യഹൂദരുടെ അസൂയ

ഇഅ്ജാസ് ബിൻ ഇസ്മാഈൽ മസ്‌കത്ത്

2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

ആഇശ(റ) നിവേദനം, അല്ലാഹുവിന്റെ റസൂലിന്റെ സാന്നിധ്യത്തിൽ ജൂതന്മാരെക്കുറിച്ച് പരാമർശിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “അല്ലാഹു നമ്മെ സന്മാർഗത്തിലാക്കിയതും അവർ വഴിതെറ്റിയതുമായ ജുമുഅ ദിനത്തോടും അല്ലാഹു നമ്മെ സന്മാർഗത്തിലാക്കിയതും അവർ വഴിതെറ്റിയതുമായ നമ്മുടെ ക്വി‌ബ്‌ലയോടും ഇമാമിന് പിന്നിൽനിന്ന് നാം ‘ആമീൻ’ പറയുന്നതിനോടും അവർ അസൂയ വെക്കുന്നതുപോലെ മറ്റൊന്നിനോടും അവർ അസൂയ വെക്കുന്നില്ല’’ (അഹ്‌മദ്). മറ്റൊരു ഹദീസിൽ ‘സലാം പറയൽ വ്യാപിപ്പിക്കുന്നതിനും ആമീൻ പറയാനും പ്രേരിപ്പിക്കുന്നതിനോട്’ എന്നാണുള്ളത്.

ഈ ഹദീസ് മുസ്‌ലിംകൾക്ക് നൽകപ്പെട്ട ഏതാനും അനുഗ്രഹങ്ങളെ വെളിപ്പെടുത്തുകയും മഹത്ത്വം ഉയർത്തിക്കാട്ടുകയും അവയോട് യഹൂദികൾക്കുള്ള അസൂയ വ്യക്തമാക്കുകയും ചെയ്യുന്നു.

യഹൂദർക്ക് നബിﷺയെ നന്നായി അറിയാമായിരുന്നു. അവർക്ക് അവിടുത്തെ സത്യപ്രവാചകത്വം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിലും അറബികളിൽനിന്ന് ഒരു പ്രവാചകൻ നിയോഗിക്കപ്പെട്ടതിൽ അവർക്ക് അസൂയയും ശത്രുതയും ഉണ്ടായിരുന്നു. ഒരു യഹൂദൻ നബി ﷺയോട് പറഞ്ഞതായി ഇപ്രകാരം കാണാം: “ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നിന്നോട് അസൂയയും ശത്രുതയും വച്ചുപുലർത്തും.’’

യഹൂദർക്ക് മുസ്‌ലിംകളോട് പല കാരണങ്ങളാലും അസൂയയുണ്ടായിരുന്നു. ഈ അസൂയ പ്രത്യേകിച്ച് നാലു കാര്യങ്ങളിൽ -ജുമുഅ, ക്വി‌ബ്‌ല, ആമീൻ, സലാം- കൂടുതൽ കടുത്തതാണ്.

ഇവ മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളാണ്. ഈ ഹദീസിന്റെ ആശയം, അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും അവയെ ജീവിതത്തിൽ നടപ്പിലാക്കാനും മുസ്‌ലിംകളെ ഉണർത്തുന്നു.

ജുമുഅ ദിനത്തിന്റെ മഹത്ത്വം:

ജുമുഅ ദിനം മുസ്‌ലിംകൾക്ക് അല്ലാഹു നൽകിയ മഹനീയ അനുഗ്രഹമാണ്. ആദം(അ) സൃഷ്ടിക്കപ്പെട്ടതും സ്വർഗപ്രവേശനം ലഭിച്ചതും അന്ത്യനാളിലെ ഉയിർത്തെഴുന്നേൽപ്പ് നടക്കുന്നതും വെള്ളിയാഴ്ചയാണ്. യഹൂദർക്ക് ശനിയാഴ്ചയും (യൗമുസ്സബ്ത്) ക്രിസ്ത്യാനികൾക്ക് ഞായറാഴ്ചയുമാണ് പ്രധാന ദിനങ്ങൾ.

മുസ്‌ലിംകൾക്ക് ലഭിച്ച ജുമുഅ ദിനത്തിന്റെ പ്രത്യേകത അവർക്കറിയാം. അതിന്റെ മഹത്ത്വവും അതിൽ പങ്കെടുക്കുന്നവർക്കുള്ള വലിയ പ്രതിഫലവും നബിﷺ പഠിപ്പിച്ചിട്ടുണ്ട്. ഇത് അവരിൽ അസൂയ ജനിപ്പിച്ചു.

ക്വി‌ബ്‌ലയുടെ പ്രത്യേകത:

കഅ്ബ മുസ്‌ലിംകളുടെ ക്വി‌ബ്‌ലയാണ്, ഐക്യത്തിന്റെ പ്രതീകം. തുടക്കത്തിൽ 16 മാസക്കാലം ബൈതുൽ മുക്വദ്ദസിലേക്ക് (സഖ്‌റ) തിരിഞ്ഞായിരുന്നു മുസ്‌ലിംകൾ നമസ്‌കരിച്ചിരുന്നത്. നബിﷺ യുടെ ആഗ്രഹപ്രകാരം അല്ലാഹു കഅ്ബയെ ക്വി‌ബ്‌ലയാക്കി മാറ്റി. ഈ മാറ്റം യഹൂദർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവർ മുസ്‌ലിംകളെ കളിയാക്കുകയും ഇതുവരെ സഖ്‌റയിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചവരുടെ നമസ്‌കാരം പാഴായെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഒരാളുടെയും നമസ്‌കാരം പാഴാവുകയില്ലെന്ന് അല്ലാഹു ക്വുർആനിലൂടെ ശക്തമായ മറുപടി നൽകി.

തങ്ങളുടെ കൂടി ക്വി‌ബ്‌ലയായിരുന്ന സഖ്‌റയിൽനിന്നും മാറി കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുന്ന മുസ്‌ലിംകളോട് യഹൂദർക്ക് കടുത്ത അസൂയയായിരുന്നു.

‘ആമീൻ’ പറയൽ:

ഇമാമിന് പിന്നിൽ ‘ആമീൻ’ പറയുന്നത് പ്രാർഥനയോടുള്ള ഐക്യം പ്രകടിപ്പിക്കുന്നു. ‘ആമീൻ’ എന്നാൽ ‘അല്ലാഹുവേ, ഞങ്ങളുടെ പ്രാർഥനക്ക് ഉത്തരം നൽകേണമേ’ എന്നാണ്.

നബിﷺ അബീ സലമ(റ)യുടെ മരണസന്ദർഭത്തിൽ കരയുന്നവരോടായി, മരിച്ചവരുടെ വീട്ടിലോ രോഗിയുടെ അടുത്തോ നല്ലത് മാത്രം പറയാൻ ഉപദേശിച്ചു. കാരണം മലക്കുകൾ അവിടെ സന്നിഹിതരായിരിക്കും. അവർ ‘ആമീൻ’ പറയും. ഒരിക്കൽ നബിﷺ മിമ്പറിൽ കയറുമ്പോൾ മൂന്ന് തവണ ‘ആമീൻ’ പറഞ്ഞു. ജിബ്‌രീൽ(അ) മൂന്നു കൂട്ടർക്കെതിരെ പ്രാർഥിച്ചപ്പോൾ അതിന് ‘ആമീൻ’ പറഞ്ഞതാണെന്ന് അവിടുന്ന് വിശദീകരിച്ചു. ഒരു സഹോദരനുവേണ്ടി അവന്റെ അസാന്നിധ്യത്തിൽ ദുആ ചെയ്യുമ്പോൾ, മലക്ക് ‘ആമീൻ’ പറയുകയും ‘നിനക്കും തുല്യമായത് ഉണ്ടാകട്ടെ’ എന്ന് അറിയിക്കുകയും ചെയ്യും.

ഇമാമിന്റെ ഫാതിഹ ഓതലിന് ശേഷം, ഇമാമും പിന്നിലുള്ളവരും ഒരുമിച്ച് ‘ആമീൻ’ പറഞ്ഞാൽ, മലക്കുകളുടെ ‘ആമീൻ’ അതിനോട് ഒത്തുചേർന്നാൽ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നതാണ് പ്രവാചക വചനം.

യഹൂദർ ഈ ഒന്നിച്ച് പറയലിന്റെ മഹത്ത്വം മനസ്സിലാക്കിയവരാണ്. പള്ളി കുലുങ്ങുമാറ് ‘ആമീൻ’ കേട്ടപ്പോൾ അവർക്ക് അസൂയ തോന്നി. ഇന്നത്തെ മുസ്‌ലിംകളിൽ പലരെയും അതിലൊന്നും വലിയ കാര്യമില്ല എന്ന നിലപാട് സ്വീകരിക്കുന്നതായി കണ്ടുവരുന്നുണ്ട്.

സലാമിന്റെ പ്രചാരണം:

സലാം പറയുന്നത് മനുഷ്യസൃഷ്ടിയുടെ തുടക്കം മുതൽ അല്ലാഹു നൽകിയ മഹനീയമായ തഹിയ്യത്താണ്. ആദമി(അ)നോട് മലക്കുകൾക്ക് മുമ്പിൽ സലാം പറയാൻ അല്ലാഹു കൽപിച്ചു. അവർ തിരിച്ച് മറുപടി നൽകി.

‘അസ്സലാമു അലൈക്കും വ റഹ്‌മതുല്ലാഹി വബറകാതുഹു’ എന്ന പൂർണ സലാമിന് കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന് നബിﷺ പഠിപ്പിച്ചു. ‘നിങ്ങൾക്കിടയിൽ സലാമിനെ പ്രചരിപ്പിക്കുക’ (അഫ്ശുസ്സലാമു ബൈനകും) എന്ന നബിവചനം സലാമിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു.

യഹൂദർ, ഇസ്‌ലാമിന്റെ ഈ പുണ്യപ്രവൃത്തിയുടെ മൂല്യം അറിഞ്ഞ് അതിനോട് അസൂയപ്പെട്ടു. ഒരു മരത്തെ ചുറ്റി വീണ്ടും കണ്ടുമുട്ടിയാൽ പോലും സലാം പറയാൻ പഠിപ്പിച്ച മതത്തിന്റെ അനുയായികൾ എത്രകണ്ട് അതിന് വിലമതിക്കുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്.