കുടുംബബന്ധം ചേർക്കുന്നതിന്റെ ശ്രേഷ്ഠതകൾ
ഉസ്മാൻ പാലക്കാഴി
2025 മാർച്ച് 29, 1446 റമദാൻ 28
عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : مَنْ كَانَ يُؤْمِنْ بِالَّلهِ وَاْليَوْمِ اْْلآخِـرِ فَلْيـُكْرِمْ ضَيْفَهُ ، وَمَنْ كَانَ يُؤْمِنُ بِاللَِّه وَالْيَوْمِ الْآخِرِ فَلْيَصِلْ رَحِمَهُ
അബൂഹുറയ്‌റ(റ)യിൽ നിന്ന്. അദ്ദേഹം പറഞ്ഞു: നബിﷺ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നപക്ഷം അവൻ തന്റെ അതിഥിയെ ആദരിച്ചുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ കുടുംബ ബന്ധം ചേർത്തിക്കൊള്ളട്ടെ’’ (ബുഖാരി 6138).
അതിഥികളെ മാനിക്കുകയും കുടുംബബന്ധം ചേർക്കുകയും ചെയ്യുന്നതിന്റെ മഹത്ത്വമാണ് ഈ നബിവചനം മനസ്സിലാക്കിത്തരുന്നത്. കുടുംബബന്ധങ്ങൾക്ക് യാതൊരു വിലയും കൽപിക്കാത്ത, അതിന്റെയൊന്നും ആവശ്യമില്ല എന്നു ചിന്തിക്കുന്ന ഒരു വിഭാഗം വളർന്നുവരുന്ന വർത്തമാന കാലത്ത് ഈ വിഷയത്തിൽ ഇസ്‌ലാം നൽകുന്ന വെളിച്ചത്തിന്റെ പ്രസക്തി വർധിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് വിശുദ്ധ ക്വുർആനിലും സുന്നത്തിലുമായി ധാരാളം തെളിവുകൾ കാണാവുന്നതാണ്. അതിലൊന്നാണ് മുകളിൽ ഉദ്ധരിച്ച പ്രവാചക വചനം.
മറ്റൊരു തിരുമൊഴി കാണുക: അനസ്ബ്‌നു മാലികി(റ)ൽനിന്ന് നിവേദനം: നബിﷺ പറഞ്ഞു: “ആർക്കെങ്കിലും തന്റെ ഉപജീവനത്തിൽ വിശാലത ഉണ്ടാകണമെന്നും തന്റെ ആയുസ്സ് ദീർഘിപ്പിക്കപ്പെടമെന്നും താൽപര്യമുണ്ടെങ്കിൽ അവൻ കുടുംബ ബന്ധം ചേർത്തുകൊള്ളട്ടെ’’ (ബുഖാരി).
പ്രസ്തുത ഹദീസിൽ പറഞ്ഞ ആയുസ്സിന്റെ വർധനവ്, ഉപജീവനത്തിന്റെ വിശാലത എന്നിവയുടെ ആശയത്തെക്കുറിച്ച് പണ്ഡിതന്മാർ പറഞ്ഞത് താഴെ പറയും പ്രകാരമാകുന്നു:
1. വർധനവ് കൊണ്ടുള്ള ഉദ്ദേശമെന്തെന്നാൽ; കുടുംബ ബന്ധം ചേർക്കുന്നവന്റെ ആയുസ്സിൽ അല്ലാഹു അനുഗ്രഹം ചൊരിയുകുയും അവന് ശാരീരികവും മാനസികവുമായ ശക്തിയും തീരുമാനങ്ങൾ നടപ്പിൽ വരുത്താനുള്ള ഇച്ഛാശക്തിയും നൽകി അവന്റെ ജീവിതം സുഖസുന്ദരമാക്കിത്തീർക്കുകയും ചെയ്യും.
2. വർധനവ് അതിന്റെ യഥാർഥ അർഥത്തിൽ തന്നെ: അപ്പോൾ കുടുംബ ബന്ധം ചേർക്കുന്നവന് അവന്റെ ആയുസ്സ് അല്ലാഹു വർധിപ്പിക്കുകയും അവന്റെ ഉപജീവനത്തിൽ സുഭിക്ഷത നൽകുകയും ചെയ്യുമെന്ന് സാരം. അതിൽ യാതൊരു സംശയവുമില്ല. “ആരോഗ്യവും ശുദ്ധവായുവും നല്ല ഭക്ഷണവും മാനസിക സന്തോഷവും ആയുർദൈർഘ്യന്റെ കാരണമാണ്. അതുപോലെത്തന്നെ കുടുംബബന്ധം ചേർക്കലിനെ ആയുർദൈർഘ്യത്തിന്റെ ദൈവികമായ ഒരു കാരണമായി നിശ്ചയിച്ചിരിക്കുകയാണ്. അഥവാ ഇഹലോകത്ത് ഇഷ്ടപ്പെട്ടത് കൈവരിക്കാനുള്ള കാരണങ്ങൾ രണ്ടാകുന്നു: ഒന്ന്. പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ പെട്ടതും ബുദ്ധിക്ക് മനസ്സിലാകുന്നതുമായവ. രണ്ട്. ദൈവികമായവ. ലോകത്ത് നടക്കുന്ന സർവ കാര്യങ്ങളുടെയും കാരണങ്ങളുടെയും ഉടമസ്ഥനും തന്റെ ഇഛപോലെ എല്ലാം നടത്തുന്നവനുമായ എല്ലാറ്റിനും കഴിവുള്ള ദൈവം കണക്കാക്കിയ കാര്യങ്ങൾ’’ (ബഹ്ജതു ക്വുലൂബിൽ അബ്‌റാർ- ഇബ്‌നു സഅദി, പേജ് 74, 75).
കുടുംബബന്ധം ചേർക്കൽ സ്വർഗപ്രവേശന കാരണങ്ങളിൽ സുപ്രധാനമായ ഒന്നാണ്. അബൂഅയ്യൂബുൽ അൻസ്വാരി(റ)യിൽനിന്ന് നിവേദനം. ഒരാൾ പറഞ്ഞു: “പ്രവാചകരേ! സ്വർഗത്തിലേക്കെന്നെ അടുപ്പിക്കുന്നതും നരകത്തിൽനിന്നെന്നെ അകറ്റുന്നതുമായ ഒരു പ്രവർത്തനത്തെ കുറിച്ചു പറഞ്ഞുതരിക.’’ പ്രവാചകൻﷺ പറഞ്ഞു: “നീ അല്ലാഹുവിനെ ആരാധിക്കുക. അവനിൽ യാതൊന്നും പങ്കുചേർക്കാതിരിക്കുക. നമസ്‌കാരം നിലനിർത്തുകയും സകാത്തു കൊടുക്കുകയും കുടുംബബന്ധം ചേർക്കുകയും ചെയ്യുക’’ (ബുഖാരി, മുസ്‌ലിം).

