ഖറാമിത്വിയൻ കലാപവും ഹജറുൽ അസ്‌വദ് മോഷണവും
ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
2026 മെയ് 30, 1447 ദുൽഹിജ്ജ 14

ഹിജ്‌റ 317ലെ ദുൽഹജ്ജ് എട്ട്, യൗമുത്തർവിയ ദിനം, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകരാൽ വിശുദ്ധ മക്കയും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. കഅ്ബയെ പ്രദക്ഷിണം ചെയ്തും പ്രാർഥനകളിൽ മുഴുകിയും അവർ ഹജ്ജിനായി ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് മക്കയുടെ അതിരുകളിൽനിന്ന് ആ ഭീതിദമായ നിലവിളി ഉയർന്നത്: ‘ഖറാമിത്വകൾ വരുന്നു! ഖറാമിത്വകൾ വരുന്നു!’
ഖറാമിത്വകളുടെ നേതാവായ അബൂ താഹിർ സുലൈമാൻ അൽജന്നാബിയുടെ നേതൃത്വത്തിലുള്ള വൻ സൈന്യം മക്കയിലേക്ക് ഇരച്ചുകയറി. ഇഹ്‌റാം വസ്ത്രം പോലും ധരിക്കാതെ ആയുധങ്ങളുമായി എത്തിയ അവർ, ത്വവാഫ് ചെയ്തുകൊണ്ടിരുന്ന ഹാജിമാരെ ക്രൂരമായി കൊന്നൊടുക്കി. വിശുദ്ധ ഗേഹ ത്തിന്റെ പവിത്രതയെ ചവിട്ടിമെതിച്ചുകൊണ്ട് അവർ സകല സമ്പത്തും കൊള്ളയടിച്ചു.
കഅ്ബയുടെ വാതിൽക്കൽ നിന്നുകൊണ്ട് അവരുടെ നേതാവ് അബൂ താഹിർ അട്ടഹസിച്ചു: ‘ഞാൻ അല്ലാഹുവാണ്, അല്ലാഹു ഞാനുമാണ്... അവൻ സൃഷ്ടിക്കുന്നു, ഞാൻ അവരെ നശിപ്പിക്കുന്നു!’
തുടർന്ന് തന്റെ സൈനികരോട് ഹജറുൽ അസ്‌വദ് ഇളക്കിയെടുക്കാൻ അയാൾ കൽപിച്ചു. ഇരുമ്പ് ദണ്ഡുകൾകൊണ്ട് അടിച്ചതിനെത്തുടർന്ന് കല്ല് പല കഷ്ണങ്ങളായി പൊട്ടിപ്പിളർന്നു. ആയിരക്കണക്കിന് മൃതദേഹങ്ങളും തകർന്ന ഹൃദയങ്ങളും ബാക്കിയാക്കി അവർ ആ വിശുദ്ധ ശിലയുമായി ബഹ്റൈനിലെ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങി.
ഈ ക്രൂരതയുടെ പശ്ചാത്തലം മനസ്സിലാക്കാൻ അവരുടെ ചരിത്രം അൽപം അറിയേണ്ടതുണ്ട്. ഇമാം ഇബ്‌നു കസീർ തന്റെ ‘അൽബിദായ വന്നിഹായ’യിൽ വ്യക്തമാക്കുന്നത് പ്രകാരം, കൂഫയിലെ ഹംദാൻ ഇബ്‌നു അശ്അസ് എന്ന വ്യക്തിയിൽനിന്നാണ് ഈ പ്രസ്ഥാനം തുടങ്ങുന്നത്. കുറിയ ശരീരപ്രകൃതിയും ചെറിയ കാലുകളും കാരണമാണ് ഇദ്ദേഹത്തിന് ‘ഖർമത്’ എന്ന് പേരു ലഭിച്ചത്. അഹ്‌ലുൽ ബൈത്തിനെ സ്‌നേഹിക്കുന്നു എന്ന് നടിച്ചാണ് ഇവർ രംഗത്തുവന്നതെങ്കിലും സത്യത്തിൽ അതൊരു വിനാശകരമായ ബാത്വിനി പ്രസ്ഥാനമായിരുന്നു.
ഇമാം അബുൽ ഹസൻ അൽഅശ്അരി ‘മക്വാലാത്തുൽ ഇസ്‌ലാമിയ്യീൻ’ എന്ന ഗ്രന്ഥത്തിൽ ഇവരുടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. ശരീഅത്തിന്റെ നിയമങ്ങൾക്ക് ബാഹ്യവും ആന്തരികവുമായ അർഥങ്ങളുണ്ടെന്നും ആന്തരിക അർഥം ഗ്രഹിക്കുന്നവർക്ക് നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകൾ ബാധകമല്ലെന്നും അവർ വാദിച്ചു. മക്കയിലേക്കുള്ള ഹജ്ജ് വെറും പ്രഹസനമാണെന്നും കഅ്ബ കേവലം ചില പ്രതീകങ്ങൾ മാത്രമാണെന്നും അവർ വിശ്വസിച്ചു.
അബ്ബാസീ ഖിലാഫത്തിന്റെ തളർച്ച മുതലെടുത്ത് ബഹ്‌റൈനിലെ ‘ഹജർ’ ആസ്ഥാനമാക്കി അവർ ഒരു സ്വതന്ത്രരാജ്യം തന്നെ കെട്ടിപ്പടുത്തു. ഇസ്‌ലാമിക നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായ സാമ്പത്തിക-സാമൂഹിക ക്രമങ്ങൾ അവർ നടപ്പിലാക്കി.
ഹിജ്‌റ 317ലെ ആക്രമണം പെട്ടെന്നുണ്ടായ ഒന്നായിരുന്നില്ല. അതിനു മുമ്പുതന്നെ തീർഥാടകരെ ലക്ഷ്യമിട്ട് പല ആക്രമണങ്ങളും അവർ നടത്തിയിരുന്നു. ഹിജ്‌റ 312ൽ മക്കയിലേക്കുള്ള ഹാജിമാരുടെ സംഘത്തെ അബൂ താഹിർ ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവിലാക്കുകയും ചെയ്തു. ഹിജ്‌റ 315ൽ ഖർമതികൾ ബഗ്ദാദിനെപ്പോലും ഭീഷണിപ്പെടുത്തിയിരുന്നു. അബ്ബാസി ഖലീഫ അൽമു ഖ്തദിർ ബില്ലാഹിക്ക് വിശുദ്ധ ഹറമിന് സംരക്ഷണം നൽകാൻ കഴിയാത്തവിധം ഖിലാഫത്ത് ദുർബലമായിരുന്നു.
ചരിത്ര പണ്ഡിതനായ ഇബ്‌നുൽ അസീർ ആ കാലഘട്ടത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്: ‘മുസ്‌ലിംകളുടെ മേൽ വിപത്തുകൾ കഠിനമായി. ഹജ്ജ് ചെയ്യാൻ കഴിയുമെന്ന് അവർക്ക് പ്രതീക്ഷയില്ലാതായി. എല്ലാ വഴികളും മുറിഞ്ഞു, ലോകം ദുരന്തങ്ങൾ കൊണ്ട് നിറഞ്ഞു.’
മക്കയിലെ ആ കറുത്ത ദിനത്തെക്കുറിച്ച് ചരിത്രകാരന്മാർ നൽകുന്ന വിവരണങ്ങൾ ഏവരെയും നടുക്കുന്നതാണ്. ഇബ്‌നു കസീർ രേഖപ്പെടുത്തുന്നു: ‘ഹാജിമാരെ അവർ കഅ്ബയുടെ ചുറ്റും വെച്ച് കൊലപ്പെടുത്തി. കഅ്ബയുടെ കിസ്‌വ വലിച്ചുകീറുകയും വാതിൽ തകർക്കുകയും ചെയ്തു.’
ഇബ്‌നുൽ അസീർ കൂട്ടിച്ചേർക്കുന്നു: ‘വിശുദ്ധ മസ്ജിദിൽ മാത്രം മുപ്പതിനായിരത്തോളം പേർ കൊല്ലപ്പെട്ടു. കഅ്ബയുടെ വിരിയിൽ തൂങ്ങിക്കിടന്നവരെപ്പോലും അവർ വെറുതെ വിട്ടില്ല. മൃതദേഹങ്ങൾ സംസം കിണറ്റിൽ എറിഞ്ഞു. മൃതദേഹങ്ങൾ കുളിപ്പിക്കുകയോ നിസ്‌കരിക്കുകയോ ചെയ്യാതെ മസ്ജിദിൽ തന്നെ കുഴിച്ചുമൂടി.’
അബൂ താഹിർ കഅ്ബയുടെ അരികിൽ നിന്ന് പരിഹാസത്തോടെ ചോദിച്ചു: ‘എവിടെ ആ അബാബീൽ പക്ഷികൾ? എവിടെ സിജ്ജീൽ കല്ലുകൾ?’
മക്കയിൽനിന്ന് തട്ടികൊണ്ടുപോയ ഹജറുൽ അസ്‌വദ് ബഹ്റൈനിലെ ഒരു പള്ളിയിൽ അവർ സ്ഥാപിച്ചു. അവിടേക്ക് ഹജ്ജ് ചെയ്യാൻ അവരുടെ നേതാവ് ആളുകളോട് കൽപിച്ചു. എന്നാൽ മുസ്‌ലിംകൾ അതിന് വഴങ്ങിയില്ല. ഇബ്‌നു ഖൽദൂൻ രേഖപ്പെടുത്തിയത് പ്രകാരം, 22 വർഷക്കാലം ആ വിശുദ്ധ ശില ഖർമതികളുടെ പക്കലായിരുന്നു. ഒടുവിൽ ഫാത്വിമി ഖലീഫയുടെ ഇടപെടലിലൂടെയും വൻതുക പകരം നൽകിയുമാണ് അത് തിരികെ ലഭിച്ചത്. അപ്പോഴേക്കും അടിയേറ്റും മറ്റും അത് പല കഷ്ണങ്ങളായി മാറിയിരുന്നു. ഇന്ന് നാം കാണുന്ന വെള്ളിച്ചട്ടക്കൂടിനുള്ളിലെ കഷ്ണങ്ങൾ ആ ആക്രമണത്തിന്റെ മുറിപ്പാടുകളാണ്.
ഹിജ്‌റ 339ൽ ഹജറുൽ അസ്‌വദ് മക്കയിൽ തിരിച്ചെത്തിച്ചു. അബ്ബാസി ഖലീഫ അൽമുത്വീഅ്ലില്ലാഹി ഇതിനായി മുൻകൈയെടുത്തു. കല്ല് തിരികെ കൊണ്ടുവന്നപ്പോൾ മക്കയിലെ ജനങ്ങൾ കരഞ്ഞുകൊണ്ടാണ് അതിനെ സ്വീകരിച്ചത്. കൊണ്ടുവന്ന കല്ല് യഥാർഥമാണോ എന്ന് പരിശോധിക്കാൻ അത് വെള്ളത്തിലിട്ടു നോക്കിയെന്നും ഹജറുൽ അസ്‌വദ് വെള്ളത്തിൽ താഴുന്നില്ലെന്നു കണ്ട് അത് ഉറപ്പുവരുത്തിയെന്നും ചരിത്രത്തിൽ പരാമർശമുണ്ട്.
ഇസ്‌ലാമിന്റെ പേരിലുള്ള തെറ്റായ വ്യാഖ്യാനങ്ങൾ എങ്ങനെ മനുഷ്യരെ ക്രൂരന്മാരാക്കുന്നു എന്നതിന് ഖർമതികൾ ഉദാഹരണമാണ്. കേന്ദ്രഭരണം ദുർബലമാകുമ്പോൾ വിശുദ്ധ സ്ഥലങ്ങൾ പോലും സുരക്ഷിതമല്ലാതാകുന്നു. പക്ഷേ, ഇത്ര വലിയ ദുരന്തമുണ്ടായിട്ടും മുസ്‌ലിംകൾ ഹജ്ജിനെ കൈവിട്ടില്ല എന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത.
ഏകദേശം ഒന്നര നൂറ്റാണ്ടോളം നിലനിന്ന ഖർമതിയൻ രാജ്യം ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്. എന്നാൽ കഅ്ബയും ഹജറുൽ അസ്‌വദും മുസ്‌ലിംകളുടെ ഐക്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നു.

