നാവ് നിശ്ചലമായിപ്പോയവരുടെ കണ്ണുനീരക്ഷരങ്ങൾ

മുസ്‌ലിം ബിൻ ഹൈദർ

2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

കൈപ്പുനീര് കുടിക്കുന്ന ഒറ്റപ്പെടലുകളിൽ നാം മനസ്സിലാക്കും എത്ര ചെറിയ ബന്ധമാണങ്കിലും അത് പവിത്രതയോടെ സൂക്ഷിക്കണമെന്ന്. അത്രമേൽ സമാധാനം സമ്മാനിക്കുന്ന ഒരു അമൂല്യമായ കൂട്ടാണത്. പക്ഷേ, സുഖസൗകര്യങ്ങളുടെ ആധിക്യത്തിൽ അറിയാതെ നാമാവശേഷമായിപ്പോകുന്ന ബന്ധങ്ങളും അതോടൊപ്പം ‘കാരണം’ എന്ന മൂന്നക്ഷരത്തിന്റെ പരിധിയിൽ പോലും വരാത്ത കാര്യങ്ങൾക്ക് ഊതിക്കാച്ചി തിളങ്ങേണ്ട പവിത്രബന്ധങ്ങളെ മുറിച്ചുകളയുന്നവർ പരസ്പര സഹകരണത്തിന്റെ സൗന്ദര്യമാസ്വദിക്കാത്തവരും കരുണവറ്റിയ ഹൃദയരുമാണെന്നറിയുക.

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരുവരിൽനിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക). തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു’’

(ക്വുർആൻ 4:1).

നേർക്കാഴ്ചയിൽ ചെറുപുഞ്ചിരി പകരം നൽകാനില്ലാതെയും കുശലാന്വേഷണത്തിന്റെ മധുരം പകരാതെയും ആത്മസംതൃപ്തിയുടെ ഹസ്തദാനം കൈമാറാതെയും നടന്നകലേണ്ടി വരിക എന്നത് അതീവ സങ്കടകരമാണ്.

അനന്തരസ്വത്ത് നിയമപ്രകാരം വിഭജിച്ച് നൽകുന്നിടത്തുള്ള അസ്വാരസ്യങ്ങളാണ് ബന്ധങ്ങൾ തകരുന്നതിനുള്ള വലിയ ഹേതുവായി കാണുന്നത്. സ്‌നേഹനിധിയായ പിതാവിന്റെ അധ്വാനഫലമായി ഉണ്ടാവുകയും അയാൾ സ്വയം അനുഭവിക്കാതെ മക്കൾക്കായി മാറ്റിവെക്കുകയും ചെയ്ത സ്വത്ത് ദിവസങ്ങൾക്കകം കുടുംബത്തിൽ അഭ്യന്തര കലാപത്തിന്റെ കാരണമായിത്തീരുന്നുവെങ്കിൽ ജീവിതത്തിന്റെ യഥാർഥ ലക്ഷ്യം തിരിച്ചറിയാത്തവരാണ് അതിന്റെ യഥാർഥ കാരണക്കാരെന്നറിയുക. കാശുകൊടുത്ത് അങ്ങാടിയിൽനിന്ന് വാങ്ങാൻ കഴിയുന്നതല്ല കുടുംബ ബന്ധങ്ങൾ. ഒന്നിനും പകരം വെക്കാനുതകുന്നതും പകരം നൽകാൻ കഴിയുന്നതുമല്ല ഈ അമൂല്യനിധി.

അബൂഅയ്യൂബുൽ അൻസ്വാരി(റ)യിൽനിന്ന് നിവോദനം: “ഒരാൾ പറഞ്ഞു: ‘പ്രവാചകരേ! സ്വർഗത്തിലേക്ക് എന്നെ അടുപ്പിക്കുന്നതും നരകത്തിൽനിന്ന് എന്നെ അകറ്റുന്നതുമായ ഒരു പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞുതന്നാലും.’ പ്രവാചകൻﷺ പറഞ്ഞു: ‘നീ അല്ലാഹുവിനെ ആരാധിക്കുക. അവനിൽ യാതൊന്നും പങ്കുചേർക്കാതിരിക്കുക. നമസ്‌കാരം നിലനിർത്തുകയും സകാത്തു കൊടുക്കുകയും കുടുംബബന്ധം ചേർക്കുകയും ചെയ്യുക’’ (ബുഖാരി, മുസ്‌ലിം).

ബന്ധം ചേർക്കുന്നവരെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞിരിക്കുന്നു: “കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചത് (ബന്ധങ്ങൾ) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവർ’’ (ക്വുർആൻ 13:21).

ഇസ്‌ലാം ഇണക്കത്തിന്റെ മതമാണ്. നന്മയുടെയും കാരുണ്യത്തിന്റെയും മതമാണ്. അത് ബന്ധം ചേർക്കാൻ കൽപിക്കുകയും ബന്ധം മുറിക്കുന്നത് വിരോധിക്കുകയും ചെയ്യുന്നു. എത്രത്തോളമെന്നാൽ ബന്ധം ചേർക്കുന്നതിന്റെ പ്രാധാന്യം ഉൾകൊളളാത്ത, അതിനെ പരിഗണിക്കാത്ത, ഭൂമുഖത്തുള്ള സർവ വ്യവസ്ഥിതികൾക്കും വിരുദ്ധമായി മുസ്‌ലിം സമൂഹത്തെ പരസ്പരം ബന്ധപ്പെട്ടവരും ഇണക്കമുള്ളവരും കാരുണ്യം കാണിക്കുന്നവരും ആക്കി മാറ്റാൻ അതിന് സാധിക്കുന്നു.

വാക്കിലും നോക്കിലും ശ്രദ്ധിച്ച്, കൊടുക്കലും വാങ്ങലും നന്നാക്കി, ചൂഷണമുക്തമായ ഇടപഴകലിലൂടെ നന്മയുടെയും സ്‌നേഹത്തിന്റെയും പൊൻകിരണങ്ങൾ ഉദിച്ചുയരണം ഓരോ ബന്ധങ്ങളിൽ നിന്നും.

അനാഥർക്കും അശരണർക്കുമാണ് സ്‌നേഹത്തിന്റെയും കുടുംബബന്ധത്തിന്റെയും വില നന്നായി അറിയുക. ഇരുട്ടറിയുന്നവനേ വെളിച്ചത്തിന്റെ വിലയറിയൂ. സ്‌നേഹിക്കപ്പെടേണ്ടവർ വേർപെട്ടു പോയി അനാഥത്വം പേറുന്നവരുടെ അകത്തള ചിത്രങ്ങളെക്കുറിച്ച് അറിയുമ്പോഴാണ് ആരോടും പറയാതെയും ആരുമറിയാതെയും കടിച്ചമർത്തുന്ന സങ്കടങ്ങളുടെ ആധിക്യം മനസ്സിലാവുക.

യതീമിനെ സംരക്ഷിക്കുന്നവന് സ്വർഗത്തിൽ പ്രവാചകന്റെ സാമീപ്യം കിട്ടുമെങ്കിൽ, അർഹതക്കുള്ള അംഗീകാരം മാത്രമാണതെന്ന് അറിയുക.

“(നബിയേ,) അവർ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങൾ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കൾക്കും അടുത്തബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും വഴിപോക്കൻമാർക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു’’ (ക്വുർആൻ 2:215).

അനാഥ ബാല്യ, കൗമാരങ്ങളിലെ ഏറിയപങ്കും പലപ്പോഴും എത്തിപ്പെടുന്നത് അധാർമികതയുടെ ആഴക്കടലിലാണ്. വഴികാട്ടി നഷ്ടപ്പെട്ട അവർക്കു മുന്നിൽ രക്ഷയുടെ തോണിയുമായി കൃത്യസമയത്ത് എത്തിയെങ്കിൽ മാത്രമെ കാറ്റിലും കോളിലുമകപ്പെടാതെ അവരെ സുരക്ഷിതമായി മറുകരയിലെത്തിക്കാനാവൂ. അതിന് തുനിയുന്നവർ അപൂർവവുമാണ്. സ്വന്തം കുടുംബത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാത്തവർക്കെന്ത് അനാഥസംരക്ഷണം!

സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ജീവവായുവിനും ദാഹജലത്തിനുമായി ‘വയറുകളാൽ’ ബന്ധിക്കപ്പെട്ട അർധജീവനുകൾ ജീവനുവേണ്ടി കേഴുന്നത് കണ്ടവരാണ് നാം.

മനസ്സിലുള്ളത് പറയണമെന്ന തികഞ്ഞ ബോധമുണ്ടായിരിക്കെ നാവ് നിശ്ചലമായിപ്പോയവരുടെ കണ്ണുനീരക്ഷരങ്ങൾ വായിച്ചവരാണ് നാം.

ബില്ലടയ്ക്കാനും മരുന്ന് വാങ്ങാനും ഓടിപ്പായുന്ന, ഐ.സി.യുവിനു മുന്നിൽ ദുഃഖഭാരത്താൽ കണ്ണുനീരുതിർത്തുക്കൊണ്ടിരിക്കുന്ന ഉറ്റവരെയും ഉടയവരെയും അവസാനമായി ഒരു നോക്ക് കാണാതെ കണ്ണടഞ്ഞവരുടെ മയ്യിത്ത് നമസ്‌കാരം നിർവഹിച്ചവരാണ് നാം.

ഭൂമിയിലെ ജീവിതം ഏതുനേരവും അവസാനിച്ചേക്കാം എന്ന ബോധമുള്ളവനേ ബന്ധങ്ങൾ നന്നാക്കുവാനും ജീവിതം ഇസ്‌ലാമികമാക്കി മുന്നോട്ടുപോകാനും കഴിയുകയുള്ളൂ.

സുന്ദരമായ ഭൂമിയിൽ ഉദാത്തമായ ജീവിതം നൽകി; ആ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നാഥൻ വിവരിക്കുകയും ചെയ്തിട്ടും ജീവിതം ചിട്ടപ്പെടുത്താത്തവർ നഷ്ടക്കാരല്ലാതെ പിന്നാരാണ്?

“നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (ക്വുർആൻ 67:2).