ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

(ഭാഗം: 2)

ചരിത്രത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഷഹീന്‍ബാഗ് പോലെയൊരു സമരത്തിന് സമാനത കണ്ടെത്താന്‍ സാറിന്റെ വായനയിലൂടെയോ മറ്റോ സാധിച്ചിട്ടുണ്ടോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്ത് രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്ന, എല്ലാവരിലും ആവേശം നിറച്ച ഏതെങ്കിലും ഒരു സമരത്തോട് ഷഹീന്‍ ബാഗിനെ ചേര്‍ത്തുവെക്കാന്‍-ചരിത്രത്തില്‍ അങ്ങനെ കാണാന്‍-സാധിക്കുമോ?

ലോകത്തില്‍  പലതരത്തിലുള്ള സമരങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണമായിട്ട് ജര്‍മനിയെ കുറിച്ചും അതുപോലെതന്നെ ഇറ്റലിയെ കുറിച്ചുമൊക്കെ പറയുമ്പോള്‍ ഇറ്റലിക്കകത്തും ജര്‍മനിക്കകത്തും ഫാഷിസത്തിനെതിരെയുള്ള വലിയ പ്രതിരോധങ്ങള്‍, പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ പ്രതിരോധങ്ങളെയും പ്രക്ഷോഭങ്ങളെയും ഒക്കെ ചിതറിപ്പിക്കുന്നതില്‍ അവിടുത്തെ ഫാഷിസ്റ്റുകളും നാസികളുമൊക്കെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഷഹീന്‍ബാഗിലേക്ക് വരുമ്പോള്‍ നമ്മള്‍ കാണുന്നത് കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം നടത്തുന്നതാണ്. ഈ സമരത്തെ പലവിധ പ്രകോപനങ്ങള്‍ ഉണ്ടാക്കിയും നുഴഞ്ഞുകയറിയിട്ടും പൊളിക്കാന്‍ ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ ശ്രമിച്ചിട്ടും അത് പൂര്‍വാധികം ശക്തിപ്പെടുന്നതാണ് നമ്മള്‍ കാണുന്നത്. അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഈ ഷഹീന്‍ബാഗ് മോഡല്‍ സമരം നടന്നതായിട്ട് എന്റെ വായനയില്‍ ഓര്‍മിച്ചെടുക്കാന്‍ പറ്റുന്നില്ല. ഈ സമരത്തിനുള്ള പ്രത്യേകത എന്താണെന്ന് വെച്ചാല്‍; ഈ സമരം നടക്കുന്നത് ഒരു സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ അല്ലെങ്കില്‍ ഒരു സംഘടനയുടെയോ ഔപചാരികമായ ആഹ്വാനം ഒന്നും ഇല്ലാതെ, ജനങ്ങള്‍ സ്വയം സമരത്തിലേക്ക് വരുകയാണ് ചെയ്യുന്നത് എന്നതാണ്. അതും ഇത്തരത്തിലുള്ള ഒരു സമരം ചെയ്ത് പരിചയമൊന്നുമില്ലാത്ത ആളുകള്‍. പക്ഷേ, പരിചയമുള്ള ആളുകളെയൊക്കെ അമ്പരപ്പിക്കുന്ന തരത്തില്‍ വലിയൊരു ഔചിത്യവും ഔന്നത്യവും പുലര്‍ത്തുന്നതിലേക്ക് അവര്‍ ഉയരുകയാണ് ചെയ്തത്. അതുകൊണ്ട് സമീപകാലത്തൊന്നും സമാനതകളില്ലാത്ത സമരമായി മാറിയിരിക്കുന്നു ഷഹീന്‍ ബാഗ്.

കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ തുടര്‍ച്ചയായി ഒരു പ്രദേശത്തു സമരം ചെയ്യുകയും ആ പ്രദേശത്തിന്റെ വീര്യം ഉള്‍ക്കൊണ്ട് മറ്റു പല പ്രദേശത്തും സമാനമായിട്ടുള്ള സമരങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തതിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സമാന ചരിത്രം ഉണ്ടെന്ന് എനിക്ക് ഓര്‍മയില്‍ വരുന്നില്ല.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇത് വേറിട്ടൊരു സമരമാണ്. ഇത് സ്വാതന്ത്ര്യസമരത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ട്. അത് ഈ സമരം നടത്തുന്നവര്‍ക്ക് ഒരു പക്ഷേ, അറിഞ്ഞാലും ഇല്ലെങ്കിലും. കാരണം ഇരുപതുകളിലെ നിസ്സഹകരണ സമരത്തിന്റെ ഒരു സൂക്ഷ്മത ഈ സമരത്തിലേക്ക് അറിയാതെ വന്നുചേരുന്നുണ്ട്. അത് ഇവര്‍ പഠിച്ചിട്ടൊന്നുമല്ല,  ഇവര്‍ മനസ്സിലാക്കിയിട്ടൊന്നുമല്ല.

പക്ഷേ, അവര്‍ക്ക് ഒന്നറിയാം; അവര്‍ക്ക് അവരുടെ ജീവിതം വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ നിരവധി ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും അതിനോട് പ്രതികരിക്കുന്നവരും തന്നെയാണ്. പക്ഷേ, ഇതൊരു പുതിയ പ്രശ്‌നമാണ്. അതായത് പൗരാവകാശങ്ങളുടെ നിഷേധമാണ് ഇതുവരെ അനുഭവിച്ച പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ പൗരത്വം തന്നെ നിഷേധിക്കപ്പെടുന്ന പ്രശ്‌നമാണ് മുന്നിലുള്ളത്.

ഇത് രണ്ടും രണ്ടാണ്. പക്ഷേ, അത്ഭുതകരമായ കാര്യം, പൗരാവകാശങ്ങളുടെ നിഷേധത്തെക്കാള്‍ എത്രയെത്രയോ അപകടം ഉണ്ടാക്കുന്നതാണ് പൗരത്വം പൊളിക്കുന്ന പ്രവര്‍ത്തനമെന്ന് ഏതോ സഹജാവബോധം കൊണ്ട് ഇന്ത്യന്‍ ജനത മനസ്സിലാക്കിക്കഴിഞ്ഞു എന്നുള്ളതാണ്. അതിന്റെ കാരണമെന്താണെന്ന് പറഞ്ഞാല്‍ പൗരാവകാശം നിഷേധിക്കപ്പെട്ടാല്‍ നമുക്ക് പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ പറ്റും. എന്നാല്‍ പൗരത്വം നിഷേധിക്കപ്പെട്ടാല്‍ നമുക്ക് നെഞ്ചത്തടിച്ചു നിലവിളിക്കാനുള്ള സ്വാതന്ത്ര്യം  പോലും നഷ്ടമാകും. അത് ജനങ്ങള്‍ മനസ്സിലാക്കി എന്നുള്ളതാണ് കാര്യം. ആരും പ്രത്യേകിച്ച് പ്രചാരണം ഒന്നും നടത്താതെയാണ് ഈ തിരിച്ചറിവിലേക്ക് ജനത വന്നത്. സത്യത്തില്‍ ഈ ഇരുട്ടിലും പ്രതീക്ഷക്ക് ധാരാളം സാധ്യതകള്‍ ഉണ്ട് ഇന്ത്യന്‍ മതനിരപേക്ഷതക്ക്, ജനാധിപത്യത്തിന് എന്നത് നമുക്ക് ഊര്‍ജം നല്‍കുന്ന ഒന്നാണ്.

അങ്ങ് സംസാരത്തിനിടെ പറഞ്ഞു; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഷഹീന്‍ബാഗിലേക്ക് മധ്യസ്ഥന്മാരെ നിയോഗിക്കാനും സമരം ചെയ്യുന്നവരോട് സംസാരിക്കാന്‍ പോലും എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ജഡ്ജി ചോദിക്കുകയുണ്ടായി എന്ന്. സമാനമായ ചോദ്യം ബോംബെ ഹൈക്കോടതിയില്‍ നിന്നും അവിടെയുള്ള ഒരു സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. ഇതില്‍നിന്നും സമരം മുന്നോട്ട് പോകുന്ന ഈ ഘട്ടത്തില്‍ സമരത്തിന്റെ സന്ദേശം ന്യായാധിപന്മാരിലടക്കം എത്തിച്ചേര്‍ന്നു എന്ന ഒരു ആശ്വാസത്തിലേക്ക് ഇന്ത്യന്‍ ജനതയെ അല്ലെങ്കില്‍ ജനാധിപത്യ ചേരിയെ എത്തിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് വിലയിരുത്താന്‍ സാധിക്കും. ഈ അര്‍ഥത്തില്‍ സമരത്തിന്റെ ഭാവിയെ പറ്റിയുള്ള ശുഭപ്രതീക്ഷ നിയമവൃത്തങ്ങളില്‍ നിന്നും ജുഡീഷ്യറിയില്‍ നിന്നും നമുക്ക് എത്രത്തോളം വച്ചുപുലര്‍ത്താന്‍ സാധിക്കും?

ജുഡീഷ്യറി സത്യത്തില്‍ ഭരണഘടനയെ സംബന്ധിച്ചിടത്തോളം, ഒരു രാഷ്ട്രവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. ഉദാഹരണമായിട്ട്; സര്‍ക്കാര്‍ ജനങ്ങളുടെ പൗരാവകാശങ്ങള്‍ എടുത്തുകളയുക, പൗരത്വം നിഷേധിക്കുകയൊക്കെ ചെയ്യുമ്പോള്‍ ജനങ്ങള്‍ പല തരം പ്രക്ഷോഭങ്ങള്‍ നടത്തും. സത്യത്തില്‍ അത്തരം ഒരു പ്രക്ഷോഭം തന്നെയാണ് സുപ്രീംകോടതിയില്‍ ജനങ്ങള്‍ സമര്‍പ്പിക്കുന്ന ഹര്‍ജികളും. അതായത് നിയമപോരാട്ടം എന്ന് പറയുന്നത് ജനാധിപത്യ വ്യവസ്ഥയുടെ ന്യൂക്ലിയസാണ്. ആ അര്‍ഥത്തില്‍ ഈ പൗരത്വവിരുദ്ധ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ വ്യക്തികളും സംഘടനകളുമൊക്കെ നിരവധി കേസുകള്‍ കൊടുത്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ തന്നെ ഒരു കേസ് കൊടുത്തിട്ടുണ്ട്. അതുപോലെ ഷഹീന്‍ബാഗ് സമരത്തിന്റെ വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നു.

നേരത്തെ നിങ്ങള്‍ പറഞ്ഞപോലെ കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ഭിന്നശേഷിക്കാരും അടക്കമുള്ളവര്‍ പങ്കെടുക്കുന്ന, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഇത്തരം ഒരു സമരം നടത്തുമ്പോള്‍ ആ സമരത്തോട് ജനാധിപത്യപരമായി സംവദിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയാറായില്ല; ഒരു ഫാഷിസ്റ്റ് സര്‍ക്കാര്‍ അതിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല അതിനെ അപകീര്‍ത്തിപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയൊക്കെ നോക്കിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും അമ്പരപ്പിക്കുന്നതാണ്. അത്തരം ഒരു പ്രസ്താവന നടത്താന്‍ പാടില്ല. ഒരു പക്ഷേ, നരേന്ദ്രമോഡി ആയിരിക്കണം യോഗി ആദിത്യനാഥിന്റെ ഗുരുനാഥന്‍. കാരണം അദ്ദേഹം പറഞ്ഞല്ലോ, വസ്ത്രം നോക്കിയിട്ട് സമരം ചെയ്യുന്നവരെ മനസ്സിലാക്കാന്‍ പറ്റുമെന്ന്. ഇത് പറഞ്ഞത് ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണെന്നുള്ളത് ആ പ്രധാനമന്ത്രിക്കും രാഷ്ട്രത്തിനും ആ രാഷ്ട്രത്തിലെ ജനതക്കും നാണക്കേടുണ്ടാകുന്ന കാര്യമാണ്.സമരത്തെ എതിര്‍ക്കാം. സമരം നടത്താന്‍ പാടില്ലെന്ന് പറയാം. പക്ഷേ, ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ആ രാഷ്ട്രത്തില്‍ നടക്കുന്ന ഒരു സമരത്തെ ഉദ്ദേശിച്ച്, വസ്ത്രം നോക്കിയാല്‍ അത് ആര് നടത്തുന്നുവെന്ന് തിരിച്ചറിയാം എന്നു പറയുന്നത് അപകടകരമാണ്. മതവിവേചനമാണ് ഈ ബില്ലിന്റെ മൗലികമായ കാഴ്ചപ്പാട്. ആ മതവിവേചനത്തിനെതിരെ നടക്കുന്ന സമരത്തെപോലും മതവിവേചനത്തിന്റെ ഭാഷയിലൂടെയാണ് എതിര്‍ക്കുന്നത്!

ഭരണകൂടവും ഭരണകൂടത്തിന്റെ ഭാഗമായുള്ള മന്ത്രിസഭയും നീതി നല്‍കാത്തപ്പോള്‍ ജനങ്ങളുടെ അവസാനത്തെ ആശുപത്രിയാണ് കോടതികള്‍. ഇവിടെ മരുന്നുണ്ടാകുമെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ കോടതിയില്‍ പോകുന്നത്. അത് നിയമവ്യവസ്ഥയുടെയും ഭരണഘ ടനയുടെയും ജനാധിപത്യത്തിന്റെയും ഒക്കെ ഒരു ശക്തിതന്നെയാണ്. ആ അര്‍ഥത്തില്‍ സമരം ചെയ്യാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്.

'സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളല്ല, സമരം ചെയ്യുന്നവരോട് സംസാരിക്കണം' എന്നൊക്കെയുള്ള ഒരു നിലപാട് കോടതി സ്വീകരിച്ചു എന്നുള്ളത് സ്വാഗതാര്‍ഹമാണ്. അതേസമയംതന്നെ ഇന്ത്യയിലെ ഈ നവഫാഷിസ്റ്റുകള്‍ അധികാരം കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ നമ്മുടെ പൊതുബോധം ആകെ മലിനമായിക്കൊണ്ടിരിക്കുകയാണ്. ഈ മലിനമായ പൊതുബോധം ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലേക്കും അതിക്രമിച്ചു കയറാം. അതില്‍നിന്നു കോടതിയും പൂര്‍ണമായി മുക്തമാകണമെന്നില്ല.

ഉദാഹരണമായിട്ട് ബാബരിമസ്ജിദിന്റെ വിധിമാത്രം പഠിച്ചാല്‍ നമുക്ക് മനസിലാകും; പല പ്രധാന പ്പെട്ട സത്യങ്ങളും കോടതി പറഞ്ഞിട്ടുണ്ട്. 1949 ഡിസംബര്‍ 22ന് അതില്‍ അതിക്രമിച്ചു കയറി വിഗ്രഹങ്ങള്‍ വെച്ചതാണ്. കോടതി  അത് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ രാമന്‍ ജീവിച്ച  സ്ഥലം പൊളിച്ചിട്ടാണ് പള്ളി പണിതത് എന്നതിന് തെളിവില്ല എന്നും കോടതി പറഞ്ഞിട്ടുണ്ട്. 1992 ഡിസംബര്‍ 6ന് ബലാല്‍ക്കാരമായിട്ട് പള്ളി പൊളിച്ചതാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാ കാര്യങ്ങളും കോടതി പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ ശരിയായ കാര്യങ്ങളില്‍ നിന്നും തെറ്റായ നിഗമനത്തിലേക്കാണ് കോടതി എത്തിയത്. അതിന്റെ കാരണം നമ്മുടെ പൊതുബോധം മലിനമായിക്കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ്.

അംബേദ്കര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്ത്യപോലൊരു രാജ്യത്ത് ജാതി മേല്‍ക്കോയ്മയുള്ള രാജ്യത്ത് മജിസ്‌ട്രേറ്റിനു മുകളിലാണ് പുരോഹിതന്റെ സ്ഥാനം എന്ന്. ബാബരി വിധിയൊക്കെ നോക്കിക്കഴിഞ്ഞാല്‍ അംബേദ്കര്‍ പറഞ്ഞത് ഓര്‍മിച്ചുകൊണ്ട് എനിക്ക് തോന്നുന്നത് ജഡ്ജിമാര്‍ തന്നെ പുരോഹിതന്മാരുടെ ഭാഷ സംസാരിക്കുന്ന അവസ്ഥ വന്നോ എന്ന ആശങ്കയാണ്. അതിന്റെ നിയമപരമായ കാര്യങ്ങളെ കുറിച്ച് തലനാരിഴയായി ചര്‍ച്ചചെയ്യാന്‍ നിയമവിദഗ്ധരടക്കമുള്ളവരും പൊതുപ്രവര്‍ത്തകരും ധീരരാകണം. കോടതി ഇത്രയും കാര്യങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് അതിന്റെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങനെയല്ലല്ലോ ആ വിധി വരേണ്ടത് എന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ട്.

മലിനമായ പൊതുബോധം ജീവിതത്തിലെ എല്ലാ മണ്ഡലത്തിലുമെന്നത് പോലെ നീതിന്യായ വ്യവ സ്ഥയുടെ അകത്തേക്കും ഇടിച്ചുകയറുകയാണെങ്കില്‍ ഒരുപക്ഷേ, ജനങ്ങള്‍ക്ക് പൂര്‍ണമായിട്ടും നീതി പ്രതീക്ഷികാന്‍ കഴിയില്ല. എങ്കില്‍പോലും നിലവിലുള്ള ഒരു സംവിധാനത്തില്‍ ഭരണഘടനയും ഭരണ ഘടനയുടെ അനിവാര്യഭാഗമായുള്ള ജുഡീഷ്യറിയും ഒക്കെ തന്നെയാണ് ജനങ്ങളുടെ വലിയൊരു പ്രതീക്ഷ. ആ അര്‍ഥത്തില്‍ ബഹുജന സമരങ്ങളും നടക്കണം. നിയമത്തിന്റെ മണ്ഡലത്തിലുള്ള സമരങ്ങളും നടക്കണം. അതോടൊപ്പം ഭരണഘടനയുടെ മൂല്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കു ന്ന തരത്തില്‍ ചുരുങ്ങിയത് ഭരണഘടനയുടെ ആമുഖമെങ്കിലും ജനങ്ങള്‍ക്ക് മുമ്പില്‍ നിരന്തരം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം

അത്തരം ഒരു മുന്നേറ്റം എന്ന നിലിയില്‍ ഷഹീന്‍ബാഗ് സമരപ്പന്തലിലൊക്കെ ഇടവിട്ട് ഇടവിട്ട് ഭരണഘടയുടെ ആമുഖം വായിക്കുന്നു. മാത്രമല്ല കേരളത്തിലടക്കം പല സ്ഥലത്തും, വിവാഹത്തിന് പോലും ഭരണഘടനയുടെ ആമുഖം വായിക്കുന്നു. അതെല്ലാം ഒരു പ്രതിരോധമാണ്. അങ്ങനെ വ്യത്യസ്ത തരത്തിലുള്ള പ്രതിരോധങ്ങളിലേക്ക് ജനങ്ങള്‍ കടന്നുവരുന്നുണ്ട്. ആ പ്രതിരോധം ഒരു പൊതുബോധമായിട്ട് മാറുകയാണെങ്കില്‍ സ്വാഭാവികമായിട്ടും കോടതിക്ക് ഈ ഫാഷിസ്റ്റ് പൊതുബോധത്തെ മറികടക്കാന്‍ കഴിഞ്ഞേക്കും. ഈ പ്രതിരോധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 'സമരം ചെയ്യുന്നവര്‍ ദേശദ്രോഹികളല്ല, സമരം ചെയ്യുന്നവരോട് സംസാരിക്കണം' എന്നൊക്കെയുള്ള നിലപാടിലേക്ക് കോടതികള്‍ വന്നിട്ടുണ്ടാവുക എന്ന് ഞാന്‍ വിചാരിക്കുന്നു. (അവസാനിച്ചില്ല)