സലഫി മൻഹജ്; വ്യതിയാനങ്ങളിൽ നിന്നുള്ള സുരക്ഷ
ഉമ്മു മിസ്‌യാൽ മൊറയൂർ
2025 ജനുവരി 25, 1446 റജബ് 25

മൻഹജുസ്സലഫ്’ എന്നതിൽ രണ്ടു പദങ്ങളാണുള്ളത്; ‘മൻഹജ്’ എന്നും ‘സലഫ് എന്നും.’ ‘മൻഹജ്’ എന്നതിന് ‘മാർഗം’ എന്നും ‘സലഫ്’ എന്നതിന് ‘മുൻഗാമി’ എന്നുമാണ് അർഥം. ‘മൻഹജുസ്സലഫ്’ എന്നതിന് ‘മുൻഗാമികളുടെ മാർഗം’ എന്നർഥം. മുൻഗാമികൾ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, ഉത്തമരായ ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരാണ്. അവരെ സംബന്ധിച്ച നബിﷺ പുകഴ്ത്തിപ്പറഞ്ഞത് ഇപ്രകാരമാണ്: ‘ജനങ്ങളിൽ ഏറ്റവും നന്മയുള്ളവർ എന്റെ തലമുറയാണ്. പിന്നീട് അതിനോടടുത്തവർ, പിന്നീട് അതിനോടടുത്തവർ.’
മതപരമായി ഏറ്റവും നന്മയുള്ളവർ എന്ന് നബിﷺ ഇവരെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ മതപരമായ ഏത് വിഷയത്തിലും അവർ സമ്പൂർണ മാതൃകകളാണ് എന്നാണ് അതിനർഥം. മതപരമായ സർവ നന്മകളും അവരിൽ സമ്മേളിച്ചിട്ടുണ്ട്. വിശുദ്ധ പ്രമാണങ്ങളെ ശരിയാംവണ്ണം ഗ്രഹിച്ചവരും അത് സ്വജീവിതത്തിൽ പകർത്തിയവരുമാണ് അവർ. അതിനാൽതന്നെ പ്രമാണങ്ങളെ ഗ്രഹിക്കുന്നതിൽ അവർ സ്വീകരിച്ച നിലപാടുകൾക്ക് വലിയപ്രാധാന്യമുണ്ട്. അറിയപ്പെട്ട നാല് മദ്ഹബിന്റെ ഇമാമുകളും നൂറുകണക്കിന് ഹദീസ് പണ്ഡിതന്മാരും ജീവിച്ച നൂറ്റാണ്ടുകളാണ് ഇത്.
ഈ മൂന്ന് തലമുറയിലെ പ്രഥമരാണ് പ്രവാചകന്റെ സഹചാരികളായിരുന്ന സ്വഹാബത്ത്. വിശുദ്ധ ക്വുർആനിലും മുൻ വേദഗ്രന്ഥങ്ങളിലും സ്വഹാബത്തിനെ കുറിച്ച് വന്ന വിശേഷണങ്ങൾ നിരവധിയാണ്. അല്ലാഹു പറയുന്നു: “മുഹാജിറുകളിൽനിന്നും അൻസ്വാറുകളിൽനിന്നും ആദ്യമായി മുന്നോട്ടു വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരി ക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവൻ അവർക്ക് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. എത്ര മഹത്തായ വിജയം’’ (ക്വുർആൻ 9:100).
“മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരെ പറ്റിയുള്ള ഉപമ. ഇൻജീലിൽ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിൻമേൽ നിവർന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളർത്തിക്കൊണ്ടു വരുന്നത്) അവർ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാൻ വേണ്ടിയാകുന്നു. അവരിൽനിന്ന് വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു’’(48:29).
മുൻ വേദങ്ങളിൽ പോലും പുകഴ്ത്തപ്പെട്ടവരാണ് റസൂലിന്റെ സ്വഹാബത്ത് എന്നും സർവ പ്രവാചകന്മാരുടെ അനുയായികളെക്കാളും ശ്രേഷ്ഠരാണ് എന്നും ഈ ആയത്തുകൾ വ്യക്തമാക്കുന്നത്.
ഇനി അവരുടെ വിശ്വാസത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു: “നിങ്ങൾ ഈ വിശ്വസിച്ചതുപോലെ അവരും വിശ്വസിച്ചിരുന്നാൽ അവർ നേർമാർഗത്തിലായിക്കഴിഞ്ഞു’’(2:137).
സ്വഹാബത്തിന്റെ വിശ്വാസവും പ്രവർത്തനവുമെല്ലാം അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ കല്പന അവരെ പിൻപറ്റാനാണ്. സ്വഹാബത്തിനെ പ്രശംസിച്ചുകൊണ്ടുള്ള വേറെയും ഒരുപാട് ആയത്തുകൾ വിശുദ്ധ ക്വുർആനിൽ കാണാം.
സ്വഹാബത്തിന്റെ മഹത്ത്വം പറയുന്ന ധാരാളം നബിവചനങ്ങളും കാണാം. അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) പറയുന്നു: “അല്ലാഹു തന്റെ അടിമകളുടെ ഹൃദയങ്ങളിലേക്ക് നോക്കി. നബിﷺയുടെ ഹൃദയത്തെ ഏറ്റവും നല്ല ഹൃദയമായി അല്ലാഹു കണ്ടു. അങ്ങനെ അദ്ദേഹത്തെ തനിക്ക് വേണ്ടി തെരഞ്ഞെടുക്കുകയും പ്രവാചകനായി നിയോഗിക്കുകയും ചെയ്തു. പിന്നീട് പ്രവാചകന്റെതല്ലാത്ത മറ്റു അടിമകളുടെ ഹൃദയങ്ങളിലേക്ക് നോക്കി. അപ്പോൾ പ്രവാചകന്റെ അനുയായികളുടെ ഹൃദയം ഏറ്റവും നല്ല ഹൃദയമായി കണ്ടു. അവരെ പ്രവാചകന്റെ സഹായികളായും അവന്റെ ദീനിന്റെ പ്രചാരണത്തിനായി പോരാടുന്നവരായും അല്ലാഹു മാറ്റി...’’ (അഹ്‌മദ്: 3600).
നബിﷺ പറഞ്ഞു: “നിങ്ങൾ ഉഹ്ദ് മലയോളം സ്വർണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാലും സ്വഹാബത്ത് ചെലവഴിച്ചതിന്റെ ഒരു മുദ്ദോ അതിന്റെ പകുതിയോ എത്തുകയില്ല.’’
ഇങ്ങനെയുള്ള സ്വഹാബത്താണ് നമ്മുടെ വിശ്വാസ, ആചാര, കർമങ്ങളിൽ നമ്മുടെ മാതൃക. കാരണം ഈ സമുദായത്തിലെ ഏറ്റവും വലിയ വിജ്ഞാനികളും ഗവേഷകരുമാണവർ. പ്രമാണങ്ങളെ എങ്ങനെ ഗ്രഹിക്കണം എന്നത് സ്വഹാബത്തിനാണ് കൂടുതൽ അറിയുക. അതുകൊണ്ടാണ് പിഴച്ച കക്ഷികളായ ഖവാരിജുകൾ തങ്ങളുടെ വികല ആദർശം സ്ഥാപിക്കാനായി ‘വിധി കർതൃത്വം അല്ലാഹുവിന് മാത്രം’ എന്ന ആയത്ത് ഓതിയപ്പോൾ അലി(റ) ഇപ്രകാരം പറഞ്ഞത്: ‘പറഞ്ഞ വാക്ക് സത്യമാണ്. പക്ഷേ, ഉദ്ദേശ്യം വഴികേടാണ്.’
ഇതിൽനിന്ന് നാം ഗ്രഹിക്കുന്ന സംഗതി, ക്വുർആനിനെയും ഹദീസിനെയും സ്വഹാബത്തിന്റെയും മുൻഗാമികളുടെയും മാർഗം സ്വീകരിച്ചുകൊണ്ടല്ലാതെ ഗ്രഹിക്കാൻ ശ്രമിക്കുമ്പോൾ വഴികേടിൽ ആ പതിക്കും എന്നതാണ്. കാരണം ക്വുർആനാകട്ടെ, ഹദീസാകട്ടെ, അത് ഏതു വിഷയത്തിൽ അവതരിച്ചു, നബി(സ) എപ്പോൾ പറഞ്ഞു എന്നതെല്ലാം സ്വഹാബത്തിന് പൂർണ ബോധ്യമുണ്ട്. പിൽകാലക്കാർക്ക് അത് പലപ്പോഴും അജ്ഞാതമായിരിക്കും. അതിനാൽ തന്നെ ഭിന്നത ഉടലെടുക്കുകയും ചെയ്യും.
സ്വഹാബത്തിന്റെ മൻഹജ് കൈവെടിഞ്ഞതാണ് ലോകത്ത് വ്യതിയാന കക്ഷികൾ ഉടലെടുക്കാനുള്ള അടിസ്ഥാന കാരണം. ഒന്നാമത്തെ വ്യതിയാന കക്ഷിയായ ഖവാരിജുകൾ ക്വുർആൻ ദുർവ്യാഖ്യാനിച്ചു കൊണ്ടാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അവർ നടത്തിയത് ദുർവ്യാഖ്യാനമാണെന്ന് നാം തിരിച്ചറിയുന്നത് സ്വഹാബത്ത് പ്രസ്തുത ആയത്തുകൾക്ക് നൽകിയ വിശദീകരണം നോക്കിക്കൊണ്ടാണ്. ശിയാക്കളും അവരുടെ പിഴച്ച വാദങ്ങൾ സ്ഥാപിച്ചെടുക്കാൻ പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുന്നവരാണ്. ക്വദ്‌രികളും മുഅ്തസിലികളും അശ്അരികളും സ്വൂഫികളുമെല്ലാം ഇതേ പണി ചെയ്യാറുണ്ട്.
ഈ പിഴച്ച കക്ഷികൾ ഉദ്ധരിക്കുന്ന സർവ പ്രമാണങ്ങളും സ്വഹാബത്തും സലഫുകളും കണ്ടതും പഠിച്ചതുമാണ്. എന്നിട്ടും ഇവരുടെ പിഴച്ച വാദങ്ങൾ അവരാരും പറഞ്ഞില്ല എന്നത് ഈ പിഴച്ച കക്ഷികൾ മനസ്സിലാക്കിയത് പോലെയല്ല പ്രസ്തുത പ്രമാണങ്ങളെ സലഫുകൾ മനസ്സിലാക്കിയത് എന്നതിന് തെളിവാണഅ.
കേരളത്തിലെ വ്യതിയാന കക്ഷികളെ പരിശോധിച്ചാലും മൻഹജുസ്സലഫിൽനിന്ന് വ്യതിചലിച്ചതാണ് അവരുടെ വ്യതിയാന കാരണമെന്ന് വ്യക്തമാകും. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാൻ ഒരു തെളിവും ഇസ്‌ലാമിക പ്രമാണങ്ങളിൽ ഇല്ലാതിരിക്കെ, പുരോഹിതന്മാർ നിരവധി ആയത്തുകൾ അല്ലാഹു അല്ലാത്തവരോട് പ്രാർഥിക്കാൻ ഉദ്ധരിക്കാറുണ്ട്.
കൊട്ടപ്പുറം സംവാദത്തിൽ സമസ്തയുടെ മുസ്‌ലിയാർ ഓതിയ ‘നിനക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് നീ ചോദിച്ചു നോക്കുക’ എന്ന് തുടങ്ങുന്ന സൂറതുസ്സുഖ്‌റുഫിലെ 45ാമത്തെ ആയത്ത് ഒരു ഉദാഹരണമാണ്.
പ്രവാചകന് മുമ്പ് കഴിഞ്ഞവരെല്ലാം മരിച്ചവരാണല്ലോ. മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ സമുദായങ്ങളോട് ചോദിക്കാനാണ് ഇവിടെ നിർദേശിക്കപ്പെട്ടിട്ടുള്ളത് എന്നാണ് അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ൽനിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായം (ഇബ്‌നു കസീർ). അപ്പോൾ സ്വഹാബത്തും സലഫുകളും ഈ രീതിയിലാണ് പ്രസ്തുത ആയത്തിനെ മനസ്സിലാക്കിയിട്ടുള്ളത്. അതിനാൽ സമസ്തക്കാരുടെത് ദുർവ്യാഖ്യാനമാണെന്നത് വ്യക്തം.
ക്വുർആനിലെ പ്രഥമ അധ്യായമായ ഫാതിഹയിലെ മൂലവചനമായ ‘ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈൻ’ എന്ന ആയത്തിൽ പരാമർശിക്കപ്പെട്ട ‘ഇബാദത്തി’ന് ആരാധന, അനുസരണം, അടിമവേല എന്നീ മൂന്ന് അർങ്ങളും ഒരുപോലെ പരിഗണിക്കണം എന്നാണ് മൗദൂദി കണ്ടെത്തിയ വാദം. അതേസമയം ഈയൊരു വാദം സ്വഹാബത്തിനോ സലഫുകൾക്കോ പരിചിതമല്ലെന്ന് മാത്രമല്ല മൗദൂദിക്കു മുമ്പ് ലോകത്തൊരാളും ഈ വാദം പറഞ്ഞിട്ടുമില്ല. അപ്പോൾ ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടു വെക്കുന്ന ഈ ആയത്തിന്റെ ആശയം സ്വഹാബത്തിനോ സലഫുകൾക്കോ പരിചയമില്ലാത്തതാണെന്നും മൗദൂദി നടത്തിയത് തനിച്ച ദുർവ്യാഖ്യാനമാണെന്നും വ്യക്തം. അല്ലാഹു അല്ലാത്തവരെ അനുസരിക്കണമെന്നും വിശ്വാസികളായ അടിമകൾ ഉണ്ട് എന്നും ക്വുർആൻ തന്നെ പ്രഖ്യാപിക്കുന്നുണ്ട് എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
ഭക്തിപ്രസ്ഥാനമായി അറിയപ്പെടുന്ന തബ്‌ലീഗ് ജമാഅത്തും സലഫി മൻഹജിൽനിന്നും ബഹുദൂരം വഴിമാറി സഞ്ചരിക്കുന്നവരാണ്. അശ്അരിയത്തിന്റെ പിഴച്ച വിശ്വാസങ്ങളും സ്വൂഫിസത്തിന്റെ വ്യതിയാന ങ്ങളും ആദർശമായി കൊണ്ടുനടക്കുന്നവരാണ് ഇവർ. അല്ലാഹു സർവവ്യാപിയാണെന്നും 40 ദിവസം പ്രത്യേകമാക്കി ജമാഅത്തിനു പോകാൻ പ്രമാണങ്ങൾ ഉണ്ടെന്നും ഇവർ വാദിക്കാറുണ്ട്. സത്യത്തിൽ ഇവരുടെ ഈ വാദങ്ങൾക്ക് പ്രമാണങ്ങളിൽ അടിസ്ഥാനമില്ല എന്ന് മാത്രമല്ല ഈ വാദങ്ങളെ തകർക്കുന്ന രീതിയിലാണ് പ്രമാണങ്ങളിൽ നാം കാണുന്നത്..
2002ൽ മുജാഹിദ് പ്രസ്ഥാനത്തിൽനിന്ന് ആദർശപരമായും സംഘടനാപരമായുമുള്ള പ്രശ്‌നങ്ങളാൽ പുറത്തുപോയ മർകസുദ്ദഅ്‌വ വിഭാഗം സലഫി മൻഹജിനെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അതിനെ അഞ്ചാം മദ്ഹബായും ഗൾഫ് ഇറക്കുമതിയായും ആറാം വിരലായും പറഞ്ഞു പരിഹസിക്കാറുമുണ്ട്. ക്വുർആനും ബുദ്ധിയുമാണ് ഒന്നാം പ്രമാണമെന്നും ബുദ്ധിക്ക് നിരക്കാത്ത പ്രമാണങ്ങളെയെല്ലാം തള്ളിക്കളയണമെന്നും ഇവർ വാദിക്കാറുണ്ട്. തങ്ങളുടെ വികലവാദങ്ങൾ സ്ഥാപിക്കാനും പ്രമാണങ്ങളെ നിഷേധിക്കാനും കടുത്ത പ്രമാണ ദുർവ്യാഖ്യാനമാണ് ഇവർ നടത്താറുള്ളത്. ലബീദ് ബ്‌നു അഅ്‌സം എന്ന് പേരുള്ള ഒരു ജൂതൻ മാരണം ചെയ്തതിനാൽ നബിﷺക്ക് ചില പ്രയാസങ്ങൾ ഉണ്ടായി എന്നത് ഹദീസ് ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ടുവന്ന കാര്യമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ പ്രവാചകന്മാരിൽ സംഭവിച്ചേക്കാവുന്ന ഈ കാര്യത്തിൽ പ്രവാചകത്വത്തിന് ഭംഗം വരുത്തുന്ന ഒന്നുമില്ല എന്നിരിക്കെ മുസ്‌ലിം ലോകം നൂറ്റാണ്ടുകളായി സ്വീകരിച്ചുവരുന്ന പ്രസ്തുത ഹദീസിനെ ക്വുർആൻ വിരുദ്ധമാണെന്നും മറ്റും പറഞ്ഞു തള്ളിക്കളയുന്നതിന് അവർ ക്വുർആൻ ആയത്തുകൾ ഉദ്ധരിക്കുന്നു എന്നത് മുൻഗാമികൾ ഗ്രഹിക്കാത്ത ആശയമാണ് പ്രസ്തുത ആയത്തുകൾക്ക് അവർ കൽപിക്കുന്നത് എന്ന് വ്യക്തമാവുന്നു. അപ്രകാരംതന്നെ ‘സ്വിറാത്ത് പാലം’ ക്വുർആൻ വിരുദ്ധമാണെന്ന് ജൽപിച്ചുകൊണ്ട് കാഫിറുകളുടെ വിഷയത്തിൽ വന്ന ആയത്തുകൾ ഉദ്ധരിച്ച് അതിനെ നിഷേധിക്കുന്നു. സ്വഹീഹായ നൂറുകണക്കിന് ഹദീസുകളെ സ്വന്തം ഗവേഷണങ്ങൾ നടത്തി തള്ളിക്കളയുന്ന ഈ വിഭാഗവും സലഫി മൻഹജിൽ നിന്ന് വളരെ വിദൂരത്താണ്.
ഫാതിഹ സൂറത്തിലെ ‘ഇയ്യാക്ക നഅ്ബുദു വഇയ്യാക നസ്തഈൻ’ എന്ന ആയത്ത് ദുർവ്യാഖ്യാനിച്ചു കൊണ്ടാണ് സിഡി ടവർ വിഭാഗം മുജാഹിദുകളുടെമേൽ ശിർക്കാരോപിക്കുന്നത്. മനുഷ്യൻ മനുഷ്യനോട് തേടുന്ന സഹായങ്ങൾവരെ ഒരുകാലത്ത് ശിർക്കായിരുന്നുവെന്ന വിചിത്രമായ വാദമാണ് ഇവർ പറയുന്നത്. സ്വഹാബത്തിനോ സലഫുകൾക്കോ പരിചയമില്ലാത്ത ഒരു നൂതനവാദമാണെന്നതിന് പുറമെ നിരവധി പ്രമാണങ്ങൾക്ക് വിരുദ്ധവുമാണിത്. സ്വഹീഹായ ഹദീസുകളെവരെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരെ കൂട്ടുപിടിച്ച് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതിനെ തള്ളാനും കൊള്ളാനും കഴിയാത്ത വല്ലാത്ത ഒരു പ്രതിസന്ധിയിലാണിവർ. മുൻഗാമികളുടെ പ്രമാണങ്ങളോടുള്ള സത്യസന്ധമായ നിലപാടിന് വിരുദ്ധമാണ് ഈ വിഭാഗത്തിന്റെ ആദർശം.
പ്രമാണങ്ങൾ സ്വീകരിക്കുമ്പോൾ മൻഹജുസ്സലഫ് പരിഗണിക്കാതിരുന്നാൽ വ്യതിയാനം സംഭവിക്കും എന്നതിന് നിരവധി ഉദാഹരണങ്ങളാണ് മുകളിൽ നാം കണ്ടത്. അതിനാൽ വഴിതെറ്റാതിരിക്കാൻ സലഫിന്റെ മാർഗം സ്വീകരിക്കൽ മാത്രമാണ് പോംവഴി. സത്യത്തിന്റെ ഒരേയൊരു വഴിയിൽ തെറ്റാതെ സഞ്ചരിക്കുമ്പോഴാണ് വ്യതിയാനങ്ങളിൽനിന്ന് രക്ഷപ്പെടുക.
അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (6:153).

