എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

മാതൃത്വത്തിന്റെ വില കളയുന്നവര്‍

-ഹസ്‌ന റീം ബിന്‍ത് അബുനിഹാദ്

വികലമായ കാഴ്ചപ്പാടുകളും ആര്‍ത്തികളും സ്‌നേഹത്തെയും കാരുണ്യത്തെയും കവര്‍ന്നെടുക്കുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെയും കുഞ്ഞിളംമേനിയെ എത്ര വാത്സല്യത്തോടെയും കരുതലോടും കൂടിയാണ് നാം സ്പര്‍ശിച്ചിരുന്നത്! മാതൃത്വത്തിന്റെ അതിശക്തമായ ചൂടും ചൂരുമേറ്റു വളരുന്ന ഓരോ കുഞ്ഞും നാളെയുടെ കതിര്‍നാമ്പുകളാണ്. ഇന്ന് നമുക്കുചുറ്റും ബന്ധങ്ങള്‍ ബന്ധനങ്ങളാവുകയാണ്. 'മാതൃത്വം' കേവലം കര്‍ത്തവ്യം മാത്രമായി ലഘൂകരിക്കപ്പെടുകയാണ്.  

'കുട്ടിക്കാലം,' 'ബാല്യകാലം' എന്നൊക്ക വിളിക്കപ്പെടുന്ന; നാമൊക്കെ ഓര്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ കാലം എത്ര മധുരമുള്ളതായിരുന്നു! മാമ്പൂക്കള്‍ മുളപൊട്ടുമ്പോള്‍ തന്നെ കോലായില്‍ ഇരുന്ന് മുറ്റത്തെ മാവിനെ കണ്‍കുളിര്‍ക്കെ കണ്ടാസ്വദിച്ചിരുന്ന കാലം ഇന്നും ഓര്‍മകളില്‍ ചിറകിട്ടടിക്കുകയാണ്.

സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും അനേകം സ്വപ്‌നങ്ങളുടെയും കരവലയങ്ങള്‍ക്കുള്ളിലാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. തീര്‍ച്ചയായും 'മാതൃത്വം' എന്നത് വാത്സല്യത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത യാഥാര്‍ഥ്യമാണ്. അത് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച സ്ത്രീകള്‍ എത്ര അനുഗൃഹീതരാണ്!

പുരുഷബീജത്തിന്റെ, സ്ത്രീയുടെ ഗര്‍ഭാശയത്തിലേക്കുള്ള യാത്രതന്നെ അത്ഭുതകരമാണ്. പിന്നീട് എത്രയെത്ര അതിശയകരമായ ഘട്ടത്തിലൂടെയാണ് ഗര്‍ഭപാത്രത്തിനകത്ത് ഒരു കുഞ്ഞ് വളരുന്നത്! ക്ലേശകരമായ അനേകം അനുഭവങ്ങളിലൂടെ അവളതിനെ ഗര്‍ഭത്തില്‍ ചുമക്കുന്നു. വേദനയുടെ പരമോന്നതിയില്‍ അവളതിനെ പ്രസവിക്കുന്നു. ചൂടും ചൂരും കൊടുത്തു ആ കുഞ്ഞുപൈതലിനെ മുലയൂട്ടിവളര്‍ത്തുന്നു. സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും വാത്സല്യവും ആവോളം ആസ്വദിച്ച് ആ കുഞ്ഞ് അവളുടെ മടിത്തട്ടില്‍ വളരുന്നു. തന്റെ കുഞ്ഞിന്റെ ചുണ്ടില്‍ വിടരുന്ന ഓരോ പാല്‍പുഞ്ചിരിയിലും ഓരോ മാതാവിന്റെയും മനം കുളിര്‍ക്കുന്നു.

എന്നാല്‍ ചില മാതാക്കള്‍ ക്രൂരതയുടെ ആള്‍രൂപമായി മാറുന്ന കാഴ്ച നാം ഇടയ്ക്കിടെ കണ്ടുകൊണ്ടിരിക്കുന്നു. സ്‌നേഹവും വാത്സല്യവുമൊക്കെ നിസ്സഹായാവസ്ഥയില്‍ നമ്മെ നോക്കി ലജ്ജിക്കുകയാണിവിടെ! സ്വന്തം കാമപൂര്‍ത്തീകരണത്തിന് തടസ്സമെന്നുകണ്ട് താന്‍ നൊന്തുപ്രസവിച്ച കുഞ്ഞിനെ പാറക്കെട്ടുകള്‍ക്കിടയില്‍ വലിച്ചെറിഞ്ഞ മാതാവ് സങ്കല്‍പകഥയിലെ കഥാപാത്രമല്ല. കുഞ്ഞിനെ കാമുകനെക്കൊണ്ട് കൊല്ലിച്ചതും പ്രായപൂര്‍ത്തിയായ മകളെ കാമുകന്റെ സഹായത്താല്‍ കൊന്ന് കിണറ്റിലിട്ടതും കേവലം കെട്ടുകഥയല്ല. ഏതോ രാജ്യത്തു നടന്ന സംഭവവുമല്ല. നമ്മുടെ കേരളത്തില്‍ നടന്നതാണ്. ഇങ്ങനെ എത്രയോ സംഭവങ്ങളുണ്ട് എടുത്തുപറയാന്‍

ഇതാണോ ഓരോ കുഞ്ഞും ആഗ്രഹിക്കുന്ന, അന്വേഷിക്കുന്ന മാതൃത്വം? കാമപൂര്‍ത്തീകരണത്തിന് വേണ്ടി 'മാതൃത്വ'ത്തെ തന്നെ കൊലചെയ്യുന്ന മാതാവിനെയാണോ കുഞ്ഞുങ്ങള്‍ കണികണ്ടുണരേണ്ടത്? മാതാവിന്റെ നെഞ്ചില്‍ ഭയപ്പാടില്ലാതെ തലചായ്ച്ചുറങ്ങുന്ന കുഞ്ഞുപൈതങ്ങള്‍ ആ മാതാവിന്റെ കരങ്ങളാല്‍ കൊല്ലപ്പെടുന്നതിലെ വേദനയെക്കാള്‍ വലിയ വേദന ഏതുണ്ട്?

നൈമിഷികമായ സുഖത്തിനുവേണ്ടി ഇഹലോകത്തെയും പരലോകത്തെയും സ്വന്തം മക്കളയും നഷ്ടപ്പെടുത്തുന്ന അമ്മമാര്‍ ഇനിയും ഉണ്ടായിക്കൂടാ. മാതൃത്വത്തിന്റെ മഹനീയത എന്തെന്ന് തിരിച്ചറിയാന്‍ ഓരോ മാതാവിനും കഴിയേണ്ടതുണ്ട്. മാതൃത്വത്തെ വാത്സല്യധാരകളാക്കി മാറ്റുന്ന മാതാക്കളാവട്ടെ നാളെയുടെ ഓരോ താരാട്ടും പാടുന്നത്.