വിരലടയാളവും വിരല്‍ത്തുമ്പിന്റെ മറ്റു പ്രത്യേകതകളും

ഡോ. ജൗസല്‍ സി.പി  

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26
‘‘മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ'' (ക്വുര്‍ആന്‍ 75:3-4).

മനുഷ്യരെ പുനര്‍ജീവിപ്പിക്കാന്‍ അല്ലാഹുവിന് യാതൊരുവിധ പ്രയാസവുമില്ല. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ രൂപത്തില്‍ മനുഷ്യന്റെ വിരല്‍ത്തുമ്പുകള്‍ പോലും കൃത്യമായി പരലോകത്ത് പുനര്‍നിര്‍മിക്കപ്പെടും. നശിച്ചുപോയ എല്ലുകള്‍വരെ പുനഃസൃഷ്ടിച്ച് മനുഷ്യനെ സൃഷ്ടിക്കുമെന്ന് പറഞ്ഞതിന് ശേഷം പ്രത്യേകമായി വിരല്‍ത്തുമ്പുകള്‍ പോലും കൃത്യമായി സൃഷ്ടിക്കും എന്ന് അല്ലാഹു എടുത്തുപറഞ്ഞത് ശ്രദ്ധിക്കുക.  

ലോകത്ത് ഇതുവരെ ജീവിച്ചു മരിച്ചുപോയ കോടാനുകോടി മനുഷ്യരില്‍ ഓരോരുത്തരുടെയും വിരല്‍ത്തുമ്പുകള്‍ വ്യത്യസ്തമാണ് എന്ന കാര്യം ഇന്ന് പ്രത്യേകിച്ച് ആരെയും പുതുതായി പഠിപ്പിക്കേണ്ടതില്ല. സ്മാര്‍ട്ട്‌ഫോണുകള്‍ ഫിംഗര്‍ പ്രിന്റ് വെച്ച് തുറക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്.

മാതാവിന്റെ വയറ്റിലുള്ള ശിശുവിനു മൂന്നു മാസം പ്രായമെത്തുന്നതോടെ വിരലുകള്‍ രൂപംകൊള്ളുന്നു. അതോടൊപ്പം അവയില്‍ അടയാളങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. പിന്നെ മരണംവരെയും അതിനു യാതൊരു മാറ്റവും ഉണ്ടാവുകയില്ല. കാണാന്‍ ഒരുപോലെയുള്ള ഇരട്ടകളുടെ പോലും വിരലടയാളങ്ങള്‍ വ്യത്യസ്തമായിരിക്കും. മരിച്ചുകഴിഞ്ഞാലും തൊലി നശിക്കുംവരെ അടയാളം മായുകയില്ല. അതുനോക്കി ആളുകളെ തിരിച്ചറിയുകയും ചെയ്യാം. ശസ്ത്രക്രിയയിലൂടെ വിരലടയാളം മായ്ച്ചുകളയാന്‍ പറ്റില്ല. കാരണം അവയ്ക്ക് എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കും!

പുരാതന ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, ചൈനീസ്, ഗ്രീക്ക് ചരിത്രാവശിഷ്ടങ്ങളില്‍ പലതിലും പല ഫിംഗര്‍ പ്രിന്റുകളും കെണ്ടടുത്തിട്ടുണ്ടെങ്കിലും എല്ലാ മനുഷ്യര്‍ക്കും വ്യത്യസ്ത തരത്തിലുള്ള വിരലടയാളങ്ങളാണ് ഉള്ളതെന്ന വിവരം അന്നത്തെ ആളുകള്‍ക്ക് ഉണ്ടായിരുന്നു എന്ന് പറയാന്‍ യാതൊരു തെളിവും കാണുന്നില്ല. എഴുതപ്പെട്ട ചരിത്രത്തിലൊന്നും അത്തരം കാര്യങ്ങള്‍ പ്രാചീന കാലത്ത് ആളുകള്‍ മനസ്സിലാക്കിവന്നതായി രേഖപ്പെടുത്തിയിട്ടില്ല.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച റഷീദുദ്ദീന്‍ ഹമദാനി എന്ന ഭിഷഗ്വരന്‍ അദ്ദേഹത്തിന്റെ 'ജാമിഉത്തവാരിഖ്' എന്ന ഗ്രന്ഥത്തില്‍ 'അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് രണ്ട് ആളുകള്‍ക്ക് ഒരേതരത്തിലുള്ള വിരലടയാളങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ്' എന്ന് രേഖപ്പെടുത്തിയത് കാണാം. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും യൂറോപ്പിലെ വിവിധ ശാസ്ത്രജ്ഞന്‍മാര്‍ വിരലടയാളങ്ങളെപ്പറ്റി കൂടുതല്‍ പഠിച്ചിരുന്നതായും വ്യക്തികളുടെ വിരലടയാളങ്ങള്‍ വ്യത്യസ്തങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതായും കാണാം.

ബ്രിട്ടീഷ് ഇന്ത്യയിലെ ഹൂഗ്ലിയിലെ മുഖ്യന്യായാധിപനായിരുന്ന സര്‍ വില്ല്യം ഹേര്‍ഷല്‍ ആണ് വിരലടയാളം ആദ്യമായി (1858) തെളിവിനായി ഉപയോഗിച്ചത്. പിന്നീട് സര്‍ ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ (1888) വിരലടയാളം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതില്‍ വിജയിച്ചു.1901 മുതല്‍ സര്‍ എഡ്വേഡ് ഹെന്റി വികസിപ്പിച്ച രീതി ഉപയോഗിച്ച് സ്‌കോട്ട്‌ലാന്റ്‌യാഡ് കുറ്റവാളികളെ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം വിരലടയാളങ്ങളിലെ പാറ്റേണുകളെ പലതായി തരംതിരിച്ചിരുന്നു.

ലോകത്തുള്ള ഓരോ വ്യക്തിയുടെയും വിരലടയാളങ്ങള്‍ വ്യത്യസ്തമാണ് എന്ന കാര്യം ശാസ്ത്ര ലോകം കൃത്യമായി തിരിച്ചറിഞ്ഞിട്ടു രണ്ടു നൂറ്റാണ്ടുകള്‍ പോലും ആയിട്ടില്ല എന്ന് വ്യക്തം. 14 നൂറ്റാണ്ടുകള്‍ക്കുമുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനില്‍, മനുഷ്യശരീരത്തിലെ നിസ്സാരമെന്ന് കരുതാവുന്ന വിരല്‍ത്തുമ്പ് പോലും കൃത്യമായി പുനഃസൃഷ്ടിക്കപ്പെടും എന്ന കാര്യം എന്തുകൊണ്ട് പ്രത്യേകമായി എടുത്തുപറഞ്ഞു എന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ദൃഷ്ടാന്തമുണ്ട്. ഓരോ മനുഷ്യനെയും അവന്റെ വിരല്‍തുമ്പുകള്‍ പോലും വളരെ കൃത്യമായി പരലോകത്ത് അതുപോലെ പുനഃസൃഷ്ടിക്കും എന്ന ക്വുര്‍ആനിന്റെ പ്രസ്താവനയില്‍ തന്നെ ഓരോ മനുഷ്യന്റെയും വിരലടയാളങ്ങള്‍ വ്യത്യസ്തങ്ങളാണ് എന്ന കൃത്യമായ സൂചനയുണ്ട്.

വിരല്‍ത്തുമ്പുകളുടെ മറ്റൊരു വലിയ സവിശേഷത, നാം കൈവിരലുകള്‍ നിവര്‍ത്തി വെക്കുമ്പോള്‍ വിരലുകളുടെ വലുപ്പങ്ങള്‍ക്ക് വ്യത്യാസമുണ്ട് എങ്കിലും വിരലുകള്‍ മടക്കുമ്പോള്‍ എല്ലാം ഒരേ നിരയില്‍ വരുന്നു എന്നതാണ്. കൈയിലെ ജോയിന്റുകളുടെ ഈയൊരു സവിശേഷതകൊണ്ടാണ് നമുക്ക് ചെറിയ സാധനങ്ങള്‍ പോലും പിടിക്കുവാനും എഴുതുവാനും കൈകൊണ്ടുള്ള സൂക്ഷ്മമായ മറ്റു പണികളൊക്കെ ചെയ്യുവാനും കഴിയുന്നത്. അത്യന്തം അത്ഭുതകരമായ ഒരു ഡിസൈനാണ് ഇത് എന്നു നിസ്സംശയം പറയാം. കൈയിലെ വിരല്‍ത്തുമ്പുകള്‍ അതേപടി പരലോകത്ത് സൃഷ്ടിക്കപ്പെടും എന്ന വചനം ഈ സൃഷ്ടി മാഹാത്മ്യം കൂടി ഓര്‍മപ്പെടുത്തുന്നു. ക്വുര്‍ആന്‍ മനുഷ്യവചനങ്ങളല്ല, നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ വചനങ്ങളാണ് എന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന ഒട്ടനേകം തെളിവുകളില്‍ ഒന്നു മാത്രമാണ് ഇതും.