സഈദ് ബ്‌നു ആമിർ അൽജുമഹി(റ)

ഇർഫാൻ സ്വലാഹി

2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

(അവലംബം: ഡോ.അബ്ദുറഹ്‌മാൻ റഅ്ഫത് അൽ ബാഷായുടെ ‘സ്വഹാബിമാരുടെ ജീവിത്തിൽ നിന്ന്’ എന്ന ഗ്രന്ഥം)

ക്വുറൈശി നേതാക്കളുടെ വിളിക്ക് ഉത്തരം നൽകി മക്കയുടെ പ്രാന്തപ്രദേശമായ തൻഈമിലേക്ക് പുറപ്പെട്ട ആയിരങ്ങളിൽ ഒരാളായിരുന്നു സഈദ് ബ്‌നു ആമിർ എന്ന യുവാവ്. അവർ ചതിയിൽ കീഴ്‌പ്പെടുത്തിയ, പ്രവാചകാനുയായി ഖുബൈബ്‌ബ്നു അദിയ്യിന്റെ ജീവനെടുക്കാൻ വേണ്ടതെല്ലാം അവിടെ സജ്ജമായിരിക്കുന്നു.

എല്ലാംകൊണ്ടും തികഞ്ഞ യുവത്വവും ചുറുചുറുക്കും ആൾക്കൂട്ടത്തിനിടയിൽ സഈദിന് ആധിപത്യം നൽകി. ജനസഞ്ചയത്തിന് നേതൃത്വം നൽകുന്ന അബൂസുഫ്‌യാൻ, സ്വഫ്‌വാനുബ്‌നു ഉമയ്യ തുടങ്ങിയവരെ പോലെയുള്ള ക്വുറൈശി പ്രമാണിമാരോട് നേരിൽ സംസാരിക്കുവാൻ അനുവാദമുള്ള പ്രഗത്ഭനായിരുന്നു സഈദ്.

ക്രൂരമായി ബന്ധിക്കപ്പെട്ട ക്വുറൈശികളുടെ ആ തടവുകാരനെയും മരണമേഖലയിലേക്ക് അദ്ദേഹത്തെ തള്ളിവിടുന്നവരുടെ കരങ്ങളും ശരിയാംവണ്ണം സഈദിന് കാണാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ഖുബൈബിലൂടെ അവർ മുഹമ്മദിനോട് പ്രതികാരം ചെയ്യുകയാണ്. ബദ്‌റിൽ മൃതിയടഞ്ഞ സ്വന്തക്കാർക്ക് വേണ്ടി ഈ വധാഘോഷത്തിലൂടെ അവർ മറുപടി പറയുകയാണ്.

കൊല്ലാൻ വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഭാഗത്തേക്ക് ബന്ധനസ്ഥനാക്കപ്പെട്ട ഖുബൈബി(റ)നെ എത്തിച്ചു. സഈദ്ബ്‌നു ആമിർ എന്ന യുവാവ് തലയുയർത്തിപ്പിടിച്ച് ഖുബൈബിനെ നോക്കി നിന്നു. ഖുബൈബ് കുരിശിലേക്ക് ആനയിക്കപ്പെടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആർപ്പുവിളികൾക്കിടയിൽ അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത ആ ശബ്ദം ഇങ്ങനെ കേൾക്കാമായിരുന്നു: “എന്റെ മരണത്തിന് മുമ്പായി രണ്ട് റക്അത്ത് നമസ്‌കരിക്കുവാൻ നിങ്ങളെന്നെ വിട്ടേക്കുമെങ്കിൽ അങ്ങനെ ചെയ്യുക...’’

സഈദ് ഖുബൈബിനെത്തന്നെ ശ്രദ്ധിക്കുകയാണ്. അദ്ദേഹം കഅ്ബയെ അഭിമുഖീകരിച്ച്, രണ്ട് റക്അത്ത് നമസ്‌കരിക്കുന്നു. എത്ര മനോഹരവും പരിപൂർണവുമാണ് ആ രണ്ട് റക്അത്തുകൾ!

ശേഷം അദ്ദേഹം ക്വുറൈശി നേതാക്കളെ നോക്കി അവരോടായി പറഞ്ഞു: “മരണത്തെ പേടിച്ച് ഖുബൈബ് നമസ്‌കാരം ദീർഘിപ്പിച്ചുവെന്ന് നിങ്ങൾ ധരിക്കില്ലായിരുന്നുവെങ്കിൽ ഞാൻ ഈ നമസ്‌കാരം അധികരിപ്പിക്കുമായിരുന്നു.’’

അവർ ഖുബൈബിന്റെ പച്ചമേനിയിൽ നിന്ന് മാംസം മുറിച്ചെടുക്കാൻ തുടങ്ങി. ജീവൻ തുടിക്കുന്ന ശരീരത്തിൽനിന്ന് കഷ്ണങ്ങൾ ഓരോന്നോരാന്നായി അരിഞ്ഞെടുക്കുമ്പോൾ അവർ ചോദിക്കുന്നുണ്ടായിരുന്നു: “നിനക്ക് പകരം ഈ സ്ഥാനത്ത് മുഹമ്മദ് ആയിരിക്കാനും എന്നിട്ട് രക്ഷപ്പെടാനും നീ ആഗ്രഹിക്കുന്നില്ലേ?’’

രക്തം വാർന്നൊലിക്കുന്ന ശരീരത്തോടെ അദ്ദേഹം പ്രതികരിച്ചു: “അല്ലാഹുവാണ് സത്യം, മുഹമ്മദ് നബിﷺക്ക് ഒരു മുള്ള് തറച്ചിട്ട് ഞാൻ എന്റെ വീട്ടിൽ മക്കളോടൊപ്പം സുരക്ഷിതനും നിർഭയനുമായിരിക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.’’

ആൾക്കൂട്ടം കൈകളുയർത്തി ആർത്തുവിളിച്ചു: “അവനെ കൊല്ലൂ... അവനെ കൊന്നൊടുക്കൂ...’’

പിന്നീട് കുരിശിനു മുകളിൽ ആകാശത്തേക്ക് കണ്ണുകളുയർത്തി പ്രാർഥിക്കുന്ന ഖുബൈബിനെയാണ് സഈദ്ബ്‌നു ആമിർ കണ്ടത്:

“അല്ലാഹുവേ, അവരെ എണ്ണിത്തിട്ടപ്പെടുത്തുകയും ഒരാളെയും വിട്ടേക്കാതെ ശക്തമായി ഇല്ലായ്മ ചെയ്യുകയും ചെയ്യേണമേ.’’

അങ്ങനെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ആ ശരീരത്തിലെ വാളിന്റെ വെട്ടുകളും കുന്തങ്ങളുടെ കുത്തുകളും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.

..........................................................

ക്വുറൈശികൾ മക്കയിലേക്ക് മടങ്ങി. വിവിധ സംഭവങ്ങളുടെ വേലിയേറ്റത്തിൽ ഖുബൈബി(റ)നെയും അദ്ദേഹത്തിന്റെ വധത്തെയും അവർ മറന്നു. പക്ഷേ, സഈദ്ബ്‌നു ആമിർ എന്ന യുവാവിന് ഖുബൈബിനെ തന്റെ ബോധമണ്ഡലത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞില്ല.

ഉറങ്ങിയാൽ സ്വപ്നത്തിലും ഉണർച്ചയിൽ തന്റെ ചിന്തയിലും ഖുബൈബ് ഇടംപിടിച്ചു. കഴുമരത്തിനരികിൽ ശാന്തനായി അദ്ദേഹം നിർവഹിച്ച ആ രണ്ട് റക്അത്തുകൾ എപ്പോഴും തന്റെ മുന്നിൽ മിന്നിമറയും. ക്വുറൈശികൾക്കെതിരിൽ അദ്ദേഹം നടത്തിയ ആ പ്രാർഥനയുടെ പ്രതിധ്വനി തന്റെ കാതിൽ അലയടിക്കും. അതുകൊണ്ടുതന്നെ ആകാശത്തുനിന്ന് തന്റെ മേൽ ഒരു തീവർഷമോ മറ്റോ ഉണ്ടാകുമോ എന്നൊക്കെ ഭയപ്പെട്ടു.

രക്തസാക്ഷിയായ ഖുബൈബ്(റ) സഈദിനെ നിരവധി പാഠങ്ങൾ പഠിപ്പിച്ചു. ശരിയായ വിശ്വാസവും മരണം വരെയുള്ള നന്മയുടെ പോരാട്ടങ്ങളുമാണ് യഥാർഥ ജീവിതമെന്ന്, ആഴമേറിയ വിശ്വാസത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന്, ഒരു നേതാവിനെ തന്റെ അനുയായികൾ ഇത്രയേറെ സ്‌നേഹിക്കുന്നത് ഉപരിലോകത്തുനിന്നും പിൻബലം ലഭിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദിﷺനെ മാത്രമാണെന്ന്...

അതോടെ സഈദിന്റെ ഹൃദയത്തിന് അല്ലാഹു ഇസ്‌ലാമിന്റെ വിശാലത നൽകി. ആൾക്കൂട്ടത്തിനിടയിൽനിന്ന് അദ്ദേഹം പ്രഖ്യാപിച്ചു: “ക്വുറൈശികളുടെ പാപങ്ങളിൽനിന്നും പാപഭാരങ്ങളിൽനിന്നും ഞാൻ മുക്തനാണ്. ക്വുറൈശികളുടെ ബിംബങ്ങളിൽനിന്നും വിഗ്രഹങ്ങളിൽനിന്നും ഞാനിതാ ഒഴിവായിരിക്കുന്നു. അല്ലാഹുവിന്റെ മതത്തിൽ ഞാനും പ്രവേശിച്ചിരിക്കുന്നു.’’

..........................................................

സഈദ്ബ്‌നു ആമിർ(റ) മദീനയിലേക്ക് പലായനം ചെയ്തു. നബിﷺയുടെ കൂടെ നടന്നു. ഖൈബറുൾപ്പെടെ ശേഷമുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. നബിﷺ അദ്ദേഹത്തിന്റെ കാര്യത്തിൽ പൂർണ സംതൃപ്തനായിരുന്നു. പ്രവാചകന്റെ മരണത്തിന് ശേഷം അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും കൈകളിലെ ഊരിപ്പിടിച്ച വാളായി അദ്ദേഹം നിലകൊണ്ടു.

സത്യവിശ്വാസികൾക്ക് സഈദ്(റ) എന്നും വേറിട്ട ഒരു ഉദാഹരണമാണ്. പരലോകത്തിന് വേണ്ടി ഇഹലോകത്തെ വിറ്റ പ്രവാചകന്റെ അനുയായി. മനുഷ്യമനസ്സിന്റെ സകല ആഗ്രഹങ്ങളെക്കാളും ശരീരത്തിന്റെ സർവമോഹങ്ങളെക്കാളും അല്ലാഹുവിന്റെ തൃപ്തിക്ക് പ്രാധാന്യം നൽകിയ മഹാമനുഷ്യൻ!

അദ്ദേഹത്തിന്റെ സത്യസന്ധതയും സൂക്ഷ്മതയും അബൂബക്കറി(റ)നും ഉമറി(റ)നും നന്നായി അറിയാമായിരുന്നു. അവർ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രാധാന്യപൂർവം കേൾക്കുമായിരുന്നു.

ഉമറി(റ)ന്റെ ഭരണത്തിന്റെ ആദ്യകാലം. സഈദ്(റ) ഖലീഫയോട് പറഞ്ഞു: “ഉമർ! ജനങ്ങളുടെ കാര്യത്തിൽ താങ്കൾ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തിൽ ജനങ്ങളെ അങ്ങ് പേടിക്കരുത്. താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മിൽ വൈരുധ്യമുണ്ടാകരുത്. കാരണം പ്രവർത്തനങ്ങൾ കൊണ്ട് സത്യപ്പെടുത്തുന്ന വാക്കാണ് ഏറ്റവും നല്ലത്. ഉമർ! അല്ലാഹു താങ്കളെ ഏൽപിച്ചിട്ടുള്ളവരുടെ കാര്യത്തിൽ അവർ സമീപസ്ഥരാണെങ്കിലും വിദൂരസ്ഥരാണെങ്കിലും ശരി; നിത്യ ശ്രദ്ധയുണ്ടാകണം. താങ്കൾ താങ്കൾക്കും കുടുംബത്തിനും ഇഷ്ടപ്പെടുന്നത് അവർക്കുമുണ്ടാകാൻ ഇഷ്ടപ്പെടണം. അങ്ങേക്കും കുടുംബത്തിനും അങ്ങ് വെറുക്കുന്നത് അവരുടെ കാര്യത്തിലും വെറുക്കണം. പ്രതിസന്ധികളെ യഥാവിധി തരണം ചെയ്യുക. അല്ലാഹുവിന്റെ കാര്യത്തിൽ ആരുടെയും ആക്ഷേപത്തെ അങ്ങ് ഭയപ്പെടരുത്.’’

ഉമർ(റ) ചോദിച്ചു: “സഈദേ, അങ്ങനെ ആർക്കാണ് സാധിക്കുക?’’

അദ്ദേഹം പറഞ്ഞു: “മുഹമ്മദ് നബിﷺയുടെ ഉമ്മത്തിന്റെ കാര്യം അല്ലാഹു ഏൽപിച്ചിട്ടുള്ള താങ്കളെ പോലെയുള്ളയാൾക്ക് അതിന് സാധിക്കും, തീർച്ച! അങ്ങനെയുള്ളവർക്കും അല്ലാഹുവിനുമിടയിൽ മറ്റാരുമില്ലല്ലോ.’’

ഭരണനിർവഹണത്തിൽ ഉമർ(റ) സഈദി(റ)നോട് നിർണായകമായ ഒരു സഹായം ആവശ്യപ്പെട്ടു: “സഈദേ, നാം താങ്കളെ ഹിംസ്വിലെ ജനങ്ങളുടെ കൈകാര്യം ഏൽപിക്കുന്നു.’’

സഈദ്(റ) പറഞ്ഞു: “ഉമർ! ദുൻയാവിലേക്ക് തിരിയുന്നവനായി താങ്കൾ എന്നെ തള്ളിവിടാതിരിക്കാൻ ഞാൻ അല്ലാഹുവോട് പ്രാഥിക്കുന്നു!’’

ഉമർ(റ)വിന് കോപം വന്നു. അദ്ദേഹം പറഞ്ഞു: “ഈ ഭരണം എന്റെ പിരടിയിൽ വെച്ച് നിങ്ങൾ എന്നിൽനിന്നും ഒഴിഞ്ഞുമാറുകയാണോ? അല്ലാഹുവാണെ, ഞാൻ താങ്കളുടെ കാര്യത്തിൽ പിന്നോട്ടുപോകില്ല.’’

അങ്ങനെ ഉമർ(റ) സഈദി(റ)നെ ഹിംസിലെ ഗവർണറായി നിയോഗിച്ചു. ജീവിത ചെലവിനായി ശമ്പളം നിശ്ചയിക്കുവാൻ ഉമർ(റ) ഒരുങ്ങിയെങ്കിലും ‘ബൈതുൽമാലിൽനിന്ന് എനിക്ക് ലഭിക്കുന്നത് എന്റെ ആവശ്യങ്ങൾ വർധിപ്പിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ അദ്ദേഹം ഹിംസ്വിലേക്ക് പോയി.

അൽപകാലം കഴിഞ്ഞു ഹിംസ്വിൽനിന്നും വിശ്വസ്തരായ ഒരു സംഘം ഖലീഫയുടെ അടുത്തെത്തി. ഉമർ(റ) അവരോട് പറഞ്ഞു: “നിങ്ങൾ അവിടുത്തെ ദരിദ്രരുടെ പേരുകൾ എഴുതിത്തരിക. അവരുടെ ആവശ്യങ്ങൾ നമുക്ക് നിറവേറ്റിക്കൊടുക്കാം.’’ ദരിദ്രരുടെ ലിസ്റ്റ് അവർ തയ്യാറാക്കി.

ഒന്ന്, രണ്ട്: സഈദ്ബ്‌നു ആമിർ!

ഉമർ: “ആരാണ് ഈ സഈദ്ബ്‌നു ആമിർ?’’

സംഘം: “ഞങ്ങളുടെ ഭരണാധികാരി.’’

ഉമർ: “നിങ്ങളുടെ ഭരണാധികാരി ദരിദ്രനാണോ?’’

സംഘം: “അതെ, അല്ലാഹുവാണെ, നാളുകളോളം അദ്ദേഹത്തിന്റെ വീട്ടിൽ തീ പുകയാറില്ല.’

ഉമർ അത് കേട്ടപ്പോൾ കുറെ നേരം കരഞ്ഞു. അദ്ദേഹത്തിന്റെ താടിരോമങ്ങൾ കണ്ണീരിൽ നനഞ്ഞു. ആയിരം ദീനാർ ഒരു കിഴിയിലാക്കി അവരെ ഏൽപിച്ചിട്ട് അദ്ദേഹം പറഞ്ഞു: “അദ്ദേഹത്തോട് എന്റെ സലാം പറയുക. താങ്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അമീറുൽ മുഅ്മിനീൻ തന്നതാണ് ഇത് എന്നും പറയുക.’’

പണക്കിഴിയുമായി ദൗത്യസംഘം സഈദിന്റെയടുത്തെത്തി, കിഴി തുറന്നു. ദീനാറുകൾ! അത് തട്ടിമാറ്റിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.’’

അദ്ദേഹത്തിന്റെ പത്‌നി ഞെട്ടിത്തരിച്ചു. സംഭവിച്ചതൊന്നും അറിയാത്ത അവർ ചോദിച്ചു: “അങ്ങേക്ക് എന്ത് പറ്റി? നമ്മുടെ ഖലീഫ മരണപ്പെട്ടോ?’’

സഈദ് : “അല്ല, അതിനെക്കാൾ ഗുരുതരമാണ് കാര്യം.’’

പത്‌നി : “മുസ്‌ലിംകൾക്ക് വല്ല ആപത്തും സംഭവിച്ചോ?’’

സഈദ് : “അതിനെക്കാളും ഗുരുതരമാണ് കാര്യം.’’

പത്‌നി : “അതിനെക്കാളും ഗുരുതരം! അതെന്താണ്?’’

സഈദ് : “എന്റെ പരലോകം നഷ്ടപ്പെടുത്താൻ, ദുനിയാവ് എന്നിലേക്ക് കടന്നുവന്നു, എന്റെ

വീട്ടിൽ കുഴപ്പമുണ്ടാകുന്നു.’’

പത്‌നി : “അതിൽനിന്നും താങ്കൾ രക്ഷപ്പെടുക.’’

സഈദ് : “നീ അതിന് എന്നെ സഹായിക്കുമോ?’’

പത്‌നി : “തീർച്ചയായും.’’

അങ്ങനെ ആ സംഖ്യ പല കിഴികളിലാക്കി അവർ പാവങ്ങൾക്ക് വിതരണം ചെയ്തു. കൂടുതൽ കാലം കഴിഞ്ഞില്ല. ഖലീഫ ഉമർ(റ) സിറിയയിലെ വീടുകകളും അവരുടെ സ്ഥിതിഗതികളും പരിശോധിക്കാൻ നേരിട്ട് ചെന്നു. അദ്ദേഹം ഹിംസ്വിലെത്തി. ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ആരാഞ്ഞു: “നിങ്ങളുടെ അമീർ എങ്ങനെയുണ്ട്?’’

അമീറിന്റെ നാല് പ്രവർത്തന രീതികളെക്കുറിച്ച് അവർ ഖലീഫയോട് പരാതികൾ നിരത്തി. അവയിൽ ഓരോന്നും മറ്റൊന്നിനെക്കാൾ ഗുരുതമായിരുന്നു.

ഉമർ(റ) പറയുന്നു: “ഞാൻ സഈദിനെയും അവരെയും ഒരുമിച്ചിരുത്തി. അദ്ദേഹത്തെക്കുറിച്ച് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. എന്റെ ധാരണകൾ തെറ്റാതിരിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. ഞാൻ അവരോട് ചോദിച്ചു: ‘അമീറിനെ കുറിച്ച് നിങ്ങളുടെ പരാതിയെന്താണ്?’

ഹിംസ്വുകാർ: ‘പകൽ കുറെ കഴിഞ്ഞിട്ടല്ലാതെ അദ്ദേഹം ഞങ്ങളിലേക്ക് വരികയില്ല.’

ഉമർ: ‘സഈദ്, താങ്കൾ എന്ത് പറയുന്നു?’

സഈദ്: (അൽപനേരം ഒന്നും പറഞ്ഞില്ല.) ‘അല്ലാഹുവാണേ, അതിന്റെ കാരണം വെളിപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല. എന്നാൽ ഇവിടെ അത് നിർബന്ധമായിരിക്കുന്നു. എന്റെ വീട്ടിൽ വേലക്കാരനില്ല. എല്ലാ ദിവസവും രാവിലെ ഞാൻ റൊട്ടിക്കുള്ള മാവ് തയ്യാറാക്കും. അത് പാകപ്പെട്ട് വരുന്നതുവരെ അൽപ നേരം കാത്തിരുന്ന് റൊട്ടിയുണ്ടാക്കും. ശേഷം വുദൂഅ് ചെയ്ത് ജനങ്ങളുടെ കാര്യങ്ങളിലേക്കിറങ്ങും.’

ഉമർ: (ഹിംസ്വുകളോട്) ‘വേറെയെന്താണ് നിങ്ങൾക്ക് പറയാനുള്ളത്?’

ഹിംസ്വുകാർ: ‘ഇദ്ദേഹം രാത്രിയിൽ ഒരാൾക്കും മുഖം കൊടുക്കാറില്ല.’

ഉമർ: ‘സഈദ്, എന്ത് പറയുന്നു?’

സഈദ് : ‘ഇതും പുറത്തൊരാളോട് പറയുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ എന്റെ പകൽ സമയം ജനങ്ങൾക്കും രാത്രി എന്റെ റബ്ബിനും വേണ്ടി നീക്കിവെച്ചിരിക്കുന്നു.’

ഉമർ: ‘വേറെയെന്താണ് നിങ്ങളുടെ പരാതി?’

ഹിംസ്വുകാർ: ‘മാസത്തിലൊരു ദിവസം അദ്ദേഹം തീരെ പുറത്തിറങ്ങാറില്ല.’

ഉമർ: ‘ഇതെന്താണ് സഈദേ?’

സഈദ് : ‘അമീറുൽ മുഅ്മിനീൻ, എനിക്ക് വേലക്കാരനില്ല. ഞാൻ ഉടുത്ത ഈ വസ്ത്രമല്ലാതെ മറ്റു വസ്ത്രങ്ങളുമില്ല. അത് അലക്കിയുണങ്ങും വരെ ഞാൻ കാത്തിരിക്കും. അന്ന് പകലിന്റെയവസാനം ഞാൻ പുറത്തിറങ്ങുകയും ചെയ്യും.’

ഉമർ : ‘വേറെ വല്ലതും?’

ഹിംസ്വുകാർ: ‘ചിലപ്പോൾ അദ്ദേഹത്തെ ഒരു മൂടൽ പിടികൂടും. അങ്ങനെ അദ്ദേഹം സദസ്സിൽ നിന്ന് അപ്രത്യക്ഷനാകും.’

ഉമർ : ‘സഈദ്, ഇതെന്തുകൊണ്ടാണ്?’

സഈദ് : ‘അത്... ഞാൻ ബഹുദൈവവിശ്വാസിയായിരിക്കെ ഖുബൈ്ബ്‌നു അദിയ്യ്(റ)ന്റെ വധത്തിന് സാക്ഷിയായിട്ടുണ്ട്. ക്വുറൈശികൾ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് മാംസം മുറിച്ചെടുക്കുമ്പോൾ അവർ ചോദിക്കുന്നുണ്ടായിരുന്നു; നിന്റെ സ്ഥാനത്ത് മുഹമ്മദ് ആയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലേ? അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ, മുഹമ്മദ്ﷺക്ക് ഒരു മുള്ള് തറക്കുകയും ഞാൻ എന്റെ കുടുംബത്തിൽ മക്കളോടൊപ്പം നിർഭയനായിരിക്കുകയും ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല...’ അല്ലാഹുവാണെ, ആ ദിവസത്തെ ഞാൻ ഓർക്കുമ്പോഴെല്ലാം അന്ന് അദ്ദേഹത്തെ സഹായിക്കാൻ കഴിയാതെ പോയതിൽ അല്ലാഹു എനിക്ക് പൊറുത്തുതരാതിരിക്കുമോ എന്ന ചിന്ത എന്നെ വേട്ടയാടും. അപ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.

ഉമർ: ‘സഈദിനെക്കുറിച്ചുള്ള എന്റെ ധാരണകൾ തെറ്റിക്കാതിരുന്ന അല്ലാഹുവിനാകുന്നു സർവസ്തുതികളും.’

തന്റെ അത്യാവശ്യങ്ങൾ നിറവേറ്റുന്നതിന് ഖലീഫ ആയിരം ദീനാർ അദ്ദേഹത്തിന് നൽകി. പ്രിയ പത്‌നി അത് കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: ‘താങ്കൾക്ക് സേവനം ചെയ്യാൻ ധന്യത നൽകിയ അല്ലാഹുവിന് സ്തുതി. നമുക്ക് ഭക്ഷണം വാങ്ങുകയും വേലക്കാരനെ ഏർപെടുത്തുകയും ചെയ്യാം.’

സഈദ് : ‘അതിനെക്കാൾ മെച്ചപ്പെട്ടതായി ഒന്നുമില്ലേ?’

പത്‌നി : ‘അതെന്താണ്?’

സഈദ് : ‘നമ്മുടെയടുത്തേക്ക് വരുന്നവർക്ക് നമുക്കത് നൽകാം. അതാണ് നമ്മുടെ ഏറ്റവും വലിയ ആവശ്യം.’

പത്‌നി : ‘അത് എങ്ങനെയാണ്?’

സഈദ് : ‘ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ നാം അല്ലാഹുവിന് ഏറ്റവും നല്ല കടം നൽകുകയാണ് ചെയ്യുന്നത്.’

പത്‌നി : ‘ശരിയാണ്, ധാരാളം നന്മകൾ പ്രതിഫലമായി പകരം ലഭിക്കുമല്ലോ.’

ആ ദീനാറുകൾ മുഴുവൻ കിഴികളിലാക്കിയ ശേഷം മാത്രമാണ് അദ്ദേഹം അവിടെനിന്ന് എഴുന്നേറ്റത്. എന്നിട്ട് കുടുംബക്കാരിൽ ഒരാളെ വിളിച്ച് ഇങ്ങനെ നിർദേശം നൽകി: ‘ഇത് ഇന്ന വ്യക്തിയുടെ വിധവക്ക്, ഇത് ഇന്നയിന്ന അനാഥർക്ക്, ഇത് ഇന്ന വ്യക്തിയുടെ കുടുംബത്തിലെ പാവപ്പെട്ടവർക്ക്, ഇത് ഇന്ന വ്യക്തിയുടെ കുടുംബത്തിലെ ദരിദ്രർക്ക്...’

അതെ, സഈദ്ബ്‌നു ആമിറി(റ)നെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. ശക്തമായ ദാരിദ്ര്യമുണ്ടായിട്ട് പോലും സ്വന്തത്തെക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകിയവരിൽ പെട്ടവനായിരുന്നു അദ്ദേഹം.