ആത്മവിശുദ്ധിയുടെ അനിവാര്യത

ഹാമിദ് ഉപ്പള

2025 ഡിസംബർ 27, 1447 റജബ് 06

“(നബിയേ) അവരെ(പ്രവാചകന്മാരെ)യാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന് കൊള്ളുക...’’ (ക്വുർആൻ 6:90).

അല്ലാഹുവേ, നിനക്കു വേണ്ടി അനുഷ്ഠിക്കുന്ന നമസ്‌കാരം പ്രവാചകൻﷺ നിർവഹിച്ചതുപോലെ കൃത്യതയോടെ നിർവഹിക്കുവാൻ എനിക്ക് സാധിക്കുന്നില്ല.

ദാവൂദ് നബി(അ) നോമ്പ് നോറ്റതുപോലെ എനിക്കു നോമ്പു നോൽക്കാൻ സാധിക്കുന്നില്ല.

എനിക്ക് വല്ല രോഗവും ബാധിച്ചാൽ അയ്യൂബ് നബി(അ) ക്ഷമയവലംബിച്ചതുപോലെ ക്ഷമകൈകൊള്ളാൻ എനിക്ക് സാധിക്കുന്നില്ല.

യൂനുസ് നബി(അ) നിന്റെ പരിശുദ്ധിയെ വാഴ്ത്തിയതുപോലെ നിന്നെ പരിശുദ്ധപ്പെടുത്താൻ എനിക്ക് സാധിക്കുന്നില്ല.

യഹ്‌യ നബി(അ) വേദഗ്രന്ഥത്തിലെ വിധിവിലക്കുകൾ മുറുകെ പിടിച്ചതുപോലെ വിശുദ്ധ ക്വുർആനിനെ മുറുകെ പിടിക്കാൻ എനിക്ക് സാധിക്കുന്നില്ല.

യൂസുഫ് നബി(അ) തന്റെ ദൃഷ്ടി താഴ്ത്തിയതുപോലെ എന്റെ ദൃഷ്ടി താഴ്ത്താൻ എനിക്ക് സാധിക്കു ന്നില്ല.

മുഹമ്മദ് നബിﷺ ശത്രുക്കളോട് വിട്ടുവീഴ്ച കാണിച്ചതുപോലെ വിട്ടുവീഴ്ച കാണിക്കാൻ എനിക്ക് സാധിക്കുന്നില്ല.

എന്നിരുന്നാലും, എന്റെ രക്ഷിതാവേ! അവർ നിന്നെ ഇഷ്ടപ്പെട്ടതുപോലെ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു.

“...തീർച്ചയായും സൽകർമങ്ങൾ ദുഷ്‌കർമങ്ങളെ നീക്കികളയുന്നതാണ്...’’(11:114)

പ്രിയമുള്ളവരേ...നമ്മുടെ ജീവിതത്തിൽ വല്ല തിന്മയും വന്നു കഴിഞ്ഞാൽ, നമ്മൾ നമ്മുടെ മനസ്സിനോട് ഇങ്ങനെ പറയണം: “ജീവിതമാകുന്ന യുദ്ധത്തിൽ ധാരാളം പരിക്കുകൾ പറ്റിയിട്ടുണ്ട്. പക്ഷേ, ആ യുദ്ധത്തിൽ നമ്മൾ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സങ്കടപ്പെടരുത്.’’

തെറ്റു ചെയ്ത കൈകളുയർത്തി അല്ലാഹുവിനോട് പശ്ചാതാപിക്കുക.

തിന്മ ദർശിച്ച നയനങ്ങൾകൊണ്ട് നോക്കി, വൃത്തികേടുകൾ സംസാരിച്ച നാക്ക് ഉപയോഗിച്ചുകൊണ്ട്, സമാധാനവും ശാന്തിയുമേകുന്ന, വിശുദ്ധ ക്വുർആൻ പാരായണം ചെയ്യുക.

നീ തിന്മകൾ ചെയ്ത അന്തിയാമങ്ങളെ നന്മകൾ കൊണ്ട് പ്രശോഭിതമാക്കുക.

തീർച്ചയായും, കലങ്ങുന്ന കണ്ണുകളുമായി ആത്മാർഥമായി അല്ലാഹുവിനെ സമീപിക്കുന്ന ഒരു അടിമയെ അല്ലാഹു പാപമോചനം നൽകാതെ മടക്കുകയില്ല. അതുകൊണ്ടാണ് അവൻ ‘അൽഗഫൂർ’ (ധാരാളമായി തിന്മകൾ പൊറുക്കുന്നവൻ) എന്ന് സ്വയം നാമകരണം ചെയ്തത്.

നമ്മിൽ നിന്ന് അറിഞ്ഞോ അറിയാതെയോ ഒരു തിന്മ വന്നുകഴിഞ്ഞാൽ നമ്മുടെ കണ്ഠനാഡിയെക്കാൾ നമ്മോട് അടുത്തവനായ, കാരുണ്യത്തിന്റെ ഉറവിടമായ ആ നാഥനിലേക്ക് മടങ്ങുക. അവന്റെയും നമ്മുടെയും ഇടയിൽ ഒരു ഇടയാളന്റെ ആവശ്യമില്ല. അവൻ, നമ്മുടെ ഹൃദയാന്തരങ്ങളിലുള്ള കാര്യങ്ങൾ അറിയുന്നവനാണ്. അതുകൊണ്ട്, നേരിട്ട് അവനോട് പ്രാർഥിക്കൂ, ആരാധനകൾ അവനോട് മാത്രമാക്കൂ.

“നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവ നാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്...’’(2:186).