ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

(ഭാഗം: 3)

ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ 42 ശതമാനത്തോളം വോട്ട് ഷെയര്‍ ബിജെപിക്ക് അനുകൂലമായി നില്‍ക്കുകയാണ്. കോണ്‍ഗ്രസ്സിന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ 20 ശതമാനം വോട്ട് ഷെയര്‍ താഴോട്ടുവന്ന് നാല് ശതമാനമായി മാറി. അത് മൊത്തമായി എഎപിയിലേക്ക് പോയി എന്ന് നമുക്ക് അനുമാനിക്കാനാകും. ഈ ഒരു സാഹചര്യത്തില്‍ ബിജെപിയുടെ അടിസ്ഥാന വോട്ട് ഷെയര്‍ ഒട്ടും പുറകോട്ട് പോകാത്തവിധം, ഈ സമരങ്ങളെയെല്ലാം രാജ്യദ്രോഹമാണെന്ന് വരുത്തിത്തീര്‍ക്കാനും സമരംചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രകുത്താനുമുള്ള അവരുടെ ശ്രമങ്ങള്‍ നടക്കുമ്പോഴും സവര്‍ണവിഭാഗങ്ങളില്‍ നിന്ന് നിറഞ്ഞ പിന്തുണ കിട്ടുന്നു എന്നുള്ളത് ആശങ്കയുളവാക്കേണ്ട കാര്യമല്ലേ?

 സംഘ്പരിവാറിന്റെ ഇന്ത്യന്‍ചരിത്രം പഠിച്ചാല്‍ രണ്ടു കാര്യം വളരെ പ്രധാനപെട്ടതാണ്; അത് ഇന്ത്യന്‍ ജനതയെ ആശങ്കപ്പെടുത്തേണ്ടതുമാണ്. ഉദാഹരണമായിട്ട്, രാഷ്ട്രീയമായി നിലനില്‍ക്കുമ്പോള്‍ മാത്രമെ സാധാരണഗതിയില്‍ ഫാഷിസത്തിന് സാംസ്‌കാരിക മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ പറ്റൂ. ലോകത്തില്‍ എല്ലായിടത്തും അങ്ങനെയാണ്. പക്ഷേ, ഇന്ത്യയില്‍ വളരെയേറെ അമ്പരപ്പിക്കുന്ന ഒരു കാര്യമെന്തെന്ന് വെച്ചാല്‍ ഇവിടെ രാഷ്ട്രീയമായിട്ട് മേല്‍ക്കോയ്മയില്ലാതെ തന്നെ ഫാഷിസത്തിന് സാംസ്‌കാരിക മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒറ്റ ഉദാഹരണമെടുത്താല്‍ മതി; ഗാന്ധിവധം. ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവിനെയാണല്ലോ കൊന്നത്. ലോകത്തിലൊരിടത്തും അതാതു രാജ്യത്തിലെ രാഷ്ട്രപിതാവിനെ കൊന്നവര്‍ക്ക് പിന്നീട് ആ രാജ്യത്തില്‍ അംഗീകാരം കിട്ടിയില്ല. പക്ഷേ, ഇന്ത്യയില്‍ നമ്മള്‍ കാണുന്നത് ഗാന്ധിഘാതകര്‍ പിന്നീട് അധികാരത്തില്‍ വരുന്നതാണ്.

ചരിത്രത്തില്‍ ഏറ്റവും പ്രധാനപെട്ട സാന്നിധ്യമായിരുന്നു നോര്‍വേയിലെ വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ന്യൂട്ട് ഹാംസന്റെത്. നോബല്‍സമ്മാനം നേടിയ ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാശാലിയാണ് അദ്ദേഹം; മാനവികതയില്‍ ഉറച്ചുനിന്ന സാഹിത്യകാരന്‍. എന്നാല്‍ രണ്ടാം അധിനിവേശയുദ്ധകാലത്ത് ഹിറ്റ്‌ലറോട് ഒരു ചെറിയ ആഭിമുഖ്യം അദ്ദേഹം പങ്കുവെച്ചു എന്ന ഒറ്റക്കാരണം കൊണ്ട് നോര്‍വേയിലെ ജനത അദ്ദേഹത്തെ ബഹിഷ്‌കരിക്കുകയാണുണ്ടായത്. ന്യൂട്ട് ഹാംസണ്‍ ഒരു ഫാഷിസ്‌റ്റൊന്നുമല്ല. എന്നിട്ടും അദ്ദേഹം ഹിറ്റ്‌ലര്‍ക്ക് അനുകൂലമായി നിലപാടെടുത്തു എന്ന ഒറ്റക്കാരണം കൊണ്ട്, തന്റെ കൃതികളിലൊന്നും ഫാസിസത്തിന്റെ അനുകൂല മുദ്രാവാക്യങ്ങളൊന്നുമില്ലാതിരുന്നിട്ടും, അവയൊക്കെ മനുഷ്യത്വപരമായ കൃതികളായിരുന്നിട്ടും ബഹിഷ്‌കൃതനായി. അദ്ദേഹത്തിന്റെ കൃതികള്‍ ലോകത്തിലെ എല്ലാഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിലുമുണ്ട് അദ്ദേഹത്തിന്റെ പ്രസിദ്ധമായ പല പുസ്തകങ്ങളും.

നോക്കു, ഇന്ത്യയില്‍ എന്താണ് നടക്കുന്നത്? മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്‌സെക്ക് ക്ഷേത്രം! മഹാത്മാഗാന്ധി വധത്തിന്റെ സൈദ്ധാന്തിക സ്രോതസ്സായുള്ള സവര്‍ക്കര്‍ക്ക് 2003ല്‍ ഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിഷ്ഠ! ലോകത്തിലെ ഏത് രാജ്യമുണ്ടിങ്ങനെ?

ഫാഷിസത്തിന് അനുകൂലമായ ഒരു സാംസ്‌കാരിക പശ്ചാത്തലം; അവര്‍ക്ക് രാഷ്ട്രീയ മേല്‍ക്കോയ്മ ഇല്ലാതെ തന്നെ! ഗോഡ്‌സയെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായുള്ള നിരീക്ഷണം ജി.ഡി.ഹോസ്‌ലെഎന്ന ഒരു ന്യായാധിപന്‍ നടത്തുന്നുണ്ട്. അദ്ദേഹം പറയുന്നത്; 'ഗോഡ്‌സെയുടെ വിചാരണ നടക്കുന്ന സമയത്ത് അയാള്‍ ഗാന്ധിവധത്തെ ന്യായീകരിച്ച് അഞ്ചര മണിക്കൂറാണ് സസോരിച്ചത്; ഇതൊരു പുണ്യപ്രവര്‍ത്തനമാണെന്ന് വാദിച്ചത്. ആ സമയത്ത് അവിടെ കൂടിയിരുന്ന പുരുഷന്മാര്‍ തൂവാലകൊണ്ട് കണ്ണ് തുടച്ചു. സ്ത്രീകള്‍ വാവിട്ട് കരഞ്ഞു' എന്നാണ്. നമ്മള്‍ വിചാരിക്കും ഗാന്ധിക്ക് വേണ്ടി കരഞ്ഞതാണെന്ന്. ഗാന്ധിക്ക് വേണ്ടിയല്ല; ഗോഡ്‌സെയ്ക്ക് വേണ്ടിയാണ് അവര്‍ കരഞ്ഞത്! കാരണം ഗോഡ്‌സെയുടെ വാദങ്ങള്‍ കേട്ടിട്ട് മഹാത്മാഗാന്ധിയെ കൊന്നത് ഒരു പുണ്യപ്രവര്‍ത്തനമാണ് എന്നും ഇങ്ങനെയുള്ള മഹാനെയാണോ ഇവര്‍ തൂക്കിക്കൊല്ലാന്‍ പോകുന്നത് എന്നും വിചാരിച്ച് ഗോഡ്‌സെക്ക് അനുകൂലമായിട്ടാണ് അവര്‍ കരഞ്ഞത്. ഹോസ്‌ലെ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്; അദ്ദേഹം പറയുന്നുണ്ട് 'അവിടെ കൂടിയ ജനങ്ങള്‍ക്ക് വിധി നടപ്പിലാക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഗോഡ്‌സെയെ വെറുത വിടുമെന്നായിരുന്നു' എന്ന്. അന്ന് സംഘപരിവാറിന് ഇന്ത്യയില്‍ അധികാരമില്ല. ഗാന്ധിയെ കൊന്നസമയമാണത്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയേയുള്ളൂ; രാഷ്ട്രീയമേല്‍ക്കോയ്മായില്ലാതെ തന്നെ അവര്‍ക്ക് സാംസ്‌കാരിക മേല്‍ക്കോയ്മയുണ്ട്.

ഇന്നത്തെ അവസ്ഥയെന്താണ്? അവര്‍ക്ക് രാഷ്ട്രീയ മേല്‍ക്കോയ്മയുണ്ട്, അവര്‍ക്ക് സാംസ്‌കാരിക മേല്‍ക്കോയ്മയുണ്ട്. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് പരാജയംകൊണ്ട് മാത്രം ഇന്ത്യന്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പറ്റില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ചെലവഴിക്കുന്നത് ഇവരാണ്. ഇവര്‍ക്ക് നുണകള്‍ പ്രചരിപ്പിക്കാന്‍ സൈബര്‍ സൈന്യമുണ്ട്, കാലാള്‍ സൈന്യമുണ്ട്, എല്ലാ സൈന്യങ്ങളുമുണ്ട്. അതുപോലെ ഭരണത്തിന്റെ എല്ലാ സാധ്യതകളും, സമ്പത്തിന്റെ എല്ലാ സാധ്യതകളും. പിന്നെ സാമ്രാജ്യത്വശക്തികളുടെ നിറഞ്ഞ പിന്തുണയുണ്ട്. ഇങ്ങനെ സകല തലത്തിലുള്ള പിന്തുണയോടെ മത്സരിച്ചിട്ടും ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ഉന്നതനേതാക്കള്‍ നിരവധി ദിവസം ഡല്‍ഹിയില്‍ തമ്പടിച്ചിട്ടും അവര്‍ തോറ്റു എന്നുള്ളത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അഭിമാനമാണ്.

ദീര്‍ഘകാലത്തിലെ സമരത്തിലൂടെ മാത്രമെ ഇതിനെ ഇല്ലാതാക്കാന്‍ കഴിയൂ. ഞാന്‍ പറയുന്നത് തെരഞ്ഞെടുപ്പ് മാത്രമല്ല തെരഞ്ഞെടുപ്പുസമരം വേണം, നിയമസമരം വേണം, സാംസ്‌കാരികസമരം വേണം, കലാരംഗത്ത് സമരം വേണം എന്നാണ്.

ദീര്‍ഘകാലം ബഹുതലത്തില്‍ നടക്കുന്ന സമരത്തിലൂടെ മാത്രമെ സമ്പൂര്‍ണമായിട്ട് ഇന്ത്യന്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ കഴിയൂ. അത് എളുപ്പമല്ല എങ്കിലും അസാധ്യമല്ല.

രാജ്യമാണ് പ്രധാനം, അത് നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു അനുരഞ്ജനവും ഇല്ല എന്നതാണ് സി.എ.എ അനുകൂലികള്‍ മുന്നോട്ട് വെക്കുന്ന ഒരാശയം. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

ഇതില്‍നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്താണ്? ഒരു രാജ്യമെന്ന് പറഞ്ഞാല്‍ അവിടുത്തെ പര്‍വതങ്ങളാണോ? അവിടുത്തെ പുഴകളാണോ? അവിടുത്തെ കാടുകളാണോ? അവിടുത്തെ മണ്ണാണോ? അല്ല; അവിടെ ജീവിക്കുകയും മരിക്കുകയുമൊക്കെ ചെയ്യുന്ന അവിടുത്തെ ജനതയാണോ? നമ്മുടെ മണ്ണിനും നമ്മുടെ പുഴക്കും നമ്മുടെ കാടിനുമൊക്കെ അര്‍ഥമുണ്ടാകുന്നത് ജീവിക്കുന്ന ജനതയുടെ വിയര്‍പ്പും കണ്ണീരും ചോരയും ഒക്കെയായി ബന്ധപ്പെട്ട്, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോഴാണല്ലോ. ഈ മുഴുവന്‍ ജനങ്ങളെയും എടുത്തുമാറ്റിക്കഴിഞ്ഞാല്‍ പിന്നെ എന്ത് രാജ്യമാണിത്? ഈ നാട്ടിലെത്രയോ തലമുറകളായിട്ട് ജീവിക്കുന്ന മനുഷ്യരുടെ സമാധാനത്തിനും സംതൃപ്തിക്കുമൊക്കെ തീകൊടുത്തു കൊണ്ട് എന്ത് രാജ്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്? ഒരു രാജ്യം രാജ്യമാകുന്നത് ആ രാജ്യത്ത് ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്‌നേഹവും നീതിബോധവുമൊക്കെ നിലനില്‍ക്കുമ്പോഴാണ്. ഒരു നീതിബോധവുമില്ലാത്ത, ഒരു സൗഹൃദവുമില്ലാത്ത, ഒരു സമാധാനവുമില്ലാത്ത, ഒരു സംവാദവുമില്ലാത്ത അരക്ഷിതാവസ്ഥയിലേക്ക്, അപകടത്തിലേക്ക് ഒരു രാജ്യം എത്തിപ്പെട്ടാല്‍ ആ രാജ്യം അപ്പോഴല്ലേ പ്രതിസന്ധിയിലാകുന്നത്? ഒരു രാജ്യത്തിലെ ജനതക്ക് ഭക്ഷണമില്ല, തൊഴിലില്ല, സമാധാനമില്ല, സ്‌നേഹമില്ല, അവരെത്രയോ കാലമായിട്ട് അനുഭവിച്ച് പോരുന്ന പൗരത്വ അവകാശങ്ങളില്ല. അപ്പോഴല്ലേ ആ രാജ്യം പൊളിയുന്നത്? ഈ രാജ്യത്തെ പൊളിക്കുന്നത് സത്യത്തില്‍ ആരാണ്? നമുക്കറിയാം, നമ്മുടെ നാട്ടിലെ ജനങ്ങള്‍ നിരവധി ജീവിതപ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ആ ജീവിതപ്രയാസത്തോടൊപ്പം അവര്‍ പ്രതികരിക്കുന്നുണ്ട്. ചിലപ്പോള്‍ സമരംചെയ്യുന്നുണ്ട്. പക്ഷേ, അപ്പോഴും അവര്‍ ഈ രാജ്യം തന്നെയായി നിലനില്‍ക്കുകയാണ്. അതേസമയം ഈ രാജ്യത്ത് പൗരാവകാശങ്ങള്‍ നഷ്ടപ്പെട്ടിട്ടും പരാതിപറഞ്ഞും പ്രതിഷേധിച്ചും പൊരുത്തപ്പെട്ടുമൊക്കെ കഴിഞ്ഞു കൂടുന്ന ജനതയുടെ പൗരത്വം കൂടി എടുത്ത് കളയുമ്പോള്‍ അവരുടെ നില്‍ക്കാനുള്ള മണ്ണല്ലേ അവര്‍ക്ക് നഷ്ടപ്പെടുന്നത്? അങ്ങനെ അവരുടെ ജീവിതം നഷ്ടപ്പെടുമ്പോള്‍, അവരുടെ ജീവിതം മാത്രമല്ല അവരുടെ പൂര്‍വികത തന്നെ അവര്‍ക്ക് നഷ്ടമാവുകയാണ്. അവരുടെ പിന്മുറക്കാര്‍ അവര്‍ക്ക് നഷ്ടമാവുകയാണ്. പൗരത്വം നഷ്ടമാകുന്ന ഒരു ജനതക്ക് അവരുടെ ഭൂതകാലവും ഭാവികാലവും വര്‍ത്തമാനകാലവും ഒരേ സമയം നഷ്ടമാകുകയാണ്. അപ്പോള്‍ ഇത്തരം ഒരവസ്ഥയില്‍ എങ്ങനെയാണ് ഒരു രാജ്യം നിലനില്‍ക്കുന്നു എന്ന് പറയാന്‍ പറ്റുക? ഒരു രാജ്യത്തെ ജനതയെ കണ്ണീരില്‍ മുക്കിയിട്ട്, അവരെ ചോരയില്‍ മുക്കിയിട്ട്, അവരുടെ എല്ലാ ജനാതിപത്യഅവകാശങ്ങളും അടിച്ചമര്‍ത്തിയിട്ട് എന്ത് രാജ്യത്തെ കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്? അതേത് രാജ്യം? അത് നിലവിലുള്ള ഒരു രാജ്യമല്ല. അത് ഫാഷിസത്തിന്റെ സങ്കല്‍ പത്തിലുള്ള വേറൊരു രാജ്യമാണ്. ആ വേറൊരു രാജ്യത്തോട് ഐക്യപ്പെടേണ്ട യാതൊരാവശ്യവും ഈ രാജ്യത്ത് തലമുറകളായി ജീവിക്കുന്ന ജനങ്ങള്‍ക്കില്ല.

സാധാരണ സാംസ്‌കാരിക പ്രഭാഷണത്തിലൊക്കെ ഞാനുള്‍പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്ന ഒരു വാചകമുണ്ട്; അതായത് ലോകത്തിലെ ഏത് ദേശീയ പതാകകളും പാറിപ്പറക്കാന്‍ കഴിയണമെങ്കില്‍ ആ പതാകയുടെ മുകളില്‍ കാണാത്ത അദൃശ്യമായ മറ്റൊരു പതാക പറക്കണം. അത് മനുഷ്യാവകാശത്തിന്റെ പതാകയാണ്. ആ മനുഷ്യാവകാശത്തിന്റെ പതാകയ്ക്ക് തീയിട്ടാല്‍ പിന്നൊരു ദേശീയപതാകയ്ക്കും പറക്കാന്‍ പറ്റില്ല. ദേശീയപതാക എന്ന് പറയുന്നത് ചായം മുക്കിയ ഒരു തുണിക്കഷ്ണമല്ല. അത് ഒരു ജനതയുടെ വൈകാരികതയുടെ കൂടി ഭാഗമാണ്. ആ വൈകാരികത വേരായിട്ട് നില്‍ക്കുന്നത് സൗഹൃദത്തെയും സ്‌നേഹത്തെയും സാധ്യമാക്കുന്ന മനുഷ്യാവകാശങ്ങളിലൂടെയുമാണ്. മനുഷ്യാവകാശങ്ങള്‍ റദ്ദുചെയ്തിട്ട് പിന്നെ നമ്മള്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്? ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക്, സംഘ്പരിവാറിന് ഈ രാജ്യത്തെക്കുറിച്ച് പറയാന്‍ എന്തവകാശം? അവരീ ഭരണഘടന അംഗീകരിക്കുന്നില്ല. അവര്‍ ഇന്ത്യന്‍ പതാകയെ അംഗീകരിച്ചിട്ടില്ല, അവര്‍ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തിട്ടില്ല. അവര്‍ക്ക് ഒറ്റുകാരുടെ റോളാണുള്ളത്. അവര്‍ ഭാഷാസംസ്ഥാന രൂപീകരണത്തെ അംഗീകരിച്ചിട്ടില്ല.

ഇന്ത്യന്‍ ദേശീയ പതാക ഒട്ടിപ്പ് സൃഷ്ടിയാണെന്നാണ് അവര്‍ പറയുന്നത്. പതാകയുടെ മൂന്നു നിറം തന്നെ അപകടമാണ്. മൂന്ന് എന്നു പറയുന്നത് തന്നെ അപകടമാണെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല ഈ പതാക പ്രീണനമാണെന്നാണ്, പച്ച മുസ്‌ലിംകളെ പ്രീണിപ്പിക്കാനാണ് എന്നൊക്കെയാണ് അവര്‍ പറയുന്നത്. അതിനു ഇന്ത്യന്‍ ദേശീയപതാകയെ തള്ളി കളഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് ലഭിച്ച യഥാര്‍ഥ പതാക ഇവിടെയുണ്ട്. പിന്നെന്തിന് നമുക്ക് വേറൊരു കൃത്രിമ പതാക എന്ന് ഇവര്‍ ചോദിക്കുന്നു. അതുപോലെ ഇന്ത്യന്‍ ഭരണഘടന ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നും പലതും പെറുക്കിയെടുത്ത് ഒട്ടിച്ചുണ്ടാക്കിയ ഒരു സാധനമാണ്, ഇന്ത്യക്ക് നേരത്തെതന്നെ ഒരു മനുസ്മൃതിയുണ്ട്. പിന്നെ എന്തിന് പുതിയ ഭരണഘടന എന്ന് ഇവര്‍ ചോദിക്കുന്നു.

സാമ്രാജ്യത്വവിരുദ്ധ സമരകാലത്ത് ഇവരുടെ നേതാക്കന്മാര്‍ പറഞ്ഞത് നമ്മുടെ ഊര്‍ജം ബ്രിട്ടീഷുകാരുമായി യുദ്ധംചെയ്തു പാഴാക്കാനുള്ളതല്ല എന്നാണ്! ഈ ഊര്‍ജം പിന്നെ എന്തിനുള്ളതാണ്? അത് പ്രധാനമായും ഇന്ത്യയിലെ ആഭ്യന്തരശത്രുക്കള്‍ എന്ന് അവര്‍ പ്രഖ്യാപിച്ച മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യുണിസ്റ്റുകാര്‍ എന്നിവര്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണ്. പിന്നെ ഗാന്ധിയന്മാര്‍, നെഹ്‌റുയിസ്റ്റുകള്‍, സമാധാനവാദികള്‍, ഫെഡറലിസ്റ്റുകള്‍ അങ്ങനെയൊക്കെയുള്ളവര്‍ക്കെതിരെയും പ്രയോഗിക്കാനുള്ളതാണ്. നമ്മള്‍ ഇത്ര മാത്രം ആലോചിച്ചാല്‍ മതിയല്ലോ; ഒരു രാജ്യത്തിലെ ജനതയെ ആഭ്യന്തരശത്രു എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രത്യയശാസ്ത്രം രാജ്യദ്രോഹം അല്ലേ? അവര്‍ക്ക് പിന്നെ എന്ത് രാജ്യത്തെ കുറിച്ചാണ് പറയാന്‍ അവകാശമുള്ളത്? ഈ രാജ്യത്ത് വ്യത്യസ്ത മതത്തില്‍ ജീവിക്കുന്നവരോട് സൈദ്ധാന്തികമായി വിയോജിക്കാം, സംവാദം നടത്താം വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തുന്നവരോട് സൈദ്ധാന്തികമായി വിയോജിക്കാം, സംവാദം നടത്താം. അതിനപ്പുറം അവരൊക്കെ രാജ്യത്തിനു ഭീഷണിയാണെന്ന്, അവര്‍ക്കെതിരെയാണ് യുദ്ധം നടത്തേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എവിടെ രാജ്യം നിലനില്‍ക്കും? ഒരു രാജ്യത്തിലെ വ്യത്യസ്ത മതക്കാരും വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തുന്നവരും ഒരു മതവുമില്ലാത്തവരും ആശയവിനിമയം നടത്തി, പരസ്പരസംവാദം നടത്തി ജീവിക്കുന്നില്ലെങ്കില്‍, തമ്മിലടിക്കുകയാണെങ്കില്‍, ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ ഉന്മൂലനം ചെയ്യണം എന്ന്‌വാദിക്കുകയാണെങ്കില്‍ ആ രാജ്യം എവിടെ നിലനില്‍ക്കും? അതുകൊണ്ട് നിലനില്‍ക്കുന്ന ഒരു രാജ്യത്തെ കുറിച്ചാണ്, നിലനില്‍ക്കേണ്ട ഒരു രാജ്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കേണ്ടത്. അതിനുപകരം വ്യാജമായ ഒരു തരം കൃത്രിമദേശീയത്വം ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് ജിങ്കോയിസമാണ്. നാഷ്ണലിസമല്ല. നാഷ്ണലിസം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായിട്ടും ചരിത്രപരമായി രൂപപ്പെട്ട, ഒരു സാമൂഹിക പശ്ചാത്തലവുമായി ബന്ധപെട്ട മനുഷ്യരുടെ ഐക്യമാണ്. ജിങ്കോയിസമെന്നാല്‍ അതല്ല. ഒരു കൂട്ടരെ, അല്ലെങ്കില്‍ ഒന്നിലേറെ കൂട്ടരെ ശത്രുക്കളായി പ്രഖ്യാപിച്ച് അവരെ ഉന്മൂലനം ചെയ്താലേ ഐക്യമുണ്ടാവുകയുള്ളു എന്നു പറഞ്ഞാല്‍ അത് അപരവത്കരണമാണ്. അത് ഫാഷിസ്റ്റ് ആശയമാണ്. അതുകൊണ്ട് ഇവര്‍ പറയുന്ന രാജ്യം യഥാര്‍ഥത്തിലുള്ള ജനാധിപത്യ മതനിരപേക്ഷ മാനവിക രാജ്യമല്ല. അത് എല്ലാ ജനാധിപത്യ, മതനിരപേക്ഷ, മാനവികതയെയും കൊന്നു കൊലവിളിക്കുന്ന ഒരു ഫാഷിസ്റ്റ് രാഷ്ട്ര സങ്കല്‍പമാണ്. അത് ജനാധിപത്യ രാഷ്ട്ര സങ്കല്‍പമല്ല.