എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

ഉത്തമം സ്വഭാവത്തിലൂടെ സ്വര്‍ഗത്തിലേക്ക്

-ഹസ്‌ന റീം ബിന്‍ത് അബുനിഹാദ്

അല്ലാഹുവിന്റെ ഇഷ്ടവും ജനങ്ങളുടെ ഇഷ്ടവും ഒരുപോലെ നേടിയെടുക്കാന്‍ സാധിക്കുന്ന ഒന്നാണ് ആകര്‍ഷണീയമായ പെരുമാറ്റം. ഇരുലോകത്തും വമ്പിച്ച നേട്ടങ്ങളാണ് ഇതിലൂടെ കൈവരുന്നത്. സ്വര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവേശിക്കാന്‍ കാരണമെന്ന് നബി ﷺ പഠിപ്പിച്ച രണ്ടുകാര്യങ്ങളാണ് തക്വ്‌വ(ധര്‍മനിഷ്ഠ)യും സല്‍സ്വഭാവവും.

സല്‍സ്വഭാവം മുഖേന മനുഷ്യന് ഉന്നതമായ പദവികള്‍ നേടിയെടുക്കാന്‍ കഴിയും എന്ന് റസൂല്‍  പഠിപ്പിച്ചിട്ടുണ്ട്. അന്നപാനീയങ്ങള്‍ വെടിഞ്ഞ് നോമ്പെടുക്കുന്നവന്റെയും രാത്രി ദീര്‍ഘമായി നമസ്‌കരിക്കുന്നവന്റെയും പദവികള്‍പോലും ഉന്നതമായ സ്വഭാവഗുണങ്ങളിലൂടെ നേടിയെടുക്കാന്‍ സാധിക്കും.

 ആഇശ(റ)യില്‍ നിന്ന്: ''നബി ﷺ പറഞ്ഞു: തീര്‍ച്ചയായും സത്യവിശ്വാസികളില്‍ വിശ്വാസത്തില്‍ ഏറ്റവും പൂര്‍ണതയുള്ളത് സ്വഭാവത്തില്‍ ഏറ്റവും ഉത്തമമായവരാണ്'' (സുനനു അഹ്മദ്).

പരലോകത്ത് മീസാനില്‍ ഏറ്റവും കൂടുതല്‍ കനംതൂങ്ങത് സല്‍സ്വഭാവമാണ് എന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. പക്വത, വിനയം, ലാളിത്യം, വിട്ടുവീഴ്ച, വിവേകം, അവധാനത, ക്ഷമ... ഇതെല്ലാം ഉല്‍കൃഷ്ടമായ സ്വഭാവത്തിന്റെ വിവിധ തലങ്ങളാണ്.

അചഞ്ചലമായ പരലോക വിശ്വാസമുള്ളവര്‍ക്ക് മാത്രമെ ഉപാധികളില്ലാതെ മറ്റുള്ളവരോട് ഏറ്റവും നന്നായി പെരുമാറാനും വിട്ടുവീഴ്ചാമനഃസ്ഥിതി കൈക്കൊള്ളാനും കഴിയുകയുള്ളൂ. ആത്മാര്‍ഥമായ സ്‌നേഹമെന്നത് ഉല്‍കൃഷ്ട സ്വഭാവത്തിന്റെ അടയാളമാണ്.

'ജനങ്ങളോട് ഉത്തമ സ്വഭാവത്തോടെ നീ പെരുമാറുക' എന്ന് നബി ﷺ പറഞ്ഞതായി കാണാം. ഈ കല്‍പന അനുസരിക്കുകവഴി നബിചര്യ പിന്തുടരുക എന്ന മഹത്തായ നേട്ടംകൂടി നമുക്ക് സമ്പാദിക്കാന്‍ സാധിക്കും.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ നിയുക്തനായിട്ടുള്ളത് ഉത്തമസ്വഭാവങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടിയാണ്.'

മോശപ്പെട്ട സ്വഭാവമുണ്ടായിരുന്ന എത്രയോ ആളുകള്‍ സല്‍സ്വഭാവികളായി മാറിയതിന് ചരിത്രം സാക്ഷിയാണ്. അല്ലാഹുവിലുള്ള ദൃഢവിശ്വാസവും പരലോകം യാഥാര്‍ഥ്യമാണെന്ന ഉറച്ച ബോധവുമാണ് അവരുടെ ദുഃസ്വഭാവങ്ങള്‍ വെടിയാന്‍ അവര്‍ക്ക് നിമിത്തമായത്.

ഒരിക്കല്‍ നബി ﷺ യെ കാണാന്‍ വേണ്ടി മറുനാട്ടില്‍നിന്നും ഒരു സംഘം മദീനയില്‍ എത്തി. അവര്‍ തിരക്കുകൂട്ടി നബിയുടെ അരികിലേക്ക് വന്നു. എന്നാല്‍ സംഘത്തില്‍ ഉണ്ടായിരുന്ന അശജ്ജ് അബ്ദുല്‍ കൈ്വസ് എന്ന  ഒരു സ്വഹാബി തന്റെ വാഹനം സാവധാനത്തില്‍ നിര്‍ത്തി പക്വതയോടുകൂടി  നബിയുടെ അടുത്തേക്ക് വന്നപ്പോള്‍ അദ്ദേഹത്തോട് നബി ﷺ പറഞ്ഞു:

''തീര്‍ച്ചയായും താങ്കളില്‍ രണ്ട് ഗുണങ്ങളുണ്ട്. രണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നു. വിവേകവും അവധാനതയും'' (മുസ്‌ലിം).

'അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ എന്റെ പ്രകൃതത്തിലൂട്ടിയ അല്ലാഹുവിന് സ്തുതി' എന്നായിരുന്നു ആ സ്വഹാബിയുടെ പ്രതികരണം.

നബി ﷺ യുടെ ഒരു പ്രാര്‍ഥന കാണുക: ''അല്ലാഹുവേ, ഏറ്റവും മികച്ച കര്‍മങ്ങളിലേക്കും ഏറ്റവും മികച്ച സ്വഭാവങ്ങളിലേക്കും എന്നെ നീ വഴിനടത്തേണമേ. നീയല്ലാതെ എറ്റവും മികച്ചതിലേക്ക് വഴി നടത്താന്‍ മറ്റാരുമില്ല. ദുഷിച്ച കര്‍മങ്ങളില്‍നിന്നും ദുഃസ്വഭാവങ്ങളില്‍നിന്നും  എന്നെ നീ കാത്തുരക്ഷിക്കേണമേ. മോശമായതില്‍നിന്നും കാത്തുരക്ഷിക്കാന്‍ മറ്റാരുമില്ല'' (നസാഈ)