ഉദാത്തമാണ് മാതൃസ്‌നേഹം

ഉമ്മു മിർഫ

2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

രക്ഷിക്കണേ, എന്റെ മക്കളുണ്ട് ഇവിടെ...അവരെ നിങ്ങളെ ഏൽപിക്കുവാ, നന്നായി നോക്കണേ...’ എന്ന് അപേക്ഷിക്കും പോലെയാണ് വേദനകൊണ്ട് പുളയുന്ന ആ അമ്മപ്രാവിന്റെ കണ്ണുകളിൽ അവസാന സമയത്ത് കാണാൻ കഴിഞ്ഞത്!

അബുദാബിയിലുള്ള എന്റെ സുഹൃത്തിന്റെ സങ്കടമേറിയ ഒരു അനുഭവമാണ് ഇത്. പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ ഒരു റൂമിന്റെ ജനലിനടുത്തായി ഇണ പ്രാവുകൾ കൂടുവെച്ച് മുട്ടയിട്ടു താമസിക്കുന്നത് കാണാനിടയായി.

എന്നും വെള്ളവും ഭക്ഷണവും കൊടുത്ത് വേണ്ടപോലെ അവർ അവയെ പരിചരിച്ചു. മുട്ട വിരിഞ്ഞ് ഒന്നു സെറ്റാവട്ടെ, എന്നിട്ട് വേണം അവിടെ ക്ലീൻ ചെയ്ത് കൂടുതൽ സൗകര്യം ഒരുക്കിക്കൊടുക്കാൻ എന്ന് കരുതിയിരിക്കുകയായിരുന്നു. രണ്ടു മുട്ടകൾ മാത്രമാണ് വിരിഞ്ഞത്. ഒരു ദിവസം നോക്കിയപ്പോൾ കണ്ടത് ഒരു കുഞ്ഞ് ജീവനറ്റു കിടക്കുന്നതാണ്.

പുറത്ത് നിന്നും വന്ന ചില പക്ഷികൾ അമ്മപ്രാവിനെ കൊത്തി ഉപദ്രവിക്കുന്നതും കാണാനിടയായി. അമ്മപ്രാവിനെ രക്ഷിക്കാൻ വേണ്ടി ഒന്നുകൂടെ അടുത്തേക്ക് ചെന്നപ്പോൾ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എല്ലാ കൊത്തുകളും സ്വയം ഏൽക്കുന്ന അമ്മപ്രാവിനെയാണ് കണ്ടത്.

അതിനെയൊക്കെ ആട്ടിപ്പായിപ്പിച്ചു. തള്ള പ്രാവിനും കുഞ്ഞിനും കൂടുതൽ സുരക്ഷയൊരുക്കി. അന്ന് രാത്രി അത്യാവശ്യമായി പുറത്ത് പോകേണ്ടി വന്നു. പിറ്റേന്ന് രാവിലെ തീറ്റ കൊടുക്കട്ടെയെന്നു കരുതി ജനലിനരികിൽ ചേന്നപ്പോൾ കണ്ട കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. ആ പ്രാവ് ‘ഞാൻ തോറ്റു പോയി, എന്റെ അവശേഷിക്കുന്ന കുഞ്ഞിനെയെങ്കിലും സംരക്ഷിക്കണെ...’ എന്ന് അപേക്ഷിക്കുന്ന പോലെ റൂമിലേക്ക് മുഖം തിരിച്ചു ജീവനറ്റ് കിടക്കുന്നു!

തൊട്ടപ്പുറത്തുള്ള വില്ലയുടെ മുകളിൽ താമസിക്കുന്ന പക്ഷികളുടെ ആക്രമണത്താലാണ് അമ്മപ്രാവിന് ജീവൻ നഷ്ടമായത് എന്നു മനസ്സിലായി. ജീവൻ ബാക്കിയായ കുഞ്ഞ് നീങ്ങി നീങ്ങി തന്റെ അമ്മയെ സമീപിക്കുമ്പോൾ പക്ഷികൾ ആക്രമിക്കാൻ വരുന്നു. അപ്പോൾ അത് ഒരു മൂലയിൽ കിടക്കും. പക്ഷികൾ പോയാൽ വീണ്ടും അമ്മയെ സമീക്കാൻ അത് നീങ്ങി നീങ്ങിയെത്തും. ആ കുഞ്ഞ് അറിയുന്നില്ലല്ലോ തന്നെ ചിറകിലൊളിപ്പിച്ച് സംരക്ഷിക്കാൻ ആ അമ്മ ഇനി ജീവനോടെയില്ലെന്ന്.

പിന്നീടുള്ള ലക്ഷ്യം ബാക്കിയായ കുഞ്ഞിനെ സംരക്ഷിക്കലായിരുന്നു. ആ ജനലോരത്തുനിന്നും കുഞ്ഞിനെ മാറ്റി അപ്പുറത്തെ റൂമിന്റെ ജനലരികിൽ ചേർന്ന് സുരക്ഷിതമാക്കിയേക്കാം എന്ന് വിചാരിച്ചു. എന്നാൽ ആ ജനലിനടിയിലൂടെ അപ്പുറത്തേക്ക് പാറിപ്പോകാൻ ആ കുഞ്ഞിന് കഴിയുമായിരുന്നു. പിറ്റേന്ന് കുഞ്ഞിനെ കാണാതായപ്പോൾ തിരഞ്ഞ് പുറത്ത് പോയി. നന്നായി പറക്കാൻ കഴിയാത്ത കുഞ്ഞ് ഒരു മൂലയിൽ ഭയത്തോടെ ഇരിക്കുന്നുണ്ട്. എന്നാൽ കൈയെത്തിപ്പിടിക്കാൻ പറ്റുന്ന അകലത്തിലായിരുന്നില്ല അത്. ഭർത്താവോ മകനോ വന്നിട്ട് വേണം അതിനെ എടുക്കാൻ എന്നു വിചാരിച്ച് തിരികെ പോന്നു.

വല്ല ജന്തുക്കളും ഉപദ്രവിക്കുമോ എന്നു ഭയന്ന് ഇടയ്ക്കിടെ എത്തിനോക്കിക്കൊണ്ടിരുന്നു. ഒരിക്കൽ നോക്കുമ്പോൾ കണ്ടത് ഒരു പൂച്ച ആ കുഞ്ഞുപ്രാവിനെ കടിച്ചു കൊണ്ടുപോകുന്നതാണ്. അതു കണ്ടപ്പോൾ പൂച്ചയുടെ പിന്നാലെ ഓടി. പക്ഷേ, പൂച്ച എങ്ങോ മറഞ്ഞു. നെഞ്ചിൽ വല്ലാത്തൊരു ഭാരം പേറി നിറമിഴിക ളോടെ തിരികെ നടന്നു.

റബ്ബ് നല്ല മനസ്സിനുള്ള പ്രതിഫലം ആ കുടുംബത്തിന് നൽകട്ടെ. പച്ചക്കരളുള്ള ഏതു ജീവിയോട് കാരുണ്യം കാണിച്ചാലും പ്രതിഫലമുണ്ട് എന്നാണല്ലോ പ്രവാചക വചനം. ഏതു ജീവിക്കും പടച്ചവൻ നിശ്ചയിച്ച കാലാവധിയുണ്ടല്ലോ. അതിൽനിന്ന് ഓടിയകലാൻ ആർക്കാണു സാധിക്കുക? ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഉച്ചിയിൽ നിൽക്കുന്ന ആധുനിക മനുഷ്യർക്ക് കഴിയുമോ?

“നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങൾ ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാൽ പോലും...’’(ക്വുർആൻ 4:78).