എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

അഫ്ഗാനിന്റെ ദുരവസ്ഥ

-മുഹമ്മദ് ജമാല്‍, തിരുവനന്തപുരം

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനില്‍വെച്ച് വെടിയേറ്റുമരിച്ച സംഭവത്തെ ആസ്പദമാക്കി സുഫ്‌യാന്‍ അബ്ദുസ്സലാം എഴുതിയ 'ഡാനിഷിന്റെ അന്ത്യം: അഫ്ഗാനില്‍ പുകയുന്നതെന്ത്?' എന്ന ലേഖനം കാലിക പ്രസക്തവും പഠനാര്‍ഹവുമായിരുന്നു.

ലേഖകന്‍ എഴുതിയതുപോലെ, അഫ്ഗാനിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍നിന്നും മുസ്‌ലിംരാഷ്ട്രങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. ജനങ്ങളുടെ ഐക്യമാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ വിജയത്തിന്റെ നിദാനമായിട്ടുള്ള സുപ്രധാന ഘടകം. ശക്തമായ ഇസ്‌ലാമിക ബോധത്തിലൂടെയും ജനാഭിപ്രായ മൂല്യങ്ങളിലൂടെയും മാത്രമെ ഏതൊരു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തിനും നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. നാലുകോടി ജനങ്ങള്‍ മാത്രമുള്ള അഫ്ഗാനില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരുപറഞ്ഞുകൊണ്ട് എത്രയെത്ര സംഘങ്ങളാണ് പരസ്പരം പോരടിക്കുന്നത്! എത്ര വര്‍ഷങ്ങളായി അവര്‍ ഇത് തുടങ്ങിയിട്ട്! ഈ പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഒരു സംഘത്തിന് മറ്റൊരു സംഘത്തില്‍നിന്നുള്ള ഭീഷണി ഇല്ലാതാക്കുന്നതിനും പുറത്തുനിന്നുള്ള സൈനികശക്തികളെ ആശ്രയിക്കേണ്ടിവരുന്നു എന്നതിനെക്കാള്‍ നാണംകെട്ട അവസ്ഥ എന്താണുള്ളത്? സ്വന്തം രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായിരിക്കണം ഏതൊരു രാജ്യത്തെ ഭരണാധികാരികളും ജനനേതാക്കളും മുന്‍ഗണന നല്‍കേണ്ടത്. സ്വന്തം രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കാന്‍ സാധിക്കാത്തവര്‍ക്ക് അന്യരാജ്യങ്ങളെ അക്കാര്യത്തില്‍ പഴിപറയാന്‍ യാതൊരു അവകാശവുമില്ല.