ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

(ഭാഗം: 4)

ഇസ്‌ലാം ഒരു അപരസ്ഥാനത്ത് ഒന്നാമതായി നിര്‍ത്തപ്പെടുന്നു; കമ്യുണിസം രണ്ടാം സ്ഥാനത്തും. ഫാഷിസത്തിന്റെ രേഖകളില്‍ മുമ്പുതന്നെ അത് രേഖപ്പെടുത്തപ്പെട്ടതാണ്. ഇസ്‌ലാം മുതലാളിത്തമടക്കമുള്ള എല്ലാവിധ തെറ്റായ സമീപനങ്ങളോടും യുക്തിഭദ്രമായ നിലപാട് മുന്നോട്ട് വെക്കുന്ന ഒരു ദര്‍ശനമാണ്. മുസ്‌ലിംകള്‍ എല്ലായിടത്തും അതില്‍ വിജയിച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് വേറെ വിഷയം. എന്നാല്‍ ഇസ്‌ലാം എല്ലാ വിഷയത്തിലും പ്രസക്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അക്കാരണം കൊണ്ടുതന്നെയാകുമോ സംഘ്പരിവാര്‍ ഇസ്‌ലാമിനെ ഒരു വെല്ലുവിളിയായി കാണുന്നത്?

സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം അവര്‍ ജാതി മേല്‍കോയ്മയുടെ ഒരു പ്രത്യയശാസ്ത്രമാണ് ആത്യന്തികമായി മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാം സൈദ്ധാന്തികമായി ജാതിമേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള ഒരു ബദല്‍പ്രത്യയശാസ്ത്രമാണ്. ഇസ്‌ലാമിന്റെ സൈദ്ധാന്തിക ലോകം അപഗ്രഥനം നടത്തിക്കഴിഞ്ഞാല്‍ അവിടെ ശ്രേണീകൃതമായ അസമത്വത്തിനു യാതൊരു പ്രസക്തിയുമില്ല എന്നു കാണാം. ആരും മുകളിലല്ല; ആരും താഴെയുമല്ല. എല്ലാവരും ഒപ്പത്തിനൊപ്പം എന്ന ഒരു സമത്വ കാഴ്ചപ്പാട്, സാഹോദര്യത്തിന്റെ കാഴ്ചപ്പാട് ആണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. രണ്ടാമത്തെ കാര്യം, ഇന്ത്യയിലെ ലക്ഷക്കണക്കിന് അധഃസ്ഥിതരായ മനുഷ്യരാണ്, ദൡതരാണ് ഇന്ത്യയിലെ  മുസ്‌ലിംകളായിട്ട് മാറിയത്. ജാതിമേല്‍ക്കോയ്മയുടെ ഇരകളായ ദളിത് സമൂഹങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ സത്യത്തില്‍ രൂപപ്പെട്ടുവന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മതപ്രചാരണത്തിന് വേണ്ടി വന്ന മുസ്‌ലിംകളുണ്ട്. പക്ഷേ, ഇവിടുത്തെ ഭൂരിപക്ഷ മുസ്‌ലിംകളും സത്യത്തില്‍ ഇന്ത്യയിലെ ജാതിപീഡനത്തിന്റെ ഇരകളായപ്പോള്‍ അതിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വന്നവരാണ്.

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മതപരിവര്‍ത്തനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആഴത്തിലുള്ള ആശയങ്ങളുടെ ഒരു സ്വാംശീകരണംകൂടിയാണ്. ആ വിധത്തില്‍ ആശയങ്ങള്‍ പൂര്‍ണമായിട്ട് ഉള്‍ക്കൊണ്ട് മതപരിവര്‍ത്തനം നടത്തിയവരുണ്ട്. പക്ഷേ, വലിയ വലിയ സമൂഹങ്ങള്‍ കൂട്ടായി നടത്തിയ മതപരിവര്‍ത്തനത്തിന് പിന്നില്‍ ആശയങ്ങളുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് തങ്ങള്‍ അനുഭവിച്ച അടിച്ചമര്‍ത്തല്‍; ആ അടിച്ചമര്‍ത്തലിനു പ്രസക്തിയില്ലാത്ത ഒരു മതം എന്ന അര്‍ഥത്തില്‍ അവര്‍ ഇസ്‌ലാമിനെ തെരഞ്ഞെടുത്തിട്ടുണ്ട്. അതുകൊണ്ട് മതപരിവര്‍ത്തനം പരോക്ഷമായെങ്കിലും ഒരു നവോത്ഥാനപ്രവര്‍ത്തനമായിട്ട് ദളിതുകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെവരെ ജാതിമേല്‍ക്കോയ്മയുടെ മുമ്പില്‍ മുട്ടുകുത്തിനിന്ന അധഃസ്ഥിത സമൂഹങ്ങള്‍ മതപരിവര്‍ത്തനത്തോട് കൂടി ജാതിമേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്നവരായിത്തീര്‍ന്നത് ഇന്ത്യന്‍ ഫാഷിസത്തിന്റെ അകത്തളങ്ങളില്‍ വലിയ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ഫാഷിസത്തിന്റെ ഇസ്‌ലാം വിദ്വേഷത്തിന്റെ വേരുകള്‍ ആഴ്ന്നു കിടക്കുന്നത് സൂക്ഷ്മാര്‍ഥത്തില്‍ ജാതിമേല്‍ക്കോയ്മയില്‍ തന്നെയാണ്. അതേസമയം ജാതിമേല്‍ക്കോയ്മയോട് പൊരുത്തപ്പെടുന്ന മട്ടിലേക്ക് ഇസ്‌ലാം മാറുകയാണെങ്കില്‍ ഒരു പക്ഷേ, ഇന്ത്യന്‍ ഫാഷിസമായിരിക്കും അതിനെ ഏറ്റവും നന്നായിട്ട് സ്വാഗതം ചെയ്യാന്‍ പോകുന്നത്. കാരണം ജാതിവ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളിയായിട്ട് മാറുന്നു എന്നതാണ് രണ്ടാമത്തെ കാരണം.

മൂന്നാമത്തെ കാരണം, തീര്‍ച്ചയായും ജാതിവ്യവസ്ഥയില്‍നിന്നും വ്യത്യസ്തമായുള്ള ബദല്‍ ജ്ഞാനപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്നുവെന്നുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായിട്ടും ഈ ബദല്‍ ജ്ഞാനപദ്ധതികള്‍ സവര്‍ണ ജ്ഞാനപദ്ധതികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ക്ലാസിക് ഫാഷിസ്റ്റുകാലഘട്ടത്തില്‍ നമ്മള്‍ കാണുന്നത് ഒരു പക്ഷേ, ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് കമ്യുണിസ്റ്റുകാരാണ് എന്നതാണ്. ലക്ഷക്കണക്കിന്, കോടികണക്കിന് കമ്യുണിസ്റ്റുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല ക്ലാസിക് ഫാഷിസത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ഇടപെടല്‍ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സത്യത്തില്‍ തൊഴിലാളി പ്രസ്ഥാനം രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുമെന്ന പശ്ചാത്തലത്തില്‍ തൊഴിലാളി പ്രസ്ഥാനത്തെ തകര്‍ക്കുക എന്നുള്ള അജണ്ടയിലാണ് ഫാസിസം രൂപപ്പെട്ടത്. പക്ഷേ, ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് വരുമ്പോള്‍ ചെറിയൊരു മാറ്റമുണ്ട്. കാരണം ഇന്ത്യയില്‍ തൊഴിലാളിവര്‍ഗം രാഷ്ട്രീയ നേതൃത്വം പിടിച്ചെടുക്കുന്ന ഒരു ആസന്ന പശ്ചാത്തലം ഉണ്ടായിട്ടില്ല. മറിച്ച് ഇന്ത്യന്‍ ഫാഷിസം രൂപപ്പെടുന്നതിന്റെ പശ്ചാത്തലം എന്ന് പറയുന്നത് ആര്‍.എസ്.എസ്. രൂപപ്പെടുന്ന ഇരുപതുകളിലെ വ്യത്യസ്തമായ പശ്ചാത്തലമാണ്. ഒന്ന്, മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദതയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യസമരം മുന്നോട്ട് കൊണ്ടുപോകല്‍. രണ്ട്, തൊള്ളായിരത്തിപതിനേഴിലെ സോവിയറ്റ് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കര്‍ഷകുടെയും തൊഴിലാളികളുടെയും കൂട്ടായ്മ.

ഇരുപത്തിനാലിലാണ് AITUC (All India Trade Union congress) ഉണ്ടാകുന്നത്. വര്‍ഗപരമായുള്ള ജനങ്ങളുടെ ഐക്യം; അത് ഇന്ത്യന്‍ ജാതി മേല്‍കോയ്മയെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അതോടൊപ്പം മൂന്നാമത് സംഭവിച്ചത്, എത്രയോ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യയിലെ കീഴാള ജനത; ആ കീഴാളജനതയുടെ നേതൃത്വത്തില്‍ ബദല്‍ ചിന്തകള്‍ ഉണര്‍ന്നു എന്നതാണ്. ഉദാഹരണമായിട്ട് മഹാത്മാ ജ്യോതി ഭുലെ, മഹാത്മാ സാവിത്രി ഭുലെ, പണ്ഡിറ്റ് താരാമാള്‍, സാഹു മഹാരാജ്, അതിന്റെ തുടര്‍ച്ചയായി അംബേദ്കര്‍, പെരിയാര്‍ എന്ന് വിളിക്കുന്ന ഇ.വി.ആര്‍, ശ്രീനാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍... ഇങ്ങനെ കീഴാള സമൂഹങ്ങളില്‍ നിന്നും ദളിത് സമൂഹങ്ങളില്‍ നിന്നുമുള്ളവരുടെ നേതൃത്വത്തില്‍ വലിയൊരു പ്രക്ഷോഭം തന്നെ ഉയര്‍ന്നുവന്നു. ആ അബ്രാഹ്മണ പ്രസ്ഥാനം, അവര്‍ണ പ്രസ്ഥാനം ഇന്ത്യന്‍ സവര്‍ണരെ പിടിച്ചുകുലുക്കി. ഈ മൂന്നു മൗലിക പശ്ചാത്തലമാണ് സത്യത്തില്‍ ഇന്ത്യന്‍ ഫാഷിസം രൂപപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം. അതിന്റെ തുടര്‍ച്ചയിലാണ് ഞാന്‍ നേരത്തെ പറഞ്ഞ തരത്തിലുള്ള അധഃസ്ഥിതരില്‍ നിന്നുള്ള വന്‍തോതിലുള്ള മതംമാറ്റം സംഭവിച്ചത്.

അംബേദ്കറുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് അധഃസ്ഥിതരാണ് ബുദ്ധമതം സ്വീകരിച്ചത്. ഒരുപാടുപേര്‍ ക്രിസ്തുമതം സ്വീകരിച്ചു. ഒരുപാടുപേര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. അപ്പോള്‍ ഈ മതപരിവര്‍ത്തനം; ഇസ്‌ലാമിലേക്കടക്കമുള്ള ദളിത്ജനങ്ങളുടെ പ്രവേശനം ഇന്ത്യന്‍ സവര്‍ണരെ സംബന്ധിച്ചിടത്തോളം വലിയ പരിഭ്രാന്തി ഉണ്ടാക്കുന്ന പശ്ചാത്തലമാണ്. ഇസ്‌ലാമോഫോബിയ എന്ന് പറയുന്നത് സാമ്രാജ്യത്വത്തിന്റെയും സാസിസത്തിന്റെയും നവഫാഷിസത്തിന്റെയും ഒരു നിര്‍മിതിയാണ്. വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും വെച്ച് പൊറുപ്പിക്കാത്ത ഫാഷിസം ഇസ്‌ലാമിനെ ഒരു അപരമാക്കി. അവിടെയാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ മൗലികമായ കാഴ്ചപ്പാട് അവര്‍ രൂപപ്പെടുത്തിയെടുത്തത്. ആ കാഴ്ചപ്പാടിന്റെ ചുരുക്കമെന്തെന്ന് പറഞ്ഞാല്‍; സവര്‍ണ മേല്‍ക്കോയ്മക്ക് അസ്വീകാര്യമായ ഒന്നും രാജ്യത്ത് നിലനിന്നുകൂടാ. അതൊക്കെ രാജ്യദ്രോഹമാണ്. ഉദാഹരണമായിട്ട് നിങ്ങളുടെ ഭക്ഷണം ശരിയല്ല, നിങ്ങളുടെ വസ്ത്രം ശരിയല്ല, നിങ്ങളുടെ വിശ്വാസം ശരിയല്ല, നിങ്ങളുടെ ആചാരം ശരിയല്ല, നിങ്ങളുടെ ആഘോഷം ശരിയല്ല, നിങ്ങള്‍ തന്നെ ശരിയല്ല എന്ന രീതിയില്‍ ഒന്നിന് പിറകെ മറ്റൊന്നായിട്ട് അവര്‍ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചപ്പാട്. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം ആളുകളും മാംസം കഴിക്കുന്നവരാണ്. പക്ഷേ, ഈ മാംസം കഴിക്കുന്ന ആളുകളുടെ മനസ്സില്‍ പോലും മാംസാഹാരമെന്ന് പറഞ്ഞാല്‍ എന്തോ കുഴപ്പമാണ് എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. നന്നായി കഴിക്കുന്ന ആളും പറയും, ഞാനിപ്പോള്‍ അങ്ങനെയൊന്നും കഴിക്കുന്നില്ല എന്ന്. അത് സംഘ്പരിവാറിന്റെ വിജയമാണ്. കാരണമെന്താണെന്ന് വെച്ചാല്‍ മാംസം ഭക്ഷിക്കുന്നതിനെ എന്തോ ഒരു കുറ്റകൃത്യമായിട്ടാണ് അവര്‍ കാണുന്നത്. അതിനു പലതരത്തിലുള്ള പ്രചാരണങ്ങളും അവര്‍ അവതരിപ്പിക്കുന്നുണ്ട്. ചിലപ്പോള്‍ ആരോഗ്യത്തിന്റെ ലേബലിലായിരിക്കും. ആരോഗ്യവും മാംസാഹാരവും തമ്മില്‍ ഒരു ബന്ധവുമില്ല. കാരണം ലോകത്തിലേറ്റവും കൂടുതല്‍ മാംസം കഴിക്കുന്നവര്‍ ധ്രുവപ്രദേശത്തു ജീവിക്കുന്ന ജനതയാണ്. അവരെ മുമ്പ് എസ്‌കിമോകള്‍ എന്നാണ് വിളിച്ചിരുന്നത്. ആ പ്രയോഗം ഓഫന്റഡായതു കൊണ്ട് inuit എന്നാണ് വിളിക്കുന്നത്. അതും ഒരു പ്രധാന കാര്യമാണ്. ഒരു ജനതയെ എങ്ങനെയാണ് സംബോധന ചെയ്യേണ്ടത് എന്ന് അവരാഗ്രഹിക്കുന്നുവോ അങ്ങനെയാണ് സംബോധന ചെയ്യേണ്ടത്. അപ്പോള്‍ ആ അര്‍ഥത്തില്‍ inuit  ആണ്.

അത് ധ്രുവപ്രദേശമാണ്, മഞ്ഞാണ്. അവിടെ ഒരു പുല്‍ക്കൊടി പോലും മുളക്കില്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും അവരുടെ ഭക്ഷണം മത്സ്യവും മാംസവുമൊക്കെയാണ്. Inuit paradox എന്നൊരു പ്രയോഗമുണ്ട്. മാംസാഹാരം അമിതമായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരമാണ്. ഏത് ഭക്ഷണം അമിതമായിട്ട് കഴിച്ചാലും അത് ആരോഗ്യത്തിന് ഹാനികരമാണ്. പക്ഷേ, inuitIകള്‍ മാംസാഹാരം മാത്രമെ കഴിക്കുന്നുള്ളൂ. അവര്‍ വളരെ ആരോഗ്യമുള്ളവരുമാണ്. അതാണ് inuit paradoxന്റെ അടിസ്ഥാനം. ഞാന്‍ സൂചിപ്പിക്കുന്നത്, ആളുകള്‍ക്ക് മാംസം കഴിക്കാം, സസ്യാഹാരം ആവാം. അത് ഓരോരുത്തരുടെയും ആരോഗ്യം, അഭിരുചി, വിശ്വാസം അനുസരിച്ചു ചെയ്യേണ്ടതാണ്. അതിനു പകരം സസ്യാഹാരം സൗമ്യസ്വഭാവം നല്‍കും; അത് വളരെ മഹത്തായതാണ്. മാംസാഹാരം രൗദ്രസ്വഭാവം നല്‍കും; അതാണ് കലാപത്തിലേക്ക് നയിക്കുന്നത് എന്ന വ്യാഖ്യാനം അടിസ്ഥാനരഹിതമാണ്. ഇങ്ങനെ ഒരു വാര്‍പ്പ് മാതൃക ഇന്ത്യന്‍ ഫാഷിസം സൃഷ്ടിച്ചിട്ടുണ്ട്. അതിലേക്ക് ആളുകള്‍ വഴുക്കിവീണു കൊണ്ടിരിക്കുകയാണ്. അത് അവരുടെ വിജയമാണ്. ഞാന്‍ നേരത്തെ ഒരു കുറിപ്പിലെഴുതിയിരുന്നു; പിശാച് എന്ന വാക്കിന് മാംസഭുക്ക് എന്നാണര്‍ഥം എന്ന്. അപ്പോള്‍ ഇന്ത്യന്‍ ഫാഷിസം, ഈ ജാതിമേല്‍ക്കോയ്മ, ഇന്ത്യന്‍ പിശാചിന്റെ മെനുവില്‍ മാംസാഹാരമേയുള്ളൂ. ഒരു സസ്യഭുക്കായ പിശാചിനെ സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ദരിദ്രമാണ് സവര്‍ണ ഭാവന. ഇംഗ്ലീഷുകാര്‍ ഇതിനെക്കാള്‍  മെച്ചമാണ്. അവരുടെ  പിശാചിന് Black harted എന്നൊക്കെയാണ് അര്‍ഥം. കറുത്ത നിറം, നിറത്തില്‍ മാത്രമെ നിര്‍ബന്ധമുള്ളൂ. അവര്‍ക്ക് ഭക്ഷണത്തില്‍ സസ്യമാകാം മാംസവുമാകാം.  ഇന്ത്യന്‍ പിശാചിന്റെ നിറം കറുപ്പാണ്. ഭക്ഷണം മാംസവുമാണ്. മാംസഭോജിയായ കറുത്ത മനുഷ്യനാണ് അവരുടെ പിശാചെന്നുള്ളത്. നിങ്ങളുടെ ഭക്ഷണം കൊള്ളില്ല, മ്ലേഛമാണ്, നിങ്ങളുടെ വസ്ത്രധാരണരീതി മ്ലേഛമാണ്, നിങ്ങളുടെ വിശ്വാസം മ്ലേഛമാണ്, നിങ്ങള്‍ തന്നെ മ്ലേഛമാണ് എന്ന് വരുത്തിത്തീര്‍ക്കേണ്ടതിനാണ് ഇതെല്ലാം. അതിനെ പ്രതിരോധിക്കുന്നതില്‍ തീര്‍ച്ചയായിട്ടും ഇസ്‌ലാം പ്രധാനപെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. അത് ഫാഷിസത്തെ പരിഭ്രമിപ്പിക്കുന്നുണ്ട്. സൈദ്ധാന്തികമായി പരിശോധിച്ചാല്‍ ഫാഷിസ്റ്റുകളുടെ ഏറ്റവും പ്രധാനശത്രു കമ്യുണിസ്റ്റുകാര്‍ തന്നെയാണ്. അതിന്റെ കാരണമെന്താണെന്ന് പറഞ്ഞാല്‍ ഫാഷിസം മുന്നോട്ടുവയ്ക്കുന്ന വംശീയതയും അതിന്റെ യുക്തികളും വംശീയതയില്‍ തുടങ്ങിയിട്ട് അവിടെ അവസാനിക്കുന്നില്ല. അത് മൂലധനവുമായിട്ട് ബന്ധപ്പെട്ടുകിടക്കുന്നു.

മുസ്സോളിനി പറയുന്നുണ്ട് 'സ്‌റ്റേറ്റും മൂലധനവും തമ്മിലുള്ള സംയോജനമാണ് ഫാഷിസം' എന്ന്. ഫാഷിസത്തെക്കുറിച്ച് ഏറ്റവും സൈദ്ധാന്തികമായുള്ള പഠനം നടത്തിയ പലരുമുണ്ടെങ്കിലും പ്രധാന പേരാണ്... അദ്ദേഹം കൃത്യമായി  പറയുന്നുണ്ട് 'മൂലധനത്തിന്റെ നഗ്‌നമായ ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല ഫാഷിസം' എന്ന്. അതുകൊണ്ട് ഫാഷിസം വംശീയതയെയും  മതപരതെയും അപരത്വത്തെയും ഒക്കെ ഉപയോഗിക്കുന്നത്  മൂലധനത്തിന്റെ ഒരു മേല്‍ക്കോയ്മ സ്ഥാപിക്കാനാണ്. ഈ മൂലധന മേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള സമരത്തിന്റെ മുഖ്യ ചാലകശക്തി എല്ലാ മതവിഭാഗത്തിലും പെട്ട, ഒരു മതത്തിലും പെടാത്ത അധ്വാനിക്കുന്ന മനുഷ്യരാണ്. ആ അര്‍ഥത്തില്‍ സൈദ്ധാന്തിക വീക്ഷണമാണ് മാര്‍ക്‌സിസം മുന്നോട്ട് വെക്കുന്നത്. ഹിറ്റ്‌ലറുടെ കൃതികളിലുള്ളത് തൊഴിലാളി വര്‍ഗത്തിന്റെ നായകനായ മാര്‍ക്‌സ് എന്നല്ല, ജൂതനായ മാര്‍ക്‌സ് എന്നാണ്. സത്യത്തില്‍ മാര്‍ക്‌സിന്റെ കുടുംബം തന്നെ ജൂതമതം ഉപേക്ഷിച്ചു ക്രിസ്തുമതം സ്വീകരിച്ചിരുന്നു. അത് നിലനില്‍പുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന്റെ പേരിലാണ്. എന്ന് പറഞ്ഞാല്‍ മാര്‍ക്‌സ് ജൂതനല്ലതായി കഴിഞ്ഞിരുന്നു. പിന്നെ മാര്‍ക്‌സ് മതം തന്നെ ഉപേക്ഷിക്കുന്നുണ്ട്. പക്ഷേ,   ഒരിടത്തും ഹിറ്റ്‌ലര്‍ കാള്‍മാര്‍ക്‌സ് എന്ന് ഉപയോഗിച്ചിട്ടില്ല.The Jew Marx എന്നാണ്  ഉപയോഗിച്ചത്. അതുപോലെ തന്നെ Bertolt brecht ഫാഷിസത്തിനെ പിടിച്ചു കുലുക്കിയ കവിയും കമ്യുണിസ്റ്റുമാണ്, നാടകകൃത്താണ്. അയാളുടെ ശവകുടീരത്തില്‍ ഇവര്‍ എഴുതി വെച്ചത് 'നശിച്ച ജൂത പട്ടീ, നീ പുറത്ത് പോണം' എന്നാണ്. സത്യത്തില്‍ Brechtന്റെ ജാതി, മതം ഒന്നും ആരും അന്വേഷിക്കാറില്ല. ഞാന്‍ പറഞ്ഞുവരുന്നതെന്താണെന്ന് വെച്ചാല്‍ കമ്യുണിസ്റ്റുകാര്‍ മുന്നോട്ട് വെക്കുന്ന ഈ ഒരു വര്‍ഗ കാഴ്ചപ്പാട് ഫാഷിസത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അത് മറിച്ചിടാന്‍ വേണ്ടിയാണ് മാര്‍ക്‌സിനെ ജൂതനെന്നു മുദ്രകുത്തിയത്. അന്ന് ജൂതവിരുദ്ധതയുടെ അന്തരീക്ഷം യൂറോപ്പില്‍ മാത്രമല്ല, ലോകത്തിലുടനീളം ഉണ്ടായിരുന്നു. അത് ഫാഷിസമല്ല സത്യത്തില്‍ ഉണ്ടാക്കിയത്. ഫാഷിസത്തിന് മുമ്പേ അതുണ്ട്. ചരിത്രപരമായി പല കാലഘട്ടങ്ങളില്‍ രൂപപ്പെട്ട എല്ലാ മുന്‍വിധികളെയും ഫാഷിസം അതിന്റെ രാഷ്ട്രീയ മൂലധനമാക്കി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്. ആ അര്‍ഥത്തില്‍ ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയമായിട്ട് കമ്യുണിസത്തില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്നും അവരുടെ മുഖ്യ ശത്രുവായിട്ട് അത് നിലകൊള്ളുന്നു.

ഡല്‍ഹിയില്‍ സി.പി.എം എന്ന് പറയുന്നത് ഒരു ചെറിയ പാര്‍ട്ടിയാണ്. പക്ഷേ, എന്നിട്ടും അതിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് രണ്ടുമൂന്നു തവണ ആക്രമിക്കപ്പെട്ടു. ഇന്ത്യന്‍ ഫാഷിസത്തെ ഏറ്റവും ഭയപ്പെടുത്തുന്നുണ്ട് മാര്‍ക്‌സിസ്റ്റ് ആശയങ്ങളും അതുപോലെ തന്നെ തൊഴിലാളി പ്രസ്ഥാനങ്ങളൊക്കെ എന്നര്‍ഥം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരൊക്കെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളായിരുന്നു. ഗോവിന്ദ് പന്‍സാരെയെ കൊല്ലാനുള്ള പ്രധാന കാരണം ശവജിയെ മോശമാക്കി എന്നതാണ്. ശിവജിയെ കുറിച്ച് ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. ശിവജി ഗോ ബ്രാഹ്മിന്‍ രക്ഷകനാണ്. ഗോക്കളെയും ബ്രാഹ്മണരെയും രക്ഷിക്കുന്ന ഹിന്ദുത്വത്തിന്റെ കാവലാണ് ശിവജി എന്നാണ് ഇവര്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഗോവിന്ദ് പന്‍സാരെ ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അത് തിരുത്തുകയാണ് ചെയ്തത്, കര്‍ഷകരുടെയും മതസൗഹാര്‍ദത്തിന്റെയും നേതാവാണ് ശിവജി എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഇവര്‍ക്ക് സഹിക്കാന്‍ പറ്റില്ല.

ഇസ്‌ലാമും ഫാഷിസത്തിന്റെ ഏറ്റവും വലിയ ശത്രുപക്ഷത്താണ്. കാരണം നേരത്തെ താങ്കള്‍ പറഞ്ഞത് പോലെ ലോകത്തില്‍ മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കുന്നു എന്നുള്ളതല്ല, മുസ്‌ലിം സമൂഹത്തിലും ജാതികളുണ്ട്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൃത്യമായിട്ട് പറയുന്നുണ്ട് 3783 ജാതികളുണ്ട് എന്ന്. അതുപോലെ ചാതുര്‍വര്‍ണ്യത്തെ അനുസ്മരിപ്പിക്കും വിധം വരേണ്യ മുസ്‌ലിംകള്‍, പിന്നോക്ക മുസ്‌ലിംകള്‍, ഏറ്റവും അടിത്തട്ടിലുള്ള ദളിത് മുസ്‌ലിംകള്‍ എന്നിങ്ങനെയും കാണാം. അതില്‍ തന്നെ ഉത്തര്‍പ്രദേശില്‍ കനാല്‍ വിഭാഗത്തില്‍ പെട്ട മുസ്‌ലിംകളുണ്ട്. അവര്‍ ഏറ്റവും അടിത്തട്ടിലുള്ള മുസ്‌ലിംകളാണ്. കേരളത്തില്‍ കൊല്ലത്തെ മാമൂട് എന്ന സ്ഥലത്ത് ഒസ്സാമാര്‍ക്ക് മാത്രമായിട്ട് ഒരു മഹല്ലുണ്ട് എന്ന് വായിച്ചതായി ഓര്‍ക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു അക്കാദമിഷ്യന്‍ എന്നോട് വീട്ടില്‍ വന്നു സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞ പ്രധാനമായിട്ടുള്ള പ്രശ്‌നം അയാളുടെ തലമുറ 200 കൊല്ലം മുമ്പ്ഈ ജോലി ചെയ്തിരുന്നു എന്നതാണ്. ഇന്നും വിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വരുമ്പോള്‍ ഈ പ്രശ്‌നം ഉയര്‍ന്നു വരുന്നു. അതില്‍ അയാള്‍ വളരെ സങ്കടത്തിലാണ്. ഈ പ്രശ്‌നം പറയാന്‍ എന്റടുത്തു വരാനുള്ള കാരണമെന്താണെന്ന് വെച്ചാല്‍, ഞാന്‍ ഒസ്സാന്‍-ബാര്‍ബര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ ആദരിക്കപ്പെടേണ്ട കലാപ്രതിഭകളാണ് എന്ന് ഒരു നിരീക്ഷണം നടത്തിയിരുന്നു. നമ്മള്‍ തലവച്ച് കൊടുക്കുകയാണ്. എന്തൊരു വിശ്വാസത്തിലാണ് നമ്മള്‍ തലവച്ച് കൊടുക്കുന്നത്? ഒരു ആയുധമാണ് കയ്യില്‍! എന്നിട്ട് മുടിയൊക്കെ വെട്ടി, ചെത്തി മനോഹരമാക്കി മാറ്റുകയാണ്. ഒരു കലാപ്രവര്‍ത്തനമാണ് അത്. അപ്പോള്‍ അയാള്‍ ഒരു കലാകാരനാണ്, കലാപ്രതിഭയാണ്. അതിനെ ആദരിക്കുകയാണ് വേണ്ടത്. എല്ലാ തൊഴിലും മഹത്ത്വമുള്ളതാണ്. ഈ ആവശ്യത്തിന് അവരുടെ അടുത്ത് അനുസരണത്തില്‍ ഇങ്ങനെ ഇരുന്നു കൊടുക്കുക, അതുകഴിഞ്ഞ് വന്നിട്ട് അവര്‍ രണ്ടാംതരമാണെന്ന് പറയുകയും ചെയ്യുക. അത് ശരിയല്ല. ഞാന്‍ പറഞ്ഞുവരുന്നത്, ഈ ജാതിമേല്‍ക്കോയ്മ വ്യവസ്ഥയുടെ പ്രത്യേകത എന്തെന്ന് പറഞ്ഞാല്‍; ജാതിമേല്‍ക്കോയ്മയെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന ഇസ്‌ലാം മതത്തിലും, ജാതി മേല്‍ക്കോയ്മയെ എതിര്‍ക്കുന്ന ലിബറല്‍ സെക്കുലര്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവരിലും, മതത്തെ തന്നെ തള്ളിക്കളഞ്ഞ യുക്തിവാദികള്‍ക്കിടയിലും ഈ ജാതിക്ക് നുഴഞ്ഞുകയറാന്‍ പറ്റിയിട്ടുണ്ട്. അപ്പോള്‍ ജാതി നുഴഞ്ഞു കയറിയ മതവും രാഷ്ട്രീയവും സാംസ്‌കാരികപ്രസ്ഥാനവുമൊക്കെ ഫാഷിസത്തിനെതിരെയുള്ള നിവര്‍ന്നുനിന്നുള്ള പോരാട്ടത്തില്‍ പതര്‍ച്ച അനുഭവപ്പെടുന്നു. അതിനാല്‍ ജാതി മേല്‍ക്കോയ്മയുടെ വൈറസുകളെ കുടഞ്ഞുകളയുക എന്നുള്ളത് ഏറ്റവും പ്രധാനമാണ്. ഇസ്‌ലാമിനേ തത്ത്വചിന്താപരമായിട്ട് അത്തരത്തില്‍ ഒരു സംഭാവന നല്‍കാന്‍ പറ്റൂ. അത് ഫാഷിസത്തെ തീര്‍ച്ചയായിട്ടും ഭയപ്പെടുത്തുന്നുണ്ട്.