ഭാര്യയോടുള്ള കടമകൾ

ഡോ. ജൗസൽ

2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

അല്ലാഹു മുഹമ്മദ് നബിയെ കുറിച്ച് പറയുന്നു: “ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല’’ (ക്വുർആൻ 21:107).

ജീവിതത്തിലെ സകല മേഖലകളിലും പാലിക്കേണ്ട ധാരാളം സദുപദേശങ്ങൾ പ്രവാചക വചനങ്ങളിൽ നമുക്ക് കാണാം. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രവാചക മൊഴികൾ പരിചയപ്പെടാം.

അബൂഹുറയ്‌റ(റ)വിൽനിന്ന് നിവേദനം: “നബിﷺ ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് അരുളി: ‘സ്ത്രീ, തീർച്ചയായും വാരിയെല്ലിൽനിന്നും സൃഷ്ടിക്കപ്പെട്ടവളാണ്.ഏറ്റവും മുകളിലുള്ള വാരിയെല്ല് കൂടുതൽ വളഞ്ഞിരിക്കും. നീ ശക്തി ഉപയോഗിച്ച് അതിനെ നേരെയാക്കാൻ ഉദ്ദേശിച്ചാൽ അതിനെ പൊട്ടിക്കും. എന്നാൽ വിട്ടേക്കുകയാണെങ്കിൽ വളഞ്ഞുതന്നെ നിലനിൽക്കും. അതിനാൽ ഭാര്യമാർക്കു നിങ്ങൾ സദുപദേശം നൽകിക്കൊണ്ടിരിക്കുക’’ (ബുഖാരി, മുസ്‌ലിം).

ഭാര്യമാരിൽനിന്ന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും സ്വഭാവങ്ങൾ കണ്ടാൽ ഭർത്താവ് മയത്തിലും ഒതുക്കത്തിലും സദുപദേശങ്ങൾ നൽകി അത് ശരിയാക്കാൻ നോക്കണം. ‘വെട്ടൊന്ന്, മുറി രണ്ട്’ എന്ന ശൈലി ഭാര്യമാരോട് എടുക്കരുത്. അത് കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. കുറച്ചൊക്കെ താഴ്ന്നു കൊടുത്തും നയപരമായും വേണം ഭാര്യമാരെ കൈകാര്യം ചെയ്യാൻ എന്ന് സാരം.

അബൂഹുറയ്‌റ(റ)വിൽനിന്ന് നിവേദനം: “നബിﷺ പ്രസ്താവിച്ചു: ‘ഒരു സത്യവിശ്വാസി സത്യവിശ്വാസിനിയെ (ഭാര്യയെ) വെറുക്കരുത്. അവളിൽനിന്ന് ഒരു സ്വഭാവം അവൻ വെറുത്താൽ തന്നെയും മറ്റു പലതും അവൻ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്’’ (മുസ്‌ലിം).

ഭർത്താവിന് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ ഭാര്യമാരിൽ കണ്ടേക്കാം. എന്നാൽ അതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്തു ഭാര്യയെ വെറുക്കുകയല്ല ഭർത്താവ് ചെയ്യേണ്ടത്. ഭാര്യയുടെ കുറ്റവും കുറവും നോക്കുന്നതിനു പകരം അവളുടെ നന്മകളിലേക്ക് നോക്കാൻ പ്രവാചകൻﷺ കൽപിക്കുന്നു. നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ഭാര്യമാരിൽ ഉണ്ടെങ്കിൽ അതിനപ്പുറം ഒരുപാട് നല്ല ഗുണങ്ങളും അവളിൽ ഉണ്ടാകും. കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നതിനു പകരം അവളിലെ നന്മകൾ തിരിച്ചറിയുന്ന നല്ല ഭർത്താവാകാൻ മുഹമ്മദ് നബിﷺ ഉപദേശിക്കുന്നു.

മുആവിയ ഇബ്‌നു ഹൈദ(റ)വിൽനിന്ന് നിവേദനം: “ഞാൻ ചോദിച്ചു: ‘പ്രവാചകരേ, ഞങ്ങൾക്ക് ഭാര്യയോടുള്ള കടമയെന്താണ്?’ അവിടുന്ന് പറഞ്ഞു: ‘നീ ഭക്ഷിക്കുമ്പോൾ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോൾ അവളെ ധരിപ്പിക്കുകയും ചെയ്യുക. നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്തുമാത്രം ദുഃസ്വഭാവി എന്നു പറഞ്ഞ് മാനംകെടുത്തുകയോ വീട്ടിൽ വെച്ചല്ലാതെ പിണങ്ങുകയോ ചെയ്യാൻ പാടില്ല’’ (അബൂദാവൂദ്).

ഭാര്യക്ക് ചെലവിനു നൽകൽ ഭർത്താവിന്റെ നിർബന്ധ ബാധ്യതയായി ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു കാരണവശാലും അവളുടെ മുഖത്ത് അടിക്കാൻ പാടില്ല. പ്രവാചകൻﷺ വിലക്കിയ കാര്യമാണത്. വലിയ അഭിമാനക്ഷതം ഉണ്ടാക്കുന്ന കാര്യമാണ് മുഖത്ത് അടിക്കുന്നത്. പല വിവാഹബന്ധങ്ങളുടെയും തകർച്ചക്ക് പ്രധാന കാരണം മുഖമടച്ചുള്ള ഒറ്റ അടിയായിരിക്കും. ‘ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും’ എന്ന് പറഞ്ഞതുപോലെ ഭാര്യയും ഭർത്താവും കലഹിക്കൽ സ്വാഭാവികമാണ്. പക്ഷേ, അതൊരിക്കലും വീട്ടിന് പുറത്തേക്ക് എത്തിക്കരുത്. മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഭാര്യയെ കുറ്റം പറയുവാനോ മാനം കെടുത്തുവാനോ പാടില്ല. വീടിനു പുറത്തുവെച്ച് പിണങ്ങാനും പാടില്ല.

അബൂഹുറയ്‌റ(റ)വിൽനിന്ന് നിവേദനം: “നബിﷺ പ്രസ്താവിച്ചു: ‘സത്യവിശ്വാസികളിൽ പരിപൂർണൻ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളിൽ വെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട് നല്ലനിലയിൽ വർത്തിക്കുന്നവനാണ്’’(തിർമിദി).

ഒരു മനുഷ്യൻ നല്ല ആളാണെന്ന് നാട്ടുകാർക്ക് മൊത്തം അഭിപ്രായമുണ്ടെങ്കിലും വീട്ടിൽ ഭാര്യയോട് മോശമായി പെരുമാറുന്നവനാണെങ്കിൽ അയാൾ ഉത്തമനല്ല. നല്ല മനുഷ്യൻ നാട്ടിലും വീട്ടിലും നല്ല സ്വഭാവത്തിന്റെ ഉടമയായിരിക്കണം.