ഇഷ്ടം അല്ലാഹുവിനോടും റസൂലിനോടും

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2022 സെപ്തംബർ 17, 1444 സ്വഫർ 20

ചില നിലപാടുകൾ നമ്മുടെ വ്യക്തിത്വത്തിൽ നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. നബി ﷺ വിശ്വാസത്തിന്റെ മാധുര്യം ലഭിച്ച ആളുകളെപ്പറ്റി നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. വിശ്വാസം എന്നത് വേഷഭൂഷാധികളിലോ ആവഭാവ പ്രകടനങ്ങളിലോ അല്ല എന്ന് നമുക്കറിയാം. നമ്മുടെ വ്യക്തിപരമായ ചില സമീപനങ്ങളും നിലപാടുകളും നമ്മൾ മാറ്റിയെടുക്കണം .

നബി ﷺ പറഞ്ഞു: ‘മൂന്ന് സ്വഭാവങ്ങൾ ഒരാളിൽ ഉണ്ടെങ്കിൽ വിശ്വാസത്തിന്റെ മാധുര്യം അവൻ തീർച്ചയായും അനുഭവിക്കുന്നതാണ്.’

ആ മൂന്ന് കാര്യങ്ങൾ അഥവാ വിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുന്ന മനസ്സിന്റെ വിശേഷണങ്ങൾ നബി ﷺ പഠിപ്പിക്കുന്നത് താഴെ പറയുന്ന വിധമാണ്:

ഒന്ന്: ഒരാളെ സംബന്ധിച്ചിടത്തോളം അവന് ഏറ്റവും ഇഷ്ടപ്പെട്ടത് അവന്റെ കുടുംബം, കച്ചവടം, സമ്പത്ത്, അവന്റെ വ്യക്തിപരമായ സുഖസൗകര്യങ്ങൾ, വീട് എന്നിവയെല്ലാമായിരിക്കും. എന്നാൽ ഇവയോടുള്ള ഇഷ്ടത്തെക്കാൾ അധികം ഒരാൾക്ക് ഇഷ്ടപ്പെട്ടത് അല്ലാഹുവും അവന്റെ റസൂലും ആയിരിക്കണം. അഥവാ മറ്റെന്തു വ്യക്തിപരമായ താൽപര്യത്തെക്കാളും അല്ലാഹുവിന്റെയും മുഹമ്മദ് നബി ﷺ യുടെയും കൽപനകൾക്കും നിർദേശങ്ങൾക്കും അനുസരിച്ച് തന്റെ മനസ്സിനെ മാറ്റിയെടുക്കുന്ന ഒരു അവസ്ഥയിലേക്ക് നാം ഉയരണം. അഥവാ അല്ലാഹുവിന്റെയും റസൂലിന്റെയും ഇഷ്ടമെന്താണോ അതായിരിക്കുക നമ്മുടെ ഇഷ്ടം. അവരുടെ കൽപനകൾക്കപ്പുറത്ത് നമുക്ക് യാതൊരു തരത്തിലുള്ള സ്വാർഥതകളോ താൽപര്യങ്ങളോ ഇഷ്ടങ്ങളോ ഇല്ലാതിരിക്കുക; ഇതാണ് നാം ഉണ്ടാക്കിയെടുക്കേണ്ട ഒന്നാമത്തെ നിലപാട്.

രണ്ട്: ഒരാളെ നാം ഇഷ്ടപ്പെടുന്നത് അവൻ നമ്മുടെ പാർട്ടിക്കാരനായതുകൊണ്ടോ കുടുംബക്കാരനായതുകൊണ്ടോ നമുക്ക് അവനിൽനിന്ന് വല്ല ഗുണവും ലഭിക്കാനുള്ളതുകൊണ്ടോ ആകരുത്; മറിച്ച് അല്ലാഹുവിന് വേണ്ടി ഇഷ്ടപ്പെടുക. അഥവാ മനുഷ്യബന്ധങ്ങളെ ആത്മാർഥമായി നിലനിർത്തുക. ഒരു തിന്മ ഒരാളിൽ കണ്ടാൽ ആ തിന്മയെ നിരാകരിക്കാനും നന്മ കണ്ടാൽ ആ നന്മയെ സ്വീകരിക്കാനുമുള്ള ഒരു മാനസികാവസ്ഥ നാം ഉണ്ടാക്കിയെടുക്കുക. ഒരു ശത്രു നന്മ ചെയ്താലും ആ നന്മയെ സ്വീകരിക്കാനും ഒരു മിത്രം തിന്മ ചെയ്താൽ ആ തിന്മയെ നിരാകരിക്കാനും നമുക്ക് കഴിയണം. ഇങ്ങനെ സത്യസന്ധതയുടെ അടിസ്ഥാനത്തിൽ മനുഷ്യബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് നമ്മുടെ മനസ്സിന് ഉണ്ടായിരിക്കേണ്ട മറ്റൊരു നിലപാട്.

മൂന്ന്: നമ്മെ പിടിച്ച് കൊണ്ടുപോയി തീയിലേക്ക് വലിച്ചെറിയുന്നതിനെ എത്രമാത്രം നാം അസഹ്യമായി കാണുന്നുണ്ടോ അതിനെക്കാൾ അധികം അസഹ്യത തിന്മചെയ്യുന്നതിനെപ്പറ്റി നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. തിന്മചെയ്യുക എന്നത് നരകത്തിലേക്കുള്ള വഴിയാണെന്നും ഞാൻ എന്നെത്തന്നെ നരകത്തിലേക്ക് ചുരുട്ടിക്കൂട്ടി എറിയുന്നതിന് തുല്യമാണെന്നും തിരിച്ചറിയുക. അങ്ങനെ ഞാൻ ഒരു തിന്മയിലേക്കും പോകില്ല എന്ന മാനസിക നിലപാട് നമുക്ക് ഉണ്ടായിരിക്കുക.

ഇത്തരത്തിലുള്ള നിലപാടുകൾ നേടിയെടുക്കാനും നമ്മുടെ മനസ്സിനെ ആ നിലയ്ക്ക് ശുദ്ധീകരിച്ച് ഉയർത്തിക്കൊണ്ടുവരാനും നമുക്ക് സാധിക്കേണ്ടതുണ്ട്.