ജീവിതം സംതൃപ്തമാവാൻ

റഹ്‌മാൻ മധുരക്കുഴി

2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

ദൈവദത്തമായ നമ്മുടെ ജീവിതം ഒരു പൂമെത്തയല്ല. പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും അതിജീവിച്ചു വേണം മുന്നോട്ടു നീങ്ങാൻ. സംതൃപ്തി കൈവരിക്കാൻ എന്താണ് മാർഗം? ലഭ്യമായതിൽ സംതൃപ്തരാവുക! അഥവാ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയെന്നത് ജീവിതശൈലിയാക്കി മാറ്റുക തന്നെ! കൂടുതൽ കരസ്ഥമാകുവാൻ ശ്രമിക്കുന്നത് തെറ്റല്ല. ലക്ഷ്യസാധ്യത്തിന് സ്വീകരിക്കുന്ന മാർഗം അവിഹിതമാവരുതെന്നേയുള്ളൂ.

എന്നാൽ, മോഹങ്ങളുടെയും അതിമോഹങ്ങളുടെയും കുതിരപ്പുറത്ത് സഞ്ചരിക്കുകയാണ് മനുഷ്യരിന്ന്. ഒന്നിന് പിറകെ മറ്റൊന്നായി വളരെ കൃത്യതയോടെ പുരോഗമിക്കുന്നവയാണ് മനുഷ്യന്റെ മോഹങ്ങളൊക്കെയും. ഒന്ന് സാധിച്ചാൽ മറ്റൊന്ന്, മറ്റൊന്ന് സാധ്യമായാൽ വീണ്ടും മറ്റൊന്നുകൂടി എന്ന മനുഷ്യന്റെ സ്വാഭാവിക വൈകാരികതയാണ് പൊലിഞ്ഞാലും നമ്മുടെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും ചിറക് മുളപ്പിക്കുന്നത്.

ഏത് ജീവിത സാഹചര്യത്തിലും ‘മാക്‌സിമം’ എന്നതാണ് മനസ്സിനെ ഭരിക്കുന്നത്. പരമാവധി കരസ്ഥമാക്കുക എന്നത് ജീവിതലക്ഷ്യമാക്കിയിരിക്കയാണ് മനുഷ്യനിന്ന്. മോഹങ്ങൾ അതിമോഹങ്ങളായും ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളായും വളർന്നുകൊണ്ടിരിക്കുന്നു. മോഹിക്കുക അഥവാ ആഗ്രഹിക്കുക എന്നത് അനഭിലഷണീയമല്ല. ആവശ്യങ്ങളും അത്യാവശ്യങ്ങളും സ്വാഭാവികം. അനാവശ്യങ്ങളാവട്ടെ അതിമോഹങ്ങളുടെ സൃഷ്ടിയത്രെ. അത്യാവശ്യങ്ങൾക്ക് പുറമെ അത്യാഗ്രഹങ്ങൾ കൂടി സാധിപ്പിക്കണമെന്ന ദുർമോഗം മനസ്സിൽ കൂടുകൂട്ടുമ്പോഴാണ് ഭൂമിയിലും ആകാശത്തും ഉള്ളതൊന്നും മനുഷ്യന് തികയാതെ വരുന്നത്.

മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിരുകളില്ല. ‘ഒരാൾക്ക് സ്വർണത്തിന്റെ ഒരു മലഞ്ചെരുവുണ്ടെങ്കിൽ, രണ്ടാമത്തെത് കൂടി കിട്ടിയെങ്കിൽ എന്ന് അവൻ ആഗ്രഹിക്കും. രണ്ടാമത്തെത് കൂടി ലഭിച്ചാൽ മൂന്നാമതൊന്നുകൂടി അവൻ ആഗ്രഹിക്കും. ആദം സന്തതിയുടെ വയറ് മണ്ണുകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും നിറയുകയില്ല.’ മനുഷ്യമനസ്സിന്റെ അതിരില്ലാത്ത മോഹങ്ങളുടെ യഥാർഥമായ അപഗ്രന്ഥനമാണ് ഈ പ്രവാചക വചനം.

ആവശ്യങ്ങളും മോഹങ്ങളും കൂടുന്തോറും ജീവിതം അസ്വസ്ഥമാവും. തനിക്ക് പ്രത്യേകിച്ച് ഒന്നും ആവശ്യമില്ല എന്ന മനോഭാവമാണ് മനസ്സിന്റെ ഏറ്റവും വലിയ സ്വസ്ഥത. സമ്പത്തിന്റെ ആധിക്യമോ സുലഭതയോ അല്ല ഐശ്വര്യത്തിന്റെ മാനദണ്ഡം. മനഃസംതൃപ്തിയാണ് വിലമതിക്കാനാവാത്ത സമ്പത്ത്. ‘വസ്തുവകകളുടെ ആധിക്യമല്ല ഐശ്വര്യം; മനസ്സിന്റെ സംതൃപ്തിയാണ്’ എന്ന പ്രവാചക വചനത്തിന്റെ പ്രസക്തി മറ്റൊന്നല്ല. പിശുക്കിനും ധൂർത്തിനും മധ്യെ എന്ന ജീവിത ശൈലിയാണ് അഭികാമ്യം. ‘നിന്റെ കൈ പിരടിയിൽ കെട്ടിവെക്കരുത്. അതിനെ മുഴുവനായി തുറന്നിടുകയും ചെയ്യരുത്’ എന്ന ക്വുർആൻ സൂക്തം മുകളിലുദ്ധരിച്ച ജീവിതശൈലിയെയാണ് അറിയിക്കുന്നത്.

സുഖഭോഗചിന്ത കാടുകയറുമ്പോഴാണ് ലഭ്യമായ അനുഗ്രഹങ്ങളിൽ സംതൃപ്തനാവാതെ, കൂടുതൽ വെട്ടിപ്പിടിക്കാനും ഉയരങ്ങൾ കീഴടക്കാനും മനുഷ്യൻ പരക്കം പായുന്നത്. ‘എന്തു നേടിയാലും തൃപ്തിവരാത്ത ദുരവസ്ഥയിൽനിന്ന് മോചനം നേടാൻ വഴി ഒന്നേയുള്ളൂ, ലളിത ജീവിതം’ എന്ന് ഗാന്ധിജി പറഞ്ഞതായി കാണാം. ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലകപ്പെട്ട ഇന്നത്തെ മനുഷ്യനോട് ലളിതജീവിതത്തിന്റെ മഹത്ത്വം പറഞ്ഞിട്ടെന്തു കാര്യം! സുഖജീവിതത്തിനായി ഏറ്റവും ആകർഷകമായ ജീവിത സൗകര്യങ്ങൾ സ്വന്തമാക്കാൻ ഏത് വഴിവിട്ട മാർഗവും സ്വീകരിക്കാൻ അവന് കൂസലില്ല. അയൽപക്കത്തെ കൂറ്റൻ ടെറസ് വീടിനെ വെല്ലുന്നതാവണം തന്റെ വീടെന്ന പൊങ്ങച്ച ചിന്ത ആർത്തിപൂണ്ട മനസ്സിലേക്ക് കടന്നുവരുമ്പോൾ, കാര്യം സാധിക്കാൻ വട്ടിപ്പലിശക്കാരനെ സമീപിക്കാൻ പോലും അയാൾക്ക് മടിയുണ്ടാവില്ല. കിട്ടുന്നിടത്തുനിന്നെല്ലാം കടം വാങ്ങി കാര്യം സാധിപ്പിച്ചേ അടങ്ങൂ. ഒടുവിൽ താൻ വാങ്ങിക്കൂട്ടിയ ഭീമൻ കടം വീട്ടാൻ വഴികാണാതെ ആത്മഹത്യയിൽ അഭയം തേടുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു!

സ്രഷ്ടാവ് കനിഞ്ഞനുഗ്രഹിച്ച മോശമല്ലാത്ത ജീവിത സൗകര്യങ്ങളിൽ സംതൃപ്തനാവാതെ കൂടുതൽ കൈവശപ്പെടുത്തുവാൻ ഓടിനടക്കുന്നവർ ഒരു കൊച്ചു കൂരപോലും കുത്തിക്കൂട്ടാനാവാതെ പ്രയാസപ്പെടുന്ന ലക്ഷങ്ങളെക്കുറിച്ചോർക്കുന്നേയില്ല. (തലസ്ഥാന നഗരിയായ ദർഹിയിൽ മാത്രം കയറിക്കിടക്കാൻ ഇടമില്ലാത്തവർ പതിനാല് ലക്ഷം വരുമത്രെ!) മരുന്നോ ആഹാരമോ വസ്ത്രമോ ലഭിക്കാതെ അഭയാർഥി ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്ന മനുഷ്യമക്കളെക്കുറിച്ച് ചിന്തിക്കുന്നേയില്ല.

വരവിനനുസരിച്ച് അത്യാവശ്യകാര്യങ്ങൾക്ക് മാത്രം ചെലവാക്കുന്നതാണ് ബുദ്ധി. എന്നാൽ, കൈവശമുള്ളതിനെക്കുറിച്ച് അശേഷം ചിന്തിക്കാതെ, ചെത്തിനടക്കാനുള്ള മോഹം അപകടമാണെന്നോർക്കണം. ‘അരിമണിയൊന്ന് കൊറിക്കാനില്ല, കരിവളയിട്ട് കിലുക്കാൻ മോഹം’ എന്ന നമ്പ്യാർ കവിതകളിലെ കഥാപാത്രങ്ങളാവാൻ ശ്രമിക്കുകയാണിവിടെ ചിലർ. ഉള്ളതുകൊണ്ട് തൃപ്തനാവാതെ, കൂടുതൽ വെട്ടിപ്പിടിക്കുകയും ചെകുത്താൻമാരുടെ സഹോദരങ്ങൾ എന്ന് ക്വുർആൻ വിശേഷിപ്പിച്ച ധൂർത്തൻമാരാവുകയും ചെയ്യുന്നവർ തലമറന്ന് എണ്ണ തേക്കുന്നവരാണെന്ന് അറിയുന്നില്ല. അതിമോഹങ്ങളുടെ ദൂഷിത വലയത്തിൽ മുൻ-പിൻ ചിന്തയില്ലാതെ സദാ കറങ്ങിക്കൊണ്ടിരിക്കുന്നവർക്കെങ്ങനെ സ്വസ്ഥതയുണ്ടാവാനാണ്? അസ്വസ്ഥ മനസ്സുകൾക്കെങ്ങനെയാണ് ജീവിത സംതൃപ്തി കൈവരിക്കാനാവുക?