നമ്മുടെ യജമാനൻ ധനികനാണ്!
മർസൂക് അൽഹികമി - അടിവാരം
2024 ഫെബ്രുവരി 10, 1445 റജബ് 29

എൺപതിനോടടുത്ത് പ്രായമുള്ള വയോവൃദ്ധൻ, വാർധക്യത്തിന്റെ മുഴുവൻ അവശതകളും അദ്ദേഹത്തിനുണ്ട്. തലമുടി വെളുത്ത് അപ്പൂപ്പൻതാടി പോലെയായിട്ടുണ്ട്. പ്രസവിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഭാര്യയോടൊപ്പം ഒരു കുഞ്ഞിക്കാല് കാണാനായി അദ്ദേഹം പ്രാർഥിക്കുന്നു. ഒരു കുഞ്ഞിനെ ലഭിക്കും എന്ന പ്രതീക്ഷയിൽ തന്നെ! മഹാനായ സകരിയ്യാ നബി(അ)യുടെ ചരിത്രമാണിത്!
“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ എല്ലുകൾ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കിൽ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്റെ രക്ഷിതാവേ, നിന്നോട് പ്രാർഥിച്ചിട്ട് ഞാൻ ഭാഗ്യം കെട്ടവനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്റെ ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അതിനാൽ നിന്റെ പക്കൽനിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നൽകേണമേ. എനിക്ക് അവൻ അനന്തരാവകാശിയായിരിക്കും. യഅ്ക്വൂബ് കുടുംബത്തിനും അവൻ അനന്തരാവകാശിയായിരിക്കും. എന്റെ രക്ഷിതാവേ, അവനെ നീ (ഏവർക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ’’ (ക്വുർആ ൻ 19:4-6).
നമ്മുടെ പ്രാർഥനകൾക്ക് പിന്നിൽ ഇങ്ങനെയൊരു ദൃഢപ്രതീക്ഷയുണ്ടാകാറുണ്ടോ? വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞിനെ കിട്ടാത്തതിനാൽ നിരാശപ്പെട്ടു കഴിയുന്നവർ ഏറെയുണ്ട്. പലരും ഈ വിഷയത്തിൽ ശിർക്കിന്റെ പടുകുഴിയിൽ പതിച്ച വാർത്തയും നാം കേട്ടിട്ടുണ്ട്.
വരൾച്ചകൊണ്ട് നാട്ടിൽ പൊറുതിമുട്ടി, അവസാനം മഴക്ക് വേണ്ടിയുള്ള നമസ്‌കാരം സംഘടിപ്പിക്കപ്പെടുമ്പോൾ കുടയുമായി വന്ന കുട്ടിയുടെ കഥ എവിടെയോ കേട്ടതോർക്കുന്നു. ‘മോനേ, ഈ കൊടുംചൂടിൽ നീ കുടയുമായി എന്തിനാണ് വന്നത്, മഴയൊന്നും ഇല്ലല്ലോ’ എന്ന് അൽപം പരിഹാസച്ചുവയോടെ പലരും ചോദിച്ചപ്പോൾ ‘ഞാൻ എന്റെ റബ്ബിനോട് മഴക്ക് വേണ്ടി പ്രാർഥിക്കാനാണ് വന്നത്. നമസ്‌കാരവും കഴിഞ്ഞ് റബ്ബിന്റെ അനുഗ്രഹം പെയ്തിറങ്ങുമ്പോൾ ചൂടാനാണ് ഈ കുട ഞാൻ കയ്യിൽ കരുതിയത്’ എന്ന് ആ കുട്ടി മറുപടി നൽകിയത്രെ!
‘എറിഞ്ഞു നോക്കാം, കിട്ടിയാൽ ഒരു മാങ്ങ, പോയാൽ ഒരു കല്ല്’ എന്ന വിചാരത്തിനപ്പുറത്ത്, ‘എന്നോടു ചോദിച്ചാൽ ഞാൻ ഉത്തരം തരും’ എന്ന് വാഗ്ദാനം നൽകിയ, വാഗ്ദാനങ്ങൾ പാലിക്കുന്ന സർവശക്തനായ റബ്ബിനോടാണ് ഞാൻ ചോദിക്കുന്നത് എന്ന ചിന്തയാണ് വേണ്ടത്. കിട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് നാം പ്രാർഥിക്കേണ്ടത്.
എൺപതിനോടടുത്ത് പ്രായമുള്ള സകരിയ്യാ(അ) ‘റബ്ബേ, നിന്നോട് പ്രാർഥിച്ചിട്ട് ഞാൻ ഭാഗ്യം കെട്ടവനായിട്ടില്ല’ എന്നു പറഞ്ഞത് ശ്രദ്ധിക്കുക. ആ പ്രായത്തിനിടയിൽ അദ്ദേഹം പതിറ്റാണ്ടുകളോളം ഒരു കുഞ്ഞിനുവേണ്ടി പ്രാർഥിച്ചിട്ടുണ്ടാകില്ലേ? എൺപതിനോടടുത്തപ്പോഴായിരിക്കില്ലല്ലോ അദ്ദേഹം വിവാഹം കഴിച്ചത്. ശരീരം ശോഷിച്ച്, എല്ലുകളുടെ ബലം നഷ്ടപ്പെട്ട്, അവശതയിലെത്തി, തലമുടിയെല്ലാം നരച്ച് വെട്ടിത്തിളങ്ങുന്ന അവസ്ഥയിലെത്തിയ ഭർത്താവ്, തീരെ പ്രസവിക്കാത്ത, സാധാരണനിലയിൽ ഇനി പ്രസവിക്കാനുള്ള സാധ്യതയില്ലാത്തത്ര വൃദ്ധയായ ഭാര്യ! എന്നിട്ടും സകരിയ്യാ നബി(അ) പ്രാർഥനയിലാണ്. അശേഷം നിരാശയില്ലാതെ തന്നെ! ഒടുവിൽ അല്ലാഹു തീരുമാനിച്ച സമയമണഞ്ഞു. പ്രതീക്ഷകൾ പൂവണിഞ്ഞു. അല്ലാഹു ഒരു മകനെ നൽകുന്നതായി സന്തോഷവാർ ത്തയറിയിച്ചു. ആ കുഞ്ഞിന്റെ പേരും അല്ലാഹുതന്നെ തീരുമാനിച്ചു!
“ഹേ, സകരിയ്യാ! തീർച്ചയായും നിനക്ക് നാം ഒരു ആൺകുട്ടിയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേർ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേര് ഉള്ളവരാക്കിയിട്ടില്ല.’’
വൃദ്ധ ദമ്പതികളായ തങ്ങൾക്ക് എങ്ങനെ കുഞ്ഞ് പിറക്കും എന്ന് സംശയിച്ച സകരിയ്യാ നബി(അ)ക്ക് അല്ലാഹു മറുപടി നൽകി: “...അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോൾ നിന്നെ ഞാൻസൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു.’’
നമ്മുടെ ഇല്ലായ്മകളും വല്ലായ്മകളുമെല്ലാം സ്രഷ്ടാവിനോട് തുറന്നുപറയാൻ എന്തിനു നാം മടി കാണിക്കണം? നമ്മുടെ കാര്യങ്ങൾ നമ്മെക്കാൾ അറിയുന്ന, ചോദിച്ചാൽ തരാൻ തയ്യാറുള്ള, എത്ര നൽകിയാലും വറ്റാത്ത ഖജനാവിന്റെ ഉടമ ഉണ്ടായിരിക്കെ നാമെന്തിന് അവനോട് ചോദിക്കാതിരിക്കണം?

