മുഹമ്മദ് നബിﷺ ഖദീജ(റ); ഉദാത്ത ദാമ്പത്യത്തിന്റെ മനോഹര മാതൃക

ഡോ. സി മുഹമ്മദ് റാഫി ചെന്പ്ര

2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

മനുഷ്യചരിത്രത്തിലെ അനേകം പ്രണയകഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ സ്നേഹത്തിനപ്പുറം വിശ്വാസവും ത്യാഗവും ആത്മസമർപ്പണവും ദൗത്യബോധവും ചേർന്നുനിൽക്കുന്ന ബന്ധങ്ങൾ വളരെ വിരളമാണ്. അത്തരമൊരു മഹത്തായ ബന്ധമായിരുന്നു മുഹമ്മദ് നബിﷺയും ഖദീജ(റ)യും തമ്മിലുണ്ടായിരുന്നത്. നബിﷺയുടെ പ്രവാചകജീവിതത്തിന്റെ ആദ്യഘട്ടം മനസ്സിലാക്കാൻ ഖദീജ(റ)യുടെ ജീവിതവും നബിയോടുള്ള അവരുടെ സ്നേഹവും പിന്തുണയും മനസ്സിലാക്കേണ്ടതുണ്ട്.

ഖദീജ ബിൻത് ഖുവൈലിദ്(റ) മക്കയിലെ മാന്യമായ കുടുംബത്തിൽപ്പെട്ട, ബുദ്ധിയും സമ്പത്തും സത്യസന്ധതയും സ്വഭാവമഹിമയുംകൊണ്ട് പ്രശസ്തയായ വനിതയായിരുന്നു. അവർ വ്യാപാരരംഗത്തും ശ്രദ്ധേയമായ സ്ഥാനം നേടിയിരുന്നു. സ്വന്തം സമ്പത്ത് ഉപയോഗിച്ചു വ്യാപാരം നടത്തുകയും അതിനായി വിശ്വസ്തരായ ആളുകളെ നിയോഗിക്കുകയും ചെയ്തിരുന്നു.

അക്കാലത്ത് മക്കയിൽ മുഹമ്മദ്ﷺ തന്റെ സത്യസന്ധതയും വിശ്വാസ്യതയുംകൊണ്ട് എല്ലാവരു ടെയും ശ്രദ്ധ നേടിയിരുന്നു. ആളുകൾ അദ്ദേഹത്തെ ‘അൽഅമീൻ’ (വിശ്വസ്തൻ) എന്നു വിളിച്ചു. നബിﷺ യുടെ സത്യസന്ധതയും നല്ല സ്വഭാവവും തിരിച്ചറിഞ്ഞ ഖദീജ(റ), തന്റെ വ്യാപാരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ശാമിലേക്ക് അയച്ചു. മൈസറ എന്ന സേവകനെയും അദ്ദേഹത്തോടൊപ്പം അയച്ചതായി ചരിത്രഗ്രന്ഥങ്ങളിൽ കാണാം.

ഈ യാത്രയിൽ മുഹമ്മദ്ﷺയുടെ സത്യസന്ധതയും മാന്യതയും നല്ല പെരുമാറ്റവും മൈസറ അടുത്തറിഞ്ഞതായി ചരിത്രങ്ങളിൽ വിവരിക്കപ്പെടുന്നു. വ്യാപാരയാത്രയിൽ നല്ല ലാഭവും ലഭിച്ചു. എന്നാൽ ഖദീജയെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ ലാഭമല്ലായിരുന്നു. അതിനെക്കാൾ വിലപ്പെട്ടതായി അവർ കണ്ടത് മുഹമ്മദ്ﷺയുടെ വ്യക്തിത്വമായിരുന്നു. സത്യസന്ധതയും വിശ്വസ്തതയും വിനയവും മാന്യതയും നിറഞ്ഞ ആ വ്യക്തിത്വമാണ് പിന്നീട് ഖദീജയുടെ മനസ്സിൽ അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും വളർത്തിയത്.

അങ്ങനെ ഖദീജ(റ) വിവാഹത്തിനുള്ള താൽപര്യം പ്രകടിപ്പിച്ചു. വിവാഹത്തോടെ ആരംഭിച്ച അവരുടെ ജീവിതം കേവലം ഭാര്യാഭർത്താക്കന്മാരുടെ ബന്ധമായിരുന്നില്ല; അത് പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും ആഴമുള്ള സ്നേഹത്തിന്റെയും ബന്ധമായിരുന്നു.

മുഹമ്മദ്ﷺയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയ പരിവർത്തനങ്ങൾക്ക് മുമ്പും ശേഷവും ഖദീജ(റ) അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. മക്കയിലെ സാമൂഹിക സാഹചര്യങ്ങൾ അദ്ദേഹത്തിന് പലപ്പോഴും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വിഗ്രഹാരാധനയും അനീതിയും അക്രമവും നിറഞ്ഞ സമൂഹത്തിൽനിന്നകന്ന് ഏകാന്തതയിൽ ചിന്തിക്കാനും ആരാധിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടു. ഹിറാ ഗുഹയിലെ ഏകാന്തധ്യാനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിത്തീർന്നു.

നബിﷺ ഹിറായിൽ കഴിയുമ്പോൾ അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നത് ഖദീജയായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയമായ അന്വേഷണങ്ങളെ അവർ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ഏകാന്തതയെ തടസ്സപ്പെടുത്താതെ ആവശ്യമായ പിന്തുണ നൽകി. ജീവിതപങ്കാളിയുടെ ആത്മീയ യാത്രയെ മനസ്സിലാക്കി കൂടെ നിൽക്കുക എന്നതിന്റെ ഏറ്റവും മനോഹരമായ മാതൃകയായിരുന്നു അത്.

അങ്ങനെ ഒരു ദിവസം ഹിറാ ഗുഹയിൽവച്ച് മുഹമ്മദ്ﷺക്ക് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. ജിബ്‌രീൽ(അ) അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് വായിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സൃഷ്ടിയുടെ ആരംഭത്തെയും മനുഷ്യന്റെ സൃഷ്ടിയെയും കുറിച്ച് സംസാരിക്കുന്ന ആദ്യവചനങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ആ അനുഭവം നബിﷺയെ ആഴത്തിൽ ഭയപ്പെടുത്തി. വിറച്ചുകൊണ്ട് അദ്ദേഹം വീട്ടിലെത്തി. ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ...’ എന്ന് അദ്ദേഹം പറഞ്ഞു. അതു കേട്ട ഖദീജ(റ) അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഭയപ്പെട്ട ഭർത്താവിനോട് ഭയപ്പെടുത്തുന്ന വാക്കുകളല്ല അവർ പറഞ്ഞത്; മറിച്ച് ആത്മവിശ്വാസം നൽകുന്ന വാക്കുകളായിരുന്നു:

“അല്ലാഹു ഒരിക്കലും താങ്കളെ അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധങ്ങൾ സംരക്ഷിക്കുന്നു, സത്യം പറയുന്നു, ദുർബലരുടെ ഭാരങ്ങൾ ഏറ്റെടുക്കുന്നു, ഇല്ലാത്തവരെ സഹായിക്കുന്നു, അതിഥികളെ ആദരിക്കുന്നു, സത്യത്തിന്റെയും നന്മയുടെയും കാര്യങ്ങളിൽ ആളുകളെ സഹായിക്കുന്നു.’’

എത്ര മനോഹരമായ ആശ്വാസവാക്കുകളായിരുന്നു അത്!

ഖദീജ(റ) നബിﷺയോട് ‘ഭയപ്പെടേണ്ട’ എന്നു മാത്രമല്ല പറഞ്ഞത്. അദ്ദേഹത്തിന്റെ മുൻകാല ജീവിതത്തിലെ നന്മകളെ ഓർമിപ്പിച്ചുകൊണ്ടാണ് ആശ്വാസം നൽകിയത്. ഒരു മനുഷ്യന്റെ സ്വഭാവത്തെ പ്രതിസന്ധിയുടെ സമയത്ത് അദ്ദേഹത്തിനുതന്നെ തിരിച്ചുകാണിച്ചുകൊടുക്കുകയായിരുന്നു ഖദീജ.

തുടർന്ന് ഖദീജ(റ) നബിﷺയെ തന്റെ ബന്ധുവായ വറഖത്ത് ബിൻ നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. വഹ്‌യ് സംബന്ധിച്ച അനുഭവം കേട്ട വറഖത്ത്, മൂസാ നബി(അ)ക്ക് ലഭിച്ച ദിവ്യസന്ദേശം തന്നെയാണ് ഇതെന്നും മുഹമ്മദിന് തന്റെ ജനതയിൽനിന്ന് വലിയ എതിർപ്പുകൾ നേരിടേണ്ടിവരുമെന്നും അറിയിച്ചു.

ആ മഹത്തായ ദൗത്യത്തിന്റെ ആദ്യനിമിഷങ്ങളിൽതന്നെ നബിﷺയുടെ കൂടെയുണ്ടായിരുന്ന വ്യക്തി ഖദീജ(റ)യായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇസ്‌ലാമിന്റെ ചരിത്രത്തിലെ ആദ്യ വിശ്വാസിയായി മാറി. ലോകം പ്രവാചകത്വത്തെക്കുറിച്ച് അറിയുന്നതിനു മുമ്പുതന്നെ, മുഹമ്മദ്ﷺയുടെ സത്യത്തിൽ ഖദീജ(റ) വിശ്വസിച്ചു. മറ്റുള്ളവർ അകന്നുനിന്നപ്പോൾ അവർ അടുത്തുനിന്നു. മറ്റുള്ളവർ എതിർത്ത പ്പോൾ അവർ പിന്തുണച്ചു.

ഇസ്‌ലാമിന്റെ ആദ്യകാല പ്രബോധനത്തിൽ ഖദീജ(റ)യുടെ പങ്ക് വളരെ വലുതായിരുന്നു. അവരുടെ സമ്പത്തും സ്വാധീനവും നബിﷺയുടെ ദൗത്യത്തിന് സഹായകമായി. പിന്നീട് ഇസ്‌ലാമിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെട്ട സമ്പത്തിന്റെ പിന്നിൽ ഖദീജയുടെ ത്യാഗവും ഉണ്ടായിരുന്നു.

ഖദീജ(റ)യുടെ ജീവിതത്തിലെ മറ്റൊരു മഹത്തായ ഭാഗം മാതൃത്വമാണ്. അവർ നബിﷺയുടെ മക്കളുടെ മാതാവായി; ക്വാസിം, അബ്ദുല്ലാഹ് എന്നീ ആൺമക്കളും സൈനബ്(റ), റുഖിയ്യ(റ), ഉമ്മുകുൽസൂം(റ), ഫാത്വിമ(റ) എന്നീ പെൺമക്കളും. പ്രത്യേകിച്ച് ഫാത്വിമ(റ)യുടെ മാതാവെന്ന നിലയിലും ഖദീജ(റ)യ്ക്ക് അതുല്യമായ സ്ഥാനമുണ്ട്.

നബിﷺയും ഖദീജ(റ)യും തമ്മിലുള്ള സ്‌നേഹം ഖദീജയുടെ ജീവിതകാലത്ത് മാത്രമല്ല, അവരുടെ മരണശേഷവും നിലനിന്നു. ഖദീജയുടെ മരണം നബിﷺയുടെ ഹൃദയത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചു. അതേ വർഷംതന്നെ നബിﷺയുടെ സംരക്ഷകനായ അബൂത്വാലിബും മരണപ്പെട്ടു. ഈ രണ്ടു നഷ്ടങ്ങളും നബിﷺക്ക് വലിയ ആഘാതമായി. അതുകൊണ്ട് ആ വർഷം ‘ദുഃഖവർഷം’ എന്ന് അറിയപ്പെടുന്നു.

എന്നാൽ ഖദീജ(റ)യുടെ മരണം അവരെക്കുറിച്ചുള്ള ഓർമകളുടെ മരണമായിരുന്നില്ല. നബിﷺ അവരെ നിരന്തരം ഓർത്തിരുന്നു. ഖദീജയുടെ സുഹൃത്തുക്കളെ കണ്ടാൽ അവരോട് പ്രത്യേക സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു. ആടിനെ അറുത്താൽ ഖദീജയുടെ സുഹൃത്തുക്കൾക്ക് അതിൽനിന്ന് സമ്മാനം അയക്കുമായിരുന്നു. ഖദീജയുടെ സഹോദരി ഹാലയുടെ ശബ്ദം കേൾക്കുമ്പോൾ പോലും ഖദീജയെ ഓർത്ത് നബിയുടെ മനസ്സിൽ പഴയ ഓർമകൾ ഉണർന്നിരുന്നു. ആഇശ(റ) പോലും ഖദീജയോടുള്ള നബിﷺയുടെ ഈ ആഴത്തിലുള്ള സ്നേഹം ശ്രദ്ധിച്ചിരുന്നു. നബിﷺ ഖദീജയെക്കുറിച്ച് നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്ന് അവർ വിവരിക്കുന്നു.

ഖദീജയുടെ മഹത്ത്വം എത്രത്തോളം ഉയർന്നതായിരുന്നു എന്നതിന് മറ്റൊരു അതുല്യമായ തെളിവുണ്ട്. ഖദീജ(റ) ജീവിച്ചിരിക്കുമ്പോൾ തന്നെ ജിബ്‌രീൽ(അ) നബിﷺയോട് ഖദീജയ്ക്ക് അവരുടെ രക്ഷിതാവിന്റെ ഭാഗത്തുനിന്നുള്ള സലാം അറിയിക്കാൻ ആവശ്യപ്പെട്ടു. ശബ്ദകോലാഹലമോ ക്ഷീണമോ ഇല്ലാത്ത സ്വർഗീയ ഭവനം ഖദീജയ്ക്ക് ലഭിക്കുമെന്ന സന്തോഷവാർത്തയും അറിയിച്ചു.

ഖദീജയും നബിﷺയും തമ്മിലുള്ള ബന്ധം എക്കാലത്തെയും ദമ്പതികൾക്കു വലിയൊരു പാഠമാ ണ്. ഒരു നല്ല ജീവിതപങ്കാളി എന്നതു സന്തോഷസമയത്തു മാത്രം കൂടെയുള്ള ഒരാളല്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തിലും പ്രതിസന്ധിയിലും ആത്മവിശ്വാസം നൽകുന്ന വ്യക്തിയാണ്.

നബിﷺ ഭയപ്പെട്ടപ്പോൾ ഖദീജ(റ) ആശ്വാസമായി. ലോകം അദ്ദേഹത്തെ നിഷേധിച്ചപ്പോൾ അവർ അംഗീകരിച്ചു. ദൗത്യനിർവഹണത്തിലെ പ്രയാസത്തിൽ പിന്തുണയായി, സമ്പത്ത് ആവശ്യമായപ്പോൾ ത്യാഗമായി. അങ്ങനെ ഖദീജ(റ) ഒരു ഭാര്യ എന്നതിലുപരി നബിﷺയുടെ ജീവിതത്തിലെ ഒരു വലിയ താങ്ങായി മാറി.

വിശുദ്ധ ക്വുർആൻ അല്ലാഹുവിന്റെ ചില ദൃഷ്ടാന്തങ്ങൾ വിവരിക്കവെ, ഇണകളെ സൃഷ്ടിച്ചതിനെ കുറിച്ചും ദാമ്പത്യജീവിതത്തിന്റെ ലക്ഷ്യം പരസ്പരം സമാധാനം കണ്ടെത്തുന്നതിനാണെന്നും അവരുടെ ഇടയിൽ സ്നേഹവും കാരുണ്യവും സ്ഥാപിച്ചത് അല്ലാഹുവാണെന്നും പറയുന്നുണ്ട്. മുഹമ്മദ് നബിﷺയും ഖദീജ(റ)യും തമ്മിലുള്ള ജീവിതം ഈ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഏറ്റവും മനോഹരമായ ചരിത്രസാക്ഷ്യങ്ങളിലൊന്നാണ്. ഇന്ന് കുടുംബങ്ങളിൽ സമ്പത്തുണ്ട്, സൗകര്യങ്ങളുണ്ട്, ആധുനിക ജീവിതത്തിന്റെ എല്ലാ സംവിധാനങ്ങളുമുണ്ട്. പക്ഷേ, പലപ്പോഴും പരസ്പരം കേൾക്കാനുള്ള സമയമില്ല, മനസ്സിലാക്കാനുള്ള ക്ഷമയില്ല, പ്രതിസന്ധിയിൽ ചേർത്തുപിടിക്കാനുള്ള മനസ്സില്ല.

ഖദീജ(റ)യുടെ ജീവിതം നമ്മോട് ഒരു ചോദ്യം ചോദിക്കുന്നു: “നിങ്ങളുടെ ജീവിതപങ്കാളിക്ക് നിങ്ങൾ ഒരു ആശ്വാസകേന്ദ്രമാണോ?’’

നബിﷺയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയയാത്രയുടെ ആദ്യ നിമിഷങ്ങളിൽ അദ്ദേഹത്തെ ചേർത്തുപിടിച്ച കൈകളായിരുന്നു ഖദീജയുടെത്. ആദ്യ വഹ്‌യിന്റെ ഭയം മാറ്റിയ ആശ്വാസവാക്കുകൾ ഖദീജയുടെതായിരുന്നു. ആദ്യ വിശ്വാസത്തിന്റെ പ്രകാശം തെളിഞ്ഞത് അവരുടെ ഹൃദയത്തിലായിരുന്നു. ആദ്യകാല ദൗത്യത്തിന്റെ ഭാരങ്ങൾ പങ്കിട്ടത് അവരുടെ ജീവിതമായിരുന്നു. അതുകൊണ്ടാണ് ഖദീജ(റ) ഒരു ചരിത്രവനിത മാത്രമല്ലാത്തത്.

അവർ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കുടുംബപിന്തുണയുടെയും മാതൃകയാണ്. അവർ ഒരു മഹത്തായ ദൗത്യത്തിനായി സ്വന്തം ജീവിതവും സമ്പത്തും സമർപ്പിച്ച സ്ത്രീയുടെ മാതൃകയാണ്.

മുഹമ്മദ് നബിﷺയുടെ ജീവിതത്തിൽ ഖദീജ(റ)ക്കുള്ള സ്വാധീനം മനസ്സിലാക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു വലിയ സത്യമുണ്ട്: ഒരു മഹാന്റെ പിന്നിൽ പലപ്പോഴും നിശ്ശബ്ദമായി നിന്ന ഒരു മഹത്തായ ഹൃദയമുണ്ടാകും. മുഹമ്മദ് നബിﷺയുടെ ജീവിതത്തിലെ ആ മഹത്തായ ഹൃദയമായിരുന്നു ഖദീജ(റ).

അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ സന്ദേശം ഇതാണ്; സ്‌നേഹം എന്നത് വാക്കുകളിൽ മാത്രം പ്രകടിപ്പിക്കേണ്ട ഒന്നല്ല; പ്രതിസന്ധിയിൽ ഒരാളുടെ കൂടെ ഉറച്ചുനിൽക്കുന്നതാണ് യഥാർഥ സ്‌നേഹം.