നാവിനെ സൂക്ഷിക്കുക

മുജാഹിദ് ബാലുശ്ശേരി

2022 സെപ്തംബർ 24, 1444 സ്വഫർ 27

അല്ലാഹു മനുഷ്യന് നൽകിയ ചില അനുഗ്രഹങ്ങൾ എടുത്തു പറയവെ അല്ലാഹു പറയുന്നു: “ഒരു നാവും രണ്ടു ചുണ്ടുകളും’’ (90:9).

മനുഷ്യശരീരത്തിലെ എല്ലില്ലാത്ത രണ്ട് അവയവങ്ങളിൽ ഒന്നാണ് നാവ്. നരകവും സ്വർഗവും നേടിയെടുക്കുന്നതിൽ ഏറ്റവും പ്രധാനമായ പങ്ക് വഹിക്കുന്ന ഒരവയവം കൂടിയാണത്. മാനവ ചരിത്രത്തിൽ എത്രയോ വർഗീയ കലാപങ്ങൾക്കും കുടുംബ ശൈഥില്യങ്ങൾക്കും വ്യക്തിബന്ധങ്ങൾ നശിപ്പിക്കുന്നതിനും മുഖ്യ പങ്ക് വഹിച്ചിട്ടുള്ള ഒന്നാണ് നാവ്. അതുകൊണ്ട് മനുഷ്യൻ ഏറ്റവും ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒരവയവമാണത്. വല്ലതും പറയും മുമ്പ് ഞാനെന്താണ് പറയുന്നത് എന്നും ഈ വർത്തമാനം കൊണ്ട് ലോകത്തിന് നന്മയാണോ തിന്മയാണോ ഉണ്ടാവുക എന്നും വളരെ ഗൗരവമായി ഒരു വിശ്വാസി ആലോചിക്കേണ്ടതുണ്ട്.

‘ഏ മനുഷ്യാ, ഇരുതല മൂർച്ചയുള്ള കാളസർപ്പത്തെ പോലെയാണ് നിന്റെ നാവ്, അതിനാൽ അത് ചലിപ്പിക്കുന്നേടത്ത് നീ സൂക്ഷിക്കണം’ എന്ന കവിവാക്യം വളരെ പ്രസക്തമാണ്.

അല്ലാഹു പറയുന്നു: “നീ എന്റെ ദാസൻമാരോട് പറയുക; അവർ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീർച്ചയായും പിശാച് അവർക്കിടയിൽ (കുഴപ്പം) ഇളക്കിവിടുന്നു. തീർച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു’’ (ക്വുർആൻ 17:53).

‘നബിയേ, വിജയം എന്നു പറഞ്ഞാൽ എന്താണ്’ എന്ന അനുചരന്റെ ചോദ്യത്തിന് പ്രവാചകൻ ﷺ  നാവിൽ പിടിച്ചുകൊണ്ട് ഇങ്ങനെ മൊഴിഞ്ഞുവത്രെ:… ‘നാവിനെ കെട്ടിയിടലാണ് വിജയം.’

നാവിനെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഈ തിരുമൊഴി നമ്മെ ബോധ്യപ്പെടുത്തുന്നു.

‘ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ നല്ലതു പറയട്ടെ, അല്ലെങ്കിൽ അവൻ മൗനം പാലിക്കട്ടെ’ എന്നും നബി ﷺ  പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.

നമ്മൾ ഒരു ദിവസം ആരോടൊക്കെയാണ് സംസാരിക്കുന്നത്? മാതാപിതാക്കളോട്, ഇണകളോട്, മക്കളോട്, കുടുംബക്കാരോട്, അയൽക്കാരോട്, പണിക്കാരോട്, സഹപ്രവർത്തകരോട്... ഇങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നമുക്ക് സംസാരിക്കേണ്ടിവരും. എല്ലാവരോടും ഒരുപോലെയല്ല നാം സംസാരിക്കുക. എന്നാൽ ഇസ്‌ലാമികമായ മര്യാദ ആരോടു സംസാരിക്കുമ്പോഴും പാലിക്കേണ്ടതുണ്ട്.

നമ്മുടെ വാക്കുകൾ അല്ലാഹു ഏർപ്പെടുത്തിയ മലക്കുകൾ എഴുതി രേഖപ്പെടുത്തുന്നുണ്ടെന്നും അത് നാളെ മഹ്ശറയിൽ നമുക്ക് ഒന്നുകിൽ സ്വർഗമോ അല്ലെങ്കിൽ നരകമോ നേടിത്തരുമെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഗൗരവമുള്ളതാണ് ഈ വിഷയം. സൂക്ഷിച്ചാൽ ദുഃഖി ക്കേണ്ടിവരില്ല.