സൈനബും അബുൽആസും; അനശ്വരമായൊരു പ്രണയകഥ
ഇ.യൂസുഫ് സാഹിബ് നദ്‌വി, ഓച്ചിറ
2026 മാർച്ച് 21, 1447 ശവ്വാൽ 02

ഒരിക്കൽ അബുൽആസ് മുഹമ്മദ് നബിﷺയുടെ അടുത്തെത്തി പറഞ്ഞു: ‘എനിക്ക് അങ്ങയുടെ മകൾ സൈനബിനെ വിവാഹം കഴിച്ചുതരണം.’
നബിﷺ മറുപടി നൽകി: ‘അവളോട് അനുവാദം ചോദിക്കാതെ ഞാനൊന്നും ചെയ്യില്ല.’
നബിﷺ സൈനബിന്റെ അടുത്തേക്ക് ചെന്നു: ‘നിന്റെ മച്ചുനൻ (അമ്മായിയുടെ മകൻ) വന്നിട്ടുണ്ട്, നിന്നെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നു. നിനക്ക് സമ്മതമാണോ?’
സൈനബിന്റെ മുഖം നാണം കൊണ്ട് ചുവന്നു, അവൾ പുഞ്ചിരിച്ചു. അതൊരു സമ്മതമായിരുന്നു. അങ്ങനെ സൈനബും അബുൽആസ് ഇബ്‌നു റബീഉം വിവാഹിതരായി.
അവർക്കിടയിൽ അതിതീവ്രമായ പ്രണയത്തിന്റെ നാളുകൾ തുടങ്ങുകയായിരുന്നു. അവർക്ക് അലി, ഉമാമ എന്നിങ്ങനെ രണ്ട് മക്കളും പിറന്നു.
എന്നാൽ വൈകാതെ ആ കുടുംബത്തിലേക്ക് വലിയൊരു പരീക്ഷണം കടന്നുവന്നു. നബിﷺ പ്രവാചകനായി നിയോഗിക്കപ്പെട്ടു. അബുൽ ആസ് ഒരു യാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോൾ പ്രിയതമ ഇസ്‌ലാം സ്വീകരിച്ച വാർത്തയാണ് കേട്ടത്. അവൾ പറഞ്ഞു: ‘എനിക്ക് നിന്നോട് വലിയൊരു കാര്യം പറയാനുണ്ട്.’
അദ്ദേഹം ഒന്നും മിണ്ടാതെ അവിടെനിന്നും എഴുന്നേറ്റു പോയി. പരിഭ്രമിച്ച സൈനബ് അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന് പറഞ്ഞു: ‘എന്റെ പിതാവ് പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു, ഞാൻ വിശ്വസിച്ചു.’
അബുൽ ആസ് ചോദിച്ചു: ‘എന്തുകൊണ്ട് നീ എന്നോട് ഇത് നേരത്തെ പറഞ്ഞില്ല?’
അവർക്കിടയിൽ വിശ്വാസത്തിന്റെ വലിയൊരു മതിൽ രൂപപ്പെട്ടു. സൈനബ് ഉറച്ച സ്വരത്തിൽ പറഞ്ഞു: ‘എനിക്ക് എന്റെ പിതാവിനെ തള്ളിപ്പറയാനാവില്ല. അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമാണ്. ഞാൻ മാത്രമല്ല, എന്റെ ഉമ്മയും സഹോദരങ്ങളും അലിയ്യുബ്‌നു അബീത്വാലിബും ഉസ്മാനുബ്‌നു അഫ്ഫാനും തങ്ങളുടെ സുഹൃത്ത് അബൂബക്കർ സിദ്ദീഖുമെല്ലാം വിശ്വസിച്ചു കഴിഞ്ഞു.’
അബുൽ ആസ് പറഞ്ഞു: ‘ഭാര്യയെ പ്രീതിപ്പെടുത്താൻ വേണ്ടി സ്വന്തം ജനതയെ വഞ്ചിച്ചവനെന്നും പിതാമഹന്മാരുടെ മാർഗം വെടിഞ്ഞവനെന്നും ആളുകൾ എന്നെ പരിഹസിക്കുന്നത് എനിക്ക് സഹിക്കാനാവില്ല. നിന്റെ പിതാവ് ഒരിക്കലും കുറ്റക്കാരനാണെന്ന് ഞാൻ പറയുന്നില്ല. എങ്കിലും എനിക്ക് എന്റെ നിലപാട് തുടരേണ്ടതുണ്ട്. നീ എനിക്ക് മാപ്പ് നൽകില്ലേ?’
സൈനബ് പറഞ്ഞു: ‘ഞാൻ നിനക്ക് മാപ്പ് നൽകിയില്ലെങ്കിൽ പിന്നെ ആര് നൽകും? ഞാൻ നിന്റെ ഭാര്യയായി എന്നും കൂടെയുണ്ടാകും. സത്യം കണ്ടെത്താൻ നിന്നെ ഞാൻ സഹായിച്ചുകൊണ്ടേയിരിക്കും.’ ഇരുപത് വർഷത്തോളം ആ വാക്ക് സൈനബ് പാലിച്ചു.
ഹിജ്‌റയുടെ സമയമായപ്പോൾ സൈനബ് പിതാവിനോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ ഭർത്താവിനും മക്കൾക്കുമൊപ്പം നിൽക്കാൻ എനിക്ക് അനുവാദം നൽകുമോ?
നബിﷺ സമ്മതിച്ചു. അങ്ങനെ അവർ മക്കയിൽ തുടർന്നു.
ഒടുവിൽ ബദ്ർ യുദ്ധത്തിന്റെ നാളുകളെത്തി. അബുൽ ആസ് ക്വുറൈശി സൈന്യത്തോടൊപ്പം തന്റെ ശ്വശുരനായ നബിﷺക്കതിരെ യുദ്ധത്തിന് പുറപ്പെട്ടു. സൈനബ് ആ നിമിഷത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു.
അവൾ കരഞ്ഞുകൊണ്ട് പ്രാർത്ഥഥിച്ചു: ‘അല്ലാഹുവേ, എന്റെ മക്കൾ അനാഥരാകുന്നതോ എന്റെ പിതാവിനെ എനിക്ക് നഷ്ടപ്പെടുന്നതോ ആയ ഒരു പ്രഭാതം നീ വരുത്തരുതേ.’
യുദ്ധം അവസാനിച്ചു. മുസ്‌ലിംകൾ വിജയിച്ചു. അബുൽആസ് തടവുകാരനായി പിടിക്കപ്പെട്ടു. വാർത്തയറിഞ്ഞ സൈനബ് ആദ്യം ചോദിച്ചത് ‘എന്റെ പിതാവിനെന്തു പറ്റി’ എന്നാണ്.
അദ്ദേഹം സുരക്ഷിതനാണെ ന്നറിഞ്ഞപ്പോൾ അവൾ അല്ലാഹുവിന് നന്ദി പറഞ്ഞു. പിന്നീട് ഭർത്താവിന്റെ മോചനത്തിനായി നൽകാൻ തന്റെ പക്കലുണ്ടായിരുന്ന ഏറ്റവും വിലപ്പെട്ട വസ്തു അവൾ എടുത്തു നൽകി; തന്റെ വിവാഹവേളയിൽ ഉമ്മ ഖദീജ(റ) അണിയിച്ച മാല.
മോചനദ്രവ്യങ്ങൾ സ്വീകരിക്കുന്നതിനിടയിൽ ഖദീജയുടെ ആ മാല കണ്ടപ്പോൾ നബിﷺ പൊട്ടിക്കരഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: ‘ഇത് ഖദീജയുടെ മാലയാണല്ലോ...!
നബിﷺ അനുചരന്മാരോട് ചോദിച്ചു: ‘നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഈ മാല അവൾക്കുതന്നെ തിരിച്ചുനൽകി അവളുടെ ഭർത്താവിനെ മോചിപ്പിക്കാമോ?’ അവർ സന്തോഷത്തോടെ സമ്മതിച്ചു.
അബുൽ ആസിനെ വിട്ടയക്കുമ്പോൾ നബിﷺ അദ്ദേഹത്തോട് രഹസ്യമായി പറഞ്ഞു: ‘ഒരു മുസ്‌ലിമായ സ്ത്രീക്ക് സത്യനിഷേധിയായ പുരുഷന്റെ കൂടെ ജീവിക്കാൻ അനുവാദമില്ല. അതിനാൽ എന്റെ മകളെ എനിക്ക് തിരിച്ചു നൽകണം.’ അബുൽ ആസ് അത് സമ്മതിച്ചു.
മക്കയിലെത്തിയ അദ്ദേഹം സൈനബിനോട് പറഞ്ഞു: ‘നീ നിന്റെ പിതാവിന്റെ അടുത്തേക്ക് പോവുക. നമ്മൾ തമ്മിൽ വേർപിരിയേണ്ടിയിരിക്കുന്നു.’
സൈനബ് ചോദിച്ചു: ‘നിനക്കും കൂടെ വന്നുകൂടേ? നീ ഇസ്‌ലാം സ്വീകരിക്കില്ലേ?’ അദ്ദേഹം വിസമ്മതിച്ചു.
മക്കളുമായി സൈനബ് മദീനയിലേക്ക് പോയി. പിന്നീട് ആറു വർഷത്തോളം പല വിവാഹാലോചനകൾ വന്നെങ്കിലും തന്റെ പ്രിയതമൻ എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിൽ അവൾ എല്ലാം നിരസിച്ചു.
ആറ് വർഷങ്ങൾക്ക് ശേഷം, ശാമിൽനിന്നുള്ള കച്ചവടയാത്രയ്ക്കിടയിൽ അബുൽ ആസ് മുസ്‌ലിം സൈന്യത്തിന്റെ പിടിയിലായി. അദ്ദേഹം അവിടെനിന്നും രക്ഷപ്പെട്ട് സൈനബിന്റെ വീട്ടുവാതിൽക്കൽ ചെന്ന് മുട്ടി. അവൾ ചോദിച്ചു: ‘നീ ഇസ്‌ലാം സ്വീകരിച്ചു വന്നതാണോ?’
അദ്ദേഹം പറഞ്ഞു: ‘അല്ല, അഭയം തേടി വന്നതാണ്.’
അവൾ പറഞ്ഞു: ‘ഭയപ്പെടേണ്ട, സ്വാഗതം.’
സുബ്ഹി നമസ്‌കാരത്തിന് ശേഷം പള്ളിയിൽ വെച്ച് സൈനബ് ഉറക്കെ പ്രഖ്യാപിച്ചു: ‘അബുൽ ആസ്ബ്‌നു റബീഇന് ഞാൻ അഭയം നൽകിയിരിക്കുന്നു.’
നബിﷺ അനുചരന്മാരോട് പറഞ്ഞു: ‘അദ്ദേഹത്തിന്റെ സ്വത്തുക്കൾ തിരിച്ചുനൽകി അദ്ദേഹത്തെ മക്കയിലേക്ക് പോകാൻ അനുവദിക്കുന്നതാണ് എനിക്കിഷ്ടം.’ എല്ലാവരും അത് സമ്മതിച്ചു.
മക്കയിലെത്തിയ അബുൽ ആസ് തന്റെ കടങ്ങളെല്ലാം വീട്ടിയശേഷം ജനമധ്യത്തിൽ നിന്ന് പ്രഖ്യാപിച്ചു: ‘ജനങ്ങളേ, ഇനി ആർക്കെങ്കിലും ഞാൻ പണം നൽകാനുണ്ടോ?’ ഇല്ലെന്ന് അവർ മറുപടി നൽകി. ഉടൻ അദ്ദേഹം പറഞ്ഞു: ‘എങ്കിൽ ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും.’
അദ്ദേഹം നേരെ മദീനയിലേക്ക് തിരിച്ചു. നബിﷺയുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ചു. എന്നിട്ട് ചോദിച്ചു: ‘എനിക്ക് സൈനബിനെ തിരിച്ചു കിട്ടുമോ?’
നബിﷺ സൈനബിന്റെ വീട്ടുവാതിൽക്കൽ ചെന്ന് ചോദിച്ചു: ‘മകളേ, നിന്റെ മച്ചുനൻ അനുവാദം ചോദിച്ചു വന്നിട്ടുണ്ട്. നിനക്ക് സമ്മതമാണോ?’ സൈനബിന്റെ മുഖം വീണ്ടും നാണം കൊണ്ട് ചുവന്നു, അവൾ പുഞ്ചിരിച്ചു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അവർ ഒന്നിച്ചു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒരു വർഷത്തിന് ശേഷം സൈനബ്(റ) ഇഹലോകവാസം വെടിഞ്ഞു. അബുൽ ആസ് തകർന്നു പോയി.
നബിﷺ അദ്ദേഹത്തെ ആശ്വസിപ്പിക്കുമ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, സൈനബില്ലാത്ത ഈ ദുനിയാവ് എനിക്ക് ഇനി വേണ്ട.’ സൈനബ് മരിച്ച് ഒരു വർഷം തികയും മുമ്പേ ആ സ്‌നേഹനിധിയായ ഭർത്താവും ഈ ലോകത്തോട് വിടപറഞ്ഞു.

