മൊബൈൽ അഡിക്ഷൻ കുഞ്ഞുങ്ങളുടെ ജീവനെടുക്കുമ്പോൾ

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

2024 ഫെബ്രുവരി 03, 1445 റജബ് 22

ഏതാനും വർഷങ്ങൾക്കുമുമ്പ് മൊബൈൽ അഡിക്ഷനുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യാ വാർത്തകൾ നാം ഞെട്ടലോടെയായിരുന്നു കേട്ടിരുന്നത്. എന്നാൽ അടുത്തിടെയായി അത്തരം വാർത്തകൾ വളരെ സ്വാഭാവികമായ കാര്യമായി മാറിയതിനാൽ നമ്മിൽ ഞെട്ടലുളവാക്കുന്നില്ല. ഗെയിം അഡിക്ഷന്റെ ഭാഗമായോ മൊബൈൽ നൽകാത്തതിന്റെ പേരിലോ കുട്ടികൾ ആത്മഹത്യചെയ്യുന്ന വാർത്തകൾ നമ്മുടെ ചുറ്റുവട്ടത്തുവരെ എത്തിനിൽക്കുന്നു. മരണമെന്തെന്നുപോലും അറിയാത്ത കുഞ്ഞു മനസ്സുകൾ പോലും തങ്ങളുടെ വാശി തീർക്കാനുള്ള ആയുധമായി മരണത്തെ തിരഞ്ഞെടുക്കുമ്പോൾ അവർ ഇത് എവിടെനിന്ന് പഠിച്ചു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്വന്തം മക്കളുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കൾ ജാഗരൂകരാവേണ്ടത് എത്രത്തോളം അത്യന്താപേക്ഷിതമാണ് എന്ന് സമകാലീന ചുറ്റുപാടിൽനിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് സ്വന്തമായി മൊബൈൽ വാങ്ങിക്കൊടുത്തവരുണ്ട്. ചില രക്ഷിതാക്കൾ കുട്ടികൾക്ക് പഠിക്കാനായി തങ്ങളുടെ ഫോൺ കൊടുത്തിരുന്നു. ഓൺലൈൻ ക്ലാസ്സുകൾ കേൾക്കുന്നതിനു പുറമെ മക്കളുടെ ഫോൺ ഉപയോഗം വീഡിയോ ഗെയിം, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപിച്ചത് പല രക്ഷിതാക്കളും ശ്രദ്ധിച്ചില്ല, അറിഞ്ഞവരിൽ മിക്കവരും അത് വേണ്ടത്ര ഗൗരവത്തിലെടുക്കുകയുണ്ടായില്ല. തുടക്കത്തിൽതന്നെ വേണ്ടവിധം നിയന്ത്രിക്കപ്പെടാത്ത ഫോൺ ഉപയോഗം മക്കളെ പഠനത്തിൽ പുറകോട്ട് കൊണ്ടുപോയതു മാത്രമാണ് ആദ്യം ഒരു പ്രശ്‌നമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ കോവിഡ് കാലത്തിനുശേഷം ഓൺലൈൻ ക്ലാസ്സുകൾ അവസാനിപ്പിച്ച് സ്‌കൂളുകൾ പ്രവർത്തനസജ്ജമായതോടു കൂടി വിദ്യാർഥികൾക്ക് സ്വന്തമായി നൽകപ്പെട്ടിട്ടുള്ള ഫോണുകളുടെ ആവശ്യം യഥാർഥത്തിൽ ഇല്ലാതിരുന്നിട്ടുപോലും പല കാരണങ്ങളാൽ, അല്ലെങ്കിൽ തികച്ചും അശ്രദ്ധയാൽ കുട്ടികളിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിവെക്കാ ത്തവരാണ് അധിക രക്ഷിതാക്കളും.

സ്വന്തമായി കൈയിൽ മൊ ബൈൽ ഫോണുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം നിയന്ത്രിതമായി അത് ഉപയോഗിക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണ്. നിയന്ത്രിക്കേണ്ട രക്ഷിതാക്കൾതന്നെ സർവസ്വാതന്ത്ര്യവും നൽകുകയാണു ചെയ്യുന്നത്. രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് സദാസമയം നോക്കിയിരിക്കുക എന്നത് സാധ്യമല്ല. അതുകൊണ്ടുതന്നെ വീഡിയോ ഗെയിമുകളിലേക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും കുട്ടികൾ വഴിമാറിപ്പോകുന്നത് അവർ അറിയാതെ പോകുന്നു.

ആത്മഹത്യ ചെയ്ത ഒരു കുട്ടിയുടെയും രക്ഷിതാക്കൾ തങ്ങളുടെ കുട്ടി സ്‌ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചവരാകില്ല. എന്നാൽ നമ്മുടെ കണ്ണ് എത്തുന്നതിനുമപ്പുറത്ത് നമ്മുടെ മക്കൾ എത്തിപ്പെടുന്നു എന്നത് വിസ്മരിക്കപ്പെടുന്നു. അതിനാൽ അവർ എത്തിപ്പെടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചോ സോഷ്യൽ മീഡിയകളിൽ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചോ നമ്മൾ അശ്രദ്ധരാകുന്നു.

എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാകേണ്ടത് അനിവാര്യമാണ്. ആധുനിക കാലഘട്ടത്തിൽ കുട്ടികളുടെ കൈയിൽ മൊബൈൽ ഫോൺ തീരെ നൽകാതിരിക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ മൊബൈൽ ഫോൺ എപ്പോൾ, എന്തിന്, എങ്ങനെ ഉപയോഗിക്കണം എന്നത് നാം തീരുമാനിക്കുകയും അതനുസരിച്ച് തിരിച്ചറിവോടുകൂടി നമ്മുടെ മക്കൾ അത് ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകില്ല.

രക്ഷിതാക്കൾ മാതൃകയാവുക

മൊബൈൽ അഡിക്ഷൻ എന്നത് ഇന്ന് പ്രായഭേദമന്യെയുള്ള ഒരു പ്രശ്‌നംതന്നെയാണ്. ആയതിനാൽ നമ്മുടെ കുട്ടികൾക്ക് മൊബൈൽ ഉപയോഗത്തിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിൽ ഏറ്റവും നല്ല മാതൃക കാണിക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. സമയബന്ധിതമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ രക്ഷിതാക്കൾ ശീലിക്കുക. ഉപകാരപ്രദമായ കാര്യങ്ങൾക്കുവേണ്ടി മാത്രം വിനിയോഗിക്കുക. തോണ്ടിയാൽ തീരാത്ത ഷോട്ടുകളും റീൽസുകളും കണ്ട് സമയം കളയാതിരിക്കാൻ ശ്രദ്ധിക്കുക. വീഡിയോ ഗെയിമുകൾ യാതൊരു കാരണവശാലും ഉപയോഗിക്കാതിരിക്കുക. ഒഴിവുകിട്ടുമ്പോളെല്ലാം മൊബൈൽ ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കുക. ഉപകാരപ്രദമായ മറ്റു കാര്യങ്ങൾക്കും ഒഴിവുസമയം വിനിയോഗിക്കുക. ഇങ്ങനെയൊക്കെ വീട്ടിലെ മുതിർന്നവർക്ക് കൊച്ചുകുട്ടികൾക്ക് മാതൃകയാകാൻ കഴിയും.

നിയന്ത്രണത്തോടുകൂടി മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കുക

മൊബൈൽ എന്തിനുവേണ്ടി ഉപയോഗിക്കാം, എത്രസമയം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശം നൽകുക. ഓരോ കുട്ടിയുടെയും പ്രായത്തിനനുസരിച്ച് ഉപകാരപ്രദമായ കാര്യങ്ങൾക്കുവേണ്ടി മൊബൈൽ ഉപയോഗിക്കാൻ ശീലിപ്പിക്കുക. അലക്ഷ്യമായി എന്തെങ്കിലും കണ്ട് സമയം കളയുക എന്നതിലുപരി ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് വ്യത്യസ്തങ്ങളായ ആക്ടിവിറ്റികൾ സെലക്ട് ചെയ്തു കൊടുക്കുക. ഉദാഹരണമായി ടെക്‌നോളജി, ക്രാഫ്റ്റ്, ഫിഷിംഗ് തുടങ്ങിയ വ്യത്യസ്ത കാര്യങ്ങളിൽ അഭിരുചിയുള്ള കുട്ടികൾക്ക് അത്തരം ചാനലുകൾ സെലക്ട് ചെയ്തു കൊടുക്കാം. നിശ്ചിത സമയം കഴിയുമ്പോൾ ഫോൺ മാറ്റിവെച്ച് മറ്റു കാര്യങ്ങളിൽ ഇടപെടാൻ അവരെ ശീലിപ്പിക്കുക.

വീട്ടിൽ അതിഥികളുള്ള വേളകളിലും പുറത്തു പോകുന്ന സമയങ്ങളിലും യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക. ഇത് അവരെ ചുറ്റുപാടുകൾ മനസ്സിലാക്കാനും മറ്റുള്ളവരുമായി നല്ലരീതിയിൽ ഇടപഴകുന്നത് ശീലിക്കാനും സഹായിക്കും. നല്ലൊരു വ്യക്തിത്വ രൂപീകരണത്തിന് ഇത് കാര്യമായ പങ്കുവഹിക്കും.

ഇതര മേഖലകളിൽ ഇടപെടുത്തുക

കുട്ടികൾ പൊതുവെ സദാസമയം എന്തെങ്കിലും കാര്യങ്ങളിൽ ഇടപെടാൻ ഇഷ്ടപ്പെടുന്നവരാണ്. അടങ്ങിയിരിക്കുക എന്നത് അവർക്ക് വളരെ പ്രയാസകരമാണ്. എന്നാൽ പല രക്ഷിതാക്കളും അടക്കി യിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ഫോൺ നൽകുന്നത്. ഇതിനു പകരം അവരുടെ ശ്രദ്ധ മറ്റു പല മേഖലകളിലേക്കും നമുക്ക് കൊണ്ടുപോകാം. കുട്ടികളുടെ പ്രായമനുസരിച്ച് വിവിധ കളിപ്പാട്ടങ്ങൾ നൽകാം, കലാകായിക രംഗങ്ങളിൽ പരിശീലനം നൽകിയും അവരുടെ തനതായ കഴിവുകളെ പ്രോത്സാഹിപ്പിക്കാം.

ഇതൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറക്കും എന്നതിലുപരി, കുട്ടികളുടെ പഠന-പാഠ്യേതര മേഖലകളിൽ ഉന്നതികളിലെത്താനും അവരെ സഹായിക്കും.