമാൻ 4.3, ബഹ്‌റൈൻ 3.0 എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ഇടമാണ് പ്രസ്തുത രാജ്യങ്ങൾക്കുള്ളത്.
മതത്തിന്റെ അതിരുകൾ ഭേദിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അനന്തതയിലേക്ക് പാറുന്ന പറവകളിലാണ് ആത്മഹത്യാനിരക്കിന്റെ ആധിക്യമുള്ളത്. പരിമിതമായ ജീവിതത്തിൽ പരമാവധി സ്വത്ത് സമ്പാദിക്കുക, സുഖം ആസ്വദിക്കുക എന്നതു മാത്രം ലക്ഷ്യമാക്കുന്ന മതബാഹ്യചിന്തകൾ മനുഷ്യരെ ഏതൊരു ഹീനമാർഗത്തിലും ചരിക്കാൻ മടിയില്ലാത്തവരാക്കിത്തീർക്കുന്നു.
കേരളത്തിലെ ഭൂരിഭാഗം ആത്മഹത്യകൾക്കും കാരണം ലഹരിയുപയോഗവും കുടുംബ ശൈഥില്യവുമാണ്. മദ്യ-മയക്കുമരുന്നുകളുടെ അടിമകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നു. ലോകം മുഴുവനും ഈ ദുരന്തത്തിൽനിന്ന് കരകയറാൻ കഴിയുന്നത്ര പ്രയത്‌നിക്കുമ്പോൾ ഡേവിഡ് ഹ്യൂമിനെ പോലുള്ള അനുഭവവാദികളും യുക്തിവാദികളും ആത്മഹത്യയെ മഹത്ത്വവത്കരിക്കുകയാണ് ചെയ്യുന്നത്.
ആത്മഹത്യയെ നരകത്തിലെത്തിക്കുന്ന ഗുരുതരമായ പാപമായാണ് ഇസ്‌ലാം കാണുന്നത്. ആത്മഹത്യയെ തടുക്കാനുള്ള വിജയകരമായ മാർഗം ഇസ്‌ലാം നിർദേശിക്കുന്നുമുണ്ട്.
ആത്മഹത്യയുടെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ലഹരിവസ്തുക്കളുടെ ഉപയോഗം നിഷിദ്ധമാക്കുന്നു. മറ്റൊരു കാരണം സാമ്പത്തിക ഞെരുക്കമാണ്. ഇസ്‌ലാമിലെ സകാത്ത്, സ്വദഖ പോലുള്ളവ ഇതിനുള്ള പരിഹാരമാണ്. ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊന്നാണ് ലൈംഗികരംഗത്തെ വഴിവിട്ട സഞ്ചാരം. ശാരീരികവും മാനസികവുമായ ഉപദ്രവം തടയാൻ, ഇസ്‌ലാം സ്ത്രീ-പുരുഷന്മാരുടെ വേഷവിധാനം എങ്ങനെയായിരിക്കണം എന്ന് കൽപിക്കുന്നുണ്ട്. വ്യഭിചാരം നിഷിദ്ധമാക്കുകയും അതിലേക്ക് കൊണ്ടെത്തിക്കുന്ന വഴികൾ അടക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊന്നാണ് ബന്ധങ്ങളിലെ വിള്ളലുകൾ. കുടുംബ, വൈവാഹിക, അയൽപ ക്ക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇസ്‌ലാം വിശ്വാസികളോട് കൽപിക്കുകയും അതിനെ പ്രതിഫലാർഹമായ പുണ്യകർമാക്കുകയും ചെയ്തു.
മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണെന്നും ഇവ രണ്ടും ജീവിതത്തിൽ അനുഭവിക്കേണ്ടി വരുമെന്നും ആഘാതവും ആനന്ദവുമെല്ലാം ദൈവനിശ്ചയപ്രകാരമാണെന്നും പരലോകരക്ഷയാഗ്രഹിച്ച് ക്ഷമിച്ചും സഹിച്ചും ജീവിച്ചാൽ സ്വർഗം കിട്ടുമെന്നും വിശ്വസിക്കുന്ന വ്യക്തിക്ക് എങ്ങനെയാണ് ആത്മഹത്യ ചെയ്യാൻ സാധിക്കുക? ദൈവകാരുണ്യത്തെക്കുറിച്ചുള്ള ചിന്ത ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള പ്രേരക ഘടകമാകുന്നു.

