ശിഅ്ബു അബീത്വാലിബ്: വിശ്വാസം വിശപ്പിനെ അതിജീവിച്ച മലഞ്ചെരിവ്
ഡോ. സി മുഹമ്മദ് റാഫി, ചെന്പ്ര
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

ചരിത്രത്തിൽ ചില സ്ഥലങ്ങൾ വെറും സ്ഥലങ്ങളല്ല. അവ വേദനയുടെ സ്മാരകങ്ങളും വിശ്വാസത്തിന്റെ പരീക്ഷണശാലകളും മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ അടയാളങ്ങളുമാണ്. മക്കയിലെ ശിഅ്ബു അബീത്വാലിബ് അത്തരമൊരു സ്ഥലമായിരുന്നു.
ഇസ്ലാമിന്റെ ആദ്യകാല ചരിത്രത്തിൽ, മുഹമ്മദ് നബിﷺയും അദ്ദേഹത്തിന്റെ കുടുംബവും ബനൂഹാശിമിലെയും ബനൂൽ മുത്ത്വലിബിലെയും അംഗങ്ങളും അനുഭവിച്ച ഏറ്റവും കഠിനമായ പരീക്ഷണങ്ങളുടെ വേദിയായിരുന്നു ഈ മലഞ്ചെരിവ്. വിശപ്പും ദാരിദ്ര്യവും സാമൂഹിക ബഹിഷ്കരണവും ഭീഷ ണിയും ഒറ്റപ്പെടലും ഒരുമിച്ചുവന്ന കാലഘട്ടം. എന്നാൽ അതേ മലഞ്ചെരിവ്, പ്രതിസന്ധിയുടെ നടുവിലും വിശ്വാസം മനുഷ്യനെ എങ്ങനെ താങ്ങിനിർത്തുന്നു എന്നതിന്റെ ചരിത്രപാഠമായി മാറി.
ഒരു സന്ദേശത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമം
മക്കയിൽ പ്രവാചകൻﷺ ഇസ്ലാമിന്റെ സന്ദേശവുമായി മുന്നോട്ടുവന്നപ്പോൾ, അതിനെ കേവലം ഒരു പുതിയ മതവിശ്വാസത്തിന്റെ പ്രഖ്യാപനമായി ക്വുറൈശികൾ കണ്ടില്ല. അവരുടെ സാമൂഹിക ഘടന യെയും അധികാരത്തെയും സാമ്പത്തിക താൽപര്യങ്ങളെയും വിഗ്രഹാരാധനയെ കേന്ദ്രീകരിച്ചിരുന്ന വ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന ശക്തമായ സന്ദേശമായിരുന്നു അത്.
‘അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനില്ല’ എന്ന ഏകദൈവവിശ്വാസത്തിന്റെ പ്രഖ്യാപനം മക്കയിലെ നിലവിലുള്ള അധികാരക്രമത്തിനു വലിയ വെല്ലുവിളിയായി.
ആദ്യഘട്ടത്തിൽ പരിഹാസം. പിന്നീടു ഭീഷണി. അതിനുശേഷം പീഡനങ്ങൾ. എന്നിട്ടും മുഹമ്മദ് ﷺ പിന്മാറിയില്ല. ഇസ്ലാമിലേക്ക് ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു. പ്രവാചകന്റെ അനുയാ യികളെ പീഡിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ സന്ദേശം തടയാനായില്ല. ഒടുവിൽ ക്വുറൈശികൾ മറ്റൊരു മാർ ഗം സ്വീകരിച്ചു; മുഹമ്മദിﷺനെ സംരക്ഷിക്കുന്ന സാമൂഹികവലയത്തെ തന്നെ തകർക്കുക!
അവരുടെ കണക്കിൽ, പ്രവാചകനെ ഒറ്റപ്പെടുത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അദ്ദേഹത്തിന്റെ കുടുംബത്തെയും ഗോത്രത്തെയും ഒറ്റപ്പെടുത്തുകയായിരുന്നു. അങ്ങനെ ചരിത്രത്തിലെ കഠിനമായ ഒരു അധ്യായത്തിന് തുടക്കമായി.
ബഹിഷ്കരണത്തിന്റെ കരാർ
ക്വുറൈശി പ്രമുഖർ ഒരു കരാറിൽ ഒപ്പുവച്ചു. ബനൂഹാശിമിനെയും ബനൂൽ മുത്ത്വലിബിനെയും സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം: അവരുമായി വിവാഹബന്ധം സ്ഥാപിക്കരുത്. അവരുമായി വ്യാപാരം നടത്തരുത്. അവരുമായി ഇടപഴകരുത്. അവരോടു സൗഹൃദം പുലർത്തരുത്. മുഹമ്മദിﷺനെ കൈമാറുന്നതുവരെ അവരെ പൂർണമായി ബഹിഷ്കരിക്കുക.
മക്കയിലെ സാധാരണ സാമൂഹികജീവിതത്തിൽ നിന്ന് ഒരു കുടുംബസമൂഹത്തെ പൂർണമായി മുറിച്ചുമാറ്റാനുള്ള ശ്രമമായിരുന്നു അത്. ഒരു സമൂഹത്തെ തോൽപിക്കാൻ വാളുകൾ ആവശ്യമില്ലെന്ന് അവർക്ക് അറിയാമായിരുന്നു. ഭക്ഷണം തടഞ്ഞാൽ ശരീരം തളരും; വ്യാപാരം തടഞ്ഞാൽ ജീവിതം തകരും; സമൂഹത്തിൽനിന്ന് പുറത്താക്കിയാൽ മനസ്സു തളരും. അതായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, അവർ കണക്കുകൂട്ടാത്ത ഒന്നുണ്ടായിരുന്നു; വിശ്വാസത്തിന്റെ ശക്തി.
ശിഅ്ബിലേക്കുള്ള യാത്ര
മക്കയുടെ ചുറ്റുമുള്ള മലനിരകളിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇടുങ്ങിയ താഴ്വയിലേക്കാണ് അവർ മാറിത്താമസിച്ചത്; അതായിരുന്നു ശിഅ്ബു അബീത്വാലിബ്. ഇന്നു നമുക്ക് ‘അവർ ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ചു’ എന്നു പറയാൻ വളരെ എളുപ്പമാണ്. പക്ഷേ, ആ യാത്രയുടെ പിന്നിലെ യാഥാർഥ്യം ചിന്തിച്ചുനോക്കുക; സ്വന്തം വീടുകൾ വിട്ടുപോകണം. വ്യാപാരബന്ധങ്ങൾ നഷ്ടപ്പെടണം. സാധാരണ ഭക്ഷണം ലഭിക്കാതാകണം. മക്കയിലെ സാമൂഹികജീവിതത്തിൽനിന്ന് പൂർണമായി അകറ്റപ്പെടണം. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടണം!
എന്നിട്ടും പ്രവാചകന്റെ കൂടെ നിൽക്കാനുള്ള തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. അതു വെറും കുടുംബബന്ധത്തിന്റെ പേരിലുള്ള ഒരു യാത്രയായിരുന്നില്ല. സത്യത്തിനൊപ്പം നിൽക്കാനുള്ള തീരുമാന മായിരുന്നു.
വിശപ്പിന്റെ രാപകലുകൾ
ശിഅ്ബിലെ ജീവിതം ദിവസങ്ങൾ കടന്നുപോകുന്തോറും കൂടുതൽ കഠിനമായി. ഭക്ഷണസാധനങ്ങൾ ലഭിക്കാതെ വന്നു. പുറത്തുനിന്ന് സാധനങ്ങൾ എത്തുന്നത് തടയപ്പെട്ടു. കുടുംബങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കു നീങ്ങി. ചരിത്രവിവരണങ്ങൾ ആ കാലത്തെ വിശപ്പിന്റെതീവ്രത നമ്മെ ബോധ്യപ്പെടുത്തുന്നു. ചിലപ്പോൾ ലഭിച്ചിരുന്ന ചെറിയ ഭക്ഷണസാധനങ്ങൾ പങ്കിട്ടുകഴിച്ചു. ചില സന്ദർഭങ്ങളിൽ മര ങ്ങളുടെ ഇലകളും മറ്റു ലഭ്യമായ വസ്തുക്കളും ആശ്രയിക്കേണ്ടിവന്നതായി ചരിത്രവിവരണങ്ങളിൽ കാണാം.
രാത്രിയുടെ നിശ്ശബ്ദതയിൽ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ കരച്ചിലുയർന്നു. അവരുടെ കരച്ചിൽ കേൾക്കുമ്പോൾ ഹൃദയം തകരാത്ത മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. പക്ഷേ, ആ മാതാപിതാക്കളുടെ മുന്നിൽ ഒരു വലിയ ചോദ്യം ഉണ്ടായിരുന്നു:
‘വിശപ്പിനെ ഭയന്നു സത്യത്തെ ഉപേക്ഷിക്കണോ?’
അവർ നൽകിയ ഉത്തരം ചരിത്രം ഇന്നും ഓർമിപ്പിക്കുന്നു: ‘വേണ്ട!’
സമ്പന്നതയിൽനിന്ന് പട്ടിണിയിലേക്ക്
ഈ പരീക്ഷണത്തിന്റെ ഏറ്റവും ഹൃദയസ്പർശിയായ മുഖങ്ങളിൽ ഒന്നാണ് ഖദീജ(റ)യുടെ ജീവിതം. മക്കയിലെ സമ്പന്നയും മാന്യയുമായ ഒരു വനിതയായിരുന്നു അവർ. ഇസ്ലാമിന്റെ സന്ദേശവുമായി മുഹമ്മദ്ﷺ മുന്നോട്ടുപോയപ്പോൾ, ഖദീജ(റ) തന്റെ സമ്പത്തും സൗകര്യങ്ങളും അദ്ദേഹത്തോടൊപ്പം പങ്കുവച്ചു. ശിഅ്ബിലെ ഉപരോധകാലത്ത് ആ സമ്പത്ത് എന്തായി? അത് വിശപ്പകറ്റാനും ആവശ്യങ്ങൾ നിറവേറ്റാനും ചെലവഴിച്ചു. അവർക്ക് ഉപരോധത്തിന്റെ കഠിനത അനുഭവിച്ചുകൊണ്ട് ആ മലഞ്ചെരിവിൽ കഴിയേണ്ടിവന്നു. ഇത് സമ്പത്തിന്റെ യഥാർഥ അർഥത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. സമ്പത്ത് മനുഷ്യനെ ഉയർത്തുന്നത് അതിന്റെ അളവുകൊണ്ടല്ല; അത് എവിടെ ചെലവഴിക്കുന്നു എന്നതുകൊണ്ടാണ്.
അബൂത്വാലിബിന്റെ ത്യാഗം
ഈ ചരിത്രത്തിൽ അബൂ ത്വാലിബിന്റെ പങ്കും മറക്കാനാവില്ല. മുഹമ്മദ് നബിﷺയെ സംരക്ഷിക്കാൻ അദ്ദേഹം തന്റെ ഗോത്രത്തിന്റെ ശക്തിയുപയോഗിച്ചു. സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും കൂട്ടി ശിഅ്ബിൽ താമസിച്ചു. പ്രവാചകനെ സംരക്ഷിക്കാൻ സാമൂഹികവും രാഷ്ട്രീയവുമായ സമ്മർദങ്ങളെ നേരിട്ടു. സ്വന്തം ജീവിതസൗകര്യങ്ങൾ ഉപേക്ഷിച്ചു. ഒരു വ്യക്തിയെ സംരക്ഷിക്കാൻ ഒരു കുടുംബം തന്നെ പ്രതിസന്ധിയിലേക്ക് ഇറങ്ങിത്തിരിച്ച സംഭവമായിരുന്നു അത്. അതിനാൽ ശിഅ്ബ് അബീ ത്വാലിബിന്റെ കഥ മുഹമ്മദ്ﷺയുടെ മാത്രം കഥയല്ല; അത് വിശ്വാസത്തെ സംരക്ഷിക്കാൻ ഒരുമിച്ചു നിന്ന ഒരു സമൂഹത്തിന്റെ കഥ കൂടിയാണ്.
ഉപരോധം മൂന്നു വർഷം!
ഈ ഉപരോധം മൂന്നു വർഷത്തോളം നീണ്ടുനിന്നതായാണ് ചരിത്രം. മൂന്നു വർഷം എന്നത് കലണ്ടറിലെ ഏതാനും അക്കങ്ങളല്ല. ഒരു കുട്ടിയുടെ ജീവിതത്തിൽ അതു വലിയൊരു കാലയളവാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ജീവിതത്തിൽ അത് ഒരു യുഗംപോലെയാണ്. ഒരു സമൂഹത്തിന്റെ മാനസി കാവസ്ഥയിൽ അത് അത്യന്തം ദൈർഘ്യമേറിയ പരീക്ഷണമാണ്. എന്നിട്ടും ആ പരീക്ഷണം അവരെ തകർത്തില്ല. കാരണം അവരുടെ മുന്നിൽ ഒരു വ്യക്തി മാത്രമല്ല ഉണ്ടായിരുന്നത്. ഒരു ദൗത്യമുണ്ടായിരുന്നു. ഒരു ലക്ഷ്യമുണ്ടായിരുന്നു. ഒരു വിശ്വാസമുണ്ടായിരുന്നു. അതിനുമപ്പുറം അല്ലാഹുവിലായിരുന്നു അവരുടെ പ്രതീക്ഷ. (അവസാനിച്ചില്ല)

