ഫാത്വിമ ബിൻത് മുഹമ്മദ്ﷺ

അബൂഷാദിൽ ജിദ്ദ

2025 മാർച്ച് 15, 1446 റമദാൻ 14

മുഹമ്മദ് നബിﷺയുടെയും ഖദീജ(റ)യുടെയും അഞ്ചാമത്തെ സന്തതിയാണ് ഫാത്വിമ(റ). പ്രവാചകന് വഹ്‌യ് ലഭിക്കുമ്പോൾ ഫാത്വിമ(റ)ക്ക് ഏകദേശം അഞ്ച് വയസ്സായിരുന്നുവെന്ന് ചരിത്രം. അതിനാൽ ഫാത്വിമ ഇസ്‌ലാമിലാണ് വളർന്നതെന്ന് പണ്ഡിതന്മാർ അടയാളപ്പെടുത്തുന്നു.

അവരുടെ വിളിപ്പേരുകളിലൊന്ന് ‘ഉമ്മു ഹബീബ’ (അവരുടെ പിതാവിന്റെ ഉമ്മയുടെ നാമം) എന്നായിരുന്നു. അവർ സദാ തിരുദൂതരുടെ കൂടെത്തന്നെയായിരുന്നതിനാൽ ആവോളം സ്‌നേഹം പിതാവിന് പകർന്നു നൽകി. ഒരിക്കൽ നബിﷺ കഅ്ബക്കരികിൽ സുജൂദിലായിരിക്കുമ്പോൾ ഉഖ്ബതുബ്‌നു അബി മുഅയ്ത്ത് വന്ന് അദ്ദേഹത്തിന്റെ മുതുകിൽ ഒട്ടകത്തിന്റെ കുടൽ മാല ഇട്ടു. ഇത് കണ്ട അവർ പിതാവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അത് എടുത്തുമാറ്റി. പിതാവിന്റെ ഈ അവസ്ഥ കണ്ട് ഫാത്വിമ(റ) കരഞ്ഞു. അന്നേരം തിരുദൂതർﷺ പറഞ്ഞു: “എന്റെ പ്രിയപ്പെട്ട മകളേ, കരയരുത്. തീർച്ചയായും അല്ലാഹു നിന്റെ പിതാവിനെ ഒരിക്കൽ വിജയിപ്പിക്കും.’’

ഫാത്വിമയെക്കാൾ പെരുമാറ്റത്തിലും ശീലങ്ങളിലും സ്വഭാവത്തിലും ഇരിപ്പിലും നിൽപിലും നടപ്പിലും പ്രവാചകനോട് സാദൃശ്യമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ലെന്ന് മഹതി ആഇശ(റ) പറയുന്നതായി തിർമിദി റിപ്പോർട്ട് ചെയ്യുന്നു.

പ്രവാചകന് പ്രിയ പുത്രിയോട് അതിയായ സ്‌നേഹം ഉണ്ടായിരുന്നു. അവർ വീട്ടിലേക്ക് കടന്ന് വരുമ്പോഴൊക്കെ തിരുദൂതർ എഴുന്നേറ്റ് അവവരുടെ നെറ്റിയിലും കണ്ണുകൾക്കിടയിലും ചുംബിക്കുമായിരുന്നു.

അലി(റ)യും ഫാത്വിമ(റ)യും വിവാഹിതരായശേഷം ഒരിക്കൽ നബിﷺ അവരെ സന്ദർശിക്കാൻ പോയി. ആ സമയം ഫാത്വിമയെ വീട്ടിൽ തനിച്ചായി കാണുകയുണ്ടായി. അലി എവിടെയാണെന്ന് തിരുദൂതർ ചോദിച്ചു, തങ്ങൾ പരസ്പരം പിണങ്ങിയിരിക്കുന്നുവെന്നും അലി വീട് വിട്ടുപോയെന്നും അവർ പറഞ്ഞു.

പ്രവാചകൻﷺ അലിയെ അന്വേഷിച്ച് ചെന്നപ്പോൾ പൊടിപിടിച്ച് മസ്ജിദിന്റെ ഒരു മൂലയിൽ ഉറങ്ങുന്നത് കണ്ടു. പൊടിതട്ടി തിരുദൂതർﷺ മരുമകനെ ഉണർത്തി. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “അബൂ തുറാബേ, എഴുന്നേൽക്കൂ.’’ അവർ എന്തിനെക്കുറിച്ചാണ് വഴക്കിട്ടതെന്ന് പോലും പ്രവാചകൻ ചോദിച്ചില്ല. അവിടുന്ന് അലിയോട് പറഞ്ഞു: “ഓ അലീ! എന്നോടൊപ്പം വീട്ടിലേക്ക് മടങ്ങുക.’’

ഫാത്വിമയുടെയും അലി(റ)യുടെയും ജീവിതം ദാരിദ്ര്യത്തിലായിരുന്നുവെങ്കിലും അവരുടെ ദാമ്പത്യജീവിതം സന്തോഷകരമായിരുന്നു. എപ്പോഴും പ്രവാചകൻ പ്രിയ പുത്രിയെ സന്ദർശിക്കുമായിരുന്നു. അവർക്ക് ഹസൻ, ഹുസൈൻ, മുഹ്സിൻ (ജനിച്ച് അധികം താമസിയാതെ മരിച്ചു), ഉമ്മുകുൽസൂം എന്നിങ്ങനെ നാല് മക്കളുണ്ടായിരുന്നു.

പിതാവ് മരിക്കുമ്പോൾ ഫാത്വിമയ്ക്ക് വയസ്സ് 28 മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിതാവിന്റെ വിട പറയൽ അവരെ വല്ലാതെ തളർത്തി.

നബിﷺ രോഗബാധിതനായപ്പോൾ അവർ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു. പതിവുപോലെ അവളെ ചുംബിക്കാനായി എഴുന്നേൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അത് കണ്ട അവർ കരയുന്നതിനിടയിൽ തിരുദൂതരുടെ വലതുവശത്തേക്ക് മാറി ഇരുന്നു.

പ്രവാചകൻﷺ പറഞ്ഞു: “പ്രിയപ്പെട്ട മകളേ, നിന്റെ ചെവി എന്നിലേക്ക് അടുപ്പിക്കൂ.’’ ഫാത്വിമ(റ) ചെവി തിരുദൂതരിലേക്ക് അടുപ്പിച്ചു.

തിരുദൂതർ അവരുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. അതു കേട്ട് ഫാത്വിമ കരഞ്ഞു. പ്രവാചകൻﷺ വീണ്ടും മകളോട് ചെവി തന്നിലേക്ക് അടുപ്പിക്കാൻ പറഞ്ഞു. തിരുദൂതർ അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. അതു കേട്ട് ഫാത്വിമ(റ) പുഞ്ചിരിച്ചു. പ്രവാചകന്റെ വഫാത്തിന് ശേഷം മഹതി ആഇശ(റ) ഫാത്വിമ(റ)യോട് അന്ന് നബി ﷺ കാതിൽ പറഞ്ഞ രഹസ്യം എന്തായിരുന്നുവെന്ന് ചോദിക്കുകയുണ്ടായി. അവർ പറഞ്ഞു: “മോളേ, ഈ രോഗം കൊണ്ട് നിന്റെ ഉപ്പ മരിക്കും എന്നാണ് ആദ്യം പറഞ്ഞത്. അത് കേട്ടാണ് കരഞ്ഞുപോയത്. ഞാൻ കരയുന്നത് കണ്ടപ്പോൾ പിന്നീട് പിതാവ് പറഞ്ഞത് എന്റെ കുടുംബത്തിൽനിന്ന് എന്നെ അനുഗമിക്കുന്ന ആദ്യത്തെയാൾ ഞാൻ ആയിരിക്കുമെന്നാണ്. അപ്പോഴാണ് ഞാൻ ചിരിച്ചത്.’’

പ്രവാചകന്റെ വിയോഗത്തിന് ഏകദേശം ആറുമാസശേഷം ഫാത്വിമ(റ) ഈ ലോകത്തോട് വിട പറഞ്ഞു. മരണ ശയ്യയിൽ വെച്ച് ഫാത്വിമ പ്രിയതമനോട് ഇങ്ങനെ പറഞ്ഞു: ‘മരണശേഷം എന്നെ താങ്കൾ ശരിയായി കഫൻ പുടകൊണ്ട് മറയ്ക്കണം. നിങ്ങൾ എന്നെ മറമാടുമ്പോൾ ആരും എന്റ ശരീരത്തിൽനിന്നും ഒന്നും കാണരുത്. രാത്രിയിൽ എന്നെ അടക്കം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’

പ്രിയതമയുടെ വിയോഗത്തിൽ അലി(റ) വളരെ വിഷമിക്കുകയും ഒരുപാട് കരയുകയും ചെയ്തുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം. അലി(റ) പറഞ്ഞു: “തിരുദൂതരും ഫാത്വിമയും ആറുമാസത്തിനുള്ളിൽ മരണപ്പെട്ടതിന്റെ ഫലമായി ഞാൻ വല്ലാത്ത ശൂന്യതയും അതീവ ദുഃഖവുമനുഭവിച്ചു.’’

സ്വഭാവമഹിമ, പവിത്രത, ബഹുമാനം, എളിമ, ഭക്തി എന്നിവയുടെ ഏറ്റവും ഉയർന്ന മാതൃകയായിരുന്നു തിരുദൂതരുടെ അരുമപുത്രി ഫാത്വിമ(റ).