ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

(ഭാഗം: 5)

ഇന്ത്യയില്‍ നിലവില്‍ ദളിത്-മുസ്‌ലിം സംഘശക്തി മുന്നോട്ടുവരുന്ന സ്ഥിതിവിശേഷം പൊതുവെ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലപ്പോഴും അരികുവത്കരിക്കുന്നതുകൊണ്ടാണ് ആ ഒരു ശക്തി വേണ്ടത്ര ലഃുഹീൃല ചെയ്യപ്പെടാതെ പോകുന്നത്. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് ദളിത് സംഘടനകള്‍ നടത്തുന്ന ഒരു ഹര്‍ത്താലിന്റെ ദിനത്തിലാണ്. പക്ഷേ, ഹര്‍ത്താലിന്റെ പ്രതീതി പുറത്തെവിടെയും ഇല്ല. എന്തുകൊണ്ടാണ് ഫാഷിസം ഇത്രമേല്‍ പത്തിവിടര്‍ത്തിക്കഴിഞ്ഞ സാഹചര്യത്തിലും ഇടതുപക്ഷവും കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗുമെല്ലാം ഈ മുസ്‌ലിം-ദളിത് പോരാട്ടങ്ങളെ ശക്തമായി പിന്തുണയ്ക്കാത്തത്? പലപ്പോഴും ഈ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നത് മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന, തീവ്രവാദ ചിന്താഗതിക്കാരെന്ന് ആരോപിക്കപ്പെടുന്ന ചിലരാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരവസ്ഥ? ശരിയായ ഒരു പോരാട്ടത്തിന്റെ വഴിയിലേക്ക്  വരുമ്പോള്‍ പോലും ഈ സംഘശക്തിയെ എല്ലാവരും ഭയപ്പെടുന്നതിന്റെ കാരണമെന്തായിരിക്കുമെന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിലെ വിജയം, ജനങ്ങളെ വിപുലമായി ഐക്യപ്പെടുത്താനുള്ള വഴികള്‍ തുടങ്ങിയ കാര്യങ്ങളാണ് പൊതുവെ സെക്കുലര്‍ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. അപ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സംഘ്പരിവാര്‍ വിഭജനത്തിന്റെ, ജനങ്ങളെ ജാതിമതാടിസ്ഥാനത്തില്‍ അകറ്റുന്നതിന്റെ നിരന്തരമായ ശ്രമങ്ങള്‍ തുടരുകയാണ്. ജാതിമതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ത്യന്‍ ഫാഷിസം ശ്രമിക്കുമ്പോള്‍ അതിന്റെ തന്നെ വേറൊരു തരത്തിലുള്ള ആവര്‍ത്തനമായിട്ട് അതിനെ പ്രതിരോധിക്കാന്‍ കഴിയുമോ എന്നത് വലിയൊരു സംവാദ വിഷയമായിട്ട് തുടരുകയാണ്. അപ്പോള്‍ ഇവിടെ ഏറ്റവും പ്രധാനമായിട്ടുള്ളൊരു പ്രശ്‌നമെന്താണെന്ന് പറഞ്ഞാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതയാണ്. ഉദാഹരണമായിട്ട് മുസ്‌ലിംകള്‍, ദളിതര്‍, സ്ത്രീകള്‍. അവര്‍ പ്രത്യേക പ്രശ്‌നം അനുഭവിക്കുന്നു എന്നുള്ളത് പരാമര്‍ഥമാണ്. ഇപ്പോള്‍ തന്നെ നിലവിലുള്ള നിയമം നോക്കിക്കഴിഞ്ഞാല്‍ അത് മുസ്‌ലിംകളെ തന്നെയാണ് പ്രത്യക്ഷത്തില്‍ ലക്ഷ്യം വെക്കുന്നത്. പരോക്ഷമായി അത് മറ്റുള്ളവരെയും ബാധിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരു പ്രധാന പ്രശ്‌നം ഇതാണ്; ഒരു ജനവിഭാഗം,  ഒരു ലിംഗവിഭാഗം, അല്ലെങ്കില്‍ ഒരു മതവിഭാഗം പ്രത്യേക തരത്തിലുള്ള ആക്രമണത്തിന് വിധേയമാകുമ്പോള്‍ അവര്‍ക്ക് അതിനെതിരെ പ്രതികരിക്കാന്‍ അവകാശമില്ലേ? തീര്‍ച്ചയായിട്ടും അവകാശമുണ്ട് എന്ന് കരുതുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകനാണ് ഞാന്‍.

ഉദാഹരണമായിട്ട് എന്റെ ആദ്യത്തെ പുസ്തകങ്ങളിലൊന്ന്, ആദ്യത്തെ പുസ്തകമല്ല; പക്ഷേ, സ്വത്വവുമായി ബന്ധപ്പെട്ട, ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട എന്റെ ആദ്യത്തെ പുസ്തകം 'കറുപ്പിന്റെ സൗന്ദര്യ ശാസ്ത്ര'മാണ്. അതായത് കറുത്തവരായതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യര്‍. ഏതുമതത്തിലും  ഏതുജാതിയിലും  ഏതുപാര്‍ട്ടിയിലും മതരഹിതരിലും ഒക്കെ കറുത്തവരോട് ഒരു ചെറിയ വിവേചനമുണ്ട് . നമ്മളിപ്പോള്‍ എന്തൊക്കെ പറഞ്ഞാലും സാധാരണ വിവാഹ കമ്പോളത്തില്‍ ഏറ്റവും പ്രസിദ്ധമായൊരു വാക്യമുണ്ട്, സ്ഥിരം വാക്യം; 'ചെക്കന്‍ വെളുത്തിട്ടാണ്, രാഷ്ട്രീയവുമില്ല' എന്നതാണത്. ഇത് രണ്ടും കൂടി ഒത്തുവന്നാല്‍ അപൂര്‍വ സൗഭാഗ്യമാണ് കല്യാണത്തിന! കാരണം വെളുപ്പിനെയാണ് ആളുകള്‍ സൗന്ദര്യമായിട്ട് കാണുന്നത്. രാഷ്ട്രീയം ഒന്നും ഇല്ലെന്ന് പറഞ്ഞാല്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും വീട്ടില്‍ തന്നെ കാണും എന്നര്‍ഥം. സത്യത്തില്‍ വെളുത്ത ആളായിരിക്കുന്നതില്‍ കുറ്റമില്ല, കറുത്ത ആളാവുന്നതിലും കുറ്റമില്ല. എല്ലാ നിറവും തുല്യനിലയില്‍ നൃത്തമാടുന്ന ഒരു കാലമാണ് ജനാധിപത്യം സ്വപ്‌നം കാണുന്നത്. എന്റെ 'കറുപ്പിന്റെ സൗന്ദര്യ ശാസ്ത്ര'ത്തില്‍ ഞാന്‍ പറയുന്നത് കറുത്തവരായതിന്റെ പേരില്‍  ഒഴിച്ചുനിര്‍ത്തപ്പെടുന്നവരെ കുറിച്ചാണ്.

പിന്നെയുള്ളത് 2002ലെ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിലുള്ള രചനയാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് സന്ദര്‍ശിച്ചതിനു ശേഷം എഴുതിയത്.  കടമ്മനിട്ടയുടെ  'അശുദ്ധം' എന്നുള്ള കവിതയൊക്കെ വന്നു. ഞാന്‍ 'ഇരകളുടെ മാനിഫെസ്‌റ്റോ' എഴുതി. ഇരകളുടെ മാനിഫെസ്‌റ്റോയില്‍ മുന്നോട്ടു വെക്കാന്‍ ശ്രമിച്ച ഒരു കാര്യമിതാണ്: പീഡനത്തിന് ഗുജറാത്തില്‍ വിധേയമാകുന്നത് മുസ്‌ലിംകളാണ്. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് അതിനെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ട്,  അവര്‍ക്ക് ഐക്യപ്പെടാന്‍ അവകാശമുണ്ട്. അങ്ങനെ ഐക്യപ്പെടുമ്പോള്‍ മുസ്‌ലിംകളല്ലാത്ത, മറ്റുമതത്തില്‍പെട്ടവരും ഒരു മതത്തിലും പെടാത്തവരും എല്ലാ രാഷ്ട്രീയക്കാരും അവരോടൊപ്പം നില്‍ക്കണം. കാരണം ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്നുള്ളതാണ് ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപെട്ട ദൗത്യം. അതേപോലെ ഇരകള്‍ക്ക് ഐക്യപ്പെടാനും അവകാശമുണ്ട്. പക്ഷേ, ഇരകളുടെ ഐക്യത്തെ പര്‍വതീകരിച്ചിട്ട്, ഭീതിസൃഷ്ടിച്ചിട്ട് മറുഭാഗത്തുനില്‍ക്കുന്ന മനുഷ്യരെ കൃത്രിമമായിട്ട് ഐക്യപ്പെടുത്താന്‍ ഫാഷിസം എല്ലാവിധ ശ്രമങ്ങളും നടത്തും. ഇപ്പോള്‍ തന്നെ നമ്മുടെ സാമാന്യ ബോധത്തില്‍ -ഞാന്‍ ഫാഷിസ്റ്റുകളെ കുറിച്ചല്ല പറയുന്നത്- ഇതുവരെ സമരരംഗത്ത് വരാത്ത മുസ്‌ലിം സ്ത്രീകളടക്കം, പ്രത്യേകിച്ച് ആ സ്ത്രീകളില്‍ ഭൂരിപക്ഷവും പര്‍ദ ധരിക്കുന്നവരാണെങ്കില്‍, അങ്ങനെ പര്‍ദ ധരിച്ചിട്ടുള്ള ഒരു പതിനായിരം സ്ത്രീകളെ ഒന്നിച്ച് കാണുമ്പോള്‍ ഒരു തരത്തിലുള്ള അസ്വാരസ്യം ഉണ്ടാകുന്നുണ്ട്. പൊതുബോധത്തില്‍ ഇത്തരത്തിലുള്ള അസ്വാരസ്യം ഉണ്ടാകുന്നതിന് ഈ പ്രത്യേക വസ്ത്രം ധരിച്ച സ്ത്രീകള്‍ വാദികളോ പ്രതികളോ അല്ല. അത് അവരുടെ ഉത്തരവാദിത്തവുമല്ല. എങ്കില്‍ തന്നെയും നമ്മുടെ പൊതുബോധം ആവിധം അസമമാണ്, സങ്കീര്‍ണമാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി ഇന്നത്തെ ഒരു പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഇതുകൂടി പരിഗണിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഷഹീന്‍ബാഗിലേക്ക് വെല്ലുവിളിയും ഭീഷണിയുമായിട്ട് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ വന്നപ്പോള്‍ സഖാവ് സീതാറാം യെച്ചൂരി ഉള്‍പെടെയുള്ളവരും കോണ്‍ഗ്രസിന്റെ നേതാക്കന്മാരും അവിടെയെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. തീര്‍ച്ചയായിട്ടും ഈ സമരത്തില്‍ സംഭവിക്കാവുന്ന വഴുക്കലുകളുണ്ട്. ആ വഴുക്കലെന്താണെന്ന് പറഞ്ഞാല്‍, പീഡനം ഏല്‍ക്കുന്ന ഏതെങ്കിലും ഒരു ജനവിഭാഗം മാത്രം അതിനെതിരെ പ്രതികരിക്കുന്ന ഒരവസ്ഥ വരുമ്പോള്‍ അതിനെ എളുപ്പത്തില്‍ ഇന്ത്യന്‍ ഫാഷിസത്തിന് പരാജയപ്പെടുത്താന്‍ പറ്റും. അപ്പോള്‍ പീഡനം ഏല്‍ക്കുന്ന സാമൂഹ്യവിഭാഗത്തിനൊപ്പം മറ്റു വിഭാഗങ്ങളെ കൂടി ഐക്യപ്പെടുത്തണം. സത്യത്തില്‍ പീഡനമേല്‍ക്കുന്നവര്‍ക്കൊപ്പം അവര്‍ ഐക്യപ്പെടുകയാണ് വേണ്ടത്. പക്ഷേ, ഇന്നത്തെ പശ്ചാത്തലത്തില്‍ നമ്മുടെ സാമൂഹ്യ വളര്‍ച്ചയിലെ ചില അസമതകള്‍ കാരണം ചില സങ്കീര്‍ണതകളുണ്ട്. ഈ സങ്കീര്‍ണതകളോട് സംവദിക്കാന്‍ നിര്‍ബന്ധിതമായത് കൊണ്ടാവണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെറിയൊരു പ്രയാസം ഉണ്ടാവുന്നത്. അതല്ലാതെ ഈ പീഡനം അനുഭവിക്കുന്ന ജനത പീഡനം അനുഭവിച്ചോട്ടെ എന്ന നിഷേധ കാഴ്ചപ്പാടല്ല അത്. മറിച്ച് ഇന്നത്തെ സങ്കീര്‍ണത തീര്‍ച്ചയായും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗുജറാത്ത് വിഷയമുണ്ടായപ്പോള്‍ കേരളത്തില്‍ നിന്ന് അവിടം സന്ദര്‍ശിച്ചത് പുരോഗമനകലാ സാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തകരെന്ന നിലയ്ക്ക് കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഞാനുള്‍പെടെയുള്ളവരാണ്. മാത്രമല്ല, എനിക്കുറപ്പിച്ചു പറയാന്‍ പറ്റും;  ഫാഷിസത്തിന്റെ അപകടത്തെ കുറിച്ച് അന്ന് കേരളം മുഴുവന്‍, ഇന്ത്യ മുഴുവന്‍ ഫാഷിസ്റ്റ് വിരുദ്ധ പാഠശാലകള്‍ക്ക് ജന്മം നല്‍കിക്കൊണ്ട് ഈ പ്രശ്‌നം അവതരിപ്പിക്കുന്നതില്‍ മുസ്‌ലിം സംഘടനകളല്ല മുന്നില്‍ ഉണ്ടായിരുന്നത്, സത്യസന്ധമായി പറഞ്ഞാല്‍ ഇടതുപക്ഷം തന്നെയാണ്.  മാത്രമല്ല അതേക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളും കവിതകളും കഥകളുമൊക്കെ നോക്കിക്കഴിഞ്ഞാല്‍ മുസ്‌ലിം പേരുള്ളവര്‍ പോലുമല്ല എന്ന് കാണാനാവും. ഒരു പക്ഷേ, കടമ്മനിട്ടയുടെ തന്നെ 'കുറത്തി'ക്ക് ശേഷം കേരളത്തില്‍ ഏറ്റവും വ്യാപകമായിട്ട് ചൊല്ലിയത് അദ്ദേഹത്തിന്റെ 'ക്യാ' എന്ന കവിതയാണ്. ആ കവിത നിങ്ങളോര്‍ക്കുന്നുണ്ടാവാം. ആ കവിത എഴുതുന്നതിന് ഞാന്‍കൂടി സാക്ഷിയാണ്. കാരണമെന്താണെന്ന് വെച്ചാല്‍ കടമ്മനിട്ട പുകസയില്‍ വരുന്ന ആ പശ്ചാത്തലത്തില്‍ കള്ളുകുടി നിര്‍ത്തിയിരുന്നു. അതോടെ ആളുകള്‍ തമാശയായിട്ട് പറയാന്‍ തുടങ്ങി; കള്ളുകുടി നിര്‍ത്തിയത് കൊണ്ടും  പുകസയില്‍ വന്നത് കൊണ്ടുമാണ് കടമ്മനിട്ടയുടെ കവിത നഷ്ടമായത് എന്ന്. ഞങ്ങളൊക്കെ കടമ്മനിട്ടയോട് ചോദിക്കുമായിരുന്നു; എന്തുപറ്റി എന്ന്.  അപ്പോഴൊന്നും അദ്ദേഹം ഒന്നും എഴുതിയില്ല. പക്ഷേ, ഗുജറാത്തിലെ ഈ അവസ്ഥ കണ്ട് തിരിച്ചുവരുമ്പോഴാണ്, നിന്നുപോയി എന്ന് കടമ്മനിട്ട ഉള്‍പെടെ പലരും കരുതിയ കടമ്മനിട്ടയുടെ കവിത വീണ്ടും ഒഴുകാന്‍ തുടങ്ങിയത്. അങ്ങനെ എഴുതിയതാണ് 'ക്യാ.' തീവണ്ടിയില്‍ ഗുജറാത്തില്‍ നിന്ന് കൊച്ചയിലേക്ക് കച്ചവടത്തിന് വരുന്ന ആള്‍ക്കാരുണ്ട്. തീവണ്ടിയില്‍ വെച്ച് പരസ്പരം പരിചയപ്പെടുന്നതാണ് ആ കവിതയിലെ സന്ദര്‍ഭം. താങ്കളുടെ പേരെന്താണ് എന്ന വരികൊണ്ടാണ് ആ കവിത തുടങ്ങുന്നത്.

'നിങ്ങളുടെ പേരെന്താണ്? ഞാന്‍ പറഞ്ഞു രാമകൃഷ്ണന്‍. രാം കിഷന്‍... രാം കിഷന്‍... അവരെന്റെ അടുത്തേക്ക് കുറേകൂടി ചേര്‍ന്നിരുന്നു. എന്നിട്ടവര്‍ ചോദിച്ചു: താങ്കള്‍ ഒരു മാംസഭുക്കാണോ?  ഞാന്‍ പറഞ്ഞു: അങ്ങനെയൊന്നുമില്ല; നിങ്ങളോ?  ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ശുദ്ധ സസ്യഭുക്കുകളായ വൈഷ്ണവ ജനതയാണ്. തെല്ലൊരു അഭിമാനത്തോടെ അവര്‍ പറഞ്ഞു. അപ്പോള്‍  ഞാന്‍ ചോദിച്ചു: നിങ്ങളില്‍ ചില പുല്ലുതീനികള്‍ ഗര്‍ഭിണിയായ സ്ത്രീയുടെ വയറു കുത്തിപ്പിളര്‍ന്ന് ആ കുഞ്ഞിനെ പുറത്തെടുത്ത് തിന്നതോ; തള്ളയെയും?'

 എന്റെ 'ശ്മാശാനങ്ങള്‍ക്ക് സ്മാരകങ്ങളോട് പറയാന്‍ കഴിയാത്തത്' എന്ന പുസ്തകവും ഗുജറാത്തിനെ കുറിച്ചുള്ളതാണ്. ഞാന്‍ ചൂണ്ടിക്കാണിക്കുന്നത് എല്ലാ അര്‍ഥത്തിലുമുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. ഇരകളുടെ, പീഡിതജനതയുടെ പ്രതികരണം ഉണ്ടാവണം. പക്ഷേ, ആ പ്രതികരണം ഒറ്റപ്പെട്ടു പോകാന്‍ പാടില്ല. മതനിരപേക്ഷമായ ഒരു തലത്തിലേക്ക് അതിനെ നമുക്ക് ഉദ്ഗ്രഥിക്കാന്‍ പറ്റണം.

ചിലപ്പോള്‍ സംഭവിക്കാവുന്ന ഒരു അപകടമുണ്ട്. ന്യുനപക്ഷ-ദളിത് വിഭാഗത്തിന്റെതല്ലാത്ത കുറ്റംകൊണ്ട് തന്നെ നിലവിലുള്ള ഒരു അസമമായ സാമൂഹ്യബോധത്തിന്റെ പശ്ചാത്തലത്തില്‍  അവര്‍ക്കുണ്ടാകുന്ന ചില പരിഭ്രമങ്ങളും, ഈ പൊതുബോധത്തില്‍ ജാതിമേല്‍ക്കോയ്മയ്ക്കുള്ള മേല്‍കൈയും നിമിത്തം ഒരു വിഭജനം വന്ന് ചേരാന്‍ സാധ്യതയുണ്ട്. ആ വിഭജനത്തെ മുറിച്ച് കടക്കുന്ന തരത്തിലേക്ക് ഇതിനെ വിമോചിപ്പിക്കുക എന്നുള്ള ഭാരിച്ച ദൗത്യമാണ് ഇടതുപക്ഷത്തിന് മുന്നിലുള്ളത്. ആ ദൗത്യം നിര്‍വഹിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ വല്ല വീഴ്ചകളും വരുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും വിമര്‍ശനപരമായി പരിഹരിക്കപ്പെടേണ്ടതാണ്.