പീഡനങ്ങളിൽ തളരാത്ത സ്വഹാബിമാർ
പത്രാധിപർ
2025 ജൂലൈ 19, 1447 മുഹറം 23

അബൂബക്ർ(റ) ഒരുദിവസം മസ്ജിദുൽ ഹറാമിൽ പ്രസംഗിക്കാൻ വേണ്ടി എഴുന്നേറ്റു നിന്നു. മുശ്‌രിക്കുകൾ അദ്ദേഹത്തെ അടിച്ചു. ഉത്ബത്ബ്‌നു റബീഅയായിരുന്നു അദ്ദേഹത്തെ അടിച്ച ഒരു വ്യക്തി. തന്റെ രണ്ടു ചെരിപ്പുകൾ ഊരിക്കൊണ്ടായിരുന്നു അബൂബക്‌റി(റ)ന്റെ മുഖത്ത് അയാൾ അടിച്ചത്. മിസ്അബ് ഇബ്‌നു ഉമൈർ(റ) മുസ്‌ലിമായ വിവരം അദ്ദേഹത്തിന്റെ മാതാവ് അറിഞ്ഞപ്പോൾ വീട്ടിൽ നിന്നും പുറത്താക്കി. സുഖലോലുപതയിൽ കഴിഞ്ഞിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. പക്ഷേ, വിശപ്പടക്കാൻ പോലും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു.
ഒരിക്കൽ അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) മസ്ജിദുൽ ഹറാമിൽ വെച്ച് വിശുദ്ധ ക്വുർആൻ ഉറക്കെ പാരായണം ചെയ്തു. മുശ്‌രിക്കുകൾ അദ്ദേഹത്തെ ശക്തമായി അടിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് അടിയുടെ പാടുകൾ വീഴുകയും ചെയ്തു. മറ്റൊരാളും അനുഭവിച്ചിട്ടില്ലാത്ത പീഡനങ്ങളും പ്രയാസങ്ങളുമാണ് ബിലാലുബ്‌നു റബാഹ്(റ) എന്ന സ്വഹാബി അനുഭവിച്ചത്. കാരണം അദ്ദേഹം ഒരു അടിമയായിരുന്നു. ഉമയ്യത്തുബ്‌നു ഖലഫ് അദ്ദേഹത്തിന്റെ കഴുത്തിൽ കയറിട്ട് കെട്ടി. എന്നിട്ട് മക്കയിലെ കുട്ടികൾക്ക് അവിടത്തെ മലനിരകളിലൂടെ വലിക്കാൻ വേണ്ടി കൊടുത്തു. മക്കയിലെ മണൽ ചൂടുപിടിക്കുമ്പോൾ ബിലാലിനെ മരുഭൂമിയിലേക്ക് കൊണ്ടുവരികയും അവിടെ കിടത്തി വലിയ പാറക്കല്ലുകൾ അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറ്റിവെക്കുകയും ചെയ്യുമായിരുന്നു. ‘ഈ അവസ്ഥയിൽ നീ മരണപ്പെടും, അതല്ലെങ്കിൽ മുഹമ്മദിന്റെ മതത്തെ നീ നിഷേധിക്കണം’ എന്നായിരുന്നു അവർ ബിലാലിനോട് പറഞ്ഞിരുന്നത്. എന്നാൽ പാറയെക്കാൾ വലിയ ഈമാനിനെ നെഞ്ചിലേറ്റിയ ബിലാലിന്റെ മറുപടി ‘അഹദ്... അഹദ്...’ (അല്ലാഹു ഏകൻ) എന്നായിരുന്നു. അബൂബക്ർ(റ) ഇത് കാണുകയും ബിലാൽ(റ)വിനെ വിലകൊടുത്തുവാങ്ങി അല്ലാഹുവിന്റെ മാർഗത്തിൽ മോചിപ്പിക്കുകയും ചെയ്തു.

