എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

വിജയത്തിലേക്കുള്ള പാത: രക്ഷിതാക്കളുടെ പങ്ക്

-സഹല പി.കെ, കൊളത്തൂര്‍

ഓരോ വിദ്യാര്‍ഥിയും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ ജീവിത വിജയവും ഭാവി സുരക്ഷിതത്വവുമാണ്. അതിനുള്ള പിന്തുണ രക്ഷിതാക്കളില്‍നിന്നും അവര്‍ക്ക് കിട്ടേണ്ടതുണ്ട്.

കുട്ടികളുടെ വിജയത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു വലിയ പങ്കുതന്നെയുണ്ട്. രക്ഷിതാക്കള്‍ കുട്ടികളില്‍ അര്‍പ്പിക്കുന്ന അമിത പ്രതീക്ഷ സമ്മര്‍ദമായി വളര്‍ന്ന് അത് അവരുടെ ഭാവിയെത്തന്നെ തകിടം മറിക്കുവാന്‍ സാധ്യതയുണ്ട്. പഠനത്തില്‍ കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ മേഖല തിരഞ്ഞെടുക്കാന്‍വേണ്ടി അവരെ പ്രോത്സാഹിപ്പിക്കേണ്ട രക്ഷിതാക്കള്‍ അവരുടെ കഴിവിനെ തിരിച്ചറിയാതെ സ്വന്തം താല്‍പര്യമനുസരിച്ച് തിരിച്ചുവിടുന്നത് ശരിയല്ല.

കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിനോദവും വിശ്രമവും അത്യാവശ്യമാണ്. എപ്പോഴും പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിന്റെ പേരില്‍ വഴക്കു പറയുന്നതും അവരുടെ മനസ്സിനെ സാരമായി ബാധിക്കുന്നതാണ്. ഇത് അവരുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നു. അവരെ മറ്റു കുട്ടികളുമായി താരത്മ്യം ചെയ്യുന്നതിന്റെ ഫലവും ഇതില്‍നിന്നും വിത്യസ്തമല്ല. ഏതൊരു പ്രതിസന്ധിക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കാനും അതിനെ ആത്മവിശ്വാസത്തോടുകൂടി നേരിടാനുമുള്ള പ്രാപ്തി കൈവരിക്കാന്‍ അവര്‍ക്ക് സാധിക്കണം. അതിനുള്ള പിന്തുണ അവര്‍ക്ക് രക്ഷിതാക്കളില്‍നിന്നാണ് ലഭിക്കേണ്ടത്.

പഠനത്തില്‍ അവരെ സഹായിക്കാന്‍ കഴിയില്ലെങ്കിലും പഠനസമയത്ത് അവരുടെ അടുത്തിരിക്കുന്നത് അവര്‍ക്ക് വലിയ പ്രോത്സാഹനമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ ഉറ്റ സുഹൃത്തുക്കളായി മാറണം. ആവശ്യങ്ങളും പ്രയാസങ്ങളും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കു നല്‍കണം. മാതാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടത്.


ഹലാല്‍ വിവാദങ്ങളുടെ പിന്നില്‍...

-മുഹമ്മദ് ഫായിസ്, തിരൂര്‍

'ഹലാല്‍: വിവാദങ്ങളും ഫലിതങ്ങളും' എന്ന മുജീബ് ഒട്ടുമ്മല്‍ എഴുതിയ ലേഖനം കാലികപ്രസക്തവും ചിന്തനീയവുമായിരുന്നു. ഭക്ഷണത്തില്‍ പോലും വേര്‍തിരിവിന്റെ രാഷ്ട്രീയത്തിന് മാനം കണ്ടെത്തുന്നവരുടെ ഗൂഢലക്ഷ്യം ലേഖനത്തില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കുവാന്‍ പൗരനുള്ള അവകാശം ഹനിക്കുവാനുള്ള നിയമങ്ങള്‍ ചുട്ടെടുക്കുവാന്‍ ഒരുഭാഗത്ത് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോമാംസം മാത്രമല്ല, ഒരു മാംസവും തിന്നാന്‍ അനുവദിക്കില്ല എന്ന നിലയിലാണ് ആവേശം മൂത്ത സംഘ്പരിവാറുകാര്‍ ഉള്ളത്. ഒരു വിഭാഗം തങ്ങള്‍ക്ക് ഇഷ്ടമുള്ള ആഹാരം തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം അതിന്റെ ഉപയോഗത്തിന് നിരോധമേര്‍പ്പെടുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഇതെന്താ വെള്ളെരിക്കാ പട്ടണമാണോ?

ഹലാലിനെ തീവ്രവാദത്തിന്റെ പദമായിക്കൊണ്ടു പോലും വ്യാഖ്യാനിക്കുന്നു ചില സ്ഥാപിത താല്‍പര്യക്കാര്‍. ഇതിനു പിന്നിലെ മതവും രാഷ്ട്രീയവും തിരിച്ചറിയാന്‍ കഴിയാത്തവരല്ല മലയാളികള്‍ എന്നേ പറയാനുള്ളൂ.